Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പള്ളിയിൽ പോകാനെന്ന് കള്ളം പറഞ്ഞിറങ്ങി; പുതുവൽസരം ആഘോഷിച്ചു; മടക്കയാത്രയിലെ അമിത വേഗത വിനയായി; ചാത്തന്നൂരിലെ വാഹനാപകടത്തിൽ മരിച്ചത് ടികെഎം കോളേജിലെ ആറ് സഹപാഠികൾ

പള്ളിയിൽ പോകാനെന്ന് കള്ളം പറഞ്ഞിറങ്ങി; പുതുവൽസരം ആഘോഷിച്ചു; മടക്കയാത്രയിലെ അമിത വേഗത വിനയായി; ചാത്തന്നൂരിലെ വാഹനാപകടത്തിൽ മരിച്ചത് ടികെഎം കോളേജിലെ ആറ് സഹപാഠികൾ

കൊല്ലം: പുതുവർഷം ആഘോഷിക്കാൻ പോയത് രഹസ്യമായി. പള്ളിയിൽ പോകാനെന്ന് പറഞ്ഞാണ് കൊല്ലത്തെ തിരുമുല്ലവാരത്തെ വീട്ടിൽ നിന്ന് എബി മാത്യുവും അഞ്ച് സുഹൃത്തുക്കളും രാത്രി ഇറങ്ങിയത്. പക്ഷേ കൂട്ടുകാരുമായി പോയത് പുതുവർഷ ആഘോഷത്തിനാണ്. കോവളത്തേയോ വർക്കലയിലേയോ ആഘോഷങ്ങളിലാണ് ഈ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തത്. മടക്കയാത്രയിലെ അമിത വേഗതയാണ് ആറു പേരുടെ ജീവനെടുത്തത്.

കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജിലെ പ്രൊഫ. എസ് പരമേശ്വരൻ തന്റെ പ്രിയ വിദ്യാർത്ഥികളുടെ മരണ വാർത്ത ഉൾക്കൊള്ളനാകുന്നില്ല. ഇതു തന്നെയാണ് സഹപാഠികളുടേയും അവസ്ഥ. ഇന്നലെ വൈകിട്ട് വരെ പുതുവത്സരാഘോഷത്തിന് പോകുന്ന കാര്യം ഇവരാരും മറ്റു സഹപാഠികളോടോ അദ്ധ്യാപകരോടോ പറഞ്ഞിരുന്നില്ല. ഇന്ന് രാവിലെ പതിവുപോലെ ഓഫീസിലും കാമ്പസിലുമെത്തിയപ്പോഴാണ് അധികം പേരും ചാത്തനൂരിലെ അപകടവാർത്ത അറിയുന്നത്. പഠനത്തിലും മറ്റ് രംഗങ്ങളിലുമൊക്കെ തിളങ്ങിയ ആറ് സുഹൃത്തുക്കളുടെ ഓർമ്മ ഇവരെ വിട്ടുമാറില്ല. ഇന്നലെ വരെ കളിച്ചും ചിരിച്ചും ഒന്നിച്ചുണ്ടായവർ ഇനി ക്ലാസിൽ പഠിക്കാനായെത്തില്ല.

ചാത്തന്നൂരിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ആറ് പേരാണ് മരിച്ചത് ടികെഎം എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവർഷ ബിടെക് വിദ്യാർത്ഥികളാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ ചാത്തന്നൂർ ശീമാട്ടി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ ചാത്തന്നൂർ ശീമാട്ടി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. വർക്കലയിൽ പുതുവൽസരാഘോഷങ്ങൾക്ക് ശേഷം കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

കോതമംഗലം തൃക്കാരിയൂർ മുണ്ടുപാലം കന്നിമൂലത്ത് വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ അരുൺ കെ.സാബു (20), പത്തനംതിട്ട കോഴഞ്ചേരി ഈസ്റ്റ് അയത്തിൽ ഹൗസിൽ ജോൺ തോമസിന്റെ മകൻ സിജോ ജോർജ് ജോൺ (20), കൊല്ലം തിരുമുല്ലവാരം പുന്നത്തല നീതുനിവാസിൽ മാത്യു അലക്‌സാണ്ടറുടെ മകൻ നിക്‌സൺ എബി മാത്യു (20), കരിക്കോട് പഴയ ബസ് സ്റ്റാന്റിന് സമീപം ഫർഹാത്ത് ഹൗസിൽ അംജിത്ത് കോയയുടെ മകൻ സെയ്ദ് ഇൻസമാം തങ്ങൾ (20), കിളികൊല്ലൂർ താഴത്തുവടക്കതിൽ ജയപ്രകാശിന്റെ മകൻ അജുപ്രകാശ് (20), തിരുവനന്തപുരം എ.ആർ ക്യാമ്പിലെ എഎസ്ഐ എം. ഷാഫിയുടെ മകൻ പാളയം പൊലീസ് ക്വാർട്ടേഴ്‌സ് ബി.9 ൽ താമസിക്കുന്ന കടയ്ക്കൽ ആനപ്പാറ ഷാനിവാസിൽ ആദിൽ ഷാ (20)എന്നിവരാണ് മരിച്ചത്. ടാങ്കർ ലോറി ഡ്രൈവർ തമിഴ്‌നാട് നല്ലിലം പെരുമാൾ കോവിൽ സ്ട്രീറ്റിൽ രാമറിന് (43) വലതുകൈയ്ക്ക് സാരമായി പരിക്കേറ്റു.

ഇന്നലെ രാത്രി നിക്‌സൺ എബി മാത്യു തിരുമുല്ലവാരത്തെ വീട്ടിൽ നിന്ന് പള്ളിയിൽ പോകാനെന്ന് പറഞ്ഞാണ് കാറുമായി ഇറങ്ങിയതെന്ന് പറയുന്നു. കാറിൽ കോളേജ് ഹോസ്റ്റലിൽ എത്തിയ നിക്‌സണും കൂട്ടുകാരും കോവളം ബീച്ചിൽ പുതുവർഷം ആഘോഷിക്കാൻ പോയി തിരികെ വരുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. എന്നാൽ, വർക്കല ബീച്ചിലെത്തി മടങ്ങിയതാണെന്നും സൂചനയുണ്ട്. അപകടത്തിൽ പൂർണമായും തകർന്ന കാറിനുള്ളിൽ തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായിരുന്നു മൃതദേഹങ്ങൾ. കോളേജിലെ തിരിച്ചറിയൽ കാർഡിൽ നിന്ന് ലഭിച്ച പേരും വിവരങ്ങളും പൊലീസ് കോളേജ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് കോളേജിൽ നിന്ന് അദ്ധ്യാപകരും സഹപാഠികളും സ്ഥലത്തെത്തിയാണ് ഇവരെ തിരിച്ചറിഞ്ഞത്.

പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയിൽ മരിച്ചവർ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ പാരിപ്പള്ളി ഐ.ഒ.സി പ്‌ളാന്റിലേക്ക് പാചകവാതകവുമായി പോയ ബുള്ളറ്റ് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെയായതിനാലും ദേശീയപാതയിൽ യാത്രക്കാർ കുറവായതിനാലും അപകടത്തിൽപ്പെട്ടവർ ഏറെനേരം വാഹനത്തിൽ കുടുങ്ങി കിടന്നു. അൽപ്പസമയത്തിനുശേഷം അപകടം കണ്ട ഇവന്റ് മാനേജ് മെന്റ് ഗ്രൂപ്പിന്റെ പ്രവർത്തകരാണ് വിവരം ഹൈവേ പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്. തുടർന്ന് പരവൂരിൽ നിന്നും കൊല്ലത്തുനിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് അപകടത്തിൽപ്പെട്ടവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്.

കോഴഞ്ചേരിയിൽ ഓട്ടോ ഡ്രൈവറാണ് മരിച്ച സിജോ ജോർജിന്റെ പിതാവ് ജോൺ തോമസ്. ഏക ഇളയ സഹോദരൻ കാനഡയിൽ പഠിക്കുകയാണ്. കോതമംഗലം തൃക്കാരിയൂരിൽ ഇന്ത്യൻ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കെ. സാബുവിന്റെ പിതാവ് സുബ്രഹ്മണ്യൻ (സാബു). അമ്മ സുശീല. ഒരു സഹോദരനുണ്ട്. കടയ്ക്കൽ സ്വദേശിയായ മരിച്ച ആദിൽ ഷായുടെ പിതാവ് എ. എസ്. ഐ ഷാഫി തിരുവനന്തപുരത്ത് ക്വർട്ടേഴ്‌സിലാണ് കുടുംബമായി താമസിക്കുന്നത്. ബീനയാണ് മാതാവ്. ആമിന സഹോദരിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP