Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ തലം മുതൽ സ്‌പോർട്‌സുകാരിയായത് ജീവിതം കരുപിടിപ്പിക്കാൻ; ഒപ്പം കളിച്ച 16 പേരിൽ 11 പേരും സ്പോർട്സ് ക്വാട്ടയിൽ അഡ്‌മിഷൻ നേടി ഡോക്ടർമാരായി; ബാക്കിയുള്ളവർ സർക്കാർ ഉദ്യോഗസ്ഥരും; തൊഴിൽ തേടിയുള്ള അലച്ചിൽ സർട്ടിഫിക്കറ്റുകളുമായി എത്തിയ ശകുന്തളയെ ആട്ടിയിറക്കിയവരിൽ കായികതാരമായ മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും; ദേശിയ ഹോക്കി താരം ശകുന്തള ഇന്ന് തെരുവോര കച്ചവടക്കാരി

സ്‌കൂൾ തലം മുതൽ സ്‌പോർട്‌സുകാരിയായത് ജീവിതം കരുപിടിപ്പിക്കാൻ; ഒപ്പം കളിച്ച 16 പേരിൽ 11 പേരും സ്പോർട്സ് ക്വാട്ടയിൽ അഡ്‌മിഷൻ നേടി ഡോക്ടർമാരായി; ബാക്കിയുള്ളവർ സർക്കാർ ഉദ്യോഗസ്ഥരും; തൊഴിൽ തേടിയുള്ള അലച്ചിൽ സർട്ടിഫിക്കറ്റുകളുമായി എത്തിയ ശകുന്തളയെ ആട്ടിയിറക്കിയവരിൽ കായികതാരമായ മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും; ദേശിയ ഹോക്കി താരം ശകുന്തള ഇന്ന് തെരുവോര കച്ചവടക്കാരി

അരുൺ ജയകുമാർ

തിരുവനന്തപുരം: കായിക ഇനങ്ങളിൽ മക്കളുടെ പങ്കാളിത്തവും മികവുമൊക്കെ മാതാപിതാക്കൾ ഒരു അലങ്കാരമായി കാണുന്ന കാലഘട്ടമാണ് ഇന്നത്തേത്. എന്നാൽ കുറച്ച് കാലം മുൻപ് ഇതായിരുന്നില്ല സ്ഥിതി. കായിക ഇനങ്ങളിൽ എന്നല്ല ഒരു മേഖലയിലും സ്ത്രീകൾ സജീവമല്ലാതിരുന്ന കാലത്ത് അതും 1970കളിൽ ദേശീയ ചാമ്പ്യൻഷിപ്പിലുൾപ്പടെ പങ്കെടുത്ത് ഹോക്കി ടീമിന്റെ നായികയായിരുന്ന ഒരു സ്ത്രീ ഇപ്പോൾ ജീവിക്കുന്നത് യാതനകൾക്കിടയിലാണ്.ദേശീയ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിലൊക്കെ പങ്കെടുത്തു സ്വർണം നേടിയ ഡിവി ശകുന്തള എന്ന തിരുവനന്തപുരത്തുകാരി ഇപ്പോൾ ജീവിതത്തിന്റ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാളയം മാർക്കറ്റിന് മുന്നിൽ തെരുവോര കച്ചവടം നടത്തുകയാണ്.

വർഷങ്ങൾക്ക് മുൻപ് ടീമിൽ ഒപ്പം കളിച്ച അർജുന അവാർഡ് ജേതാവ് കൂടിയായ ഓമനകുമാരി മാർക്കറ്റിന് മുന്നിൽ വെച്ച് പഴയ ഹോക്കി മിന്നും താരത്തെ തിരിച്ചറിഞ്ഞതോടെയാണ് ശകുന്തള എന്ന പഴയ ഹോക്കി താരത്തെക്കുറിച്ച് വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമായത്.അന്ന് ഒപ്പം കളിച്ചവർക്കെല്ലാം സ്പോർട്സ് ക്വാട്ടിൽ അഡ്‌മിഷൻ കിട്ടുകയും പലരും ഡോക്ടർമാരും സർക്കാർ ഉദ്യോഗസ്ഥരുമൊക്കെ ആയപ്പോൾ ശകുന്തളയെ വിധി തെരുവിലേക്ക് എത്തിക്കുകയായിരുന്നു. തനിക്ക് ഉണ്ടായ അനുഭവത്തിൽ ഇന്നും വിഷമമുണ്ടെന്നും ജീവിതത്തിൽ മറ്റ് മാർഗങ്ങളില്ലാതെ വന്നപ്പോഴാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നതെന്നും ശകുന്തള മറുനാടൻ മലയാളിയോട് പറഞ്ഞു.

ഹോക്കി താരത്തിൽ നിന്നും തെരുവിലേക്ക് ജീവിതം മാറിയതിനെ കുറിച്ച്
കോട്ടൺഹിൽ സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഹോക്കി കളിക്കാൻ ആദ്യമായി പോകുന്നത്.  പഠിച്ച്‌
ഒരു ജോലി നേടണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. കായിക ഇനങ്ങളിൽ പങ്കെടുത്താൽ അത് എളുപ്പം സാധിക്കും എന്ന ചിന്ത തന്നെയാണ് ആദ്യമായി ഹോക്കി മൈതാനത്തിലെത്തിക്കുന്നത് എന്നാൽ പിന്നീട് ഹോക്കി കളി ഒരു വികാരമയി മനസ്സിനെ കീഴടക്കുകയായിരുന്നു. ഇന്നും ഹോക്കി കളിച്ചിരുന്ന ആ നല്ല കാലത്തെ കുറിച്ച് ഓർക്കാറുണ്ട്. എനിക്ക് നഷ്ടപ്പെട്ടതിനെ ഒർത്ത് വിഷമവും വരാറുണ്ട്. പിന്നീട് വിവാഹമൊക്കെ കഴിഞ്ഞ് ജീവിതം മുന്നോട്ട് പോയി പക്ഷെ ചില പ്രശ്നങ്ങളും കഷ്ടതകളും ജീവിക്കാൻ തെരുവ് ശരണം എന്ന സ്ഥിതിയിൽ എത്തിക്കുകയായിരുന്നു.

ഹോക്കി കളിച്ചിരുന്ന കാലത്തെക്കുറിച്ച്
പെൺകുട്ടികൾ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതു തന്നെ അപൂർവമായ 1970 കാലഘട്ടത്തിൽ കോട്ടൺഹിൽ സ്‌കൂളിലെ വനിതാഹോക്കി ടീമിലെ താരമളായിരുന്നു ശകുന്തള. 1976 ൽ ഗ്വാളിയോറിൽ നടന്ന ജൂനിയർ വനിതാ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടി സംസ്ഥാന ടീമിൽ ഉണ്ടായിരുന്നു. ശകുന്തള സെൻട്രൽ ഹാഫിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് ടീമിന് വിജയതിലകം ചാർത്തിയത്. മിൽക്കാ സിംഗിന്റെ ഭാര്യ നിർമ്മൽ കൗറിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്ന ഫോട്ടോ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു. 1977 ൽ ബാംഗ്ലൂരിൽ നടന്ന വനിതകളുടെ ദേശീയ കായികമേള, 1979 ൽ കൊൽക്കത്തയിൽ നടന്ന ദേശീയ കായികമേള എന്നിവയുൾപ്പെടെ ഹോക്കി വിജയഗാഥകൾ അനവധിയാണ്. 1978 ൽ കപൂർത്തലയിൽ നടന്ന ജൂനിയർ നാഷണൽസിൽ കേരളടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു.പഞ്ചാബ് ആസാം, മധ്യപ്രദേശ് അങ്ങനെ പല സ്ഥലങ്ങളിൽ കളിച്ചിട്ടുണ്ട്.

ഹോക്കി കളി ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച്
പത്താംക്ളാസിനുശേഷം ഗവ. വനിതാ കോളേജിൽ പ്രീഡിഗ്രി ബയോളജിക്ക് ചേർന്നു. പക്ഷേ, സോഡാക്കമ്പനി നടത്തിയിരുന്ന വേലായുധനും ഭാര്യ ദേവകിക്കും മകളെ തുടർന്ന് പഠിപ്പിക്കാൻ നിവൃത്തിയുണ്ടായില്ല. പഠനവും ഹോക്കിയും പാതിവഴിയിൽ നിറുത്തി. 82 ൽ ബി.എസ്.എഫ് ജവാനായിരുന്ന വിക്രമനെ വിവാഹം കഴിച്ചു. എന്നാൽ അസുഖം മൂലം വിക്രമന്റെ ജോലി നഷ്ടമായി. ഭർത്താവിന്റെ ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി ശകുന്തള തൊഴിൽതേടിയിറങ്ങി.

തൊഴിൽ തേടിയുള്ള അലച്ചിൽ
സ്പോർട്സ് സർട്ടിഫിക്കറ്റുകളുമായി മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ സമീപിച്ചിരുന്നെങ്കിലും തന്നെ അവർ ആട്ടിയിറക്കിയെന്ന് കരച്ചിലടക്കി ശകുന്തള പറഞ്ഞു. വല്ല വീട്ടുജോലിയും ചെയ്ത് ജീവിക്കൂ എന്നാണ് അവർ പറഞ്ഞത്. എല്ലാവഴിയും അടഞ്ഞപ്പോഴാണ് പലിശയ്ക്ക് പണമെടുത്ത് നാരങ്ങയും മുട്ടയും വിൽക്കാൻ തുടങ്ങിയത്'- ശകുന്തളയുടെ വാക്കുകളിൽ വേദന നിറയുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ വിദ്യാർത്ഥികളായ ദീപകും, ദിനേശും ബന്ധുക്കളുടെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. ഒടുവിൽ ജോലി നൽകിയതാകട്ടെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ താൽക്കാലിക ക്ലീനർ പോസ്റ്റും. ഭർത്താവിന്റെ ചികിത്സയും മക്കളുടെ പഠനവും എല്ലാം കൂടി ഈ ചെറിയ ജോലിയിൽ നിന്നുള്ള വരുമാനത്തിൽ മുന്നോട്ട് പോകില്ലെന്ന് മനസ്സിലായതോടെയാണ് പാളയം തെരുവിൽ പച്ചക്കറിയും മുട്ടയും വിൽക്കാൻ ഇവർ തീരുമാനിച്ചത്. 1972-76 കാലഘട്ടത്തിൽ കേരള ഹോക്കി ടീമിലെ 16 പേരിൽ 11 പേരും സ്പോർട്സ് ക്വാട്ടയിൽ അഡ്‌മിഷൻ നേടി ഡോക്ടർമാരായി. ബാക്കിയുള്ളവർക്ക് സർക്കാർ ജോലി ലഭിച്ചു. ഓമനകുമാരി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായി.

കായിക ഇനങ്ങളും സ്ത്രീകളും അന്നും ഇന്നും
പണ്ട് കായികതാരങ്ങളായി സ്ത്രീകൾ ഉണ്ടാകുന്നത് തന്നെ വളരെ കുറവായിരുന്നു. വീടുകളിൽ നിന്നും പോലും പുറത്തിറങ്ങാൻ അനുവാദമില്ലാത്ത കാലത്ത് പോലും നമുക്ക് നല്ല താരങ്ങളുണ്ടായിരുന്നു. പക്ഷേ അതൊന്നും ഒരിക്കലും അറിയപ്പെടാനോ അവരെ ആഘോഷിക്കാനോ ആരും ഇല്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. കായികതാരങ്ങളെ പിന്തുണയ്ക്കാൻ വീട്ടുകാർ തന്നെ മുൻപന്തിയിലുണ്ട്. മാറ്റം സംഭവിക്കുന്നത് എന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്.

ടിവിയിൽ ഹോക്കി മത്സരങ്ങൾ
പണ്ട് കാലത്ത് ഹോക്കി മത്സരങ്ങൾ അങ്ങനെ ടിവിയിൽ ഒന്നും പ്രദർശിപ്പിച്ചിരുന്നില്ല. വളരെ ചുരുക്കമായിട്ടാണ് ടിവി പോലും പല വീടുകളിലും ഉണ്ടായിരുന്നത്. ഇന്നിപ്പോൾ നിരവധി ഹോക്കി മത്സരങ്ങളും ലീഗുകളുമൊക്കെ നടക്കുന്നുണ്ട്. ടിവിയിൽ ഏറ്റവും അധികം കാണാറുള്ളത് കായിക മത്സരങ്ങൾ തന്നെയാണ് ഹോക്കിയും ക്രിക്കറ്റും ഫുട്ബോളും ഒക്കെ കാണാറുണ്ട്. വീട്ടിൽ മക്കളും ഒപ്പം ഇരുന്നാണ് കാണാറുള്ളത്.

ഓമനകുമാരി കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞതിനെ കുറിച്ച്
ഓമനയെ കണ്ടപ്പോൾ അത് കഴിഞ്ഞ് അവൾ എന്നെ തിരിച്ചറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ മനസ്സിൽ ഒരു കുളിരായിരുന്നു. പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു സന്തോഷമായിരുന്നു എനിക്ക്. പാളയം മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെയാണ് മുൻ ഹോക്കിതാരവും അർജ്ജുന അവാർഡ് ജേതാവുമായ എസ്. ഓമനകുമാരി എന്നെ കണ്ടത്. മുഷിഞ്ഞ സാരിയും കീറിയ ബ്ളൗസുമണിഞ്ഞ് മാർക്കറ്റിന്റെ അരികിലിരുന്ന് നാരങ്ങയും മുട്ടയും വിൽക്കുന്ന എന്നെ കണ്ട് ഓമന ഞെട്ടിപ്പോയി.

'ശകുന്തളേ,എന്നെ മനസിലായോ ഓമനയുടെ ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു എന്റെ മറുപടി. ദേശീയതലത്തിൽ കളിച്ച ഹോക്കിതാരവും 1978-ൽ സംസ്ഥാനഹോക്കി ടീമിന്റെ വൈസ് ക്യാപ്ടനുമായിരുന്ന ഡി.വി. ശകുന്തളയുടെ ഇന്നത്തെ അവസ്ഥ കണ്ട് ഓമനയുടെ കണ്ണുകൾ നനഞ്ഞു. 1972-76 കാലഘട്ടത്തിൽ കേരള ഹോക്കി ടീമിലെ 16 പേരിൽ 11 പേരും സ്പോർട്സ് ക്വാട്ടയിൽ അഡ്‌മിഷൻ നേടി ഡോക്ടർമാരായി. ബാക്കിയുള്ളവർക്ക് സർക്കാർ ജോലി ലഭിച്ചു. ഓമനകുമാരി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായി. 1998 ൽ അർജ്ജുന അവാർഡ് കിട്ടി. അന്നത്തെ ഓമനയുടെ ക്യാപ്റ്റൻ ഇന്ന് തെരുവിലും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP