Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലങ്കരനസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്‌കാരമല്ല!

മലങ്കരനസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്‌കാരമല്ല!

കോരസൺ വർഗീസ്‌

ർത്തഡോക്ൾസ് -യാക്കോബായ സഭയുടെ തർക്കങ്ങളിൽ ഒരു നിർണായക സന്ദർഭമാണ് വന്നു ചേർന്നിരിക്കുന്നത്. സഹോദരന്മാർ മല്ലിടുമ്പോളുള്ള തീവൃത നിലനിൽക്കുമ്പോൾ, തമ്മിൽ തല്ലി പിരിയാൻ ഓരോ കാരണങ്ങൾ വച്ച് നിരത്തുമ്പോൾ, എന്തേ ക്രിസ്തുഭാഷയിൽ സംസാരിച്ചു തുടങ്ങിയാൽ? ഒന്നാകാമായിരുന്ന അവസരങ്ങളൊക്കെ കലുഷിതമായ ചരിത്രമായി മാറി. ഇനി ഒരു അങ്കത്തിനു വാല്യമില്ല എന്ന തിരിച്ചറിവിൽ, വാതിലുകൾ അടയ്ക്കുന്നതിന് മുൻപ് ഒരു അവസാന ഊഴത്തിന് ചിന്തിച്ചുകൂടേ ? പന്തം ചുഴറ്റി ആളുകളെ തെരുവിൽ ഇറക്കി സ്വയം ഇകഴ്‌ത്താൻ ശ്രമിക്കുന്നതിനു മുൻപ്, ഒന്നുകൂടി ചിന്തിക്കുക, ഇനിയും ഈ വിടക്കാക്കി-തനിക്കാക്കി പ്രയോഗത്തിനു ബലിയാകണോ?

ക്രിസ്തു സംസാരിച്ച അറമേക്ക് ഭാഷ ഇന്ന് കൈവിട്ടു, പകരം സുറിയാനി,അറബി,ലത്തീൻ ഒക്കെ ക്രിസ്ത്യാനികളുടെ ദേവഭാഷയായി മാറിയത് രാഷ്ട്രീയ മേധാവിത്വത്തിനു കീഴ്‌പെട്ടതിനാലാണ്. ഓരോ ഭാഷക്കും അതിന്റെതായ അടയാളങ്ങളും സത്വവും ആത്മാവും ഉണ്ട്. പിടിച്ചെടുക്കലും പടയോട്ടങ്ങളും അല്ല, സമാധാനം, പ്രതീക്ഷകൾ, സംയമനം ഒക്കെയാണ് ക്രിസ്തുവിന്റെ സ്‌നേഹഭാഷ. സ്വാതന്ത്യവും ചെറുത്തുനിൽപ്പുകളുമാണ്മലങ്കരനസ്രാണിയെ സങ്കീർണമായ ഒരു മനുഷ്യകൂട്ടമായി അടയാളപ്പെടുത്തുന്ന വസ്തുത. കാലമേറെ കഴിഞ്ഞെങ്കിലും, മലങ്കരനസ്രാണിക്കു തന്റെ ഉറവുകളിലേക്കു മടങ്ങാൻ ഒരു ഉൾവിളി മാത്രം മതി. അതിനുള്ള ഒരു അവസരം കൂടി വന്നു ചേരുകയാണിപ്പോൾ.

സാദ്ധ്യതകൾ

വ്യവഹാരത്തിൽ പ്പെടുകയും, അതിൽ ജയിക്കുകയും തോൽക്കുകയും ഒക്കെ സ്വാഭാവികമാണ്. പക്ഷെ തോറ്റു എന്ന വാശിയിൽ സ്വന്തം വീടിനു തീവച്ചു ഓടിനടക്കയല്ല അഭികാമ്യം. തോൽവികളിൽ ക്രിയാത്മകരമായി പ്രതികരിക്കാനുള്ള കൃപയാണ് ലഭിക്കേണ്ടത്. യാതൊരു അപ്പോസ്‌തോലിക പാരമ്പര്യവും ഇല്ലാത്ത സ്വയം പ്രഖാപിത സഭയോട് ചേരുകയാണെങ്കിൽ, കടുത്ത അപമാനമാണ് സമുദായത്തിന് ഉണ്ടാകുന്നത്. പുനരൈക്യത്തിന്റെ പച്ചപ്പുകൾ കാട്ടി ഒരിക്കൽ വലിച്ചെറിഞ്ഞ നുകം പുണരാണെങ്കിൽ അതും, ആത്മഹത്യാപരം എന്നേ പറയാനാവൂ. ഒരു പുതിയ സഭയായി നിൽക്കുന്നതിന് സാദ്ധ്യതകൾ തള്ളിക്കളയാനൊക്കില്ല. പക്ഷെ, ചില കടുത്ത നീക്കുപോക്കുകൾ അനിവാര്യമാണ്. തൽസ്ഥിതി തുടരാനോ, വീതംവച്ച് പിരിയാനോ യാതൊരു സാഹചര്യവും ഇല്ലാത്ത സ്ഥിതിക്ക്, പൂർവികരുടെ കുഴിമാടങ്ങളിൽ ധൂപം അർപ്പിക്കുന്നതും, പ്രീയപ്പെട്ട പുണ്യസ്ഥലങ്ങളിലെ മദ്ധ്യസ്ഥ പ്രാർത്ഥനകളും ഒഴിവാക്കി ഒരു പക്ഷേ ,വിശ്വാസപരമായ ഒരു 'നവോഥാനത്തിനു' തയ്യാറായേ മതിയാവുകയുള്ളൂ. കുമ്പസാരവും മാറ്റി, അൽപ്പം സുവിശേഷീകരണവും മേൽപ്പടി ചേർത്താൽ ക്ര്യത്യമായ മിശ്രിതം പുനഃനിർമ്മിക്കാം. സ്വാതന്ത്ര്യത്തിന്റെയും സ്വയംശീർഷകത്തിന്റെയും ജനാധിപത്യത്തിന്റെയും മാർഗത്തിൽ സമാധാനപരമായ ഒരു ഒന്നുചേരലിനു ഇനിയും സമയം വൈകിയിട്ടില്ല.

വളരെയേറെ തെറ്റിദ്ധാരണകൾ കാലാകാലങ്ങളായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ധർമ്മസങ്കടത്തിൽ പൊരുളുകൾ തേടിയുള്ള അന്വേഷണവും, ചിന്തയും ചഞ്ചലച്ചിത്തമായ മനസ്സുകളിൽ സംശയനിവാരണത്തിനുവേണ്ടി ഉപകരിക്കും എന്ന ഉദ്ദേശ്യത്തിൽ, ചരിത്രത്തിന്റെ ചില നുറുങ്ങുകൾ ഇവിടെ വിടർത്തുവാൻ ശ്രമിക്കുകയാണ്. ക്ഷമയോടെ ശ്രദ്ധിക്കുമല്ലോ.കൂടുതൽ വായനക്കും ചിന്തക്കുമായി താഴെ മലങ്കരനസ്രാണികളുടെ ഒരു ലഖുചരിത്രം നിക്ഷേപിച്ചിരിക്കുന്നു. ദയവായി വായിച്ചാലും.

നസ്രാണി സത്വം 

'റോമാവൽക്കരണത്തേയും, അന്ത്യോഖ്യാവൽക്കരണത്തേയും, പ്രൊട്ടസ്റ്റന്റ് വൽക്കരണത്തേയും അതിജീവിച്ച് ദേശീയ സംസ്‌കാരത്തെ വിശ്വാസആചാരങ്ങളുടെ ഭാഗമാക്കുകയും സ്വന്തം ഹ്ര്യദയത്തോട് ഒപ്പം ചേർത്തുവയ്ക്കുകയും ചെയ്യുന്ന' ഒരു വലിയകൂട്ടം ക്രിസ്താനികൾക്കിടയിലുണ്ട്' (ക്രിസ്ത്യാനികൾ -ബോബി തോമസ്). അതാണ് തനി സെന്റ് തോമസ് നസ്രാണികൾ.അതാണ് മലങ്കരനസ്രാണിയുടെ സത്വവും സങ്കൽപ്പവും ഭൂതവും ഭാവിയുമെല്ലാം.

സുറിയാനി ക്രിസ്ത്യാനികൾ എന്ന വിളിപ്പേര്

സ്രാണികളെ 'സുറിയാനി ക്രിസ്ത്യാനികൾ' എന്ന് ആദ്യം വിളിച്ചത് ഡച്ചുകാരാണ്. കച്ചവടത്തിൽ തങ്ങളുടെ ബദ്ധശത്രുക്കളായ സിറിയക്കാരോടുള്ള നീരസത്തിൽ, അവരോടു ചേർന്ന്‌നിന്ന മലങ്കരനസ്രാണികളെ സിറിയൻ ജാര സന്തതികൾ എന്ന ചെല്ലപ്പേര് ചാർത്തിയത് നസ്രാണികളുടെ ജാതിയിൽ ഡച്ചുകാർക്കു ഒരു താല്പര്യവും ഇല്ലാത്തതിനാലായിരുന്നു. മലങ്കരനസ്രാണി, 'സുറിയാനി ക്രിസ്ത്യാനി' എന്ന വിളിപ്പേരു ആഡംബരമായി ഏറ്റെടുത്തു ധരിച്ചത് തങ്ങളുടെ ജാതി കോംപ്ലക്‌സ് കൊണ്ടായിരുന്നു.

ഓർത്തഡോക്ൾസ് ക്രിസ്ത്യൻ സഭാ വിശ്വാസങ്ങൾക്ക് ഒരു ആമുഖം

നിരവധി പോപ്പുമാരും പാത്രിയര്കീസന്മാരും കാതോലിക്കമാരും ഉള്ള സ്വതന്ത്ര ദേശീയ സഭകളാണ് ഓർത്തഡോക്ൾസ് സഭകൾ. ഇവർ ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിസ്തീയ കൂട്ടമാണ്. ഇതിൽത്തന്നെ ഓറിയന്റൽ ഓർത്തഡോക്ൾസ്, ഈസ്റ്റേൺ ഓർത്തഡോക്ൾസ് തുടങ്ങിയ വിഭാഗങ്ങൾ ഒക്കെ നേരിയ ആചാര അനുഷ്ടാനങ്ങളുടെ വ്യത്യാസത്തിൽ നില നിൽക്കുന്നു. അതാണ് ഈ സഭകളുടെ സൗന്ദര്യവും ഏകതയും. ശുദ്ധമുള്ള, തനിമയുള്ള വിശ്വാസം എന്നാണ് ഓർത്തഡോക്ൾസ് വിശ്വാസം കൊണ്ട് വിവക്ഷിക്കുന്നത്. ക്രിസ്തുമതത്തിന്റെ ആദികിരണങ്ങൾ കാലദേശങ്ങൾക്കതീതമായി നിലനിർത്തുന്ന, ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും യഹൂദ പാരമ്പര്യങ്ങളും അപ്പോസ്‌തോലിക കീഴ്‌വഴക്കങ്ങളും തലമുറ-തലമുറയായി കൈമാറ്റം ചെയ്യപ്പെട്ട ഒരു കൂട്ടം വിശ്വാസികളാണ് അവർ.

ലോകത്തിലെ വിവിധ സംസ്‌കാരങ്ങൾ വിഭിന്നമായി നിലനിൽക്കുന്നതാണ് പ്രകൃതിയുടെ തന്നെ മാസ്മരികത. ഒന്ന് മറ്റൊന്നിനെ ആധിപത്യം സ്ഥാപിക്കാൻ പോകുമ്പോഴോ, എന്റേത് മാത്രം ശരി, മറ്റുള്ളതൊക്കെ തെറ്റ് എന്ന് വിധിക്കാൻ തുടങ്ങുപോളാണ് പ്രശനം ഉണ്ടാകുന്നത്.

ഇന്ന് ലോകത്തിലെ 77 ശതമാനം ഓർത്തഡോക്ൾസ് വിശ്വാസികളും ജീവിക്കുന്നത് യൂറോപ്പിലാണ്. ബൈസാന്റിയൻ സാമ്രാജ്യം തുടക്കമിട്ടു തുർക്കിയിൽ നിന്നും, കിഴക്കൻ യുറോപ്പിലൂടെ ബൾഗേറിയ, സെർബിയ, റഷ്യ വരെ ഗിരിശൈത്യത്തിൽ ഈ വിശ്വാസം നിലനിൽക്കുന്നു. ഒരു കാലത്തു ഇറാക്കിലും പേർഷ്യയിലും, സിറിയ, ലബനോൻ തുടങ്ങിമദ്ധ്യപൂർവ ഏഷ്യയുടെ ഏറ്റവും സമ്പന്നവും ശക്തവും ആയിരുന്ന സമൂഹമായിരുന്ന ഓർത്തഡോക്ൾസ് ക്രിസ്ത്യൻ വിഭാഗം, വിധി വൈപരീത്യത്തിൽ തുടച്ചു നീക്കപ്പെട്ടു. യൂറോപ്പിന് പുറത്തായി ഏറ്റവും കൂടുതൽ ഓർത്തഡോക്ൾസ് വിശ്വാസികൾ ഉള്ളത് എത്തിയോപ്പിയയിലാണ് (4.5 കോടി). ആഫ്രിക്കയിൽ ഈജിപ്തിലും എറിത്രിയയിലും ഓർത്തഡോക്ൾസ് ക്രിസ്ത്യാനികൾ ഇന്നും നിർണായക സ്വാധീനം നിലനിർത്തുന്നു.ഇന്ത്യയിൽ 38 ലക്ഷം, സിറിയയിൽ 18 ലക്ഷം. അമേരിക്കയിൽ 52 ലക്ഷം ഓർത്തഡോക്ൾസ് ക്രിസ്ത്യാനികൾ ഉണ്ട് എന്നാണ് കണക്ക്. അർമേനിയ, ബൾഗേറിയ,ജോർജിയ, റൊമേനിയ,റഷ്യ,സെർബിയ,യുക്രൈൻ തുടങ്ങിയ കിഴക്കൻ ഓർത്തഡോക്ൾസ് സഭകളുടെ തലവന്മാർ പാത്രിയർകീസ് എന്ന നാമത്തിലാണ് വിളിക്കപ്പെടുന്നത്.

കിഴക്കൻ ഓർത്തഡോക്ൾസ് സഭകളിലെ പ്രമുഖ പാത്രിയര്കീസന്മാരായ കോൺസ്റ്റാന്റിനോപ്പിലെ ഏക്കുമിനിക്കൽ പാത്രിയർക്കിസ് ബർത്തലമോ ഒന്നാമൻ, അലക്‌സാണ്ഡ്രിയയിലെയും എല്ലാ ആഫ്രിക്കയുടെയും പോപ്പ് തിയോഡോറോസ് രണ്ടാമൻ, അന്ത്യോഖ്യായുടേയും കിഴക്കിന്റെ ഒക്കെയും പാത്രിയർക്കിസ് ജോൺ പത്താമൻ, റഷ്യൻ പാത്രിയർക്കിസ് കിറിൽ ഒന്നാമൻ, ഗ്രീസിലെ ആർച്ചുബിഷപ്പ് ലെറോനിമോസ് രണ്ടാമൻ തുടങ്ങിയ സഭാതലവന്മാർ പരസ്പരം പൊതുവിൽ മറ്റു ക്രൈസ്തവ വിഭാഗം എന്ന രീതിയിൽ അംഗീകരിക്കുമെങ്കിലും,ഓരോ ദേശത്തിന്റെ പരിധിയിൽ നിലനിൽക്കുകയാണ്.

ഓറിയന്റൽ ഓർത്തഡോക്ൾസ് സഭകൾ

AD 451 ലെ കൽക്കദോന്യ സുന്നഹദോസിനെ അംഗീകരിക്കാത്ത കിഴക്കൻ ഓർത്തഡോക്ൾസ് സഭകളെ ഓറിയന്റൽ ഓർത്തഡോക്ൾസ് സഭകൾ എന്ന് അറിയപ്പെടുന്നു. അർമേനിയൻ കാതോലിക്കോസ്, വിശുദ്ധ മാർക്കോസിന്റെ പിൻതലമുറയുള്ള ഈജിപ്തിലെ കോപ്റ്റിക്-അലക്‌സാണ്ഡ്രിയ പോപ്പ്,വിശുദ്ധ ബർത്തലോമായുടെ പിൻതലമുറയുള്ള അൽബേനിയൻ സഭ (നിലവില്ല), എത്യോപ്യൻ സഭ, എറിത്രിയൻ സഭ, പത്രോസ് പൗലോസ് അപ്പോസ്‌തോലന്മാരാൽ സ്ഥാപിതമായ അന്ത്യോക്യൻ പാത്രിയർകെറ്റ്, സെന്റ് തോമസ് പാരമ്പര്യമുള്ള മലങ്കര ഓർത്തോഡോക്‌സ് സുറിയാനിസഭ, ഇവ ക്രിസ്തു സ്ഥാപിച്ച ആദിമ സഭയുടെ തുടർച്ചയായ 'കാതോലികം(സാർവർത്തികം), അപ്പോസ്‌തോലികം, ഏകം,വിശുദ്ധം' എന്നീ സ്വഭാവങ്ങൾ കലർപ്പില്ലാതെ തുടരുന്നു എന്നാണ് വിശ്വസിക്കുന്നത്. ഇവർ അപ്പോസ്‌തോലിക പാരമ്പര്യം പിൻതുടര്ന്ന്,ഒരേ അപ്പത്തിന്റെ അവകാശികളായി നിലനിൽക്കുന്നു.

പാരമ്പര്യ ക്രിസ്തീയ സഭകൾ

ദേശീയതയുടെ സത്വത്തിൽ, സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തമാകുമ്പോൾ തനതായ വിശ്വാസത്തിൽ ഉറച്ചു നിൽക്കുക എന്നതാണ് ഓർത്തഡോക്ൾസ് ചിന്ത.കാലങ്ങളായി ഓരോ ഓർത്തഡോക്ൾസ് സഭകളും അങ്ങനെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക ആയിരുന്നു എന്നതാണ് ചരിത്രം. മറ്റു സഭകളുടെ മേൽക്കോയ്മ ഭാഷയുടെ പേരിലോ, ആചാരങ്ങളുടെ പേരിലോ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് നീതിയല്ല. പാരമ്പര്യ ക്രിസ്തീയ സഭകൾ കേവലം ബൈബിൾ സഭകളല്ല. പാരമ്പര്യ അനുഷ്ടാനങ്ങൾ പരമപ്രധാനമാണ്. അതിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കാം. എന്നാലും അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റമുണ്ടാകില്ല. ഇവർ ഇന്നും ആരാധനയുടെ പ്രധാനക്രമമായി സൂക്ഷിക്കുന്നത് ഒന്നാം നൂറ്റാണ്ടിൽ യെരുശലേമിലെ ആദ്യത്തെ ബിഷപ്പ് ആയിരുന്ന യാക്കോബിന്റെ ക്രമമാണ്.

മാർത്തോമൻ പൈതൃകം

ക്രിസ്തുവർഷം 52 -ൽ തോമശ്ലീഹ കൊടുങ്ങല്ലൂർ ഉള്ള യഹൂദസങ്കേതത്തിൽ എത്തിയെന്നും,സവർണരെ ക്രിസ്തു മാർഗത്തിൽ ചേർത്ത് എന്നും, 7 പള്ളികൾ സ്ഥാപിച്ചു എന്നും പറയപ്പെടുന്നു. ഭാരതീയ ആചാരാനുഷ്ടാനങ്ങളുമായി ഇഴുകിചേർന്ന, നിലനിന്ന ജാതി വ്യവസ്ഥതിയിൽ നിർണായകമായ സ്ഥാനം നിലനിർത്തിയ, മാർത്തോമയുടെ മാർഗത്തിൽ സഞ്ചരിച്ച ഒരു കൂട്ടം നസ്രാണികളുടെ കഥ, പാശ്ചാത്യർ ഇന്ത്യയുടെ മണ്ണിൽ കാലുകുത്തുന്ന പതിനഞ്ചാം നൂറ്റാണ്ടുവരെ ഒന്നായിരുന്നു. പറങ്കികളും,ഡച്ചുകാരും പിന്നെ ഇംഗ്ലീഷുകാരും മലങ്കരനസ്രാണിയുടെ മതപരമായ ശാന്തതയെ കലക്കികളഞ്ഞു. അതുവരെ സിംഹാസങ്ങളോ, പാത്രിയർക്കിസോ മെത്രാനോ ഒന്നും അവനെ അലട്ടിയിരുന്നില്ല. ഉയർത്തെഴുന്നേറ്റ ക്രിസ്തു വന്യസിപ്പിച്ച സമാധാന ധ്വനി ആരാധനാ ക്രമങ്ങളിൽ നിറഞ്ഞ സുഗന്ധം പരത്തി നിലനിന്നു. തമ്മിൽ നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കുന്ന, അസമാധാനങ്ങളുടെ ഇസ്മായേല്യ പാരമ്പര്യമല്ല, മറിച്ചു, സമാധാനം എപ്പോഴും പരിലസിപ്പിക്കുന്ന ഇസ്രയേല്യ പാരമ്പര്യമാണ് മലങ്കരനസ്രാണിക്കുള്ളത്.

നാലാം നൂറ്റാണ്ടിൽ ക്‌നായിതൊമ്മന്റെ കുടിയേറ്റത്തോട് കിഴക്കൻ ക്രിസ്തീയത ഇവിടെ പറിച്ചുനട്ടപ്പോൾ, അന്നും ഇന്നും രക്തം കലർത്താൻ ഇടം കൊടുക്കാത്ത ബാബിലോണിയൻ വംശജർ നാട്ടു ക്രിസ്ത്യാനികളെ അവരുടെ കൂടെ കൂട്ടിയിരുന്നില്ല. കറുത്തവർക്കു മെത്രാൻ പദവികൊടുക്കാൻ സാമുദായിക വിലക്കുകൾ ഏറെഉണ്ടായിരുന്നു താനും. മറ്റു ജാതികൾക്കുള്ളപോലെ 'നസ്രാണി ജാതിയും' അവർക്കൊരു ജാതിക്കു കർത്തവ്യനും ഉണ്ടായിരുന്നു. മലങ്കരനസ്രാണി മതത്തിന്റെ ആത്മീയ നേതൃത്വം പേർഷ്യയിൽ നിന്നു വന്ന മെത്രാന്മാർക്കായിരുന്നെങ്കിൽ, 'ജാതിക്കു കർത്തവ്യൻ' എന്ന പദവിയുള്ള കത്തനാരായിരുന്നു യഥാർത്ഥ സഭാതലവൻ. റോമൻസഭ നസ്രാണിയുടെ ജാതിക്കു കർത്തവ്യൻ സ്ഥാനം നിഷ്പ്രഭമാക്കി, അതിനാലായിരിക്കണം അതുവരെ ഇല്ലാത്ത നാട്ടുമെത്രാൻ എന്ന മോഹം സ്വാതന്ത്ര്യ ദാഹികളായ മലങ്കരനസ്രാണികളിൽ ഉദിച്ചു തുടങ്ങിയത്. റോമാക്കാർ വന്നപ്പോൾ വളരെ പ്രതീക്ഷയോടെയാണ് മലങ്കരനസ്രാണികൾ അവരെ നോക്കികണ്ടത്, അവരുടെ അവകാശമായി സൂക്ഷിച്ചിരുന്ന എല്ലാ പതക്കങ്ങളും അവർക്കു കാഴ്ചവച്ചു.

മലങ്കരനസ്രാണിക്കു ഒൻപതാം നൂറ്റാണ്ടിൽ ലഭിച്ച കൊല്ലം തരിസാപള്ളി ചെപ്പേടിനപ്പുറം വലിയ ചരിത്രങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു ചരിത്രം ഇല്ലാതെവരില്ലല്ലോ. മാർത്തോമാ ഇന്ത്യയിൽ വന്നിട്ടില്ല എന്ന് ഒരു മാർത്തോമൻ പാരമ്പര്യത്തിൽ ജനിച്ചവൻ പറഞ്ഞാൽ അത് വെറും പ്രിതുശൂന്യത എന്നേ പറയാൻ സാധിക്കൂ. മാർത്തോമാ ഇന്ത്യയിൽ വന്നിട്ടില്ല എന്നതിനും തെളിവ് കൊണ്ടുവരാത്ത സ്ഥിതിക്ക് മലങ്കരനസ്രാണി നൂറ്റാണ്ടുകളായി തലമുറകൾക്കു പാടികൊടുത്ത മലങ്കരനസ്രാണിയുടെ സത്വബോധത്തെ നിരസിക്കാൻ ആർക്കും സാധ്യമല്ല. ഒന്നാം നൂറ്റാണ്ടിലുള്ള റോമൻ നാണയങ്ങളും മറ്റും കൊടുങ്ങലൂരിൽ നിന്നും ലഭിച്ചതിനാൽ, സുഗന്ധ ദ്രവ്യങ്ങൾക്കു വേണ്ടി കച്ചവടക്കാർ എത്തിയവഴി, ഇന്ത്യയുടെ കരയിൽ ക്രിസ്തീയ വിശ്വാസം എത്തിചേർന്നിരിക്കണം. അന്ന് കേരളത്തു നിലനിന്ന ജൈന-ബുദ്ധ രീതികളും തമ്മിൽ ഇവർ ഇടകലർന്നിരിക്കണം. പിന്നെ ജാതീയമായി വേർതിരിഞ്ഞപ്പോൾ ആയിരിക്കാം മലങ്കരനസറാണി ജാതിയായി വേർതിരിഞ്ഞത്. സുറിയാനിക്കാർ എന്നത് സവർണ്ണ ജാതിയായി അഭിമാനത്തോടെ മലങ്കരനസ്രാണികൾ കൊണ്ടുനടന്നു.

വെള്ളക്കാരുടെ അധീശ്വത്വം

തിനഞ്ചാം നൂറ്റാണ്ടിൽ വെള്ളക്കാരുടെ നായകനായ മാർപ്പാപ്പ ലോകത്തെ, സ്‌പെയിനും പോർത്തുഗലിനുമായി വീതിച്ചു നൽകി. 1455 -ൽ പോപ്പ് നിക്കോളാസ് അഞ്ചാമൻ ഇന്ത്യയെ കോളനിവൽക്കരിക്കാനും ക്രിസ്തീയവൽക്കരിക്കാനും നിയോഗിച്ചത് പോർത്തുഗീ സുകാരെയാണ്. 'ദൈവം വെള്ളക്കാരനോടൊപ്പമാണ്', ജീസസ് തിരികെ വരുമ്പോൾ, നിറമുള്ളവരെയും യഹൂദന്മാരെയും ദൈവീകരക്കാനുള്ള ഭാരിച്ച ഉത്തരവാദം വെള്ളക്കാർക്കുണ്ടായിരുന്നു. അതുകൊണ്ടു ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളക്കാരുടെ കോളനികൾ ഉണ്ടാക്കണമെന്നും ലോകം അവർ ഭരിക്കണമെന്നും ഉള്ള ചിന്ത പാശ്ചാത്യ ലോകത്തു നിലനിന്നിരുന്നു. മറ്റു വിശ്വാസങ്ങളെയും ആചാരങ്ങളെയും ഒരു വിധത്തിലും അംഗീകരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. റോമാക്കാർ ഇന്ത്യയിൽ എത്തിയത് കച്ചവടവും മിഷൻ പ്രവർത്തനങ്ങളും സംയോജിപ്പിച്ച പദ്ധതി ആയിരുന്നു. മലങ്കരനസ്രാണിമതം ക്രിസ്തിയമായ മതമാണെന്നു അവർ അംഗീകരിച്ചുമില്ല. അങ്ങനെ 1599 -ൽ ഉദയംപേരൂർ സുന്നഹദോസിൽ വച്ച് മലങ്കരനസ്രാണി മതത്തിനു കോടാലിവച്ചു.

ഇന്ത്യയിലെ കത്തോലിക്കാ സഭ

വാസ്‌കോഡ ഗാമക്ക് മുൻപ് ഇന്ത്യയിൽ കത്തോലിക്കാ സഭയുടെ രേഖപ്പെടുത്താവുന്ന ചരിത്രങ്ങൾ ഇല്ല എന്ന് പറയാം. ഗാമ വന്നപ്പോളും കുരിശുധാരികൾ ഇന്ത്യയിൽ കാണാവുന്ന ഇടങ്ങളിൽ ഉണ്ടായിരുന്നു എന്ന് ചില രേഖകൾ ഉണ്ട്. പതിനാറാം നൂറ്റാണ്ടിൽ, ഇന്ത്യയിൽ ലത്തീൻ ഭാഷ സുറിയാനിക്കാരിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങിയതാണ് പോർട്ടുഗീസ് ഭരണത്തെ അമ്പരപ്പിച്ചുകൊണ്ട് സുറിയാനിക്കാരുടെ കൂനൻ കുരിശു വിപ്ലവം (ജനുവരി 3, 1653). റോമൻ ആർച്ചു ബിഷപ്പ് മെനെസിസ് തുടങ്ങിവച്ച സുറിയാനിക്കാരുടെ പാശ്ചാത്യവത്കരണം മലങ്കരനസറാണി പാരമ്പര്യത്തെയും, അതുവരെ തുടർന്നുവന്ന പേർഷ്യൻ ഓർത്തഡോക്ൾസ് അനുഷ്ടാങ്ങളെയും തുടച്ചുനീക്കി. കിഴക്കൻ സഭകളിൽ തുടർന്നുവന്ന നെസ്‌തോറിയൻ ഉപദേശങ്ങൾ ദൈവനിഷേധമാണെന്ന കടുത്ത നിലപാടുകളാണ് റോമാക്കാരെ ചൊടിപ്പിച്ചത്. ദേശത്തു പട്ടക്കാരും പള്ളി പൊതുയോഗങ്ങളും അടങ്ങിയ അതുവരെ ഉണ്ടായിരുന്ന ജനാതിപത്യപ്രക്രിയകൾ നിർത്തൽ ചെയ്തു. കേന്ദ്ര അധികാരം മെത്രാനിൽ നിഷിപ്തമാക്കി.

നസ്രാണികളുടെ ചെറുത്തുനിൽപ്പ്

സ്രാണികളുടെ തലവനായ ആർച്ചു ഡീക്കൻ തോമയെ പത്രണ്ടു വൈദീകർ കൈവെപ്പു നൽകി ബിഷപ്പ് ആയി അവരോധിച്ചു. കലുഷിതമായ ആ കാലത്തു ബിഷോപ്പിന്റെ കൈവെപ്പിനു അപ്പോസ്‌തോലിക പിന്തുടർച്ചയും, നഷ്ട്ടപ്പെട്ട ആരാധനാക്രമങ്ങൾ പുനഃനിർമ്മിക്കാനുമായി സുറിയാനി ദേശത്തു എല്ലാം സഹായം അഭ്യർത്ഥിച്ചു. 1665 -ൽ, ജറുസലേമിലെ, പാശ്ചാത്യസുറിയാനി സഭയിൽ നിന്നും മോർ ഗ്രീഗോറിയോസ് അബ്ദുൽ ജലീൽ മലങ്കരയിൽ എത്തുകയും സെന്റ് തോമസ് ക്രിസ്ത്യാനികൾക്ക് തുടർച്ച ലഭിക്കുകയും ചെയ്തു. ('ഠൃമ്മിരീൃല ടമേലേ ങമിൗമഹ' ഢീഹ കക ജമഴല 187). തിരികെ റോമസഭയിലേക്കു പോയ സുറിയാനിക്കാരാണ് പഴയകൂറ്റുകാർ എന്ന പേരിൽ അറിയപ്പെട്ട സീറോ മലബാർ വിഭാഗം കത്തോലിക്കർ. മാർത്തോമൻ പാരമ്പര്യത്തിൽ ഉറച്ചുനിന്ന പുത്തൻ കൂറ്റുകാർ പിൽക്കാലത്തു അന്ത്യോക്കൻ ബന്ധത്തിൽ ആരാധന പരിശീലിപ്പിച്ചു.

അന്ത്യോക്യൻ ബന്ധം

റോമാക്കാർ ആരോപിച്ച അപ്പോസ്‌തോലിക കൈവെപ്പിന്റെ സമ്മർദ്ദത്തിലാണ് അന്ത്യോക്യയുമായുള്ള ബന്ധം ഉടലെടുത്തത്. അന്ന് വിവിധ സഭകളുമായി ബദ്ധപ്പെട്ടിരുന്നെകിലും 1665 -ൽ ജറുസലേമിലെ അന്ത്യോഖ്യൻ പ്രതിനിധിയാണ് സഹായത്തിനു എത്തിയത്.അത് കാലക്രമേണ മറ്റൊരു കോളനിവാഴ്ചയായി മാറ്റപ്പെടുകയായിരുന്നു. സ്വന്തം ക്രിസ്തു സഹോദരർ എന്ന് കരുതി സ്വീകരിച്ച പറങ്കികളുടെ അനുഭവത്തിന്റെ മറ്റൊരു പതിപ്പായി മാറി അന്ത്യോക്യൻ- മലങ്കരനസ്രാണി ബന്ധം. കലഹങ്ങളുടെയും വ്യവഹാരങ്ങളുടെയും നിലക്കാത്ത ചരിത്ര ആവിഷ്‌കാരമായി മാറുകയായിരുന്നു പിന്നീട്. മലങ്കരനസ്രാണികളുടെ സ്വതന്ത്ര സ്വഭാവത്തെയും ജനാധിപത്യ നിലപാടുകളും അന്ത്യോക്യക്കാർക്കു യോജിക്കാനായില്ല. ആലോചനയോ പൊതു അംഗീകാരമോ കൂടാതെ,അവർ തലങ്ങും വിലങ്ങും മെത്രാൻ വാഴ്ചകൾ നടത്തി മലങ്കരസഭയാകെ സമ്മർദം കൊടുത്തുകൊണ്ടിരുന്നു.

1836 -ൽ അന്ത്യോക്യൻ ആരാധനാ ക്രമം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. എങ്കിലും അന്ത്യോഖ്യൻ പാത്രിയർക്കിസിനു മലങ്കര സഭയുടെ ആത്മീയ അധികാരം മാത്രം നിലനിർത്തി സ്വത്തുക്കളിൽ അധികാരം വിട്ടു കൊടുക്കാൻ നസ്രാണികൾ തയ്യാറായില്ല .അധികാരത്തർക്കവും മുടക്കുകളും തുടർന്നുകൊണ്ടേയിരുന്നു. 1912 -ൽ , തുർക്കി സുൽത്താൻ പുറത്താക്കിയ അന്ത്യോഖ്യൻ പാത്രിയർക്കിസ് അബ്ദുൽ മ്ശിഹാ, ഇന്ത്യയിൽ എത്തി, മലങ്കരയിലെ സ്വതന്ത്ര കാതോലിക്ക സ്ഥാനം പ്രഖ്യാപിച്ചു.

ബ്രിട്ടീഷുകാർക്കുവേണ്ടി നാം പഠിച്ച ഇംഗ്ലീഷും , അവരുടെ കച്ചവടത്തിന് അവർ സ്ഥാപിച്ച റെയിൽവേ സംവിധാനങ്ങളും വേഷ വിധാനങ്ങളും നിരന്തരം ഉപയോഗിക്കുമ്പോൾ അവരുടെ അടിമകളായി തുടരാൻ നാം തീരുമാനിക്കുകയാണെങ്കിൽ ഒരിക്കലും വളർച്ചയുള്ള ജനതയായി ഉയരാനാവില്ലല്ലോ. കാലപ്രവാഹത്തിൽ അന്ത്യോഖ്യൻ സഭയുമായി മലങ്കരസഭ ചേർന്ന് പോയെങ്കിലും, സ്വന്തം കാലിൽ നിന്ന് തീരുമാനം എടുക്കാൻ പ്രാപ്തി ഉണ്ടായി കഴിയുമ്പോൾ മാന്യമായി കൈ കൊടുത്തു മുന്നോട്ടു പോകയാണ് വേണ്ടത്. അതിനു പകരം ജനങ്ങൾ തലമുറയായി അറബികൾക്കടിമയായി നിലനിൽക്കാമെന്നു ശഠിക്കുന്നത് ഒരു വലിയ ജനതയെ ചങ്ങലയിൽ തളച്ചിടുകയാണ്.

1934 ലെ ഭരണഘടന

സ്വതന്ത്ര ഇന്ത്യക്കു ഒരു ഭരണഘടന എഴുതുന്നതിനു പതിറ്റാണ്ടുകൾക്ക് മുമ്പേ സ്വതന്ത്ര ദാഹികളായ മലങ്കരനസ്രാണികൾ അവർക്കു വേണ്ട നിയമ ക്രമങ്ങൾ തയ്യാറാക്കി ജനപ്രതിനിധ്യത്തോടെ അംഗീകരിച്ചു. ഇതിനെ പിന്നീട് പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്കീസും, ഇന്ത്യയുടെ പരമോന്നത ന്യായാസന്നിധിയായ സുപ്രീം കോടതിയും അംഗീകരിച്ചു. ഇനിയും പുറകോട്ടു പോകാനല്ല , കാലക്രമത്തിലുള്ള പുരോഗമനപരമായ മാറ്റങ്ങളാണ് ഉണ്ടാക്കേണ്ടത്. ഓരോ സാഹചര്യത്തിലും ഓരോരുത്തർക്കായി പടച്ചു കൂട്ടുന്ന വ്യവസ്ഥകളെ ഭരണഘടന എന്ന പേരിൽ വിളിക്കാനാവില്ല.

പള്ളിപ്രതിപുരുഷയോഗമായ മലങ്കര അസോസിയേഷൻ തിരഞ്ഞെടുക്കുന്ന മലങ്കര മെത്രാപൊലീത്തയും കൂട്ടു ട്രസ്റ്റികളുമാണ് മലങ്കര ട്രസ്റ്റിന്റെ അവകാശികൾ. ആത്മീയ അധികാര നിർവ്വഹണത്തിനായി നിയോഗിക്കപ്പെടുന്ന കാതോലിക്കയും ഒപ്പം പ്രവർത്തിക്കുന്ന മെത്രാപ്പൊലീത്തന്മാരെയും വൈദീകരുടെയും അവൈദീകരുടെയും മതിയായ അംഗീകാരോത്തോടുകൂടി മാത്രം തിരഞ്ഞെടുക്കപ്പെടേണ്ടവരാണെന്നു കൃത്യമായി നിര്ഷ്‌കര്ഷിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമല്ലാത്ത ഒരു നീക്കുപോക്കും നടക്കാത്ത സുതാര്യമായ ഇടപെടലുകളാണ് ഇവിടെ ഉണ്ടാക്കപ്പെടുന്നത്. മഹാ പ്രസ്ഥാനമായ മലങ്കര അസോസിയേഷൻ ക്രമങ്ങൾ സംഘടിപ്പിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ സെക്രട്ടറിയായ അവൈദീകൻ ആണ്. അങ്ങനെ താഴെതലത്തിലുള്ള വിശ്വാസികൾ വരെ ചേർന്ന് തീരുമാനങ്ങൾ ഏറ്റെടുക്കുന്ന ബ്രഹ്ത് സംവിധാനമാണ് 1934 ഭരണഘടന വിഭാവനം ചെയ്യുന്നത്.

നാഴികക്കല്ലുകൾ 

  • 1912 - ഇന്ത്യയിലെ സ്വതന്ത്ര കാതോലിക്കാ സ്ഥാപനം നടത്തപ്പെടുന്നു
  • 1934 - ഭരണഘടന നിലവിൽ വരുന്നു
  • 1958 - ഒന്നാം സമുദായ കേസ് തീരുകയും പാത്രിയർക്കീസും കാതോലിക്കയും പരസ്പരം അംഗീകരിച്ചു
  • 1975 - മാർതോമക്കു പട്ടത്വം ഇല്ല എന്ന പാത്രിയർക്കിസിന്റെ വിവാദപ്രസ്താവനയിൽ വീണ്ടും പിളരുന്നു
  • 1995 - രണ്ടാം സമുദായ കേസിൽ സുപ്രീം കോർട്ടിന്റെ നേതൃത്വത്തിൽ ഒന്നായി പ്രവർത്തിക്കുവാനുള്ള സാഹചര്യം ഉടലെടുക്കുന്നു
  • 2002- സംയുക്ത സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സുപ്രീം കോർട്ടിന്റെ ഇടപെടലോടെ നടത്തപ്പെടുന്നു, യാക്കോബായ ഭാഗം അസോസിയേഷൻ യോഗം ബഹിഷ്‌കരിച്ചു പുതിയ ഭരണഘടനക്ക് രൂപം നൽകുന്നു
  • 2017 - മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള് 1934ലെ ഭരണഘടന അനുസരിച്ച് മാത്രം ഭരിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്ണായക വിധി. 2002ല് യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നിലനില്ക്കില്ലെന്നും കോടതി വ്യക്തമാക്കി. പാരലൽ ഭരണ സംവിധാനവും പള്ളി വീതം വെയ്‌പ്പും നടക്കില്ല.

ഏഴു പതിറ്റാണ്ടുകൾ നീണ്ട കൊടിയ ശത്രുത മറന്നു നോർത്തുകൊറിയയും സൗത്തുകൊറിയയും കൈ കൊടുത്തു പുതിയ തുടക്കം കുറിക്കുന്ന ചിത്രമാണ് ഇന്നലെ കണ്ടത്. ആരുടേയും മധ്യസ്ഥസ്ഥതക്കു കാത്തുനിൽക്കാതെ അവർ സ്വയം അവരുടെ ഭാവിയിൽ സാഹോദര്യത്തിന്റെ പുത്തൻ നാളം തെളിയിച്ചു. വീണ്ടും ഒരു കപടസമാധാനത്തിനു നിന്നു കൊടുക്കാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നു; അതിനാൽ വ്യക്തമായ, കൃത്യമായ ധാരണകൾ ഉണ്ടാക്കികൊണ്ടു തന്നെ ഒരു പൊൻപുലരി മുന്നിൽ തെളിയുന്നില്ലേ ?

വിജയത്തിന്റെ അഹങ്കാരവും പരാജയത്തിന്റെ ദുർവാശികളും സാദോഹര സ്‌നേഹത്തിന്റെ പാതയിൽ മുള്ളുകൾ നിറക്കാതെ ഇരിക്കട്ടെ. അശാന്തിയുടെ വേലിയിറക്കത്തിൽ,സമന്വയത്തിന്റെ പാതകൾ തെളിഞ്ഞുവരാതെയിരിക്കില്ല.

'ഞങ്ങളുടെ പിതാക്കന്മാർ ആളിക്കത്തും അഗ്‌നിയോയോടും,
മൂർച്ചയുള്ള വാളിനോടും പോരുതോരത്രെ.
ആകയാൽ അൽപ്പം മാത്രം, ഇപ്പോഴുള്ള വഴക്കും കേസും...'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP