Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിബിസി സ്റ്റുഡിയോയിൽ ലൈവായി മീൻ കറി വച്ച സുരേഷ് പിള്ള ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിലും താരമായി; ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കിയ കൊല്ലം കാരന് നിറഞ്ഞ കയ്യടി; ആതുര സേവന മികവിന്റെ മിടുക്കിൽ ജോഷി എബ്രഹാം ബെസ്റ്റ് നഴ്‌സായി; യുവപ്രതിഭാ പുരസ്‌കാരം നേടി ശ്രദ്ധാ വിവേക് ഉണ്ണിത്താൻ: പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടാം

ബിബിസി സ്റ്റുഡിയോയിൽ ലൈവായി മീൻ കറി വച്ച സുരേഷ് പിള്ള ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിലും താരമായി; ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കിയ കൊല്ലം കാരന് നിറഞ്ഞ കയ്യടി; ആതുര സേവന മികവിന്റെ മിടുക്കിൽ ജോഷി എബ്രഹാം ബെസ്റ്റ് നഴ്‌സായി; യുവപ്രതിഭാ പുരസ്‌കാരം നേടി ശ്രദ്ധാ വിവേക് ഉണ്ണിത്താൻ: പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടാം

ടോമിച്ചൻ കൊഴുവനാൽ

സൗത്താംപ്ടൺ: ലോകമെമ്പാടും പ്രേക്ഷകരുള്ള പരിപാടിയാണ് ബിബിസിയിലെ മാസ്റ്റർ ഷെഫ്. ഈ പ്രോഗ്രാമിൽ പങ്കെടുത്തു മലയാളികളുടെ സ്വന്തം മീൻകറി സായിപ്പന്മാർക്ക് പരിചയപ്പെടുത്താൻ കൊല്ലത്തുകാരൻ സുരേഷ് പിള്ളക്ക് സാധിച്ചിരുന്നു. ആ സുരേഷ് പിള്ളയെ ഇന്നലെ മറുനാടൻ മലയാളിയും ആദരിച്ചു. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി യുകെയിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്‌ക്കാരത്തിന് സുരേഷ് പിള്ളയും അർഹനായി. യുകെയിലെ ഏറ്റവും പ്രൗഢമായ സദസിനെ സാക്ഷിയാക്കി അദ്ദേഹം ബ്രിട്ടീഷ് മലയാളിയുടെ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌ക്കാരം ഏറ്റുവാങ്ങി. സുരേഷ് പിള്ളക്ക് പുറമേ ബ്രിട്ടീഷ് മലയാളി ബെസ്റ്റ് നഴ്സ് പുരസ്‌കാരം നേടുന്ന മെയിൽ നഴ്സ് എന്ന പദവിയോടെ സൗത്ത്പോർട്ടിലെ ജോഷി എബ്രഹാം ജേതാവായി. യുകെയിലെ കലാ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ ശ്രദ്ധാ വിവേക് ഉണ്ണിത്താൻ ആണ് യുവപ്രതിഭ പുരസ്‌കാരം കരസ്ഥമാക്കിയത്.

സായിപ്പന്മാരെ പോലും അത്ഭുതപ്പെടുത്തിയ പാചക മികവിലാണ് ലണ്ടനിലെ ഷെഫായ സുരേഷ് പിള്ള ഈ വർഷത്തെ പുരസ്‌കാരം നേടിയതെങ്കിൽ ജോഷി എബ്രഹാമിനെ സൗത്ത് പോർട്ടിലെ അറുപതോളം ജീവനക്കാരെ നിയന്ത്രിക്കുന്ന ഒന്നാം തര നഴ്സിങ് ഹോമിന്റെ മാനേജരായി മാറിയതും ശ്രദ്ധാ വിവേക് ഉണ്ണിത്താൻ എന്ന ബാലികയെ ചെറു പ്രായത്തിൽ തന്നെ കരസ്ഥമാക്കിയ യുക്മാ കലാതിലക പട്ടവുമാണ് ബ്രിട്ടീഷ് മലയാളിയുടെ ഈ വർഷത്തെ അവാർഡുകൾക്ക് അർഹരാക്കിയത്.

ബിബിസി ഷോയിൽ തിളങ്ങിയ സുരേഷിനു വോട്ടു ചെയ്യാൻ സായിപ്പന്മാരും യുകെ മലയാളികളുടെയും സായിപ്പിന്റെയും അടക്കം മുന്നിലെത്തുന്നവരുടെ എല്ലാം നാവിൽ തുമ്പിലേക്ക് രുചിയുടെ കൈപ്പുണ്യം വിളമ്പിയാണ് സുരേഷ് പിള്ള യുകെ മലയാളികളുടെ ഹൃദയത്തിലിടം നേടിയത്. അല്ലേലും ഫുഡ് അടി മലയാളികളുടെ ഒരു വീക്ക്നെസ് ആണല്ലോ... ബിബിസിയിലെ മാസ്റ്റർ ഷെഫിലൂടെ ലോകമെമ്പാടും പ്രശസ്തി നേടിയ സുരേഷ് പിള്ളയെ കൃത്യമായി വിജയിയായി കണ്ടെത്തിയതിന്റെ തെളിവായിരുന്നു ഇന്നലെ ജനശതങ്ങളെ സാക്ഷിയാക്കി നടന്ന ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കർ അവാർഡ് പ്രഖ്യാപനം. ഷാഡോ മിനിസ്റ്ററായ ഡോ. അലൻ വൈറ്റ് എംപിയിൽ നിന്നുമാണ് സുരേഷ് പിള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്.

നാലു പേരാണ് ബെസ്റ്റ് ന്യൂസ് പേഴ്സൺ അവാർഡിലേക്ക് മത്സരിച്ചത്. ഒന്നിനൊന്നു മികച്ച മത്സരാർത്ഥികളായിരുന്നു ഇത്തവണത്തേത്. ലോകത്തെ ആറു പ്രധാന മാരത്തോണുകൾ ഓടിയ ക്രോയിഡോണിലെ അശോക് കുമാർ, ദി ടെലിഗ്രാഫ് ദിനപത്രത്തിന്റെ 50 മികച്ച വനിതാ എഞ്ചിനീറിങ് പ്രതിഭകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെടുകയും ക്വീൻ എലിസബത്ത് പ്രൈസ് ഫോർ എഞ്ചിനീറിങ് പദ്ധതിയുടെ ഭാഗമായി ഡെവലപ് ഹേർ എമേർജിങ് എഞ്ചിനീറിങ് എന്റർപ്രെണർ അവാർഡ് 2017 ഉം നേടിയെടുത്ത കേംബ്രിഡ്ജിലെ ഗവേഷണ വിദ്യാർത്ഥി നികിതാ ഹരി, ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ ഓബിഇ മെഡൽ നേടുകയും ചെയ്ത സ്വിൻഡണിലെ റോയ് സ്റ്റീഫൻ, സുരേഷ് പിള്ള എന്നിവരാണ് ഫൈനലിസ്റ്റുകളായി മത്സരിച്ചത്. ഇതിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടു നേടിയാണ് വാർത്താ താരമായി സുരേഷ് തെരഞ്ഞെടുക്കപ്പെട്ടത്.

ഓരോ മേഖലയിലും ഫൈനലിസ്റ്റുകളായി എത്തിയ നാലു പേരും ഒരേ പോലെ അർഹതയുള്ളവരായിരുന്നു. എന്നാൽ വായനക്കാർ വോട്ടു നൽകി വിജയിപ്പിച്ചത് ഓരോരുത്തരെ മാത്രം ആയിരുന്നു. ഏറ്റവും കൂടുതൽ വോട്ടു നേടിയവർക്കായിരുന്നു പുരസ്‌കാരം. അതുകൊണ്ട് അവർ മാത്രമാണ് പ്രതിഭ എന്നർത്ഥമില്ല. ബ്രിട്ടീഷ് സർക്കാർ നൽകി ആദരിച്ച റോയ് സ്റ്റീഫനേക്കാൾ കൂടുതൽ വോട്ടു നേടിയത് സുരേഷ് പിള്ള ആണ് എന്നത് ഒരു ഉദാഹരണമാണ്. അതുകൊണ്ട് തന്നെ പുരസ്‌കാര ജേതാക്കൾക്ക് മാത്രമല്ല ഫൈനലിസ്റ്റുകൾക്കും ഞങ്ങൾ അഭിനന്ദനം അർപ്പിക്കുകയാണ്.

സായിപ്പന്മാരെ വീഴ്‌ത്തിയ രുചിവൈവിധ്യം ഒരുക്കിയ മാസ്റ്റർ ഷെഫ്

മത്സരിച്ച നാലുപേരും ഒരു പോലെ കഴിവുറ്റവർ ആയിരുന്നെങ്കിലും സുരേഷിന്റെ കൈപ്പുണ്യത്തിന്റെ രുചി അറിഞ്ഞ സായിപ്പന്മാർ വരെ വോട്ട് ചെയ്തതോടെയാണ് അന്തിമവിധി സുരേഷിന് അനുകൂലമായത്. പരിചയക്കാരും സുഹൃത്തുക്കളുമായി നിരവധി സായിപ്പന്മാരാണ് പിന്തുണയേകിയതെന്ന് സുരേഷ് തന്നെ പറയുന്നു. മൂന്നു പുരസ്‌കാരങ്ങളിലും കൂടി സുരേഷ് പിള്ള തന്നെയാണ് ഏറ്റവും അധികം വോട്ട് നേടിയത്. 7803 പേരാണ് ഇത്തവണ ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ വിഭാഗത്തിലേക്ക് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ നിന്നും നാൽപത് ശതമാനത്തോളം വോട്ടാണ് സുരേഷ് പിള്ള നേടിയത്.

ലണ്ടനിലെ പ്രശസ്തമായ ഹൂപ്പേഴ്സ് റസ്റ്റോറന്റ് ശൃംഖലയിലെ ഹെഡ് ഷെഫായ സുരേഷ് പിള്ള അടുത്തമാസം തിരികെ നാട്ടിലേക്ക് പോകും. സുരേഷ് പിള്ളയുടെ കൈപ്പുണ്യം നുകരാനുള്ള ഭാഗ്യം കൊല്ലാം രാവീസിലെ അതിഥികൾക്ക് ലഭിക്കുവാൻ രവി പിള്ളയുടെ ആർപി ഗ്രൂപ്പ് തീരുമാനിച്ചതോടെയാണ് നാട്ടിലേക്ക് പോകുവാനുള്ള തീരുമാനം ഉണ്ടായത്. ഇപ്പോൾ ബഹ്മാസ് സർവ്വകലാശാലയിൽ പാചക കോഴ്സിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ് സുരേഷ് പിള്ള.

കുമരകം ലേക്ക് റിസോട്ടിലെ മാസ്റ്റർഷെഫ് ആയിരുന്നു സുരേഷ് പിള്ള. കമേലിയ പഞ്ചാബിക്കും കൂട്ടർക്കും ചോറ്്, പച്ചമാങ്ങചേർത്ത കൊഞ്ച് കറി, താറാവ് ഫ്രൈ, വാഴക്കൂമ്പ് തോരൻ, കോവയ്ക്ക മെഴുക്ക്പുരട്ടി എന്നിവയാണ് തയ്യാറാക്കിയത്. ഊണ് കഴിച്ച കമേലിയ ആ രുചിക്കൂട്ടിൽ അതിശയിച്ചുപോയി. പാചകക്കാരനെ കാണണമെന്നായി. മടിച്ചുനിന്ന സുരേഷ് പിള്ളയെ കണ്ടപ്പോൾ മുഖവുരയൊന്നും കൂടാതെ ഒറ്റ ചോദ്യമായിരുന്നു. 'ലണ്ടനിലേക്ക് വരുന്നോ?' സുരേഷ് പിള്ള ആദ്യമൊന്ന് പകച്ചു. അങ്ങനെ ഒരു സിനിമാക്കഥ പോലെയാണ് സുരേഷ് പിള്ള ലണ്ടനിൽ എത്തിയ്.

ലോകത്തെ ഏറ്റവും പ്രശസ്തമായ പാചകമത്സരമായി കണക്കാക്കപ്പെടുന്ന ലണ്ടനിലെ 'ബി.ബി.സി. മാസ്റ്റർ ഷെഫി'ൽ മത്സരിച്ച ആദ്യത്തെ മലയാളിയുമായി ഈ നാൽപ്പതുകാരൻ. പ്രൊഫഷണൽ ഷെഫുമാർ മാത്രം പങ്കെടുക്കുന്നതാണ് 'ബി.ബി.സി. മാസ്റ്റർ ഷെഫ്' മത്സരം. ആയിരത്തോളം മത്സരാർഥികളിൽനിന്ന് 48 പേരെ തിരഞ്ഞെടുത്തത്. കുടംപുളിയിട്ട മീൻകറിയാണ് അവിടെ പാചകം ചെയ്തത്. ലോകത്തെ ഏതു ഭക്ഷണസംസ്‌കാരത്തോടും കിടപിടിക്കാൻ വ്യത്യസ്തവും രുചികരവുമായ വിഭവങ്ങളാണ് കേരളത്തിലേതെന്ന് സുരേഷ് പിള്ള പറയുന്നു. പാചകവൈദഗ്ധ്യത്തിന്റെ പാശ്ചാത്യലോകത്തെ ഏറ്റവും വലിയ പട്ടമാണ് 'മിഷേലിൻ നക്ഷത്രങ്ങൾ' (മിഷേലിൻ സ്റ്റാർസ്).

അമ്മയിൽനിന്നാണ് പാചകത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. കൊല്ലം ചിന്നക്കടയിലെ 'ഷെഫ് കിങ്' റെസ്റ്റോറന്റിലാണ് ആദ്യം ജോലിചെയ്തത്. പിന്നീട് ബെംഗളൂരുവിലെ കോക്കനട്ട് ഗ്രോവ് റെസ്റ്റോറന്റിലേക്ക്. അതിനുശേഷം ബെംഗളൂരുവിലെ ലീലാ പാലസിൽ. അവിടെ നിന്നാണ് കുമരകം ലേക്ക് റിസോർട്ടിലെത്തിയത്. 1927-ൽ ലണ്ടനിൽ സ്ഥാപിച്ച വീരസ്വാമി റെസ്റ്റോറന്റ് വിദേശത്തെ ആദ്യത്തെ ഇന്ത്യൻ റെസ്റ്റോറന്റാണ്. ആറുവർഷം ഇവിടെ ജോലിചെയ്തു. പിന്നീട് ജിംഖാൻ റെസ്റ്റോറന്റിൽ. പത്തുവർഷമായി കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലാണ്. ലണ്ടനിലെ ഹെൻസ്ലോവിലാണ് താമസം. ഭാര്യ രമ്യ കെയ്റോമിൽ ജോലിചെയ്യുന്നു. മകൾ ഐശ്വര്യയും മകൻ ശ്രീഹരിയും ഇംഗ്ലണ്ടിൽ പഠിക്കുന്നു.

ഒരു നഴ്‌സിന് ബ്രിട്ടീഷ് ആരോഗ്യ രംഗത്തിൽ എന്തു ചെയ്യാം എന്നു പഠിപ്പിച്ച് ജോഷി എബ്രഹാം

സാദാ നഴ്സിന് എങ്ങനെ ബ്രിട്ടീഷ് ആരോഗ്യ മേഖലയെ ശരിയാക്കാം എന്നു തെളിയിച്ച് ജോഷി എബ്രഹാം രണ്ടാമതായി പ്രഖ്യാപിച്ച ബെസ്റ്റ് നഴ്‌സ് പുരസ്‌കാരത്തെ കാണികൾ ആകാംഷയോടെയാണ് കാത്തിരുന്നത്. ഒടുവിൽ ആകാംഷകൾക്കും അഭ്യൂഹങ്ങൾക്കും അറുതി വരുത്തി സൗത്ത് പോർട്ടിലെ ജോഷി എബ്രഹാം പുരസ്‌കാര ജേതാവാകുകയായിരുന്നു. ചാമ്പ്യൻ കേയ്ജ് ഫൈറ്ററായ ബ്രിയോണി ടൈറലിൽ നിന്നുമാണ് ജോഷി എബ്രഹാം അവാർഡ് ഏറ്റുവാങ്ങിയത്. നഴ്സിങ് വിഭാഗത്തിലും ഒന്നിനൊന്നു മികച്ചവർ തന്നെയാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. മാഞ്ചസ്റ്റർ അരീനയിലുണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് ഒഴുകിയെത്തിയ രോഗികളെ ചികിത്സിക്കാൻ നിമിഷ നേരം കൊണ്ട് മാഞ്ചസ്റ്റർ വിഥിൻഷോ ആശുപത്രിയെ സജ്ജമാക്കിയ ശോഭാ മനേഷ്, കേരളത്തിലെ മലയാളി നഴ്സുമാരുടെ ശമ്പള വർധനയ്ക്കായുള്ള മുറവിളിക്ക് യുകെയിൽ നിന്നും പിന്തുണ അർപ്പിക്കുകയും സഹായവുമായി രംഗത്തെത്തുകയും ചെയ്ത ഷൈനി മാത്യു, ബാന്റ് സിക്സ് നഴ്സും കവിതകളിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും യുകെ മലയാളികൾക്ക് പ്രിയങ്കരിയുമായി മാറിയ മോനി ഷിജോ എന്നീ മൂന്ന് പെൺകരുത്തുകളോട് ഏറ്റുമുട്ടിയാണ് ജോഷി അവാർഡ് കരസ്ഥമാക്കിയത്.

6533 പേരാണ് നഴ്സിങ് വിഭാഗത്തിലേക്ക് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ നിന്നും 35 ശതമാനത്തോളം വോട്ടാണ് ജോഷി നേടിയത്. നാമോരോരുത്തരെയും പോലെ യുകെയിലെത്തിയപ്പോൾ വെറും സാധാരണക്കാരൻ മാത്രമായിരുന്ന ജോഷി നഴ്സായി ജോലി ആരംഭിച്ച സ്ഥാപനത്തിൽ അറുപതോളം ജീവനക്കാരെ നിയന്ത്രിക്കുന്ന മാനേജരായി ഇന്ന് മാറിയതും ആ സ്ഥാപനത്തെ മികച്ച ആതുരശുശ്രൂഷ കേന്ദ്രമാക്കി മാറ്റുവാൻ ജോഷിക്ക് സാധിച്ചു എന്നതുമാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയതെന്ന് നിസംശയം പറയാം.

തന്റെ തൊഴിൽ സ്ഥാപനത്തിൽ അദ്ദേഹം നടപ്പാക്കിയ മാറ്റം നോർത്ത് വെസ്റ്റിലെ 325 കെയർ ഹോമുകളിൽ നിന്നും ഒന്നാം നിരയിലാണ് ആ സ്ഥാപനത്തെ എത്തിച്ചത്. അക്കൂടെ നിൽക്കാൻ കെൽപ്പുള്ള മറ്റു സ്ഥാപനങ്ങൾ ഒന്നോ രണ്ടോ മാത്രം ആണെന്ന് തിരിച്ചറിയുമ്പോൾ ആണ് ഈ നേട്ടത്തിന്റെ മാറ്ററിയാൻ കഴിയുക.

യുകെയിലെ ആയിരക്കണക്കിന് കെയർ ഹോമുകളിൽ ഇത്തരം കെയർ ഔട്ട് സ്റ്റാന്റിങ് പദവി ഉള്ളത് വെറും രണ്ടു ശതമാനം ഹോമുകൾക്കു മാത്രമാണ്. ഇത്തരം ഹോമുകളിൽ എത്തുന്ന പ്രായമായ ആളുകൾ മരിക്കാൻ വേണ്ടിയല്ല മറിച്ചു ജീവിക്കാൻ വേണ്ടിയാണ് എന്ന ആശയം നടപ്പാക്കി എടുത്തതിനാണ് ഈ ഔട്ട് സ്റ്റാന്റിങ് പദവി നൽകിയത്.

ഓർമ്മ നഷ്ടമായ രോഗികളെ അവരുടെ ബാല്യകാല ഓർമ്മകൾ തിരിച്ചു പിടിക്കാൻ ജോഷി നടത്തിയ വേറിട്ട ശ്രമം പ്രാദേശിക മാധ്യമങ്ങളും സിക്യൂസിയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രോഗികളെ അവരുടെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോകാൻ നഴ്സിങ് ഹോം പൂന്തോട്ടത്തിൽ ഒരു ബസ് സ്റ്റോപ്പ്, പോസ്റ്റ് ഓഫീസ്, മിഠായി കട, പബ് എന്നിവ യാഥാർത്ഥ്യമാക്കിയ ജോഷിക്ക് രോഗികളുടെ മനോനിലയിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞു എന്നതു തന്നെയാണ് വ്യക്തമാകുന്നത്. അങ്ങനെ സുഖം പ്രാപിച്ചവരുടെയെല്ലാം നന്മയും പ്രാർത്ഥനയും ഒപ്പം ഉള്ളതു തന്നെയാണ് ജോഷിയുടെ വിജയത്തിന് അടിത്തറ പാകിയതും.

കോതനല്ലൂർ സംഗമത്തിന്റെയും സൗത്ത് പോർട്ട് മലയാളി സമൂഹത്തിന്റെയും പ്രധാന സംഘാടകൻ കൂടിയായ ജോഷിയുടെ പത്നി ജിബ്നു സൗത്ത് പോർട്ട് ആശുപത്രിയിൽ നഴ്സിങ് ടീം അംഗമാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന ആൽഫ്രഡ്, ഏഴാം ക്ലാസുകാരൻ ആകാശ്, നാലാം ക്ലാസ് വിദ്യാർത്ഥി അൻസൽ എന്നിവരാണ് മക്കൾ. 96 ബാച്ചിൽ ബാംഗ്ലൂർ അംബേദ്കർ മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർത്ഥിയായാണ് ജോഷി കർമ്മ രംഗത്ത് കാലെടുത്തു വയ്ക്കുന്നത്.

യംഗ് ടാലന്റായി ശ്രദ്ധാ വിവേക് ഉണ്ണി

യുകെയിലെ കലാരംഗത്തെ സാന്നിധ്യമായി ഉയർന്നു വരുന്ന ശ്രദാധാ വിവേക് ഉണ്ണിയാണ് ഇത്തവണത്തെ ബ്രിട്ടീഷ് മലയാളി യംഗ് ടാലന്റ് അവാർഡ് നേടിയത്. കൗൺസിലർ സാത്വിർ കൗറിൽ നിന്നുമാണ് ശ്രദ്ധ അവാർഡ് ഏറ്റുവാങ്ങിയത്. ക്രോയിഡോൺ സ്വദേശിയാണ് ശ്രദ്ധ. മുതിർന്നവരുടെ മത്സരത്തിനൊപ്പം തന്നെ കിടപിടിക്കുന്നതായിരുന്നു യംഗ് ടാലന്റ് അവാർഡിനുള്ള പോരാട്ടം. എലെവലിൽ മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ നേടി ഇപ്പോൾ കേംബ്രിഡ്ജിൽ മെഡിസിനിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ സുജിൽ ജെയിംസ്, സംഗീത രംഗത്ത് അഭൂതപൂർവ്വമായ കഴിവ് തെളിയിച്ച് മുന്നേറുന്ന ഷെഫീൽഡിലെ ജിയാ ഹരികുമാർ, ഇംഗ്ലീഷ് സംഗീത രംഗത്തേക്ക് യുകെ മലയാളികളെ തന്നെ കൈപിടിച്ചു നടക്കുന്ന വൂസ്റ്ററിലെ ദിയാ ദിനു എന്നിവരാണ് ശ്രദ്ധാ വിവേക് ഉണ്ണിത്താന് എതിരാളികളായി എത്തിയത്. അവരെയെല്ലാം പിന്തള്ളി ചെറു പ്രായത്തിനിടയിൽ തന്നെ ശ്രദ്ധ വാരിക്കൂട്ടിയ നേട്ടങ്ങളിൽ മുൻപന്തിയിൽ വയ്ക്കാവുന്നതാണ് ബ്രിട്ടീഷ് അവാർഡ് നൈറ്റിന്റെ യംഗ് ടാലന്റ് പുരസ്‌കാരം.

6606 പേരാണ് യംഗ് ടാലന്റ് വിഭാഗത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 33 ശതമാനത്തോളം വോട്ടു നേടിയാണ് ശ്രദ്ധ പുരസ്‌കാരത്തിന് അർഹയായത്. ബാക്കിയുള്ളവരെല്ലാം ഏതാണ്ട് ഒരേപോലെയാണ് വോട്ട് ശതമാനം നേടിയത്. കഴിഞ്ഞ വർഷത്തെ യുക്മ കലാതിലകമെന്ന നേട്ടമാണ് ശ്രദ്ധയെ ബ്രിട്ടീഷ് മലയാളി യംഗ് ടാലന്റ് പുരസ്‌കാര വേദിയിലേക്ക് എത്തിച്ചത്. ഏഴു വയസ്സിൽ സിനിമാറ്റിക് നൃത്തവും പ്രശ്ചന്നവേഷവും പാട്ടുമൊക്കെ പാടി തന്നെക്കാൾ ഏറെ മുതിർന്നവരെ നോക്കി പുഞ്ചിരിയോടെ സമ്മാനവുമായി മടങ്ങിയ ആ കൊച്ചു മിടുക്കിയുടെ മുഖം കൊതിയോടെയാണ് അന്ന് ഓരോ യുകെ മലയാളിയും കണ്ടുനിന്നത്.

ലോയ്ഡ്സ് ബാങ്കിലെ പ്രോഗ്രാം മാനേജരായ വിവേക് ഉണ്ണിത്താന്റെയും അലയൻസ് ഗ്ലോബൽ അസിസ്റ്റൻസിൽ അനലിസ്റ്റ് പ്രോഗ്രാമർ ആയ ആശാ ഉണ്ണിത്താന്റെയും മകളാണ് ശ്രദ്ധ. ക്രോയ്ഡോണിലാണ് താമസം. അമ്മയുടെ ഗുരുവായിരുന്ന പ്രശസ്ത നർത്തകി കലാമണ്ഡലം സത്യഭാമയുടെ കീഴിൽ തന്നെ നൃത്ത പഠനം തുടങ്ങിയ ശ്രദ്ധ യുകെയിൽ നൃത്ത പഠനം സജീവമാക്കിയത് ഷിജു മേനോൻ എന്ന നൃത്ത അദ്ധ്യാപകന്റെ കീഴിലാണ്. അച്ഛൻ വിവേക് ഉണ്ണിത്താൻ കഴിഞ്ഞ വർഷങ്ങളിൽ ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന്റെ അവതാരകന്റെ റോളിൽ ശ്രദ്ധേയനായ വ്യക്തിയാണ്. മുത്തച്ഛൻ നിർമ്മാതാവും അച്ഛൻ പ്രധാന വേഷത്തിൽ എത്തുകയും ചെയ്ത മഴവിൽ മനോരമയിലെ 'മഞ്ഞുരുകും കാലം'' എന്ന സീരിയലിൽ ശ്രദ്ധയും ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.

നൃത്തം കൂടാതെ പാട്ടിലും ശ്രദ്ധ ഏറെ ശ്രദ്ധ നൽകുന്നുണ്ട്. ദുരൈ സുബ്രമണ്യം എന്ന സംഗീത അദ്ധ്യാപകന്റെ കീഴിലാണ് ശ്രദ്ധ കർണാടിക് സംഗീതവും കീ ബോർഡും പഠിക്കുന്നത്. ക്രോയ്ഡോൺ ഡ്രാമ തിയറ്റർ അവതരിപ്പിച്ച ശ്രീ ഗുരുവായൂരപ്പൻ എന്ന നാടകത്തിൽ ഉണ്ണിക്കണ്ണനായി രംഗത്ത് നിറഞ്ഞും ശ്രദ്ധ കയ്യടി നേടിയിട്ടുണ്ട്. ക്രോയ്ഡോൺ മലയാളികൾക്കു മാത്രമല്ല, യുകെ മലയാളികൾക്കു തന്നെ ലഭിച്ച സമ്മാനമാണ് ഈ കൊച്ചു നർത്തകി എന്നു പറയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP