Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പന്തുചുരണ്ടൽ വിവാദത്തിന്റെ നാണക്കേടിൽ നിന്ന് കരകയറാനാവാതെ ഓസീസ് ടീം; ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും രാജിവച്ചു; ടിം പെയിൻ താൽക്കാലിക ക്യാപ്റ്റൻ; കള്ളക്കളിയുടെ പദ്ധതി ആസൂത്രണം ചെയ്തതിൽ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ; സ്വിങ് കിട്ടാൻ പന്തിൽ സാൻഡ്‌പേപ്പർ ഉരയ്ക്കാൻ ബാൻക്രോഫ്റ്റിനെ ചുമതലപ്പെടുത്തിയ 'ലീഡർഷിപ്പ് ഗ്രൂപ്പുകാർ' എല്ലാം കുടുങ്ങും; കടുത്ത നടപടിക്കൊരുങ്ങി ഐസിസിയും

പന്തുചുരണ്ടൽ വിവാദത്തിന്റെ നാണക്കേടിൽ നിന്ന് കരകയറാനാവാതെ ഓസീസ് ടീം; ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും രാജിവച്ചു; ടിം പെയിൻ താൽക്കാലിക ക്യാപ്റ്റൻ; കള്ളക്കളിയുടെ പദ്ധതി ആസൂത്രണം ചെയ്തതിൽ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ; സ്വിങ് കിട്ടാൻ പന്തിൽ സാൻഡ്‌പേപ്പർ ഉരയ്ക്കാൻ ബാൻക്രോഫ്റ്റിനെ ചുമതലപ്പെടുത്തിയ 'ലീഡർഷിപ്പ് ഗ്രൂപ്പുകാർ' എല്ലാം കുടുങ്ങും; കടുത്ത നടപടിക്കൊരുങ്ങി ഐസിസിയും

മറുനാടൻ മലയാളി ഡസ്‌ക്

കേപ്ടൗൺ: ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ നാണക്കേടെന്ന് പറയാവുന്ന പന്തുചുരണ്ടൽ വിവാദത്തിൽ സ്വന്തം ടീം കുടുങ്ങിയതോടെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രാജിവച്ചു. ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്നാണ് രാജി. സമീപകാലത്ത് ക്രിക്കറ്റ് ലോകത്ത് ഉണ്ടായ വലിയ വിവാദമായി ഈ സംഭവം വളർന്നതോടെയാണ് ക്യാപ്റ്റന്റെ രാജി. ഏതായാലും സംഭവം ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഡേവിഡ് വാർണർ വൈസ് ക്യാപ്റ്റൻ സ്ഥാനവും രാജിവച്ചിട്ടുണ്ട്. സംഭവം ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷിക്കും. ടിംപെയിനിനെ ടീമിന്റെ താൽക്കാലിക ക്യാപ്റ്റനാക്കി ചുമതല നൽകിയിര്കുകയാണ്.

സംഭവം വിവാദമായതിന് പിന്നാലെ തന്നെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായക സ്ഥാനം സ്റ്റീവ് സ്മിത്തിന് നഷ്ടമാകുമെന്നും ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഡാരൻ ലേമാനേയും മാറ്റുമെന്നും റിപ്പോർട്ടുൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്മിത്ത് രാജി സമർപ്പിച്ചത്. ഓസ്ട്രേലിയൻ ക്രിക്കറ്റിന് ആകെ നാണക്കേടാവുകയാണ് സംഭവം. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരെ നടപടി എടുക്കുമെന്ന് ഐസിസിയും വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതിനു പിന്നാലെ, ഓസ്ട്രേലിയൻ സർക്കാരും പ്രശ്നത്തിൽ ഇടപെട്ടു. പന്തിൽ കൃത്രിമം കാണിച്ച് രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സ്റ്റീവ് സ്മിത്തിനെ നീക്കാൻ സർക്കാർ നിർദ്ദേശം നൽകി. പന്തിൽ കൃത്രിമം കാണിച്ച സംഭവം 'ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതു'മാണെന്ന് ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ പ്രതികരിച്ചു. ഇതോടെ നായകനും കോച്ചിനും സ്ഥാനം നഷ്ടമാകുമെന്ന ചർ്ച്ചകൾ സജീവമായി.

ഓസീസ് ടീം രാജ്യത്തെ ചതിച്ചുവെന്ന വികാരം പങ്കുവച്ച് ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയൻ സ്പോർട്സ് കമ്മിഷൻ (എഎസ്സി) ചെയർമാൻ ജോൺ വിലീയും സംഭവത്തെ അപലപിച്ചു. ഏത് കായിക ഇനത്തിലാണെങ്കിലും വഞ്ചനയെന്നത് അപലപനീയമാണെന്ന് വിലീ ചൂണ്ടിക്കാട്ടി. രാജ്യാന്തര തലത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന ടീമുകളും താരങ്ങളും വിശ്വാസ്യത പുലർത്തിയേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഓസിസ് താരം കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടിയതാണ് വിവാദം ക്ഷണിച്ചുവരുത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ദൃശ്യങ്ങൾ പരിശോധിക്കുകയും ബാൻക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. റഫറിയോട് ബാൻക്രോഫ്റ്റ് കുറ്റം സമ്മതിച്ചു. എല്ലാം തനിക്ക് അറിയാമെന്ന് സ്റ്റീവ് സ്മിത്തും വിശദീകരിച്ചു. ഇതോടെ ക്രിക്കറ്റ് ഓസ്ട്രേലിയ കടുത്ത സമ്മർദ്ദത്തിലായി. ബാൻക്രോഫ്റ്റ് ടീമിലെ സീനിയർ താരങ്ങളുടെ അറിവോടെയാണ് പന്തിൽ കൃത്രിമം കാണിച്ചതെന്നാണ് സ്റ്റീവ് സ്മിത്ത് വിശദീകരിച്ചത്.

ക്യാമറകളുടെ കണ്ണുവെട്ടിക്കാനാവാതെ പന്തുചുരണ്ടൽ

മൈതാനമധ്യത്തിൽ ചുറ്റും ക്യാമറകൾ നിരന്നിരിക്കുന്നു എന്നറിഞ്ഞിട്ടും ഇത്തരമൊരു കൃത്രിമം കാണിക്കലിന് ബാൻക്രോഫ്റ്റ് മുതിർന്നതുതന്നെ ക്രിക്കറ്റ് ആസ്വാദകരെ അത്ഭുതപ്പെടുത്തുകയാണ്. ബാൻക്രോഫ്റ്റ് പോക്കറ്റിൽ നിന്ന് എന്തോ എടുക്കുന്നതും പന്തിൽ ചുരണ്ടുന്നതും ടിവി സ്‌ക്രീനുകളിൽ തെളിഞ്ഞിരുന്നു. ഇത് പവലിയനിൽ ഇരുന്ന കണ്ട കോച്ച് സംഭവം ക്യാമറയിൽ പതിഞ്ഞെന്ന് ബാൻക്രോഫ്റ്റിനെ അറിയിക്കാൻ ട്വൽത്ത് മാന് നിർദ്ദേശം നൽകി. ഇതും പക്ഷേ, ക്യാമറകളിൽ പതിഞ്ഞു. തുടർന്ന് വെള്ളം നൽകാനെന്ന മട്ടിൽ ട്വൽത്ത് മാൻ ഗ്രൗണ്ടിലെത്തി ബാൻക്രോഫ്റ്റിന് വിവരം നൽകുന്നതും തുടർന്ന് താരം ഉരയ്ക്കാൻ ഉപയോഗിച്ച വസ്തു പാന്റിന് ഉള്ളിലേക്ക് വയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ പതിഞ്ഞു. ഇതോടെ് സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ദൃശ്യങ്ങൾ പരിശോധിച്ച് ബാൻക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അംപയറോട് കുറ്റം സമ്മതിച്ചെന്ന് ബാൻക്രോഫ്റ്റ് പിന്നീട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

അതിനിടെ ബാൻക്രോഫ്റ്റ് ടീമിലെ സീനിയർ താരങ്ങളുടെ അറിവോടെയാണു പന്തിൽ കൃത്രിമം കാണിച്ചതെന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വ്യക്തമാക്കി. ഇതോടെ സ്മിത്തിനും ടീമിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഏതു വിധേനയും ജയിക്കേണ്ട മൽസരമായതിനാലാണു പന്ത് അനുകൂലമാക്കാൻ ശ്രമിച്ചതെന്ന സ്മിത്തിന്റെ വിശദീകരണം എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി.

പിച്ചിൽ നിന്ന് പിന്തുണ ഇല്ലാതെ വന്നതോടെ 'അറ്റകൈ പ്രയോഗം'

നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കായാണ് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയിലെത്തിയത്. ആദ്യ രണ്ടു ടെസ്റ്റുകളിൽ ഇരു ടീമുകളും ജയിച്ചിരുന്നു. ഇതോടെ മൂന്നാം ടെസ്റ്റ് വിജയിച്ച് ലീഡ് നേടാൻ കടുത്ത മത്സരമായി. ഒന്നാം ഇന്നിങ്‌സിൽ 311 റൺസ് നേടിയിരുന്നു ദക്ഷിണാഫ്രിക്ക. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് 255 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 56 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിങ്‌സിൽ സ്‌കോർ 28ൽ നിൽക്കെ ഡീൻ എൽഗർ പുറത്തായെങ്കിലും ഹാഷിം അംലയുടെയും എയ്ഡൻ മർക്രത്തിന്റെയും നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക മുന്നേറി. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിലായിരുന്നു ആതിഥേയർ. മർക്രം 36 റൺസോടെയും അംല 15 റൺസോടെയും ക്രീസിൽ. ദക്ഷിണാഫ്രിക്കയുടെ ലീഡ് 121 റൺസായി ഉയർന്നു.

പിച്ചിൽനിന്ന് കാര്യമായ പിന്തുണ ലഭിക്കാതായതോടെ ഓസ്‌ട്രേലിയൻ ടീം അറ്റകൈ പ്രയോഗത്തിന് തീരുമാനിക്കുകയായിരുന്നു. പന്തിൽ തിരിമറി കാട്ടാനൊരുങ്ങിയതും അത് കയ്യോടെ പിടികൂടിയതും അപ്പോഴാണ്. ക്യാപ്റ്റനെന്ന നിലയിൽ സ്റ്റീവ് സ്മിത്തും അദ്ദേഹത്തിന്റെ ഭാഷയിൽ ടീമിലെ 'ലീഡർഷിപ് ഗ്രൂപ്പും' ചേർന്നാണ് കൃത്രിമം കാട്ടാമെന്ന് തീരുമാനിച്ചത്. ടീമിലെ മുതിർന്ന താരങ്ങൾ ഉൾപ്പെട്ട 'ലീഡർഷിപ് ഗ്രൂപ്പ്' എന്നല്ലാതെ ആരൊക്കെയാണ് അതിലെ അംഗങ്ങൾ എന്ന് സ്മിത്ത് വെളിപ്പെടുത്തിയില്ല. പന്തു ചുരണ്ടി റിവേഴ്‌സ് സ്വിങ് കണ്ടെത്താനായിരുന്നു ശ്രമം. ഇതേക്കുറിച്ച് പരിശീലക സംഘത്തിലെ ആർക്കും അറിവുണ്ടായിരുന്നില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

സാൻഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടാനായിരുന്നു തീരുമാനം. ഇതിനു നിയോഗിച്ചത് ടീമിലെ ഓപ്പണിങ് ബാറ്റ്‌സ്മാൻ കൂടിയായ കാമറൂൺ ബാൻക്രോഫ്റ്റിനെ. എട്ടാമത്തെ മാത്രം രാജ്യാന്തരര ടെസ്റ്റ് കളിക്കുന്ന ബാൻക്രോഫ്റ്റ് സാൻഡ് പേപ്പർ വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഓസ്‌ട്രേലിയൻ ടീമിലെ അത്ര ശ്രദ്ധിക്കപ്പെടുന്ന താരമല്ലാത്ത ബാൻക്രോഫ്്റ്റ്. അതിനാൽ മാധ്യമ ശ്രദ്ധയോ ക്യാമറയോ ബാൻക്രോഫ്റ്റിനു നേരെ തിരിയില്ലെന്ന ധാരണയിലാണ് അദ്ദേഹത്തെ ഇങ്ങനെയൊരു കാര്യം ടീമിലെ സീനിയേഴ്‌സ് ഏൽപിച്ചത്.

പന്തു കയ്യിൽ കിട്ടിയപ്പോഴൊക്കെ സാൻഡ് പേപ്പർ ഉപയോഗിച്ച് ചുരണ്ടാൻ ശ്രമിച്ച ബാൻക്രോഫ്റ്റ് ഒടുവിൽ ക്യാമറക്കണ്ണുകളിൽ പെട്ടു. എന്തോ തട്ടിപ്പ് നടക്കുന്നുവെന്ന് തോന്നിയതോടെ ടിവി ക്യാമറാമാന്മാർ ഈ ദൃശ്യങ്ങൾ മൊത്തം പകർത്തി. പിന്നീട് സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനിൽ ഇതു വ്യക്തമായി കാണിക്കുകയും ചെയ്തു. പന്തു ചുരണ്ടാൻ ഉപയോഗിച്ച സാൻഡ് പേപ്പർ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ബാൻക്രോഫ്റ്റും സ്‌ക്രീനിൽ തെളിഞ്ഞു. ബാൻക്രോഫ്റ്റ് പന്തു ചുരണ്ടുന്നതിന്റെ വിദൂര ദൃശ്യവും ക്ലോസ് അപ്പും സ്‌ക്രീനിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടതോടെ സംഭവം അംപയർമാരുടെ ശ്രദ്ധയിലുമെത്തി.

പന്തു ചുരണ്ടുന്ന വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മൽസരശേഷമുള്ള ന്യൂസ് കോൺഫറൻസിൽ പന്തിൽ കൃത്രിമം കാട്ടിയ കാര്യം ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് സമ്മതിച്ചു. പന്തിൽ കൃത്രിമം കാട്ടിയ കാര്യം അംപയർമാർക്കു മുന്നിലും സമ്മതിച്ചിരുന്നതായി കാമറൂൺ ബാൻക്രോഫ്റ്റും സമ്മതിച്ചു. ഈ മൽസരം വളരെയേറെ പ്രാധാന്യമുള്ളതായതിനലാണ് 'എന്തെങ്കിലും ഗുണം ലഭിക്കുമെന്ന' പ്രതീക്ഷയിൽ പന്തു ചുരണ്ടിയതെന്നും സ്മിത്ത് ഏറ്റു പറഞ്ഞു. ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയതോടെ ഓസീസ് ടീം പ്രതിരോധത്തിലായി. ഓസ്‌ട്രേലിയൻ ടീം രാജ്യത്തെ ചതിച്ചുവെന്ന വികാരമാണ് ആരാധകരും മുൻ താരങ്ങളും പങ്കുവച്ചത്. ലോകമാകെ വിമർശനം ഉയർന്നതോടെയാണ് ഇപ്പോൾ സംഭവങ്ങൾ ക്യാപ്റ്റന്റെ രാജിയിൽ കലാശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP