Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട പറഞ്ഞു; തീരുമാനം വിവാദങ്ങളും വിമർശനങ്ങളും കത്തിനിൽക്കെ; അടുത്ത ടെസ്റ്റുമുതൽ കടിഞ്ഞാൺ വിരാട് കോഹ്‌ലിക്ക്

മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട പറഞ്ഞു; തീരുമാനം വിവാദങ്ങളും വിമർശനങ്ങളും കത്തിനിൽക്കെ; അടുത്ത ടെസ്റ്റുമുതൽ കടിഞ്ഞാൺ വിരാട് കോഹ്‌ലിക്ക്

മെൽബൺ: ഇന്ത്യക്ക് ഏകദിന- ട്വന്റി 20 ലോകകപ്പുകൾ നേടിത്തന്ന ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് പരമ്പരയിൽ ഒരു ടെസ്റ്റു ബാക്കിനിൽക്കെയാണ് വിരമിക്കൽ തീരുമാനം വന്നത്. ഓസ്‌ട്രേലിയക്കെതിരായ അടുത്ത ടെസ്റ്റിൽ വിരാട് കോഹ്‌ലി ഇന്ത്യയെ നയിക്കും. ടെസ്റ്റിൽ നിന്നു വിരമിച്ചെങ്കിലും ഏകദിനത്തിലും ട്വന്റി 20യിലും ധോണി ക്യാപ്റ്റനായി തുടരും.

വിവാദങ്ങളും വിമർശനങ്ങളും കത്തിനിൽക്കുന്ന അവസരത്തിലാണ് ധോണിയുടെ വിരമിക്കൽ തീരുമാനം വന്നത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ സമനില വഴങ്ങിയശേഷമാണ് ഇന്ത്യൻ ക്യാപ്റ്റന്റെ വിരമിക്കൽ തീരുമാനം വന്നത്.

മൂന്നാം ടെസ്റ്റിനുശേഷം നടന്ന സമ്മാനവിതരണച്ചടങ്ങിൽ പോലും വിരമിക്കലിന്റെ ഒരു സൂചനയും ധോണി നൽകിയിരുന്നില്ല. നാലാം ടെസ്റ്റിനായി താരങ്ങൾ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു എന്ന നിലയിലാണ് ധോണി സമ്മാനദാനച്ചടങ്ങിൽ സംസാരിച്ചത്. എന്നാൽ അതിനുശേഷമാണ് ബിസിസിഐയുടേതായി ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം വന്നത്.

ഫോം നഷ്ടവും ഐപിഎൽ കോഴ വിവാദങ്ങളിൽ സംശയത്തിന്റെ മുന നീണ്ടതും എം എസ് ധോണിയെന്ന ക്രിക്കറ്റ് താരത്തിന്റെ കരിയറിൽ കരിനിഴൽ വീഴ്‌ത്താൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഐപിഎലിൽ ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ സാരഥികളായ മുൻ ബിസിസിഐ പ്രസിഡന്റ് എൻ ശ്രീനിവാസനും ഗുരുനാഥ് മെയ്യപ്പനും മുദ്ഗൽ കമ്മിറ്റി റിപ്പോർട്ട് വന്നതിനെത്തുടർന്ന് സംശയത്തിന്റെ മുൾമുനയിലായിരുന്നു.

ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സിമന്റ്‌സിൽ പങ്കാളിത്തമുണ്ടായിരുന്ന എം എസ് ധോണിക്കും ഐപിഎൽ വാതുവയ്പിൽ പങ്കുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ചില കളിക്കാരുടെ പേരുകൾ സമിതി റിപ്പോർട്ടിൽ പരാമർശിക്കുകയും ചെയതതോടെ ധോണിയും വാതുവയ്പിൽ പങ്കാളിയാണെന്ന സംശയം ഉയർന്നിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി ധോണിയുടെ ടെസ്റ്റ് ക്യാപ്റ്റൻസിയെക്കുറിച്ച് കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. പരിക്കിന്റെ പേരിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ധോണി കളിക്കുന്നില്ലെന്ന തീരുമാനം വന്നതോടെ തന്നെ ടെസ്റ്റ് കരിയറിന് ഏറെക്കുറെ അവസാനമായെന്ന സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ, രണ്ടും മൂന്നും ടെസ്റ്റുകളിൽ ധോണി കളിച്ചു. ആദ്യ രണ്ടു ടെസ്റ്റുകൾ തോൽക്കുകയും മൂന്നാം ടെസ്റ്റ് സമനിലയിൽ ആകുകയും ചെയ്തതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമാകുകയുംചെയ്തു. ടെസ്റ്റിൽ ധോണിയുടെ ക്യാപ്റ്റൻസി കാലം കഴിഞ്ഞെന്നും സ്ഥാനമൊഴിയണമെന്നും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.

ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോർഡോടെയാണ് ധോണി തുടക്കം കുറിച്ചത്. എന്നാൽ, ഈ തുടക്കം അതേനിലയിൽ മുതലാക്കാൻ 'ക്യാപ്റ്റൻ കൂൾ' എന്ന വിശേഷണമുള്ള എം എസ് ധോണിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ഓസിസ് പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇതേ തുടർന്ന്, ധോണി ക്യാപ്റ്റൻസി രാജിവയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.

ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യയെ ഒന്നാം റാങ്കിലെത്തിച്ച റെക്കോർഡുള്ള ക്യാപ്റ്റനാണ് എം എസ് ധോണി. ഐസിസിയുടെ മൂന്നു കിരീടങ്ങളും നേടിയ ഏക ക്യാപ്റ്റനെന്ന റെക്കോർഡും ധോണിക്കാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി ഏറ്റവും പേരെ സ്റ്റംപുചെയ്തു പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ധോണി കരസ്ഥമാക്കിയത്.

90 ടെസ്റ്റുകൾ കളിച്ച ധോണി 38.09 ശരാശരിയിൽ 4876 റൺസ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ചെന്നൈയിൽ 2013 ഫെബ്രുവരിയിൽ നേടിയ 224 റൺസാണ് മികച്ച സ്‌കോർ. ഇതുൾപ്പെടെ ആറു സെഞ്ച്വറിയാണ് ധോണി ടെസ്റ്റിൽ നേടിയിട്ടുള്ളത്.33 അർധസെഞ്ച്വറിയും ധോണിയുടെ അക്കൗണ്ടിലുണ്ട്. 60 ടെസ്റ്റിലാണ് ധോണി ഇന്ത്യയെ നയിച്ചത്. ഇതിൽ 27 എണ്ണത്തിൽ ടീമിനെ വിജയിപ്പിക്കാൻ ധോണിക്കായി. 250 ഏകദിനങ്ങളും 50 ട്വന്റി 20യും ധോണി ഇന്ത്യക്കായി കളിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP