Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപ്പന്റെ ഇഷ്ട മേഖല ഡിറ്റക്ടീവ് നോവലുകളെങ്കിൽ മകന് കമ്പം യാത്രാ വിവരണത്തിലും ഫോട്ടാഗ്രാഫിയിലും; മികച്ച ഫോട്ടോഗ്രാഫറിൽ നിന്നും സംരംഭകനായി മാറിയ സലിം പുഷ്പ്പനാഥ് ടൂറിസം മേഖലയിലും പ്രസിദ്ധീകരണ രംഗത്തും തൊട്ടതെല്ലാം പൊന്നാക്കി; കേരളത്തിലേക്കുള്ള വെളിച്ചം വീശുന്ന പുസ്തകങ്ങളോട് ഇഷ്ടം കൂടിയത് മലയാളികളേക്കാൾ വിദേശികൾക്ക്: അകാലത്തിൽ പൊലിഞ്ഞ സലിമിന്റെ പുസ്തകം ഏറ്റുവാങ്ങിയവരിൽ സാക്ഷാൽ ബിൽ ഗേറ്റ്സ് വരെ!

അപ്പന്റെ ഇഷ്ട മേഖല ഡിറ്റക്ടീവ് നോവലുകളെങ്കിൽ മകന് കമ്പം യാത്രാ വിവരണത്തിലും ഫോട്ടാഗ്രാഫിയിലും; മികച്ച ഫോട്ടോഗ്രാഫറിൽ നിന്നും സംരംഭകനായി മാറിയ സലിം പുഷ്പ്പനാഥ് ടൂറിസം മേഖലയിലും പ്രസിദ്ധീകരണ രംഗത്തും തൊട്ടതെല്ലാം പൊന്നാക്കി; കേരളത്തിലേക്കുള്ള വെളിച്ചം വീശുന്ന പുസ്തകങ്ങളോട് ഇഷ്ടം കൂടിയത് മലയാളികളേക്കാൾ വിദേശികൾക്ക്: അകാലത്തിൽ പൊലിഞ്ഞ സലിമിന്റെ പുസ്തകം ഏറ്റുവാങ്ങിയവരിൽ സാക്ഷാൽ ബിൽ ഗേറ്റ്സ് വരെ!

മറുനാടൻ ഡസ്‌ക്‌

കുമളി: സലിം പുഷ്പനാഥിന്റെ മരണം ഒരു ഞെട്ടലോടെയാണ് കേരളം കേട്ടത്. അക്ഷരാർത്ഥത്തിൽ സലിമിന്റെ മരണ വാർത്ത മലയാളികളേക്കാൾ കൂടുതൽ ദുഃഖമുണ്ടാക്കിയിരിക്കുന്നത് വിദേശികൾക്കാണെന്നും പറയാം. കാരണം അത്രമേൽ വിദേശ ആരാധകരുള്ള ഒരു ഫോട്ടോഗ്രാഫറായിരുന്നു സലിം. മലയാളികൾ ഫോട്ടോഗ്രാഫർ എന്ന നിലയിൽ സലിമിനെ ഇഷ്ടപ്പെട്ടപ്പോൾ വിദേശികൾക്ക് ആവട്ടെ സലിം എഴുതിയ ബുക്കുകളോട് ആയിരുന്നു ആരാധന. നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനായ സലിം അച്ഛനെ പോലെ തന്നെ സാഹിത്യവും നന്നായി വഴങ്ങുന്ന എഴുത്തുകാരനുമായിരുന്നു. കേരളത്തിലെയും ഇന്ത്യയിലെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വെളിച്ചം വീശുന്ന യാത്രാ വിവരണങ്ങളായിരുന്നു സലിമിന്റെ പുസ്തകങ്ങളിലെ പ്രധാന കാതൽ.

ഇന്ന് രാവിലെ കുമളിയിലുള്ള സ്വന്തം ഹോട്ടലായ ആനവിലാസം പ്ലാന്റേഷൻ റിസോർട്ടിൽ കുഴഞ്ഞുവീണാണ് സലിം മരിച്ചത്. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, സലിം പുഷ്പനാഥ് ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു മരിച്ചെന്നും കാരണം വ്യക്തമല്ലെന്നും സെന്റ് ജോൺസ് ആശുപത്രി അധികൃതർ പറയുന്നു. തന്റെ വിപുലമായ ചിത്രശേഖരം ഉൾപ്പെടുത്തി 'ദി അൺസീൻ കേരള', 'ദി അൺസീൻ ഇന്ത്യ' തുടങ്ങിയ ഫൊട്ടോഗ്രഫി പുസ്തകങ്ങളും സലിം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിലെ വന്യജീവി ഫോട്ടോഗ്രാഫർമാരിൽ അതികായനായിരുന്നു സലിം. മികച്ച ഫോട്ടോഗ്രാഫർ എന്ന നിലയിൽ മാത്രമല്ല ഇന്ത്യൻ ടൂറിസത്തിനും കേരളാ ടൂറിസത്തിനും സലിം നൽകിയ സംഭാവനകളും വളരെ വലുതാണ്. വദേശികൾക്ക് ഏറ്റവും പ്രിയപ്പെട്ട കേരളത്തെ കുറിച്ചുള്ള പുസ്തകങ്ങൾ എല്ലാം സലിമിന്റേതാണ്.

സലിം ഈ രാജ്യത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല എന്ന് സുഹൃത്തുക്കളും ഫേസ്‌ബുക്കിൽ കമന്റ് ചെയ്യുന്നു. നിങ്ങൾ നൽകിയ സംഭാവനകൾ എക്കാലവും ചരിത്രത്താളുകളിൽ സൂക്ഷിക്കപെടും എന്നാണ് സലിമിനെ അറിയുന്നവരെല്ലാം ഫേസ്‌ബുക്കിലൂടെ പറയുന്നത്. നിരവധി വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുകയും അവിടുത്തെ കാഴ്ചകൾ ഒപ്പിയെടുക്കുകയും ചെയ്ത സലിം ഇതെല്ലാം ഒരു ഫോട്ടോ ആൽബമാക്കിയാണ് ഫൊട്ടോഗ്രഫി പുസ്തകം പ്രസിദ്ധീകരിച്ചത്്.

ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് സലിമിന്റെ പുസ്തകങ്ങൾ ഒരുപാട് സഹായകമായിട്ടുണ്ട്. വിദേശഭാഷകളിൽ തയാറാക്കിയ സലിമിന്റെ പുസ്തകങ്ങൾ ആദരവോടും ബഹുമാനത്തോടും കൂടിയാണ് ഓരോ വിദേശിയും സൂക്ഷിക്കുന്നത്. കേരള ടൂറിസം വകുപ്പിന്റെ സ്‌പോൺസർഷിപ്പോടെയും സലിം നിരവധി ഫോട്ടോ ആൽബങ്ങൾ ചെയ്തിട്ടുണ്ട്. തേക്കടി ടൂറിസം സംബന്ധിച്ച് സലിം എഴുതിയ പുസ്തകം വൻ പ്രചാരം നേടിയിരുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സ് വരെ സലിമിന്റെ ബുക്ക് ഏറ്റുവാങ്ങിയവരിൽ പെടുന്നു.

സലിം പുറത്തിറക്കിയ എണ്ണമറ്റ പുസ്തകങ്ങൾ, കേരളത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ വഹിച്ച പങ്കു ചെറുതല്ല. ആദ്യഘട്ടങ്ങളിലെ കേരളത്തെ പറ്റിയുള്ള ചെറിയ സചിത്ര പുസ്തകങ്ങൾ ആയിരുന്നെങ്കിൽ, പിന്നീട് വന്ന ഓരോ പുസ്തകങ്ങളും അന്താരാഷ്ട്ര നിലവാരം പുലർത്തുന്നവയായിരുന്നു.

ഫോട്ടോഗ്രാഫി രംഗത്തും, ടൂറിസം മേഖലയിലും, പ്രസിദ്ധീകരണ രംഗത്തും വർഷങ്ങളായി സലിം നൽകിയ സംഭാവന വളരെ വലുതാണ്. കേരളം സൃഷ്ടിച്ച ഏറ്റവും മികച്ച ട്രാവൽ ഫോട്ടോഗ്രാഫർമാരിൽ ഒരാളായിരുന്നു സലിം എന്ന് നിസ്സംശയം പറയാം. ഫോട്ടോഗ്രാഫിയിൽ ആണെങ്കിൽ കേരളത്തിൽ ഏറ്റവും അത്യാധുനിക ഉപകരണങ്ങൾ വെച്ച് മാത്രം അത്ഭുതങ്ങൾ സൃഷ്ടിച്ച അപൂർവ്വ പ്രതിഭയായിരുന്നു സലിം. സലീമിന്റെ, പ്രകൃതിയുടെ സർവ്വ സൗന്ദര്യവും ആവാഹിച്ചെടുത്ത പനോരമിക് പടങ്ങൾ, ഓരോ ഫോട്ടോഗ്രാഫർ മാർക്കും പാഠപുസ്തകങ്ങൾ ആണ്.

സലീമിന്റെ അച്ഛൻ കോട്ടയം പുഷ്പനാഥ് എന്ന പ്രശസ്തനായ ഡിറ്റക്റ്റീവ് നോവലിസ്റ്റ് ആണ്. കുട്ടിക്കാലം മുതൽ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ നിരവധി സ്ഥലങ്ങളും, കഥാപാത്രങ്ങളും മനസ്സിൽ നിന്ന് മരണം വരെ മായില്ല. എന്നാൽ ഒരിക്കൽ പോലും സ്വന്തം പിതാവിന്റെ മേന്മയിൽ സലിം പ്രസിദ്ധനാവാൻ ആഗ്രഹിച്ചിട്ടില്ല. സ്വന്തം കഴിവിലും പരിശ്രമത്തിലും അടിയുറച്ചു വിശ്വസിച്ച അപൂർവ ജന്മമായിരുന്നു സലീം. മികച്ച സംരംഭകനായ സലിമിന് സ്വന്തമായി രണ്ട് ഹോട്ടലുകളും ഉണ്ടായിരുന്നു. എങ്ങിനെയാണ് ജീവിതം ഒരു മുതൽക്കൂട്ടാക്കി മാറ്റുക എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു സലിം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP