Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓർമകൾ ചരിത്രമെഴുതുമ്പോൾ

ഓർമകൾ ചരിത്രമെഴുതുമ്പോൾ

ഷാജി ജേക്കബ്

ക്ഷരങ്ങൾക്കും ബിംബങ്ങൾക്കുമൊപ്പമല്ലാതെ, അഥവാ പുസ്തകങ്ങൾക്കും സിനിമയ്ക്കുമിടയിൽ, വാക്കുകളിലും ദൃശ്യങ്ങളിലും ജീവിക്കാതെ, ഒരാൾക്കും ഇരുപതാം നൂറ്റാണ്ടിൽ സാർഥകമായൊരു സാംസ്‌കാരിക-ബൗദ്ധികജീവിതം സാധ്യമാകുമായിരുന്നില്ല. കേരളത്തിൽ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഇങ്ങനെയൊരു സഫലജീവിതം കെട്ടിപ്പടുത്ത അസാധാരണ വ്യക്തിത്വമാണ് എസ്. ജയചന്ദ്രൻനായർ. മലയാള പത്രപ്രവർത്തനചരിത്രത്തിൽ തനതും മൗലികവുമായ മുദ്രപതിപ്പിച്ച പ്രതിഭ. വായനയിലും കാഴ്ചയിലും കൂടി നിർമ്മിച്ചെടുത്ത അതിദീപ്തമായ സാംസ്‌കാരിക ജീവിതത്തിന്റെ ചെറിയൊരംശം മാത്രം എഴുത്തിലൂടെ വെളിപ്പെടുത്തിയ ധിഷണ. അസാമാന്യമായ ആർജ്ജവവും അന്തസ്സുമുള്ള മാനുഷിക ചേതന. എസ്. ജയചന്ദ്രൻനായർ നമ്മുടെ വ്യാജബുദ്ധിജീവികൾക്കും പാദസേവ രാഷ്ട്രീയക്കാർക്കും മ്ലേച്ഛമാധ്യമങ്ങൾക്കും ഉള്ളിൽ കാവിയും പുറമെ ചുവപ്പുമണിഞ്ഞ സാംസ്‌കാരിക ഭിക്ഷാംദേഹികൾക്കും സവർണ മാർക്‌സിസ്റ്റുകൾക്കും എക്കാലത്തും അപ്രാപ്യനായിരുന്നു. ആദ്യം കലാകൗമുദിയെയും പിന്നെ സമകാലിക മലയാളം വാരികയെയും ബൗദ്ധിക ദാരിദ്ര്യത്തിനും സാംസ്‌കാരിക ദയാവധത്തിനും വിട്ടുകൊടുത്തുകൊണ്ട് അവയുടെ പടിയിറങ്ങിയ ജയചന്ദ്രൻനായർ, ആറുപതിറ്റാണ്ടു പിന്നിട്ട തന്റെ മാധ്യമജീവിതത്തിലേക്കു (1957ൽ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ പത്രപ്രവർത്തനം) തിരിഞ്ഞുനോക്കി, ഇരുപത്തൊന്നു വ്യക്തികളുമായി ഉണ്ടായ ഉറ്റബന്ധത്തിന്റെ ഓർമകൾ ആത്മചരിതങ്ങളായെഴുതുകയാണ് ഇവിടെ. ആധുനിക കേരളത്തിന്റെ ബൗദ്ധിക ജീവചരിത്രങ്ങളിലൊന്നായി മാറുന്നു, അതുവഴി ഈ ഓർമ്മക്കുറിപ്പുകൾ.

എന്താണ് ജയചന്ദ്രൻനായർ മലയാള പത്രപ്രവർത്തനരംഗത്തു നൽകിയ സംഭാവന? 1975നു മുൻപും പിൻപുമായി രണ്ടു ഘട്ടമാണതിനുള്ളത്. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച വനസ്വത്തപഹരണത്തെക്കുറിച്ചുള്ള കേരളകൗമുദി റിപ്പോർട്ടിൽ ഒന്നാം ഘട്ടം അവസാനിക്കുന്നു. ഈ റിപ്പോർട്ടിനെത്തുടർന്ന് വനംമന്ത്രി കെ.ജി. അടിയോടി രാജിവച്ചു. കലാകൗമുദിയിൽ രണ്ടാം ഘട്ടം തുടങ്ങുന്നു.

രാഷ്ട്രീയ-സാംസ്‌കാരിക പത്രപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചതിന്റെ മലയാളത്തിലെ ഏറ്റവും മികച്ച മാതൃക കലാകൗമുദിയാണ്. രണ്ടുപതിറ്റാണ്ടുകാലം അതിന്റെ അമരക്കാരനായിരുന്നു ജയചന്ദ്രൻനായർ. ഇ.എം.എസ്. തൊട്ടുള്ള മുഴുവൻ ഇടതുപക്ഷ നേതാക്കളും കലാകൗമുദിയിൽ നിരന്തരം എഴുതി. ഒ.വി. വിജയനും എം ടിയും മാധവിക്കുട്ടിയും വി.കെ. എന്നും അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും തൊട്ടുള്ള സാഹിത്യപ്രവർത്തകർ. 80കളിലെ ആഗോള രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള പ്രത്യയശാസ്ത്രസംവാദങ്ങൾ. എം. കൃഷ്ണൻനായരും ആർട്ടിസ്റ്റ് നമ്പൂതിരിയും സ്ഥിരസാന്നിധ്യം. ഫീച്ചറെഴുത്തിന്റെ കലയിൽ വിസ്മയം സൃഷ്ടിച്ച മുരളിയും വിജു വി. നായരും. മാധ്യമപ്രവർത്തനത്തിൽ അഭിനിവേശം ജനിച്ച കലാലയവിദ്യാർത്ഥികൾ തൊട്ട് മുതിർന്ന സാംസ്‌കാരിക പ്രവർത്തകർ വരെ- കലാകൗമുദി ഒരു കാലമായിരുന്നു.

തുടർന്ന് സമകാലിക മലയാളം വാരിക. നിശ്ചയമായും കലാകൗമുദിയുടെ ഗൗരവവും പ്രാമാണ്യവും അതിനു കൈവന്നില്ല. ടെലിവിഷന്റെ കാലമായിക്കഴിഞ്ഞിരുന്നു. വായന തളർന്നു തുടങ്ങിയിരുന്നു. രാഷ്ട്രീയം ജീർണിച്ചു കഴിഞ്ഞിരുന്നു. ഇ.എം.എസും ഒ.വി. വിജയനും മറ്റും അരങ്ങിനു പുറത്തായിക്കഴിഞ്ഞിരുന്നു. എങ്കിലും ടി.ജെ.എസ്. തൊട്ടുള്ള മാധ്യമപ്രവർത്തകരും ചിദംബര സ്മരണയുമായി ബാലചന്ദ്രനും മറ്റും.

കലാകൗമുദിയിൽ പൊതുവെ ഇടതുപക്ഷ രാഷ്ട്രീയത്തോടും സിപിഎമ്മിനോടും മൃദുവിമർശനം സ്വീകരിച്ചിരുന്ന ജയചന്ദ്രൻനായർ മലയാളം വാരികയിൽ അതു കയ്യൊഴിഞ്ഞു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയജീർണതയെ നിരന്തരം തുറന്നുകാട്ടിയതോടെ അദ്ദേഹം യാഥാസ്ഥിതിക സിപിഎം. നേതാക്കളുടെയും സാമ്പത്തിക ദുർമോഹങ്ങൾ പൊളിച്ചുകാട്ടിയതോടെ മുതലാളിത്ത കമ്യൂണിസ്റ്റുകളുടെയും ശത്രുവായി. അതേസമയംതന്നെ കലാകൗമുദിക്കാലത്ത് നഖശിഖാന്തം എതിർത്തുപോന്നിരുന്ന ഹിന്ദുത്വരാഷ്ട്രീയ-മതവിഗ്രഹങ്ങളോട് ജയചന്ദ്രൻനായർ നയം മാറ്റിത്തുടങ്ങിയെന്ന വിമർശനവും ഉയർന്നു. ഇതുപക്ഷെ അദ്ദേഹത്തിന്റെ മാത്രം മാറ്റമായിരുന്നില്ല, കേരളീയ പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും കൂടി മാറ്റമായിരുന്നു. ഇടതു-വലതു രാഷ്ട്രീയ ജീർണതകൾ ഒരേ തുലാസിൽ തൂങ്ങിയാടിയ കാലത്തും പക്ഷെ ജനാധിപത്യം, ഗാന്ധിയൻ മാനവികത എന്നിവയോടുള്ള തന്റെ കൂറും നിലപാടും അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. രാഷ്ട്രീയ ഹിംസകളോടും സാംസ്‌കാരിക ഹിംസകളോടും ഒരേ സമീപനം കൈക്കൊണ്ട മാനവികതാവാദിയായിരുന്നു ജയചന്ദ്രൻനായർ എക്കാലത്തും. 'നിഴൽവീഴാത്ത വെയിൽത്തുണ്ടുകൾ' ഈ രാഷ്ട്രീയ-സാംസ്‌കാരിക മൂല്യങ്ങളുടെ ചരിത്രരേഖകൂടിയായി മാറുന്നു.

കൗമുദി (1957-61), മലയാളരാജ്യം (1961-66), കേരളകൗമുദി (1966-75), കലാകൗമുദി (1975-1997), സമകാലികമലയാളം (1997-2012) എന്നിങ്ങനെ അഞ്ചു പ്രസിദ്ധീകരണങ്ങളിൽ പത്രാധിപസമിതിയിലും പിന്നീട് ഭാഷാപോഷിണിയുൾപ്പെടെയുള്ളവയിൽ കോളമിസ്റ്റായും പ്രവർത്തിച്ച ജയചന്ദ്രൻനായർ തന്റെ പത്രപ്രവർത്തനകാലത്ത് ആത്മബന്ധം സ്ഥാപിക്കാൻ കഴിഞ്ഞവരെ പലനിലകളിൽ ഓർമയുടെ അറകളിൽനിന്നു പുറത്തെടുത്തവതരിപ്പിക്കുകയാണ് ഇവിടെ.

രാഷ്ട്രീയം, പത്രപ്രവർത്തനം, സിനിമ, സാഹിത്യം എന്നിങ്ങനെ കേരളീയാധുനികതയുടെ രാഷ്ട്രീയ, സാംസ്‌കാരിക പൊതുമണ്ഡലങ്ങളെ സർഗാത്മകമായി സ്വാധീനിച്ച ഇരുപത്തൊന്നു പേർ. വ്യക്തിജീവിതത്തിനൊപ്പം സാമൂഹ്യജീവിതവും സാർഥകമാക്കി മാറ്റിയവർ. തന്നോടിണങ്ങി നിന്നവരെ മാത്രമല്ല ജയചന്ദ്രൻനായർ ആദരവോടെ അവതരിപ്പിക്കുന്നത് എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ജനാധിപത്യസ്വഭാവം. പിണങ്ങിമാറിയവർ, അകന്നുനിന്നു കണ്ടവർ, ദുരന്തനായകർ.... വിജയിച്ചവരുടേതും യോജിച്ചവരുടേതും മാത്രമല്ല, പരാജിതരുടേതും വിയോജിച്ചവരുടേതും കൂടിയാണ് ചരിത്രം എന്ന തിരിച്ചറിവാണ് ജയചന്ദ്രൻനായരെ നയിക്കുന്നത്. ആഖ്യാനത്തിന്റെ മാനദണ്ഡവും അവതരണത്തിന്റെ ആധാരവും തന്റെ പത്രപ്രവർത്തനജീവിതമാണ് എന്നു മാത്രം.

കെ. ബാലകൃഷ്ണൻ, ടി.ജെ.എസ്. ജോർജ്, വൈക്കം ചന്ദ്രശേഖരൻനായർ എന്നിവരുടെ സർഗവ്യക്തിത്വം പ്രാഥമികമായും പത്രപ്രവർത്തകരുടേതായിരുന്നു. എങ്കിലും ബാലകൃഷ്ണൻ രാഷ്ട്രീയത്തിലും സാഹിത്യത്തിലും ടി.ജെ.എസ്. ജീവചരിത്രരചനയിലും വൈക്കം മിക്കവാറും മുഴുവൻ സാംസ്‌കാരികമണ്ഡലങ്ങളിലും (ബാലകൃഷ്ണനെപ്പോലെ പ്രഭാഷണകലയിലും) നടത്തിയ അങ്ങേയറ്റം മൗലികമായ ഇടപെടലുകൾ ജയചന്ദ്രൻനായർ കാണാതിരിക്കുന്നില്ല. (അടിമുടി പത്രപ്രവർത്തകനായ ജയചന്ദ്രൻനായർതന്നെയും മികച്ച ചലച്ചിത്രനിരൂപകനും നോവലിസ്റ്റുമാണല്ലോ.)

അരവിന്ദൻ, അടൂർ, രവീന്ദ്രൻ, ഷാജി എൻ. കരുൺ, പവിത്രൻ എന്നിവരുടെ പ്രവർത്തനമേഖല സിനിമയാണ്. പക്ഷെ അരവിന്ദനും രവീന്ദ്രനും പത്രപ്രവർത്തനരംഗത്ത് പുതുവഴികൾ വെട്ടിത്തുറന്നവരാണ്.

നമ്പൂതിരി, കേരളം കണ്ട ഏറ്റവും പ്രശസ്തനായ ഇലസ്‌ട്രേറ്ററാണ്. പത്രപ്രവർത്തന ജീവിതത്തിൽ നമ്പൂതിരിയും കൃഷ്ണൻനായരുമായിരുന്നു, ജയചന്ദ്രൻനായരുടെ ഇടം, വലം കയ്യുകൾ.

പി. ഭാസ്‌കരൻ, കടമ്മനിട്ട, അയ്യപ്പപ്പണിക്കർ, കെ.ജി. ശങ്കരപ്പിള്ള എന്നിവർ പ്രാഥമികമായും കവികളാണ്. എങ്കിലും ഭാസ്‌കരൻ സിനിമയിൽ നേടിയ ഉജ്വലവിജയങ്ങളും കടമ്മനിട്ട രാഷ്ട്രീയത്തിൽ സ്വന്തമാക്കിയ ഭീമൻ പരാജയവും മറന്നുകൂടാ.

ഇ.എം.എസ്. രാഷ്ട്രീയനേതാവും സാമൂഹ്യചരിത്രകാരനും പത്രപ്രവർത്തകനും അത്യസാധാരണമായ ജീവിതനിഷ്ഠകളുടെ പേരിൽ ആദരിക്കപ്പെട്ട വ്യക്തിയുമായിരുന്നു.

ടി. പത്മനാഭൻ, ഒ.വി.വിജയൻ, മാധവിക്കുട്ടി, എം ടി, വി.കെ.എൻ, എംപി. നാരായണപിള്ള എന്നിവർ ആധുനിക കഥാസാഹിത്യത്തിന്റെ നെടുംതൂണുകളായിരുന്നു. വിജയനും എം ടി.യും പിള്ളയും പത്രപ്രവർത്തനത്തിലും തത്തുല്യമായ വിജയം കൈവരിച്ചു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലെ കേരളീയ പൊതുമണ്ഡലത്തെ സംവാദാത്മകവും വിമർശനാത്മകവുമാക്കി മാറ്റിയ ധൈഷണിക വ്യക്തിത്വങ്ങളെന്ന നിലയിൽ ഇവരുടെ സർഗാത്മക ജീവിതത്തിലേക്കു വിരൽ ചൂണ്ടുകയാണ് ജയചന്ദ്രൻനായർ. ഒപ്പം, എം. ഗോവിന്ദൻ മുതൽ എം. കൃഷ്ണൻനായർ വരെയും കെ.എൻ. രാജ് മുതൽ കെ. വേണു വരെയുമുള്ള എത്രയെങ്കിലും പേരെക്കുറിച്ച് അദ്ദേഹം എഴുതാതെ പോയ ഓർമ്മക്കുറിപ്പുകളിലേക്കു മറ്റൊരു വിരൽകൂടി ചൂണ്ടുന്നുണ്ട്, ഈ പുസ്തകം.

കെ. ബാലകൃഷ്ണനിലാണ് തുടക്കം. മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ മകൻ. സിംഹപ്രതാപിയായിരുന്ന പ്രഭാഷകൻ. അതിസമർഥനായ പത്രപ്രവർത്തകൻ. രാഷ്ട്രീയപ്രവർത്തകൻ. പാർലമെന്റംഗം. കമ്യൂണിസ്റ്റ് സർവാധിപത്യത്തിന്റെ നിതാന്തവിമർശകൻ. മഞ്ഞുമൂടിയ അഗ്നിപർവതം - ജയചന്ദ്രൻനായർ ബാലകൃഷ്ണന്റെ അതുല്യ ജീവിതം അനാവരണം ചെയ്യുകയാണ്.

'കേരളകൗമുദിയിൽ രാഷ്ട്രീയലേഖകനായി പ്രവർത്തിച്ചിരുന്ന കെ. ബാലകൃഷ്ണന്റെ മറ്റൊരു ജന്മമായിരുന്നു കൗമുദി ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന കാലം. അച്ഛൻ സി. കേശവൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു കെ. ബാലകൃഷ്ണൻ കേരള കൗമുദിയുടെ രാഷ്ട്രീയകാര്യ ലേഖകനായിരുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ താമസിക്കവേ ആ ഭരണകൂടത്തിനെതിരെയുള്ള റിപ്പോർട്ടുകൾ എഴുതാൻ അദ്ദേഹത്തിന് അധികാരത്തിന്റെ ആർഭാടമോ അലങ്കാരങ്ങളോ തടസ്സമായില്ല. പട്ടംതാണുപിള്ള മുതൽ മിക്കവാറും എല്ലാ രാഷ്ട്രീയനേതാക്കളുമായി സ്‌നേഹബന്ധം പുലർത്തിക്കൊണ്ടുതന്നെ രാഷ്ട്രീയമായി അവരെ വിമർശിക്കാൻ അദ്ദേഹം മടിച്ചതേയില്ല. അപ്പോഴെല്ലാം ബാലകൃഷ്ണന്റെ അചഞ്ചലമായ ധർമദീക്ഷയും സത്യസന്ധതയും പ്രതിയോഗികൾ അംഗീകരിച്ചു. അതൊന്നും അവരുമായുള്ള ബന്ധത്തിൽ അവിശ്വാസത്തിന്റെയോ വിദ്വേഷത്തിന്റെയോ പുക പടർത്തിയിരുന്നില്ല. ആ നിലപാടുതന്നെയായിരുന്നു കൗമുദി ദിനപത്രത്തിലും അദ്ദേഹം പിന്തുടർന്നത്. വിമോചനസമരകാലത്തെ പ്രസംഗകൻ എന്ന നിലയിൽ തിരക്കേറിയപ്പോഴും ദിനപത്രത്തിന്റെ ദൈനംദിന പ്രവർത്തനത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തു.

വിമോചനസമരത്തെ ക്രൈസ്തവസഭയും എൻ.എസ്.എസ്സും അപഹരിക്കുന്നത് അദ്ദേഹം നേരത്തേ മനസ്സിലാക്കി. അങ്ങനെ സംഭവിക്കുന്നതോടെ ആ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയാസ്തിത്വം ചോദ്യം ചെയ്യപ്പെടുമെന്ന് അദ്ദേഹം ഉത്കണ്ഠപ്പെട്ടു. ഭരണകൂടത്തിന്റെ അധികാരഗർവിനെ എതിരിടുമ്പോഴും ജനാധിപത്യസ്വഭാവം ഉല്ലംഘിക്കപ്പെടാതിരിക്കാൻ അദ്ദേഹം ശഠിച്ചിരുന്നു. വലിയതുറയിൽ നടന്ന വെടിവയ്‌പ്പിൽ ഫ്‌ളോറിയെന്ന മത്സ്യബന്ധനത്തൊഴിലാളി സ്ത്രീ മരണപ്പെട്ട സംഭവം വിമോചനസമരത്തിനു മാനുഷികത നൽകിയ പ്രധാന ഘടകമായിരുന്നുവെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ബാലയണ്ണന്റെ അതിസൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണമായിരുന്നു അതിനു കാരണം. മിനർവ കൃഷ്ണൻ നായർ എടുത്ത ആ ചിത്രം പ്രാധാന്യത്തോടെ കൗമുദി ദിനപത്രം പ്രസിദ്ധീകരിച്ചു. അതിനു മുൻപുണ്ടായ വെടിവെയ്പിൽ ആളുകൾ മരിച്ചിരുന്നുവെങ്കിലും രണ്ടു കുട്ടികളുടെ അമ്മ ദാരുണമായി കൊല്ലപ്പെടുന്നത് മലയാളിയുടെ മനസ്സിനെ സ്പർശിച്ചു. അതോടെ വിമോചനസമരത്തിനു മനുഷ്യമുഖം കൈവന്നു. വർഗീയഛായ പതിഞ്ഞിരുന്ന ആ സമരം സാധാരണക്കാരന്റെ അവകാശസംരക്ഷണപ്പോരാട്ടമായി മാറി. തുടർന്ന് ബാലയണ്ണനെ കാണാനും അഭിമുഖം നടത്താനും തിരക്കായ ആ ദിവസങ്ങൾ ഞാൻ ഓർമ്മിക്കാറുണ്ട്. ലോകസഭയുടെ ഡപ്യൂട്ടി സ്പീക്കറായിരുന്ന ആർ.കെ. ഖാദിൽകർ കൗമുദി ഓഫീസിൽ കെ. ബാലകൃഷ്ണനെ നേരിൽക്കാണാൻ കാത്തിരുന്നതും വാഷിങ്ടൺ പോസ്റ്റിന്റെ വനിതാപ്രതിനിധി ഡൽഹിയിൽ നിന്നു പറന്നെത്തിയതും എൻ.എസ്.എസ്സിന്റെ പ്രതിനിധിയും വിമോചന സമരനേതാക്കളിലൊരാളുമായ സദാശിവൻ നായരെ കാണാൻ വിസമ്മതിച്ച് ബാലയണ്ണൻ മടക്കി അയച്ചതും ഞാൻ ഓർമ്മിക്കുന്നു. താൻ എവിടെ നിൽക്കുന്നുവെന്ന കാര്യത്തിൽ അപ്പോഴൊന്നും അദ്ദേഹത്തിനു യാതൊരു സംശയവുമുണ്ടായിരുന്നില്ല'.

ദേശീയ, അന്തർദേശീയ തലങ്ങളിൽ ഖ്യാതിയും പ്രാമാണ്യവും നേടിയെടുത്ത മലയാളികളായ ഇംഗ്ലീഷ് മാധ്യമപ്രവർത്തകരുടെ രണ്ടാം തലമുറയിലെ പ്രമുഖനാണ് ടി.ജെ.എസ്. ജോർജ്ജ്. അദ്ദേഹത്തിന്റെ അസാധാരണമായ രാഷ്ട്രീയ റിപ്പോർട്ടിംഗും കോളങ്ങളും മാത്രമല്ല അദ്ദേഹമെഴുതിയ ജീവചരിത്രങ്ങളും (വി.കെ. കൃഷ്ണമേനോൻ, എം.എസ്. സുബ്ബലക്ഷ്മി, പോത്തൻ ജോസഫ്, നർഗീസ്) പരാമർശിച്ചുകൊണ്ട് തങ്ങൾ തമ്മിലുടലെടുത്ത ആത്മബന്ധത്തെക്കുറിച്ചെഴുതുന്നു, ജയചന്ദ്രൻനായർ.

ജനയുഗം തൊട്ട് എത്രയെങ്കിലും പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, നോവലിസ്റ്റ്, നാടകകൃത്ത്... വൈക്കം ചന്ദ്രശേഖരൻനായരുടെ ജീവിതം പക്ഷെ ദുരന്തങ്ങളും പ്രഹസനങ്ങളും നിറഞ്ഞ ഒരരങ്ങായിരുന്നു. ഏറെ അടുത്തുനിന്നുകണ്ടറിഞ്ഞ ആ ജീവിതത്തിന്റെ അണിയറയിലേക്കു കൂടി വെളിച്ചം വീശുന്നു, ഗ്രന്ഥകാരൻ.

മലയാളത്തിലെ നവതരംഗ, സമാന്തരസിനിമയുടെ തലതൊട്ടപ്പന്മാരായ അരവിന്ദൻ, അടൂർ, രവീന്ദ്രൻ, പവിത്രൻ എന്നിവരുടെ കലാജീവിതത്തെയും സിനിമയ്ക്കുള്ളിലും പുറത്തുമുള്ള അവരുടെ സാംസ്‌കാരിക ഇടപെടലുകളെയും കൂട്ടിയിണക്കിയവതരിപ്പിക്കുകയാണ് മറ്റൊരു വിഭാഗം രചനകളിൽ. ഇവരിൽ നിന്നു ഭിന്നനായി ഷാജി. എൻ. കരുൺ, ജയചന്ദ്രൻനായരുടെ കൂടി ചലച്ചിത്രസ്വപ്നങ്ങളുടെ സാക്ഷാത്കാരം നിർവഹിച്ചയാളാണ്. പിറവി, സ്വം....

അരവിന്ദനും ഷാജിയും തമ്മിലുണ്ടായ അകൽച്ച ജയചന്ദ്രൻനായരെയും അരവിന്ദനിൽ നിന്നകറ്റി. പവിത്രനുമായുള്ള ബന്ധവും വഷളായി. ടി. പത്മനാഭനുമായി ദീർഘകാലം നിലനിർത്തിയ ബന്ധം പെട്ടന്നു തകർന്നു. കടമ്മനിട്ടയോടുമുണ്ടായി ഇതേരീതിയിൽ ചില അകൽച്ചകൾ-ഒന്നും മറച്ചുവയ്ക്കുന്നില്ല, ജയചന്ദ്രൻനായർ.

അടൂർ നിത്യസൗഭാഗ്യങ്ങളിൽ ജീവിച്ചപ്പോൾ രവീന്ദ്രനും പവിത്രനും ഭീമൻ പരാജയങ്ങളേറ്റുവാങ്ങി, അകാലത്തിൽ പൊലിഞ്ഞു. അരവിന്ദൻ കലയിൽ പരാജയപ്പെട്ടില്ലെങ്കിലും ജീവിതത്തിൽ തിരിച്ചടികൾ നേരിട്ടു. മലയാളത്തിലെ നവതരംഗസിനിമയുടെ കലയും പ്രത്യയശാസ്ത്രവും ചൂണ്ടിക്കാണിച്ചും, 'ഓഥർ' സിനിമകളുടെ സൗന്ദര്യസങ്കല്പം വിശകലനം ചെയ്തും ചില സിനിമകളുടെ സൂക്ഷ്മവിശകലനം നടത്തിയുമൊക്കെ മുന്നേറുന്നു, ഈ ഓർമക്കുറിപ്പുകൾ.

നമ്പൂതിരിയോടുള്ള ജയചന്ദ്രൻനായരുടെ ബന്ധത്തിന് സമാനതകളില്ല. കലാകൗമുദിയിലും പിന്നീട് മലയാളത്തിലും കൃഷ്ണൻനായർക്കൊപ്പം നമ്പൂതിരിയുമാണ് അദ്ദേഹത്തിന്റെ പത്രപ്രവർത്തനലക്ഷ്യങ്ങളെ സാർഥകമാക്കി നിലനിർത്തിയത്. നമ്പൂതിരിയുടെ കലാജീവിതത്തിന്റെ സൂക്ഷ്മചരിത്രമായി മാറുന്നു ഈ കുറിപ്പ്. ഒപ്പം അപൂർവമായ ഒരാത്മബന്ധത്തിന്റെ നാലുപതിറ്റാണ്ടു നീണ്ട കഥയും.

'മുപ്പതു-മുപ്പത്തഞ്ചു കൊല്ലങ്ങൾ പിന്നിട്ടിരിക്കുന്നു, തിരുമേനി എന്ന് ഞാൻ അഭിസംബോധന ചെയ്യുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുമായി ബന്ധമായിട്ട്. ആദ്യം കലാകൗമുദിയിൽ ഏതാണ്ട് ഇരുപതോളം കൊല്ലങ്ങൾ. പിന്നീട് സമകാലികമലയാളത്തിൽ പതിനഞ്ചുവർഷം. ദീർഘമായ ഈ കാലയളവിൽ മടുപ്പുണ്ടാവുക സ്വാഭാവികം. അദൃശ്യമായ ഇത്തിളുകൾ പച്ചപ്പുകളിൽ പടർന്നുപിടിക്കുംപോലെ. എന്നാൽ അത്തരമൊരു അത്യാഹിതം സംഭവിച്ചില്ലെന്നത് അവിശ്വാസത്തോടെ മാത്രമേ എനിക്ക് ഓർക്കാനാകൂ. എന്താണതിനു കാരണം? തീർച്ചയായും അതിനു ഞാനല്ലെന്നുറപ്പാണ്. ആര് കോരിയെടുത്താലും വറ്റാത്ത ഉറവപോലുള്ള തിരുമേനിയാണ് കാരണമെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്.

വർഷങ്ങൾക്കു മുൻപ് ഞാൻ കലാകൗമുദിയിൽനിന്നു യാത്ര പറഞ്ഞിറങ്ങിയത് തിരുമേനി അറിഞ്ഞത് വൈകിയായിരുന്നു. ഏറെ കഥകളും ഒരു നോവലിന്റെ ഏതാനും അധ്യായങ്ങളും അപ്പോൾ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു ചിത്രങ്ങൾ വരയ്ക്കാനായി. എന്നാൽ അദ്ദേഹം അവയ്‌ക്കൊന്നും ചിത്രങ്ങൾ വരഞ്ഞില്ല. കയ്യിലുള്ള ആ മനുസ്‌ക്രിപ്റ്റുകൾ ഒരു ഭാണ്ഡമാക്കി കലാകൗമുദിയിലേക്ക് അദ്ദേഹം മടക്കി അയച്ചു. എന്നെപ്പോലെ പൊടുന്നനെ അദ്ദേഹവും തൊഴിൽരഹിതനാവുകയായിരുന്നു. തന്റെ കുടുംബത്തിന്റെ പ്രതീക്ഷകളാണ് അതോടെ വഴിമുട്ടിയത്. പക്ഷേ, തിരുമേനി അതൊന്നും ആലോചിക്കാൻ മെനക്കെട്ടില്ല. പിന്നീട് നേരിൽക്കാണുമ്പോൾ കലാകൗമുദി വിടാൻ തീരുമാനിച്ച വിവരം അറിയിക്കാത്തതിൽ അദ്ദേഹത്തിന് പരാതിയായിരുന്നു. നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ നേരത്തെ ചെയ്യാവുന്നത് വൈകിയതിലുള്ള ആക്ഷേപം. വികാരങ്ങളിൽ ജീവിക്കുന്ന ഒരു മനുഷ്യനായിരുന്നില്ല തിരുമേനി. എന്നാൽ ചില വിശ്വാസങ്ങൾ, ചില മൂല്യങ്ങൾ അവ കൈവിടാൻ അദ്ദേഹം ഒരിക്കലം ഒരുക്കമായിരുന്നില്ല. കലാകൗമുദിയിൽ എന്റെ അസാന്നിധ്യത്തിലും തിരുമേനിക്ക് തുടരാമായിരുന്നു. എല്ലാവരും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും അതായിരുന്നു. എന്നാൽ കരുവാട്ടെ വാസുദേവൻ നമ്പൂതിരി വളർന്നു വലുതായത് തീ ചവിട്ടിക്കൊണ്ടായിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല.

തിരുമേനിക്ക് ചിത്രകല ഒരു ഉപജീവനമാർഗ്ഗമായിരുന്നില്ല. കണ്ണും മൂക്കും ചെവിയും കയ്യുംപോലുള്ള അവയവങ്ങളിൽ ഒന്നോ അതെല്ലാം ചേർന്നതോ ആയിരുന്നു അദ്ദേഹത്തിന്റെ ചിത്രകലാജീവിതം. പോയിന്റലിസ്റ്റായ സൂരറ്റിന്റെ ചിത്രങ്ങളെ പരാമർശിക്കുമ്പോൾ, അതിൽ നിറയുന്ന സുഭഗതയുടെ നൈസർഗികമായ ലാളിത്യവും പലരും എടുത്തുപറയാറുണ്ട്. തന്റെ ചിത്രങ്ങൾക്ക്, ഈ ഗുണങ്ങൾ കൈവരിക്കാനുള്ള കാരണം ചർച്ചചെയ്യവേ, അതിനുവേണ്ടി നിശ്ശബ്ദമായി നടത്തിയിരുന്ന യാതനാനിർഭരമായ മാനസികമായ അർപ്പണത്തിലേക്കു സൂരറ്റ് വിരൽ ചൂണ്ടിയിരുന്നു. തിരുമേനിയുടെ ചിത്രകലാജീവിതവും അത്തരം യാതനകളും ദുരിതങ്ങളും നിറഞ്ഞ സമ്പൂർണമായ അർപ്പണമായിരുന്നു. യാതൊന്നും അതിൽനിന്നും അദ്ദേഹം പ്രതീക്ഷിച്ചില്ല. പണവും പ്രതാപവും അംഗീകാരവും ഒട്ടുമേ അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. പാക്കനാർ സിൻഡ്രോമിന്റെ അത്യുദാത്തമായ മാതൃകയാണ് തിരുമേനി'.

കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും കെ.ജി.എസുമായുണ്ടായിരുന്ന അടുപ്പം മലയാളകവിതയുടെ ഒരു ഘട്ടത്തിന്റെതന്നെ പതാകവാഹകനാകാനുള്ള നിയോഗമാണ് ജയചന്ദ്രൻനായർക്കു നൽകിയത്. 'ശാന്ത'യും 'ഗോത്രയാന'വും പ്രസിദ്ധീകരിച്ചതദ്ദേഹമാണ്. രാഷ്ട്രീയത്തിൽ ചേർന്നതോടെ കടമ്മനിട്ടക്കുണ്ടായ ദയനീയ പരാജയത്തിന്റെ ചവർപ്പും പണിക്കർ സ്വകാര്യജീവിതത്തിലനുഭവിച്ചിരുന്ന കൊടിയ ദുരിതങ്ങളുടെ കയ്പും കെ.ജി.എസ്. പ്രത്യയശാസ്ത്രത്തകർച്ചകളെക്കുറിച്ചെഴുതിയ രചനകളിലെ പുളിപ്പും ജയചന്ദ്രൻനായർ രേഖപ്പെടുത്തുന്നു.

ഇ.എം.എസുമായുള്ള ബന്ധം കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകൾ മറികടന്നതായിരുന്നു. ഒരുപക്ഷെ ഇ.എം.എസിനെ കേരളീയ പൊതുബോധത്തിൽ വിഗ്രഹവൽക്കരിച്ചതിൽ ഏറ്റവും വലിയ പങ്കുവഹിച്ച പത്രാധിപന്മാരിലൊരാൾ ജയചന്ദ്രൻനായരായിരിക്കും. ഇ.എം.എസും ഒ.വി. വിജയനും നാരായണപിള്ളയും പി. ഗോവിന്ദപ്പിള്ളയും കെ. വേണുവും എൻ. ഇ. ബലറാമും മറ്റുമുൾപ്പെടുന്ന ഒരു സംഘം കലാകൗമുദിയിൽ സൃഷ്ടിച്ചത് രാഷ്ട്രീയ-പ്രത്യയശാസ്ത്രസംവാദങ്ങളുടെ ഒരു ഇടതുപൊതുമണ്ഡലം തന്നെയായിരുന്നു.

എം ടി.യുമായി ദീർഘകാലത്തെ ദൃഢസൗഹൃദമുണ്ട് ഗ്രന്ഥകാരന്. വി.കെ.എന്നുമായും അങ്ങനെതന്നെ. നമ്പൂതിരി, ഈ രണ്ടുപേരുമായുള്ള പത്രാധിപരുടെ സാഹിത്യബന്ധങ്ങളുടെ മുഖ്യകാർമ്മികനുമായി. നമ്പൂതിരിക്കു വരയ്ക്കാൻവേണ്ടിയാണ് താൻ എഴുതുന്നത് എന്നുപോലും വി.കെ.എൻ. പറഞ്ഞിട്ടുണ്ട്. രണ്ടാമൂഴത്തിന്റെ ജനപ്രീതി കലാകൗമുദിയെ എത്തിച്ച ഉയരങ്ങൾക്ക് നമ്പൂതിരിച്ചിത്രങ്ങൾ നൽകിയ സംഭാവന ഒട്ടും ചെറുതല്ല.

എംപി. നാരായണപിള്ളയുടെ അപാരമായ നർമം, പി. ഗോവിന്ദപ്പിള്ളയുടെ അസാധാരണമായ വായന... ഒന്നും കാണാതെ പോകുന്നില്ല, ഈ രചനകൾ.

ഓർമകൾ ചരിത്രമാകുന്നതിന്റെ അത്രയധികം മാതൃകകളൊന്നും മലയാളത്തിലില്ല, ചില ആത്മകഥകളൊഴിച്ചാൽ. വ്യക്തിചിത്രങ്ങളും ചരിത്രപാഠങ്ങളുമായി മാറുന്ന ഈ ലേഖനങ്ങൾ നിർവഹിക്കുന്ന മുഖ്യ ദൗത്യമിതാണ്. അതുപോലെതന്നെ പ്രധാനമാണ്, മലയാള പത്രപ്രവർത്തനം കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കടന്നുപോന്ന വഴികളിൽ ചിലതിലേക്കുള്ള തുറന്ന നോട്ടങ്ങളെന്ന നിലയിൽ ഇവയ്ക്കുള്ള പ്രസക്തിയും. ഇന്നിപ്പോൾ സാംസ്‌കാരിക മലയാളത്തിലെ ചില ആറാട്ടുമുണ്ടന്മാർ അദ്ദേഹത്തെ ചെറുതാക്കാൻ ശ്രമിക്കുമ്പോൾ അവർ സ്വയം കൂടുതൽ ചെറുതാകുന്നതല്ലാതെ എസ്. ജയചന്ദ്രൻനായരുടെ യശസ്സിനും ധാവള്യത്തിനും തരിമ്പും മങ്ങലേൽക്കുന്നില്ല.

പുസ്തകത്തിൽനിന്ന്:-

'നാലുകെട്ടും കാലവും അസുരവിത്തുമെല്ലാം സൃഷ്ടിച്ച അതിഭദ്രമായ ആരൂഢത്തിൽ എം ടി. പുതിയ പുതിയ താജ്മഹലുകൾ നിർമ്മിച്ചുയർത്തിയതിൽ, എടുത്തുപറയേണ്ട സൃഷ്ടികൾ രണ്ടാമൂഴവും വാരാണസിയും തന്നെയാണ്. ആ നോവലുകളുടെ കാര്യത്തിൽ വ്യക്തിപരമായ നിലയിൽ എനിക്കൊരവകാശമുണ്ട്. ആ രണ്ടു നോവലുകളും പ്രസിദ്ധീകരിച്ചത് ഞാനായിരുന്നു. കഥാപാത്രങ്ങളെ തിരക്കിയിറങ്ങിയ നാടകകൃത്തിനെപ്പോലെ, പത്രാധിപരെ തിരക്കിയിറങ്ങുകയായിരുന്നില്ല ഇവിടെ എഴുത്തുകാരൻ. മറിച്ചാണ് സംഭവിച്ചത്. സാഹത്യകാരനെ തിരക്കിയിറങ്ങിയ പത്രാധിപർക്ക് അയാളുടെ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കാവുന്ന രണ്ടു നേട്ടങ്ങൾക്ക്, 'സൂതികർമ്മിണി' ആകാൻ സാധിക്കുകയുണ്ടായി. രണ്ടാമൂഴത്തിന്റെ കൈയെഴുത്തുപ്രതി ഏൽപ്പിച്ചിട്ടു 'വായിച്ചുനോക്കു' എന്നു പറഞ്ഞ എം ടി, താൻ വാക്കുകളാകുന്ന ചിമിഴിൽ ഒളിച്ചുവച്ച കൊടുങ്കാറ്റുകളെപ്പറ്റി മിണ്ടിയതേയില്ല. എന്നാൽ 'ചെങ്കുത്തായ വഴിയിലൂടെ ഇടറാത്ത കാലുകൾ അമർത്തിച്ചവിട്ടി, വീണുകിടക്കുന്ന ശ്യാമമേഘംപോലെ താഴത്തു കാണുന്ന വനഭൂമിയിലെത്താൻ വേണ്ടി ഭീമസേനൻ നടന്നു. അപ്പോൾ വഴികാട്ടാൻവേണ്ടി വെള്ളപ്പറവകൾ മേഘങ്ങളിൽനിന്ന് ഇറങ്ങി വ്യൂഹം ചമച്ച് മുമ്പേ, താഴ്‌വരയിലേക്ക് പറന്നു'. രണ്ടാമൂഴം അങ്ങനെ അവസാനിക്കുമ്പോൾ, ഞാനോർത്തത്, ഡെസ്റ്റോവ്‌സ്‌കി എഴുതിയ പുവർ ഫോക് എന്ന നോവലിന്റെ കൈയെഴുത്തുപ്രതി വായിച്ച ഗ്രിഗറോവിച്ചിന്റെ അനുഭവത്തെപ്പറ്റി ജോസഫ് ഫ്രാങ്ക് എഴുതിയതാണ്: 'നോവൽ എഴുതി പൂർത്തിയായശേഷം സംഭവിച്ചതെന്താണെന്നതിനെപ്പറ്റി സംശയമേതുമില്ല. അത് വായിച്ച് ഇളകിമറിഞ്ഞ ഗ്രിഗറോവിച്ച് നെക്രസോവിന് നൽകി. ഡെസ്റ്റോവ്‌സ്‌കിയുടെ കഥാപാത്രങ്ങളുടെ ദുരിതപതനത്തിൽ സന്തപ്തരായി കണ്ണീരൊഴുക്കിക്കൊണ്ട് അവർ ഇരുവരും, ഡെസ്റ്റോവ്‌സ്‌കി വസിച്ചിരുന്ന വസതിയിലെത്തി. പുലർച്ച നാലുമണി ആയിട്ടേ ഉണ്ടായിരുന്നുള്ളു അപ്പോൾ. പ്രകാശം ചൊരിയുന്ന സെന്റ് പീറ്റേഴ്‌സ് ബർഗിലെ വൈറ്റ് നൈറ്റ്. അതിനുശേഷം പ്രശസ്ത നിരൂപകനായ ബെലിൻസ്‌കി അതുവായിച്ച് അദ്ഭുതപരതന്ത്രനായി. പിന്നെയെല്ലാം ചരിത്രം. അത്തരമൊരനുഭവത്തിലൂടെ കടന്നുപോയ ഞാൻ, അതിന്റെ കോപ്പിയെടുത്ത് ആർട്ടിസ്റ്റ് തിരുമേനിക്കു കൊടുത്തു. ചിത്രങ്ങൾ വരയ്ക്കുന്നതിനു മുൻപ് നമ്പൂതിരിയുമായി ഞാൻ സംസാരിക്കാമെന്ന് എം ടി. പറഞ്ഞിരുന്നു. മാതൃഭൂമിയിൽ സഹപ്രവർത്തകരായിരുന്നുവെങ്കിലും അവർ തമ്മിലുള്ള ബന്ധം ഗാഢമായിരുന്നില്ല. എന്നാൽ രണ്ടാമൂഴത്തോടെ എഴുത്തുകാരനും ചിത്രകാരനുമെന്ന നിലയ്ക്ക് അതീതമായി പ്രതിഭാശാലികളായ രണ്ടുപേർ തമ്മിലുള്ള ഇഴുക്കമുള്ള സ്‌നേഹബന്ധമായി ആർട്ടിസ്റ്റ് നമ്പൂതിരിയും എം ടിയുമായുള്ള അടുപ്പം വികസിച്ചു. മറ്റൊരു ചരിത്രവും രണ്ടാമൂഴത്തോടെ സംഭവിക്കുകയുണ്ടായി. നേരത്തെ സൂചിപ്പിച്ചതുപോലെ ഈ നോവൽ കലാകൗമുദിയെ കൈപടിച്ചു ഭാരതപ്പുഴയുടെ അക്കരയിലേക്കെത്തിച്ചതോടൊപ്പം ഒരു ആനുകാലിക പ്രസിദ്ധീകരണമെന്ന നിലയ്ക്ക് അതിന്റെ ഉയർച്ചയും വളർച്ചയും അദ്ഭുതകരമായിരുന്നു. അതിന്റെ ശീതളിമയിൽ നിൽക്കാൻ ഭാഗ്യം സിദ്ധിച്ച ഒരു പത്രപ്രവർത്തകനായി ഈ ലേഖകൻ. മുമ്പൊരിക്കലും ഒരു മലയാളം വാരിക എത്തിച്ചേരാത്ത പ്രചാരമായ, തൊണ്ണൂറായിരം കോപ്പികളിൽ കലാകൗമുദി എത്തുമ്പോൾ മലയാള പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തിൽ സ്വർണ്ണലിപിയിൽ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമായി അത്. അതിനു വഴിതെളിച്ചത് രണ്ടാമൂഴമായിരുന്നു'.

മറ്റു ഇതിഹാസകാരന്മാരെപ്പോലെ എം ടി. തേടുന്നത്, ഞാനാരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. ഈ അസ്തിത്വാന്വേഷണത്തിൽ അദ്ദേഹം ചെന്നെത്തിയത് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവുമായി കാത്തിരിക്കുന്ന മഹാഭാരതത്തിലായിരുന്നു. ആരെന്ന അന്വേഷണത്തിനൊടുവിൽ ഉത്തരം തനിക്കറിയാമെന്ന വീമ്പിളക്കലിൽ സ്വന്തം ജീവിതം ചില്ലുകുപ്പിപോലെ പൊട്ടിത്തെറിക്കുന്ന നിരവധി കഥാപാത്രങ്ങൾ എം ടി.യുടെ സാഹിത്യലോകത്ത് ചിതറിക്കിടക്കുന്നുണ്ട്. കുരുക്ഷേത്രാനന്തരമുള്ള ശവപ്പറമ്പുതന്നെ ആ കാഴ്ചകൾ ഓർമ്മിപ്പിക്കുന്നതാണ്. രണ്ടാമൂഴം അന്ത്യത്തോട് അടുക്കുമ്പോഴും അന്തരീക്ഷത്തിൽ ഉയർന്നുനിൽക്കു ചോദ്യവും ഞാനാരാണെന്നതുതന്നെ. തിരിഞ്ഞു നോക്കുമ്പോൾ തൊട്ടുപിന്നിൽ നിൽക്കുന്നത് മൃതിയുടെ അജ്ഞാത സാന്നിധ്യമാണെന്ന അറിവ് മനുഷ്യകഥാനുഗായികളായ എഴുത്തുകാരെ സദാ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഉത്തരമില്ലാത്ത ആ ചോദ്യത്തിനു പിന്നിലാണ് അവർ. രണ്ടാമൂഴത്തിലും ഒടുവിൽ എം ടി. ഉയർത്തുന്നത് ഈ ചോദ്യം തന്നെ'.

നിഴൽവീഴാത്ത വെയിൽത്തുണ്ടുകൾ
എസ്. ജയചന്ദ്രൻനായർ
കറന്റ് ബുക്‌സ്, തൃശൂർ
വില: 135 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP