Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അശാസ്ത്രീയമായി ഡാം നിർമ്മിച്ചു; രണ്ട് അരുവികൾ ഇല്ലാതാക്കി; റിസർവോയറിന്റെ നടുക്ക് ഒരു കോടി ലിറ്ററിന്റെ ജലവിതരണ പദ്ധതിയും സ്ഥാപിച്ചു; പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി പ്രവർത്തനം പൂർണമായും നിലച്ചു; ഡാം വറ്റി വരണ്ട് സമതലത്തിന് സമാനം; ടൂറിസം പദ്ധതിയും ഇല്ലാതായി; സർക്കാർ വെള്ളത്തിലൊഴുക്കിയത് 60 കോടി രൂപ

അശാസ്ത്രീയമായി ഡാം നിർമ്മിച്ചു; രണ്ട് അരുവികൾ ഇല്ലാതാക്കി; റിസർവോയറിന്റെ നടുക്ക് ഒരു കോടി ലിറ്ററിന്റെ ജലവിതരണ പദ്ധതിയും സ്ഥാപിച്ചു; പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി പ്രവർത്തനം പൂർണമായും നിലച്ചു; ഡാം വറ്റി വരണ്ട് സമതലത്തിന് സമാനം; ടൂറിസം പദ്ധതിയും ഇല്ലാതായി; സർക്കാർ വെള്ളത്തിലൊഴുക്കിയത് 60 കോടി രൂപ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പെരുന്തേനരുവി...പേര് കേൾക്കുമ്പോൾ തന്നെ കുളിരു കോരുന്ന പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടം. പാറക്കെട്ടുകളിൽ തല്ലി വെള്ളിച്ചില്ലം വിതറി തുള്ളിത്തുളുമ്പിയൊഴുകുന്ന കാട്ടരുവി. വെള്ളച്ചാട്ടത്തിന്റെ പാൽനുരകൾ നുകർന്ന് സഞ്ചാരികൾ മടങ്ങിയിരുന്ന പത്തനംതിട്ടയുടെ മനോഹരമായ ഇടം. ഇന്നിവിടം മരുഭൂമിക്ക് സമാനമാണ്. കാരണമായതാകട്ടെ സർക്കാരിന്റെ തുഗ്ലക്ക് പരിഷ്‌കാരവും. രണ്ടു സ്വാഭാവിക അരുവികൾ കൊന്നു കുഴിച്ചു മൂടി ആരംഭിച്ച പെരുന്തേനരുവി വൈദ്യുതി പദ്ധതിയാണ് പ്രദേശത്തെ നശിപ്പിച്ചത്. സഞ്ചാരികൾ വരാതായി. വേനൽ കടുത്തപ്പോൾ വൈദ്യുതി ഉൽപാദനവും നിലച്ചു. സർക്കാരിന് നഷ്ടം 60 കോടി.

പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ റിസർവോയർ വറ്റിവരണ്ടു. അശാസ്ത്രീയമായ ഡാം നിർമ്മാണത്തെ തുടർന്ന് രണ്ട് അരുവികൾ പൂർണമായും നശിച്ചപ്പോൾ ഡാമിന് താഴേക്ക് പമ്പാ നദിയും വറ്റിവരണ്ടു. ഇതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്താൽ വലയുകയാണ് പമ്പാതീരം. പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പെരുന്തേനരുവിയിൽ കഴിഞ്ഞ വർഷമാണ് ആറ് മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതി കമ്മിഷൻ ചെയ്തത്. വൈദ്യുതി ഉൽപ്പാദനത്തിനൊപ്പം ടൂറിസത്തിന് കൂടി പ്രധാന്യം നൽകുന്ന തരത്തിലാണ് 60 കോടി മുതൽ മുടക്കി പദ്ധതി ആവിഷ്‌കരിച്ചത്. എന്നാൽ, വേനൽ കടുത്തതോടെ ഡാമിന്റെ റിസർവോയർ വറ്റി വൈദ്യുതി ഉൽപാദനം പൂർണമായും നിലച്ചു.

റിസർവോയറിന് മുകളിൽ മൂന്നു കിലോമീറ്ററോളം ഭാഗത്ത് ചെളി മൂടിക്കിടക്കുന്നതിനാൽ പരിസരവാസികൾക്ക് നദിയിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. റിസർവോയറിന് താഴെ പമ്പാനദി ഏതാണ്ട് പൂർണമായും വറ്റി വരണ്ട അവസ്ഥയിലാണ്.അശാസ്ത്രീയമായ റിസർവോയർ നിർമ്മാണത്തിലുടെ പെരുന്തേനരുവി ഭാഗികമായും നാവീൺ എന്ന മനോഹരമായ അരുവി പൂർണമായും നശിച്ചുവെന്ന് പരിസ്ഥിതി പ്രവർത്തകനും എരുമേലി സാൻതോം കോളജിലെ ചരിത്ര അദ്ധ്യാപകനുമായ റെജി ജോസഫ് പറഞ്ഞു. അശാസ്ത്രീയമായ ജലവൈദ്യുത പദ്ധതി നിർമ്മാണത്തിലുടെ നാടിന് ഏറെ ദോഷമാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവധി ദിവസങ്ങളിൽ നൂറ് കണക്കിന് ആളുകളാണ് ഇവിടെ വന്നിരുന്നത്. വറ്റി വരണ്ട അരുവി കാണാൻ ഇപ്പോൾ ആരും എത്തുന്നില്ല.

ഇനി വിനോദ സഞ്ചാര വികസനത്തിന് എന്ന പേരിൽ പണം ചിലവഴിക്കുന്നതു കൊണ്ട് പ്രയോജനമില്ലെന്നും പ്രദേശവാസിയും പരിസ്ഥിതി പ്രവർത്തകനുമായ സജൻ മാത്യു അഭിപ്രായപ്പെട്ടു. ഡാം നിർമ്മാണം തീർത്തും അശാസ്ത്രീയമാണെന്നും പ്രകൃതിയെയും പരിസ്ഥിതിയെയും പൂർണമായും തകർത്തു കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നദിയിലെ പാറ കരാറുകാർ പൊട്ടിച്ച് കടത്തി.

ആറ്റുവഞ്ചി പോലെ അപൂർവമായ കണ്ടൽ മരങ്ങൾ യാതൊരു അനുവാദവുമില്ലാതെ വെട്ടി നശിപ്പിച്ചതായും പറയുന്നു. ഇതിനിടെയാണ് റിസർവോയറിനുള്ളിൽ കുടിവെള്ള പദ്ധതിയും കൊണ്ടു വച്ചത്. ഒരു കോടിയിലധികം ലിറ്റർ സംഭരണ ശേഷിയുള്ള എരുമേലി ശുദ്ധജല പദ്ധതി പൂർണമായും പ്രവർത്തിപ്പിച്ചാൽ പെരുന്തേനരുവി വൈദ്യുതി പദ്ധതിയുടെ റിസർവോയർ പൂർണമായും വറ്റി വരളും.

കാര്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്താതെ വൻ തുക ചെലവഴിച്ച് നിർമ്മിച്ച പെരുന്തേനരുവി ജല വൈദ്യുത പദ്ധതിയുടെ റിസർവോയറിൽ കോടികൾ ചെലവഴിച്ചാണ് എരുമേലി ശുദ്ധജല വിതരണ പദ്ധതി സ്ഥാപിച്ചത്. കോടികൾ മുടക്കിയ രണ്ട് പദ്ധതികളും ഏതാണ്ട് പൂർണമായും ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്.

ഒരു കോടിയിലധികം സംഭരണ ശേഷിയുള്ള കുടിവെള്ള പദ്ധതി ഒരു ദിവസം മുഴുവനും പ്രവർത്തിപ്പിച്ചാൽ റിസർവോയർ പൂർണമായും വറ്റി വരളും. നിർമ്മാണം പൂർത്തിയായ ശേഷം ഉണ്ടായ ഉരുൾപൊട്ടലിൽ വൻ തോതിൽ മണ്ണ് ഒഴുകിയെത്തി ഡാം നിറഞ്ഞതും പദ്ധതികൾക്ക് തിരിച്ചടിയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP