Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാനേജ്‌മെന്റുകളും സർക്കാരും ചേർന്ന് പണി കൊടുത്തപ്പോൾ അന്തിയുറങ്ങാൻ ഇടമില്ല; കടൽ തീരങ്ങളിൽ ടെന്റ് കെട്ടി താമസം ഉറപ്പിക്കും; വഹനഗതാഗതം ഉറപ്പിക്കാൻ മൂന്ന് കിലോമീറ്റർ ഇടവിട്ട് വിശ്രമിക്കും; ഭക്ഷണം ഒരുക്കാൻ പ്രത്യേക സംഘം മുമ്പേ പോകും; കുടിവിള്ളത്തിനും ശുചിത്വത്തിനും പ്രത്യേക തയ്യാറെടുപ്പ്; പാട്ട് പാടിയും തെരുവ് നാടകം നടത്തിയും അവർ ക്ഷീണം അകറ്റും; 12000 പേരുമായി ചേർത്തലയിൽ തുടങ്ങുന്ന ജനകീയ സമരം എട്ടാം ദിവസം തലസ്ഥാനത്ത് എത്തുമ്പോൾ ഒരു ലക്ഷം പേരിലെത്തും

മാനേജ്‌മെന്റുകളും സർക്കാരും ചേർന്ന് പണി കൊടുത്തപ്പോൾ അന്തിയുറങ്ങാൻ ഇടമില്ല; കടൽ തീരങ്ങളിൽ ടെന്റ് കെട്ടി താമസം ഉറപ്പിക്കും; വഹനഗതാഗതം ഉറപ്പിക്കാൻ മൂന്ന് കിലോമീറ്റർ ഇടവിട്ട് വിശ്രമിക്കും; ഭക്ഷണം ഒരുക്കാൻ പ്രത്യേക സംഘം മുമ്പേ പോകും; കുടിവിള്ളത്തിനും ശുചിത്വത്തിനും പ്രത്യേക തയ്യാറെടുപ്പ്; പാട്ട് പാടിയും തെരുവ് നാടകം നടത്തിയും അവർ ക്ഷീണം അകറ്റും; 12000 പേരുമായി ചേർത്തലയിൽ തുടങ്ങുന്ന ജനകീയ സമരം എട്ടാം ദിവസം തലസ്ഥാനത്ത് എത്തുമ്പോൾ ഒരു ലക്ഷം പേരിലെത്തും

ആവണി ഗോപാൽ

ആലപ്പുഴ: മാനേജ്‌മെന്റും സർക്കാരും ചേർന്ന് നൽകിയ പണി നഴ്‌സുമാരുടെ പോരാട്ട വീര്യത്തെ തകർക്കില്ല. പാട്ട് പാടിയും തെരുവ് നാടകം കളിച്ചും അവർ നാളെ യാത്ര തുടങ്ങും. എല്ലാ സൗകര്യങ്ങളും ഒരുക്കി അവകാശം നേടിയെടുക്കാനുള്ള യാത്ര. 12000 പേരിൽ തുടങ്ങി ലക്ഷം പേരുടെ സാന്നിധ്യം ഉണ്ടാകുന്ന പ്രതിഷേധ യാത്ര. കേരളത്തിലെ സമര ചരിത്രത്തിൽ പുതു ഏട് എഴുതി ചേർക്കാനാണ് യുണൈറ്റഡ് നേഴ്‌സ് അസോസിയേഷന്റെ തീരുമാനം. 178 കിലോമീറ്റർ എട്ട് ദിവസം കൊണ്ട് താണ്ടാനാണ് പദ്ധതി.

ലോങ്മാർച്ചിന്റെ ആദ്യ ദിവസം 12316 പേർ നടക്കും. അവസാനിക്കുമ്പോൾ ഇത് ഒരുലക്ഷമായി മാറുമെന്നാണ് പ്രതീക്ഷ. പൊതുജന പങ്കാളിത്തത്തോടെയാണ് ഇത്ര വലിയ പ്രതിഷേധം ഉയരുക. ഇത് സർക്കാരിന് അവഗണിക്കാനാവാത്ത പ്രതിസന്ധിയായി മാറുമെന്നാണ് വിലയിരുത്തൽ. എട്ട് ദിവസത്തേക്കുള്ള ഡ്രസുമായാണ് അവർ വരിക. ഭക്ഷണ സഹിതം കരുതിയാണ് നടക്കുക. രാത്രി കടൽ തീരത്ത് ടെന്റ് അടിച്ച് താമസിക്കും. ലോങ് മാർച്ചിലെ ആളുകളെ പാർപ്പിക്കാൻ സർക്കാർ സ്‌കൂളുകളും എയിഡ് ഡ് സ്‌കൂളുകളും അനുവദിക്കണമെന്ന് യുഎൻഎ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരിനെതിരായ സമരം ആയതിനാൽ സ്‌കൂൾ അനുവദിക്കേണ്ടെന്നായിരുന്നു തീരുമാനം. ഈ സാഹചര്യത്തിലാണ് പതിനായിരങ്ങൾക്ക് വിശ്രമിക്കാൻ കടൽ തീരത്തെ ആശ്രയിക്കുന്നത്.

ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ അങ്ങോളമിങ്ങോളം കടൽ തീരത്തിന്റെ സാന്നിധ്യമുണ്ട്. എത്ര പേർക്ക് വേണമെങ്കിലും ഇവിടെ വിശ്രമിക്കാം. അതുകൊണ്ടാണ് കടൽതീരത്ത് ടെന്റ് അടിക്കാനുള്ള തീരുമാനം എടുത്തത്. വാഹന ഗതാഗതം തടസ്സപ്പെടുത്താതിരിക്കാനും മുൻകരുതലെടുക്കും. പൊതുജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതെ ലോങ് മാർച്ച് മുന്നോട്ട് പോകും. ഇതിനായി മൂന്ന് കിലോമീറ്റർ കഴിയുമ്പോൾ 15 മിനറ്റ് നിക്കും. വാഹനങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് ഇത്. ലോങ് മാർച്ച് ആദ്യ ദിവസം ആലപ്പുഴ പിന്നിടാനാണ് തീരുമാനം. രാത്രി ആലപ്പഴയിലെ അതിർത്തിയിലെ തന്നെ കടൽതീരത്താകും സ്റ്റേ. തെരുവ് നാടകവും പാട്ടുമായി ആ രാത്രിയിൽ അവർ ക്ഷീണം അകറ്റും.

ആദ്യത്തെ മണിക്കൂറുകളിലേക്ക് കുപ്പികളിൽ വെള്ളം കരുതും. ഭക്ഷണം വെയ്ക്കാൻ ഒരു ടീം ഉണ്ട്. ബയോ വേസ്റ്റ് മാനേജ്മെന്റ് എന്ന പേരിൽ 16 അംഗ ഒരു ടീം ഉണ്ടാക്കിയിട്ടുണ്ട്. ഭക്ഷണം വെയ്ക്കാൻ 16 പെൺകുട്ടികളും സഹായിക്കാൻ 15 അംഗ ആൺകുട്ടികളും. ജഥ കടന്നു വരുമ്പോൾ ഒരു ടീം ആദ്യമേ പോയി ടെന്റിൽ ഭക്ഷണം വെയ്ക്കും. എല്ലാ ദിവസവും 11.30 മുതൽ രണ്ട് മണിവരെ നടക്കില്ല. ആ സമയത്ത് ഭക്ഷണവും വിശ്രമവും. രാത്രിയിൽ പരമാവധി നടക്കാനും ശ്രമിക്കും. ഉച്ച സമയത്തെ നടത്തത്തിന് ചൂട് വെല്ലുവിളിയാണ്. ഇത് മനസ്സിലാക്കിയാണ് തീരുമാനം. അങ്ങനെ കരുതലും തയ്യാറെടുപ്പുകളുമായിട്ടാണ് ലോങ് മാർച്ച്.

ജാഥയിൽ അടിന്തര സാഹചര്യങ്ങളെ നേരിടാനായി രണ്ട് ആംബുലൻസുകൾ ഏർപ്പെടുത്തും. ആറ് ടെപോ ട്രാവലറുകളും ഉപയോഗിക്കാനും നീക്കമുണ്ട്. സമരക്കാരുടെ വസ്ത്രങ്ങൾ അടക്കം സൂക്ഷിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തു. മൊബൈൽ ചാർജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കും. കേരളത്തിലെ 455 ആശുപത്രിക്ക് മുന്നിൽ ബക്കറ്റ് പിരിവുമായി ഇറങ്ങും. ഇതാകും സമരത്തിനുള്ള പ്രധാന അടിത്തറ. എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കി ഇനി വേതന വർദ്ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയാൽ മതിയെന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നിട്ടും അതിന് കൂട്ടാക്കാതെ നടപടികൾ സ്വീകരിക്കാൻ 10 ദിവസം സാവകാശം നൽകണമെന്നാണ് ലേബർ കമ്മീഷണർ ആവശ്യപ്പെട്ടത്. എന്നാൽ, ഇനിയും വഞ്ചിക്കപ്പെടാൻ വയ്യെന്ന നിലപാടിൽ അസോസിയേഷൻ അതിന് വഴങ്ങാതിരിക്കുകയായിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ സമരമാകും നഴ്‌സുമാരുടെ ലോങ് മാർച്ച്. ആവേശത്തോടെയാണ് യുണൈറ്റഡ് നേഴ്‌സ് അസോസിയേഷൻ സമരത്തിനുള്ള തന്ത്രങ്ങൾ അണിയറിയിൽ ഒരുക്കുന്നത്. ആലപ്പുഴയിൽ നിന്ന് എട്ട് ദിവസം കൊണ്ട് 175കിലോമീറ്ററോളം നടന്ന് തിരുവനന്തപുരത്ത് എത്തുകയാണ് ലക്ഷ്യം. നഴ്‌സുമാരുടെ ഭാഗത്ത് നിന്ന് വമ്പൻ പ്രതികരണമാണ് സമര പ്രഖ്യാപനത്തിന് എത്തുന്നത്. എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയാണ് യാത്ര. ലോങ് മാർച്ചിൽ പൊതുജനങ്ങളുടെ വമ്പൻ പങ്കാളിത്തമുണ്ടാകുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ. നഴ്‌സുമാരുടെ സമരങ്ങളോട് പൊതു ജനം എന്നും അനുഭാവപൂർണ്ണമായി പ്രതികരിച്ചിരുന്നു. ഈ സ്‌നേഹം ഇത്തവണ സാന്ത്വനമായി ലോങ് മാർച്ചിന് കരുത്ത് പകരുമെന്നാണ് യുഎൻഎുടെ പ്രതീക്ഷ.

എല്ലാവരെയും പുച്ഛിച്ച് തൊഴിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി ആശുപത്രി നടക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രിയിൽ നിന്നും തിരുവനന്തപുരം വരെ പതിനായിരത്തോളം നഴ്സുമാർ ലോങ്മാർച്ചുമായി രംഗത്തെത്തുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ സമരമായി അത് മാറുമെന്നത് തീർച്ചയാണ്. ലോങ്മാർച്ചിൽ നിന്നും യുഎൻഎയെ പിന്തിരിപ്പിക്കാൻ വേണ്ടി ലബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ അത്യാഹിത വിഭാഗങ്ങളുൾപ്പെടെ സ്തംഭിപ്പിച്ചുകൊണ്ട് 24 മുതൽ സ്വകാര്യ ആശുപത്രി നഴ്സുമാർ പണിമുടക്കാൻ തീരുമാനിക്കുകയായിരുന്നു. തങ്ങളെ തുടർച്ചയായി സർക്കാർ വഞ്ചിക്കുന്നു എന്ന വികാരം മാലാഖമാർക്കിടയിൽ ശക്തമാണ്. അതുകൊണ്ട് തന്നെയാണ് ഇവർ ഇത്തവണ ഐതിഹാസികമായി സമരത്തിലേക്ക് കടക്കുന്നത്. 24ന് മൂന്ന് മണിക്ക് ചേർത്തലയിൽ നിന്ന് ജാഥ ആരംഭിക്കും. ജാഥാ ക്യാപ്റ്റൻ ജാസ്മിൻ ഷായും കൺവീനർ ഷോബി ജോസഫുമാണ്.

മിനിമം വേജസ് ഉപദേശകസമിതിയുടെ ശുപാർശയിലാണു സർക്കാർ തീരുമാനം വൈകുന്നതെന്നാണു സൂചന. ആശുപത്രി മുതലാളിമാർക്ക് സഹായകരമായ വിധത്തിൽ വളച്ചൊടിക്കാനാണ് ഉപദേശക സമിതി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉപദേശക സമിതിയെയും വിശ്വാസത്തിലെടുക്കേണ്ട കാര്യമില്ലെന്നാണ് നഴ്സുമാരുടെ തീരുമാനം. ആശുപത്രി മുതലാളിമാരുടെ അഹങ്കാരത്തിന്റെ പ്രതിരൂപമാണ് കെവി എം ആശുപത്രി മാനേജ്മെന്റ്. ഈ മാനേജ്മെന്റിന് മുന്നിൽ സർക്കാറും മന്ത്രിമാരും ഓച്ഛാനിച്ചു നിൽക്കുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ കെവി എം ആശുപത്രി സ്ഥിതി ചെയ്യുന്ന ചേർത്തലയിൽ നിന്നാണ് നഴ്സുമാർ ലോങ് മാർച്ചിന് തുടക്കമിടുന്നത്. 175 കിലോമീറ്റർ ദൂരം പിന്നിട്ട് തലസ്ഥാനത്തെത്തും. വാക്ക് ഫോർ ജസ്റ്റിസ് എന്നു പേരിട്ടിരിക്കുന്ന മാർച്ചിനെ അട്ടിമറിക്കാൻ ആശുപത്രി മാനേജ്‌മെന്റും ശ്രമം തുടങ്ങിയിട്ടുണ്ട്.

23ാം തീയ്യതി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങുന്ന നഴ്സുമാരാണ് സമരത്തിൽ തുടക്കത്തിൽ രംഗത്തുണ്ടാകുക. അന്നേദിവസം രാവിലെ മുതൽ സമരം ആരംഭിക്കും. വടക്കൻ ജില്ലകളിൽ ഉള്ള യുഎൻഎയിൽ അംഗങ്ങളായ നഴ്സുമാർ ചേർത്തയിലേക്ക് എത്തിച്ചേരും. തുടർന്ന് ചേർത്തലയിൽ നിന്നു യാത്ര ആരംഭിച്ച ശേഷം ഓരോ കേന്ദ്രങ്ങളിൽ നിന്നും യുഎൻഎ അംഗങ്ങൾ മാർച്ചിനൊപ്പം ചേരാനാണ് പദ്ദതി. ഇതിനിടെ തൃശ്ശൂർ ജില്ലയിൽ ആവശ്യമായ നഴ്സിങ് സൗകര്യം ഏർപ്പെടുത്താനും യുഎൻഎ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പ്രധാനകാരണം തൃശ്ശൂർ പൂരമാണ്. പൂരത്തിൽ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ നഴ്സുമാരുടെ കുറവ് ആശുപത്രികളിൽ തടസമാകരുതെന്ന യുഎൻഎക്ക് നിർബന്ധമുള്ളതു കൊണ്ടാണ് അവിടത്തെ ആശുപത്രികളിൽ നഴ്സുമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നാണ് ജാസ്മിൻ ഷാ മറുനാടനോട് വ്യക്തമാക്കിയത്.

മിനിമം വേജ് ഉപേദശക സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ അതിന്മേൽ അടയിരിക്കുന്നുവെന്നാണ് യുഎൻഎയുടെ ആരോപണം. തീരുമാനമെടുക്കാൻ 10 ദിവസം കൂടി വേണമെന്ന സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തീരുമാനമെടുക്കുന്നതിൽ സർക്കാരിന് മുമ്പാകെ തടസ്സങ്ങളില്ലെന്നും യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. സർക്കാർ ആദ്യം ഇറക്കിയ കരട് രേഖയും ശമ്പളപരിഷ്‌കരണത്തിൽ ഭേദഗതി വരുത്തി മിനിമം വേജ് ഉപദേശക സമിതി തയ്യാറാക്കിയ റിപ്പോർട്ടും സർക്കാരിന് മുമ്പാകെ സമർപ്പിച്ചിരുന്നു. രണ്ടും റിപ്പോർട്ടുകളിലെ ശുപാർശകളിൽ ഏത് വേണമെന്ന് അന്തിമ വിജ്ഞാപനമിറക്കാൻ സർക്കാരിന് മുമ്പാകെ തടസ്സങ്ങളില്ല. എന്നാൽ, അതിന് നടപടിയുണ്ടാകാത്തതാണ് നഴ്സുമാരെ ചൊടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP