Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇത് കാമുകനൊപ്പം ആഡംബര ജീവിതത്തിനായി സ്വത്തു തട്ടാൻ നടത്തിയ കൊടുംക്രൂരത; ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ ഷെറിൻ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം; കാരണവരുടെ അന്തകയായത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കാൻ നിർധന കുടുംബത്തിൽ നിന്ന് കണ്ടെത്തിയ വധു തന്നെ; ശിക്ഷ പരമോന്നത കോടതി ശരിവയ്ക്കുമ്പോഴും ബ്യൂട്ടിപാർലർ വരെ ഒരുക്കി പൊന്നുപോലെ നോക്കി ജയിൽ അധികൃതരും ഇഷ്ടംപോലെ പരോൾ വാരിക്കോരി നൽകുന്ന സർക്കാരുകളും

ഇത് കാമുകനൊപ്പം ആഡംബര ജീവിതത്തിനായി സ്വത്തു തട്ടാൻ നടത്തിയ കൊടുംക്രൂരത; ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ ഷെറിൻ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം; കാരണവരുടെ അന്തകയായത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കാൻ നിർധന കുടുംബത്തിൽ നിന്ന് കണ്ടെത്തിയ വധു തന്നെ; ശിക്ഷ പരമോന്നത കോടതി ശരിവയ്ക്കുമ്പോഴും ബ്യൂട്ടിപാർലർ വരെ ഒരുക്കി പൊന്നുപോലെ നോക്കി ജയിൽ അധികൃതരും ഇഷ്ടംപോലെ പരോൾ വാരിക്കോരി നൽകുന്ന സർക്കാരുകളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭാസ്‌കര കാരണവർ വധക്കേസിൽ മുഖ്യപ്രതിയായ ഷെറിന്റെ ശിക്ഷാവിധി ചോദ്യംചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് ഷെറിൻ സുപ്രീം കോടതിയെ സമീപിച്ചത്. 2009 നവംബർ ഏഴിനാണ് കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്. അമേരിക്കയിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മരുമകളായ ഷെറിനായിരുന്നു കേസിലെ മുഖ്യപ്രതി. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ ജയിലിലാണ് ഷെറിൻ.

കേസിൽ ഷെറിനു പുറമേ ബാസിത് അലി, നിഥിന് എന്ന ഉണ്ണി, ഷാനു റഷീദ് എന്നീവരെയും കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ഷെറിൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും കാമുകനോടൊപ്പം ചേർന്ന് ആണ് കൃത്യം നിർവഹിച്ചതെന്നും ഇക്കാര്യം ഷെറിൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതി ഷെറിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ചത്.

2010 ജൂൺ 11ന് ആണ് കാരണവർ കൊലക്കേസിൽ വിധി വരുന്നത്. 2010 ജൂൺ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്. പിന്നീട് ശിക്ഷാവിധി ഹൈക്കോടതിയും ശരിവച്ചു. തുടർന്നായിരുന്നു സുപ്രീംകോടതിയിൽ അപ്പീൽ പോകുന്നത്.

ആഡംബര ജീവിതത്തിനായി സ്വത്തുതട്ടാൻ ആസൂത്രിത കൊലപാതകം

2009 നവംബർ ഒൻപതിനാണ് ഭാസ്‌കര കാരണവർ കിടപ്പുമുറിയിൽ കൊല ചെയ്യപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമം. എന്നാൽ കേസ് അന്വേഷിച്ച പൊലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അമേരിക്കയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവർ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവിൽ വീട് വച്ചത്. ഇളയ മകൻ ബിനു, മരുമകൾ ഷെറിൻ എന്നിവരോടൊപ്പമായിരുന്നു താമസം. ഷെറിന്റെ അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട കൊലക്കേസിൽ കാരണവറുടെ മരുമകളായ ഷെറിൻ, കോട്ടയം കുറിച്ചി സജീവോത്തമപുരം കോളനിയിൽ കാലായിൽ വീട്ടിൽ ബിബീഷ്ബാബു എന്ന ബാസിത് അലി, എറണാകുളം കളമശേരി ബിനാമിപുരം കുറ്റിക്കാട്ടുകര നിധിൻ നിലയത്തിൽ ഉണ്ണി എന്ന നിധിൻ, എറണാകുളം ഏലൂർ പാതാളം പാലത്തിങ്കൽ വീട്ടിൽ ഷാനുറഷീദ് എന്നിവരായിരുന്നു പ്രതികൾ. പ്രതികളെല്ലാം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഈ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന് പിടിയിലാകുന്നത്.

ഷെറിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതികൾ പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയത് . കാരണവരുടെ സ്വത്തുക്കൾ ഷെറിന്റെയും ഭർത്താവിന്റെയും പേരിൽ എഴുതിവെക്കാത്തതിലുള്ള പ്രതികാരമായിരുന്നു അത്. ഷെറിന് ക്വട്ടേഷൻ സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ ത്തുടർന്നാണ് കാരണവർ സ്വത്തുക്കൾ നൽകുന്നതിൽനിന്ന് പിന്മാറിയത്. മകൻ ബിനു, മരുമകൾ ഷെറിൻ, കൊച്ചുമകൾ ഐശ്വര്യ എന്നിവരുടെ പേരിൽ കാരണവർ ആദ്യം രജിസ്റ്റർ ചെയ്ത ആധാരം റദ്ദുചെയ്തതിനെ തുടർന്ന് മരുമകൾ ഷെറിൻ കാമുകനുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു.

അമേരിക്കയിൽ നിന്നെത്തി നാട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് കാരണവരുടെ മകൻ ബിനു പീറ്ററുടെ ഭാര്യ ഷെറിനെ അറസ്റ്റു ചെയ്തിരുന്നു. നിർദ്ധന കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്‌കര കാരണവർ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോർത്താണ്. 2001ൽ വിവാഹത്തെ തുടർന്ന് ഷെറിനെയും ബിനുവിനെയും കാരണവർ ന്യൂയോർക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വർഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.

ഭർത്താവിന്റെ പണത്തിൽ ധൂർത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവർക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തിൽ തന്റെ കണക്കു കൂട്ടലുകൾ തെറ്റിയെന്ന് മനസിലാക്കിയ കാരണവർ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു. ഇതോടെ സ്വൈര്യവിഹാരം നഷ്ടപ്പെട്ട ഷെറിൻ അസ്വസ്ഥയായി. തന്റെ ആവശ്യങ്ങൾക്ക് പണ നിയന്ത്രണം വച്ചപ്പോൾ പക കടുത്തു. സ്വത്ത് വിഹിതം വച്ച ആധാരത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം എന്ന രീതിയിൽ കാര്യങ്ങൾ നടത്തിയത്.

സുഹൃത്തും കാമുകനുമായ ബാസിത് അലിയെയും ഒപ്പം കൂട്ടി. മോഷണത്തിനിടെ മരണം നടന്നുവെന്ന് കാണിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും അതെല്ലാം പാളിപ്പോയി. കൊലപാതകത്തിനിടെ വീട്ടുകാരെ ചോദ്യം ചെയ്യവേ ഷെറിൻ നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് പ്രതികളെ വേഗം പിടികൂടാൻ സഹായകമായത്. ഷെറിൻ പിടിയിലാകുമ്പോൾ മകൾക്ക് നാലു വയസായിരുന്നു. ഇപ്പോഴവൾ ഷെറിന്റെ മാതാപിതാക്കൾക്കൊപ്പമാണ്.

ഏറ്റവുമധികം പരോൾ നൽകിയ പ്രതിക്ക് ജയിലിലും ആഡംബര ജീവിതം

സംസ്ഥാനത്തെ ജയിലുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരിൽ പരോൾ നേടുന്ന കാര്യത്തിൽ കാരണവർ വധക്കേസ് പ്രതി ഷെറിൻ ഒന്നാം സ്ഥാനത്തെത്തിയതും അടുത്തിടെ ചർച്ചയായിരുന്നു ആറു വർഷത്തിനിടെ 22 തവണയായി ഇവർക്കു ലഭിച്ചത് 444 ദിവസത്തെ പരോളാണ്.

ശിക്ഷിക്കപ്പെട്ട് ആദ്യം പൂജപ്പുര ജയിലിൽ എത്തിയ ഷെറിനെ പി്ന്നീട് നെയ്യാറ്റിൻകര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. അവിടെ വെയിൽ കൊള്ളാതിരിക്കാൻ ഇവർക്കു ജയിൽ ഡോക്ടർ കുട അനുവദിച്ചതു വിവാദമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പരാതി ഉണ്ടായി. 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റി. ഇവിടേയും വിഐപി പരിഗണനയിലാണ് താമസം. ഇതിനൊപ്പമാണ് പരോളിൽ പുറത്തിറങ്ങാനുള്ള അവസരം ഒരുക്കൽ നടന്നതും ചർച്ചയായതും.

2012 മാർച്ചിനും ഈ വർഷം ജനുവരിക്കുമിടയിൽ 345 ദിവസത്തെ സാധാരണ പരോളാണ് ഷെറിൻ നേടിയത്. 2012 ഓഗസ്റ്റ് മുതൽ 2017 ഒക്ടോബർ വരെ 92 ദിവസത്തെ അടിയന്തര പരോൾ. ഒടുവിലായി ഹൈക്കോടതിയിൽനിന്ന് ഒരാഴ്ചത്തെ അടിയന്തര പരോൾ കൂടി ലഭിച്ചു. തടവുകാർക്ക് ശിക്ഷാ ഇളവു നൽകാൻ സംസ്ഥാന സർക്കാർ ഗവർണർക്കു നൽകിയ ആദ്യ പട്ടികയിലും ഇവർ ഇടം നേടിയിരുന്നു. ഇക്കാര്യം മറുനാടൻ മലയാളി വാർത്തയാക്കി. ഇതിനെ തുടർന്ന് രണ്ടാം പട്ടികയിൽ നിന്ന് ഒഴിവാക്കി. ജയിലിൽ വിഐപി ജീവിതമാണ് ഷെറൻ നയിക്കുന്നത്. ജയിൽ വകുപ്പും സർക്കാരും അനുവദിക്കുന്ന പരോളിനു പുറമെ കഴിഞ്ഞ ഒക്ടോബറിൽ 10 ദിവസത്തെ അടിയന്തര പരോൾ ഹൈക്കോടതി നൽകിയിരുന്നു. ഒടുവിലായി 15 ദിവസത്തെ സാധാരണ പരോളിനുശേഷം ജനുവരി 21ന് ആണു വനിതാ ജയിലിൽ മടങ്ങിയെത്തിയത്.

ഇതിനിടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. സുപ്രീംകോടതിയിൽ നിന്നെത്തുന്ന അഭിഭാഷകനെ കാണാൻ 10 ദിവസത്തെ പരോൾ വേണമെന്നായിരുന്നു ആവശ്യം. അഭിഭാഷകനെ കാണാൻവേണ്ടി പരോൾ നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നു. തടവുകാർക്കു ജയിലിൽ അഭിഭാഷകരെ കാണാനും എത്ര സമയം വേണമെങ്കിലും സംസാരിക്കാനും ജയിൽ നിയമത്തിൽ വ്യവസ്ഥയുണ്ട്. മാത്രമല്ല അഭിഭാഷകനുമായി ഫോണിലും സംസാരിക്കാം. ഇതിനെല്ലാം അവസരമുള്ളപ്പോൾ ഈ ആവശ്യത്തിനു പരോൾ നൽകാൻ പാടില്ലെന്നു വനിതാ ജയിൽ സൂപ്രണ്ട് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു. എന്നാൽ ജയിൽ സൂപ്രണ്ടിന് അപേക്ഷ നൽകാനും വേണ്ട നടപടി സൂപ്രണ്ട് സ്വീകരിക്കാനും ഉത്തരവു നൽകി ഫെബ്രുവരി 20നു ഹൈക്കോടതി ഹർജി തീർപ്പാക്കി. ഹർജിക്കാരിയുടെ അമ്മയുടെ പ്രായം 67 എന്നതു കണക്കിലെടുത്ത് ഉദാര സമീപനം സ്വീകരിക്കുന്നുവെന്നു വ്യക്തമാക്കിയായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ 13നു വീണ്ടും മറ്റൊരു ജഡ്ജി മുൻപാകെ ഇതേ ഹർജി എത്തി. ഒരാഴ്ചത്തെ പരോളും അനുവദിച്ചു. ഉത്തരവിനു പകരം പകർപ്പ് അടിയന്തരമായി എത്തിച്ചു 14നു തന്നെ ഷെറിൻ പരോളിൽ പുറത്തിറങ്ങി.

ജയിൽ എഡിജിപി ആർ ശ്രീലേഖയും അടിയറവു പറഞ്ഞതോടെയാണ് ഷെറിൻ വീണ്ടും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തിയത്. മൊബൈൽ ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഷെറിനെ ജയിൽ മാറ്റണമെന്ന് പരാതിപ്പെട്ട സൂപ്രണ്ട് ഒ വി വല്ലിയെക്കൊണ്ട് റിപ്പോർട്ട് തിരുത്തിയെഴുതിച്ചാണ് ഷെറിനെ രഹസ്യമായി അട്ടക്കുളങ്ങരയിലേക്ക് തിരിച്ചെത്തിച്ചത്. ഡിഐജി റാങ്കിലുള്ള ജയിൽ ഓഫീസറുടെ സമ്മർദമാണ് ഷെറിന്റെ മടക്കത്തിന് വഴിയൊരുക്കിയത്. ഇതിനായി, ഷെറിനെ മാറ്റുന്നതിൽ എതിർപ്പില്ലെന്നു ഈ ഓഫീസർ സൂപ്രണ്ട് വല്ലിയിൽനിന്ന് റിപ്പോർട്ടു വാങ്ങുകയായിരുന്നു. വിയ്യൂർ ജയിലിൽ ഷെറിന് പരിചാരകരായി തടവുകാർ പ്രവർത്തിക്കുന്നതും ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാർലർ ആക്കിയതും നേരത്തെ വിവാദമായിരുന്നു. ഷെറിന്റെ വസ്ത്രങ്ങൾ അലക്കൽ, ഷെറിന്റെ ടേൺ വരുമ്പോൾ സെല്ലും ടോയ്ലറ്റും വൃത്തിയാക്കൽ, ഇതായിരുന്നു വിയ്യൂർ ജയിലിലെ പരിചാരകമാരുടെ ജോലി.

വിഐപി പകിട്ടിൽ ബ്യൂട്ടി പാർലർവരെ നടത്തി ജയിൽവാസം

കൈ കാലുകളിൽ ക്യൂട്ടെക്സ് ഇട്ട് ഷാമ്പു തേയ്ച്ചു കുളിക്കുന്ന ഷെറിന് ജയിലിൽ നിന്നും നൽകുന്ന സൗജന്യ ബാത്ത് സോപ്പിനോടു പുച്ഛമായിരുന്നു. തിരുവനന്തപുരം സെന്ററൽ ജയിലിൽ നിർമ്മിക്കുന്ന ഈ സോപ്പ് ഉപയോഗിച്ച് മറ്റു തടവുകാർ കുളിക്കുമ്പോൾ ഷെറിന് മാത്രമായി ലെക്സോ, ഡോവോ ഉണ്ടാകും. ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിൻ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവശ്യമുള്ള സാധനങ്ങൾ ഷെറിന് എത്തിക്കാനായി സന്ദർശകർ എത്താറുണ്ടന്നെതാണ് പരസ്യമായ രഹസ്യം. കുളി കഴിഞ്ഞാൽ ഫെയർ ആൻഡ് ലൗവ്ലിയും യാർഡ്ലി പൗഡറും പൂശി നടക്കുന്ന ഷെറിന് വെയിലത്ത് പിടിക്കാനായി കുട പോലും വിയ്യൂരിൽ ജയിലധികൃതർ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഷെറിന് വെയിൽ കൊള്ളാൻ പാടില്ലന്ന ജയിൽ ഡോക്ടറുടെ കുറിപ്പടിയുടെ പിൻബലത്തിലത്തിലായിരുന്നു ഇത്. അങ്ങനെ ഷെറിന് വേണ്ടി ജയിൽ നിയമങ്ങൾ ഇഷ്ടം പോലെ മാറി.

ഷെറിൻ പരോളിൽ ഇറങ്ങുമ്പോഴൊക്കെ ജയിൽ വകുപ്പിലെ ഒരു ഉന്നതനെ കാണാറുണ്ടന്നും വിവരമുണ്ട്. ജയിലിലെ സ്ഥിരം പ്രശ്നക്കാരിയാണെങ്കിലും ഷെറിന് പരോൾ അനുവദിക്കുന്ന കാര്യത്തിൽ അധികൃതർ നിയമങ്ങളോ ചട്ടങ്ങളോ നോക്കാറില്ല. ജീവപര്യന്ത്യം തടവിനു ശിക്ഷിക്കപ്പെട്ട ഇവർ ശിക്ഷാകാലാവധി തുടങ്ങി ഒന്നര വർഷം പിന്നിട്ടപ്പോൾത്തന്നെ പരോൾ നേടിത്തുടങ്ങി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 392 മുതൽ 402 വരെ വകുപ്പുകൾക്ക് ശിക്ഷിക്കപ്പെട്ടവർക്ക് പരോളിന് അർഹതയില്ലെന്നാണ് ജയിൽ ആസ്ഥാനത്ത് നിന്നറിയുന്നത്. ഷെറിൻ 394ാം വകുപ്പുപ്രകാരമുള്ള ശിക്ഷ അനുഭവിക്കുന്നുണ്ട്. കവർച്ചയ്ക്കുവേണ്ടി മാരകമായ മുറിവേൽപ്പിക്കുക എന്നതാണ് 394 പ്രകാരമുള്ള കുറ്റം. 10 വർഷംവരെ പരമാവധി തടവു കിട്ടാവുന്ന കുറ്റമാണിത്. 302 വകുപ്പിനോടൊപ്പമാണ് 394 പോലുള്ള വകുപ്പുകൾ ചേർത്തതെങ്കിൽ ഈ വകുപ്പുപ്രകാരമുള്ള ശിക്ഷ കഴിഞ്ഞ ശേഷമേ പരോളിന് അർഹതയുള്ളൂ എന്നും ചട്ടത്തിൽ പറയുന്നു. പക്ഷേ, അതൊന്നും പരിഗണിക്കപ്പെടാതെയാണ് ഷെറിന് പരോൾ നൽകാൻ മത്സരങ്ങൾ നടക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP