Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസി സൂപ്പർക്ലാസിൽ നിന്നുള്ള യാത്രാ നിരോധന ഉത്തരവിൽ ഗതാഗതമന്ത്രിയും തൊഴിലാളി യൂണിയനുകളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു; വേഗമേറിയ ബസുകൾ ഓർഡിനറി ആക്കാമെന്ന നിർദ്ദേശം നേരത്തെയുണ്ട്; അധിക യാത്രാനിരക്ക് കാരണം യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന അവസ്ഥക്കും മാറ്റം വരും; സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷനെതിരായ ആരോപണങ്ങളെ തള്ളി ജെയിംസ് വടക്കൻ

കെഎസ്ആർടിസി സൂപ്പർക്ലാസിൽ നിന്നുള്ള യാത്രാ നിരോധന ഉത്തരവിൽ ഗതാഗതമന്ത്രിയും തൊഴിലാളി യൂണിയനുകളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു; വേഗമേറിയ ബസുകൾ ഓർഡിനറി ആക്കാമെന്ന നിർദ്ദേശം നേരത്തെയുണ്ട്; അധിക യാത്രാനിരക്ക് കാരണം യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന അവസ്ഥക്കും മാറ്റം വരും; സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷനെതിരായ ആരോപണങ്ങളെ തള്ളി ജെയിംസ് വടക്കൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സൂപ്പർക്ലാസ് ബസുകളിലെ നിന്നുള്ള യാത്ര നിരോധിച്ച ഹൈക്കോടതി വിധിയുടെ പേരിൽ കടുത്ത വിമർശനങ്ങളാണ് ഈ വിഷയത്തിൽ ഹർജി നൽകിയ പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷനെതിരെ നടക്കുന്നത്. എന്നാൽ, ഈ പ്രചരണങ്ങൾക്ക് പിന്നിൽ ഇടതു - വലതു തൊഴിലാളി യൂണിയനുകളാണെന്ന് കുറ്റപ്പെടുത്തി ഗതാഗത മാനേജ്‌മെന്റ് വിദഗ്ധൻ ജെയിംസ് വടക്കൻ രംഗത്തെത്തി. സ്വകാര്യബസുകൾക്കെതിരെയും ബസ് ചാർജ്ജ് വർദ്ധനവിന് എതിരെയും നിരവധി നിയമയുദ്ധങ്ങൾ നടത്തി വിജയം നേടിയ ചരിത്രമാണ് പാലയിലെ സെന്ററിനുള്ളതെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജെയിംസ് വടക്കൻ തന്റെ നിലപാട് വ്യക്തമാക്കുന്നത് ഇങ്ങനെ: 1989 മുതൽ സ്വകാര്യ ബസുകൾക്കെതിരെയും ബസ് ചാർജ് വർദ്ധനവിനെതിരെയും നിരവധി നിയമയുദ്ധങ്ങൾ നടത്തി വിജയം നേടിയ ചരിത്രമാണ് സെന്ററിന്റേത്. 1997ലെ 10 ദിവസത്തെ സ്വകാര്യ ബസു സമരത്തിനെതിരെ ഹൈക്കോടതിയിൽ കേസുകൊടുത്ത് സമരം പിൻവലിപ്പിച്ചതും ബസ് യാത്രക്കൂലി കണക്കുകളുടെ അടിസ്ഥാനത്തിൽ മാത്രമെ വർദ്ധിപ്പിക്കാവൂ എന്ന കോടതി വിധി സമ്പാദിച്ചതും പിസ്‌കോ ഉണ്ടാക്കിച്ചതും (PISCO) സെന്ററിന്റെ പ്രവർത്തനങ്ങളാണ്. സ്വകാര്യ, സൂപ്പർ ക്ലാസ് സർവ്വീസുകൾക്കെതിരെയും കെഎസ്ആർടിസിയുടേത് അടക്കം സൂപ്പർ ക്ലാസ് സർവ്വീസുകളിൽ നൽകേണ്ട അധിക സൗകര്യങ്ങളെയും കാര്യത്തിലും വർഷങ്ങളായി ഇടപെടൽ നടത്തുന്നുണ്ട് സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ.

1989ലെ മോട്ടോർ വാഹന നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ ഒപി കേസിൽ സ്വകാര്യ കെഎസ്ആർടിസി ബസുകൾക്ക് വേഗതയേറിയ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾ ഓടിക്കാൻ സാധിക്കും എന്നു കേരള ഹൈക്കോടതി വിധിച്ചിരുന്നു. കെഎസ്ആർടിസിയിലെ സിഐടിയു/എഐടിയു യൂണിയൻ നേതൃത്വത്തോടും,  ഇടതു ജനാധിപത്യ മുന്നണിയിലെ ഗതാഗത മന്ത്രിയോടും ഈ വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് സെന്റർ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അവരാരും അതിനു തയ്യാറായില്ല.  ഈ സാഹചര്യത്തിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് ബസുകളേക്കാൾ മികച്ച വേഗതയും ഓർഡിനറിയുടെ മാത്രം ചാർജ്ജുമാണ് ഉണ്ടായിരുന്നത്. കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളുടെ വരുമാനത്തെ ഇതു പ്രതികൂലമായി ബാധിച്ചു.

1989ലെ മോട്ടോർ വാഹന നിയമഭേദഗതിക്ക് അനുസരണമായി കേരള മോട്ടോർ വാഹന ചട്ടങ്ങൾ രൂപീകരിക്കാൻ അന്നത്തെ ഇടതുസർക്കാർ തയ്യാറാകാതിരുന്നതിനെ തുടർന്ന് നിരവധി സ്വകാര്യ ഓർഡിനറി ബസുകൾ ഇടുക്കിയിലും വയനാട്ടിലും മലബാറിലും ഒക്കെ ഫാസ്റ്റും സൂപ്പർഫാസ്റ്റും ആക്കി. ആ മേഖലയിലെ വിദ്യാർത്ഥികളുടെ യാത്രയെ ഇത് ബാധിച്ചു. പിന്നീട് വന്ന യുഡിഎഫ് സർക്കാർ സ്വകാര്യ ബസുകൾ സൂപ്പർ ക്ലാസ് ആക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. 1994ലെ ബസ് ചാർജ് നോട്ടിഫിക്കേഷനിലൂടെ സ്വകാര്യ സൂപ്പർ ക്ലാസുകളെ നിയന്ത്രിക്കാനുള്ള നീക്കം സ്വകാര്യ ബസ് ഉടമകൾ കോടതിയിലെത്തിച്ചു.

28-3-1994ലെ എസ്ആർഒ 364/1994 ബസ് ചാർജ് നോട്ടിഫിക്കേഷനിലെ അധികയാത്രക്കൂലി OP No. 5745/94 കേസിൽ 28.10.1994ൽ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷന്റെ അഭിഭാഷകനും മുൻ  സംസ്ഥാന ഗതാഗത അപ്പലേറ്റ് അതോരിറ്റി റീജിയണൽ ജഡ്ജിയായരുന്ന അഡ്വ. കെ. രാമചന്ദ്രന്റെ വാദത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സംഗിൾ ബഞ്ച് റദ്ദാക്കി. ഈ വിധി കെഎൽജെ 1994 (2) 847 ആയി റിപ്പോർട്ട് ചെയ്ത കേസാണ്. സെക്ടറിനെതിരെ അപവാദം പറഞ്ഞു പരത്തുന്ന കെഎസ്ആർടിസിയിലെ യൂണിയൻ നേതാക്കൾക്ക് ഇത് ഇപ്പോഴും വായിച്ചു മനസ്സിലാക്കാവുന്നതാണ്.

ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത് സംസ്ഥാന സർക്കാർ തന്നെയായിരുന്നു. WA 1403/ 1994 അപ്പീൽ കേസിൽ 28. 1. 1995 ലെ സുപ്രധാന വിധി ന്യായത്തിലെ 15, 16 രേഖപ്പെടുത്തിയ ഭാഗത്ത് അധിക യാത്രാക്കൂലി ഈടാക്കുന്ന ബസുകളിൽ അധിക സൗകര്യങ്ങൾ നൽകണമെന്നും അതിനായ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതു വരെ സൂപ്പർ ക്ലാസ്സ് ബസ് പെർമിറ്റുകൾ അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു.  വിധിയിൽ  പാലായിലെ സെക്ടർ ഫോർ കൺസ്യൂമർ എജ്യുക്കേഷന്റെയും അഡ്വ. കെ. രാമചന്ദ്രന്റെയും പേരുകൾ പരാമർശിച്ചിരുന്നു. ആ വിധി ന്യായം 1995 (1) കെഎൽറ്റി 421 ൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഹൈക്കോടതി നിർദ്ദേശിച്ച ചട്ടങ്ങൾ ഉണ്ടാക്കാതെ 4 വർഷം സർക്കാർ ഉരുണ്ടുകളിച്ചു. ചട്ടങ്ങൾ ഉണ്ടാക്കിയാൽ കെഎസ്ആർടിയിലെ ഓവർ ലോഡും സൂപ്പർ ക്ലാസ്സ് ബസിലെ യാത്രക്കൂലി ചൂഷണവും അനസാനിപ്പിക്കാൻ കൂടുതൽ നിയമനം വേണ്ടി വരും എന്നതായിരുന്നു ഉരുണ്ടുകളിക്കു പിന്നിൽ. അതിനു സഹായകരമായ നിലപാടുകളായിരുന്നു യൂണിയനുകളും ശബരിമല സ്പെഷ്യൽ സർവ്വീസുകളെ തന്നെ ബാധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ 1. 2. 1999 ൽ സംസ്ഥാന സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്ത് സൂപ്പർ ക്ലാസ്സ് ബസുകളിലെ അധിക സൗകര്യങ്ങൾ നിർവ്വഹിച്ചു.

എസ്ആർഒ 118/ 99 ആയി GO (P) 4/ 99 നമ്പരിൽ 1. 2. 1989 ൽ നടത്തിയ കേരള മോട്ടോർ വാഹനച്ചട്ട ഭേദഗതിയിലൂടെ കേരളത്തിലെ സൂപ്പർ ക്ലാസ്സ് ബസുകളായ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ് തുടങ്ങിയാക്കി നിർവ്വചിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നല കോടതി നടപ്പിലാക്കാൻ നിർദ്ദേശമായ കേരള മോട്ടോർ വാഹന ചട്ടം 267 (2) ചട്ടത്തിന്റെ ഭാഗമായത്. കേരള മോട്ടോർ വാഹനചട്ട ഭേദഗതി പ്രകാരം സൂപ്പർ ക്ലാസ്സ് ബസുകളിലൊന്നു നിർത്തി യാത്രക്കാരെ കൊണ്ടു പോകാനാവില്ല. ഫാസ്റ്റ് പാസഞ്ചർ മിനിമം 70 കിലോമീറ്റർ റൂട്ടു ദൂരത്തിലും സൂപ്പർ 150 കിലോമീറ്റർ റൂട്ടി ദൂരത്തിലും സൂപ്പർ 150 കിലോമീറ്റർ അധികവും സൂപ്പർ എക്സ്പ്രസ് 200 കിലോമീറ്റർ അധികവും സൂപ്പർ ഡീലക്സ് 300 കിലോമീറ്റർ റൂട്ടു ദൂരത്തിലധികവും ഉള്ള റൂട്ടുകളിൽ ലിമിറ്റഡി സ്റ്റോപ്പായി മാത്രം ഓടിക്കേണ്ട സർവ്വസുകളാണ്.

കെഎസ്ആർടിസിയുടെ സമ്മർദ്ദത്തെ തുടർന്ന് 2013 ൽ കേരള മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്തെങ്കിലും നിർത്തി യാത്രക്കാരെ കൊണ്ടു പോകരുതെന്ന അടിസ്ഥാന നിബന്ധനകളിൽ മാറ്റം വരുത്തിയില്ല. 1995 ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധ ന്യായത്തിന്റെ അടിസ്ഥാനത്തിൽ അധിക സൗകര്യമായി നിർത്തി യാത്രക്കാരെ പറ്റില്ല എന്ന നിബന്ധന ആർക്കും ഒരിക്കലും ഒഴിവാക്കാനാവില്ല. സ്വകാര്യ ഓർഡിനറി ബസുകൾ വീണ്ടും ഫസ്റ്റും സൂപ്പർ ഫസ്റ്റും ആക്കുന്നത് തുടർന്നാൽ 1994 ലെ ഒപി 5745/ ലെ വിധ ന്യായത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ സൂപ്പർ ക്ലാസ്സ് സർവ്വീസുകളും കെഎസ്ആർടിസിക്കായി ദേശാൽക്കരിക്കണം എന്നാവശ്യപ്പെട്ടു സെക്ടർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ 2006 ൽ അധികാരമേറ്റ അച്യുതാനന്ദൻ സർക്കാരിനും നിവേദനം നൽകി. എന്നാൽ തീരുമാനമുണ്ടായില്ല. ഓർഡിനറി സർവ്വീസുകൾ ഫാസ്റ്റാക്കാൻ നിർദ്ദേശം തുടർന്നു പോന്നു.

വീണ്ടും 2012 ൽ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന് സെക്ടർ വിശദമായി നിവേദനവും സൂപ്പർ ക്ലാസ്സ് ബസുകൾ ദേശസാൽക്കരിക്കുന്നതിനുള്ള നിർദ്ദേശത്തിന്റെ കരടും സമർപ്പിച്ചു. അപ്രതീകഷിതമായി യുഡിഎഫ് സർക്കാരിലെ ഗതാഗതമന്ത്രി മന്ത്രിസഭ
പോലും അറിയാതെ 16. 7. 2013 ൽ (GO ) p 73b 2013 ആയി കേരളത്തിലെ എല്ലാ സ്വകാര്യ സൂപ്പർ ക്ലാസ്സ് ബസുകളും കെഎസ്ആർടിസിക്കായി ദേശസാൽക്കരിച്ചു. തൊഴിലാളി സ്നേഹികളെന്നു പറയുന്ന ഇടതുപക്ഷവും സിഐടിയുവും ഒക്കെ നടപ്പിലാക്കാൻ വിസമ്മതിച്ച കാര്യമാണ് ധൈര്യപൂർവ്വം ആര്യാടൻ നടപ്പിലാക്കിയത്.

സ്വകാര്യ സൂപ്പർ ക്ലാസ്സ് ദേശസാൽക്കരണത്തെ സ്വകാര്യ ബസുടമകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ ഷെഫീഖിന്റെ സിംഗിൾ ബഞ്ച് WP(C) 18813/ 2013 കേസിൽ 7. 3. 2014ൽ ദേശസാൽക്കരണത്തെ അംഗീകരിച്ചു. 7. 3. 2014ലെ വിധി പകർപ്പ് കിട്ടിയ 11. 3. 2014 ന് വൈകിട്ട് 4. 23 ന് അന്നത്തെ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായിരുന്നു കെ. ജി. മോഹൻലാലിന് താൻ അയച്ച സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കൽ നിർദ്ദേശങ്ങൾ അന്നത്തെ ഓഫീസർ ഓൺ സെപ്ഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രദീപ് എല്ലാ സോണൽ ഓഫീസർമാർക്കും അയച്ചു കൊടുത്തു. ഇതിന്റെ തെളിവും യൂണിയൻ നേതാക്കൾ കെഎസ്ആർടിസിയിൽ തന്നെ തപ്പിയാൽ മതി വ്യക്തമാകും.

ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യ ബസുടമകൾ അപ്പീൽ നൽകുന്നതിനു മുൻപ് തന്നെ ഉള്ള ബസുകൾ ഉപയോഗിച്ച് കാലാവധി തീരുന്ന സ്വകാര്യ സൂപ്പർ ക്ലാസ്സ് ബസുകൾ ഏറ്റെടുക്കണമെന്ന നിർദ്ദേശം കർശനമായി നടപ്പിലാക്കാൻ കെജി മോഹൻലാൽ കാണിച്ച ധൈര്യം അതിനുള്ള നടപടികൾക്കായി ഞായറാഴ്ച പോലും ഓഫീസ് തറന്നു തുടർ നടപടികൾക്കായി എക്സിക്യുട്ടീവ് ഡയറക്ടർ സുധാകരനും ഷറഫ് മുഹമ്മദ് കാണിച്ച സാമർത്ഥ്യവും ആണ് സ്വകാര്യ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ ഏറ്റെടുക്കാൻ സാധിച്ചത്. ഇതിനെ സ്വകാര്യ ബസുടമകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.

2014ൽ കാലാവധി തീർന്ന ആദ്യ സ്വകാര്യ സൂപ്പർ ക്ലാസ്സ് ബസ് സർവ്വീസായ ഇളംകാട് - പാണത്തൂർ സൂപ്പർ എസക്സ്പ്രസ്സ് ബസ് കെഎസ്ആർടിസിയുടെ പൊൻകുന്നം ഡിപ്പോ ഏറ്റെടുക്കുകയുണ്ടായി. ഹൈക്കോടതിയിൽ അപ്പീൽ വന്നപ്പോൾ കാലാവധി കഴിഞ്ഞ സ്വകാര്യ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ കെഎസ്ആർടിസി ഏറ്റെടുത്തു കഴിഞ്ഞതായി കോടതിക്കു ബോധ്യപ്പെട്ടതിനെ തുടർന്ന് കോടതി വിധി സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.

കടുത്ത രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായിട്ടും പഴയ ബസുകൾ ഉപയോഗിച്ച് സ്വകാര്യ സൂപ്പർ ക്ലാസ്സ് ബസുകൾ ഏറ്റെടുക്കാനാവില്ലെന്ന് ഇടതു വലതു തൊഴിലാളി യൂണിയനുകൾ വാശിപിടിച്ചെങ്കിലും പൊൻകുന്നത്തെയും കോട്ടയം ജില്ലയിലെയും എം പാനൽ കെഎസ്ആർടിസി ജീവനക്കാരാണ് അത്തരം സർവ്വീസുകൾ ഏറ്റെടുത്ത് ഓടിക്കാൻ മുന്നോട്ടു വന്നത്. 22. 6. 2014 ഞായറാഴ്ച എക്സിക്യുട്ടീവ് ഡയറക്ടർ സുകുമാരന്റെയും ഷറഫിന്റെയും നേതൃത്വത്തിൽ അതീവരഹസ്യമായി 48 സ്വകാര്യ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ കെഎസ്ആർടിസി ഒറ്റയടിക്ക് ഏറ്റെടുത്തു.

17. 7. 2014 ൽ കെഎസ്ആർടിസി ഏറ്റെടുത്ത സ്വകാര്യ സൂപ്പർ ക്ലാസ്സ് പെർമിറ്റുകളുടെ അതേ റൂട്ടിൽ അതേ സമയത്ത് അതേ വേഗതയിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകാൻ സംസ്ഥാന സർക്കാർ നിർദ്ദേസം നൽകി. ഈ നിർദ്ദേശത്തിനെതിരെ കേസ് ഫയൽ ചെയ്യണമെന്ന് കെഎസ്ആർടിയിസിലെ തൊഴിലാളി യൂണിയനുകളെ സമീപിച്ചെങ്കിലും ഉന്നത സമ്മർദ്ദം മൂലം ആരും അതിനു തയ്യാറായില്ല.

സെക്ടർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ തന്നെ രൂപീകരിച്ച സംസ്ഥാന ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ സ്വകാര്യ പെർമിറ്റ് നീക്കത്തെ കേരള ഹൈക്കോടതിയിൽ WPC 18786/ 2014 ലെ കേസിലൂടെ നേരിടുകയും 29. 9. 2014 ലെ ഉത്തരവിലൂടെ കെഎസ്ആർടിസിക്ക് ബദലായി ഓടിന്ന സ്വകാര്യ അടിയന്തിര തീരുമാനം സർക്കാർ എടുക്കണമെന്ന് നിർദ്ദേശിച്ചു. 15. 11. 2014 എന്ന സമരം നൽകി. ഇതിനിടെ 26. 8. 2014 ൽ കൂടി കെഎസ്ആർടിസി തൊഴിലാളി യൂണിയൻ ഗതാഗത മന്ത്രി മീറ്റിംഗിൽ സ്വകാര്യ ലിമിറ്റഡ് ഓർഡിനറി പെർമിറ്റുകൾ നൽകുന്നതിനെ കെഎസ്ആർടിസിയിലെ ഇടതു യൂണിയനുകളും അംഗീകരിക്കുന്നു.

ഏറ്റെടുത്ത സ്വകാര്യ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾക്ക് ബദലായി സ്വകാര്യ ബസുകൾക്കു നൽകിയ പെർമിറ്റിൽ 15. 11. 2014 നു മുൻപ് തീരുമാനം ഏറ്റെടുക്കണമെന്ന് കോടതി വിധിയുണ്ടായി ഈ വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ പത്രികക്കെതിരെ സംസ്ഥാന ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ശക്തമായ നിലപാടുമായി ഹൈക്കോടതിയിലെത്തിയതിനെ തുടർന്ന് 19. 12. 2014 ൽ സംസ്ഥാന സർക്കാർ മേൽ ഉത്തരവ് സ്വയം പിൻവലിച്ചു.

സ്വകാര്യ ബസുടമകളുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് സംസ്ഥാന സർക്കാർ 20. 8. 2015ൽ Go(ms) 45/ 2015 ആയി പുതിയൊരു ഉത്തരവിറക്കി. അത് പ്രകാരം 600 കിലോമീറ്റർ വരെ ദൂരത്തിൽ സ്വകാര്യ ബസുകൾ ഓടിയിരുന്ന സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് - സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ
പെർമിറ്റുകൾ അതേവേഗത്തിൽ അതേറൂട്ടിൽ ഓർഡിനറി ബസുകൂലിയിൽ തുടർന്നു സർവ്വീസ് നടത്താൻ സ്വകാര്യ ബസുടമകളെ അനുവദിച്ച ഉത്തരവായിരുന്നു അത്. ഈ ഉത്തരവിനെതിരെ സെക്ടറിന്റെ തന്നെ സഹോദര സംഘടനയായ സംസ്ഥാന ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ കേരള ഹൈക്കോടതിയിൽ BWPC 26193/ 2015 ആയി കേസ് ഫയൽ ചെയ്തു.

പിന്നീട് പൊതു തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നു. 45/ 2015 ഉത്തരവു പിൻവലിക്കണമെന്ന് നിരവധി തവണ ഗതാഗത മന്ത്രി ശശീന്ദ്രനും കെഎസ്ആർടിഇഎ (സിഐടിയു) ജനറൽ സെക്രട്ടറിയായ ഹരികൃഷ്ണനും അവരുടെ ഈ മേഖലയിലേക്ക് കത്തുകളയച്ചെങ്കിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇവരാണോ കെഎസ്ആർടിസിയുടെ സംരക്ഷകർ. ഇവർക്കെങ്ങനെ സൂപ്പർ ക്ലാസ്സ് വിഷയത്തിൽ സെക്ടർ ഫോർ കൺസ്യൂമർ എജ്യുക്കേഷനെതിരെ അപവാദ പ്രചാരണവുമായി പൊതുവേദിയലെത്താനാവും.

കേരളത്തിൽ സ്വകാര്യ ബസുടമകളിൽ നിന്നും ഏറ്റെടുത്ത പൊൻകുന്നം ഡിപ്പോയിലെ ആദ്യ സൂപ്പർ ക്ലാസ്സ് സർവ്വീസായ ഇളംകാട് - പാണത്തൂർ സർവ്വീസ് ഓടിക്കാതെ അതിനെതിരെ സമരം നടത്തിയും സർവ്വീസ് റദ്ദാക്കിയും സ്വകാര്യ ബസുടമകളെ സഹായിക്കുന്നത് കെഎസ്ആർടിസിയിലെ ഇടതു വലതു തൊഴിലാളി യൂണിയനുകൾ തന്നെ. അധിക ബസുകൂലി ഈടാക്കുന്ന സൂപ്പർ ക്ലാസ്സ് ബസുകളിൽ അധികം സൗകര്യങ്ങൾ വേണമെന്ന നിയമം നടപ്പിലാക്കാൻ ഹൈക്കോടതിയിൽ കേസ് കൊടിത്തതിനെ കെഎസ്ആർടിസി യൂണിയൻ എന്തിനാണ് എതിർക്കുന്നത്. ''കൂലിക്കു സേവനം'' എന്ന മുദ്രാവാക്യം പോലെ തന്നെയാണ് ''അധിക യാത്രാക്കൂലിക്ക് അധികം സൗകര്യം'' എന്നതും

സൂപ്പർ ക്ലാസ്സ് ബസുകളിൽ നിർത്തി യാത്രക്കാരെ കൊണ്ടു പോകുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത്. നിലവിൽ ഓടുന്ന സൂപ്പർ ക്ലാസ്സ് ബസ് സർവ്വീസുകളെ നേരത്തെ ചൂണ്ടിക്കാട്ടിയ 45/ 2015 സർക്കാർ ഉത്തരവിന്റെ വെളിച്ചത്തിൽ ഓർഡിനറി നിരക്ക് ഈടാക്കുന്ന ടിടി ഓർഡിനറിയായി ഓടിക്കാനും അത്തരം സർവ്വീസുകളിൽ നേരത്തെ സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്പ്രസിലും യാത്രക്കാരെ കയറ്റിയിരിക്കുന്നതുപോലെ തന്നെ കയറ്റുകയും അധിക യാത്രാക്കൂലിക്കു പകരം ഓർഡിനറി ചാർജ് ഈടാക്കുകയും ചെയ്യുക എന്നതു മാത്രമാണ് നിലവിലെ പ്രതിസന്ധിക്കു പരിഹാരം.

ആരുടെയും സൗകര്യങ്ങൾ ഇല്ലാതാകുന്നില്ല. യാത്രക്കാരുടെ നിലവിലുള്ള സൗകര്യങ്ങൾ അതുപോലെ തന്നെ നിലനിൽക്കും. കെഎസ്ആർടിസി നടത്തിയിരുന്ന പിടിച്ചു പറി അവസാനിക്കും എന്നു മാത്രം. 100 രൂപ ടിക്കറ്റിൽ ജീവനക്കാർക്കു പെൻഷൻ നൽകാനായി 10 രൂപ പെൻഷൻ പൈസയായി വാങ്ങി പ്രതിദിനം 4 ലക്ഷത്തിൽ അധികം യാത്രക്കാരെ പ്രതിദിനം സ്വകാര്യ ബസുകളിലേക്കു തള്ളിവിട്ട കെഎസ്ആർടിസിയിലെ യൂണിയനുകൾ പൊതുപ്രവർത്തനം നടത്തുന്ന സംഘടനകളെ ആക്ഷേപിച്ചാൽ അതിന്റെ ഭവിഷത്ത് പിന്നാലെ അറിയും.

8 മണിക്കൂർ ഡ്യൂട്ടി കേസിലും സംസ്ഥാന ഗതാഗത അഥോറിറ്റി എൽഡിഎഫ് സർക്കാരിന്റെ ഭരണ കാലത്തു നടപ്പിലാക്കിയ റണ്ണിംദ് ടൈം കേസിലും നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ ബാധ്യതയുള്ള കെഎസ്ആർടിസി റിവ്യ പെറ്റീഷനും ചട്ടം മാറ്റലിനുമല്ല ശ്രമിക്കേണ്ടത്. യാത്രക്കാരെ സഹായിക്കാനുള്ള നിർദ്ദശങ്ങളാണുണ്ടാകേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP