Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയൽ 'കഴുകൻ'മാരുടെ സമരവും മാധ്യമകോലാഹലവും കേരളത്തെ കീഴാറ്റൂരിലെത്തിച്ചപ്പോൾ പ്രശ്‌നം തണുപ്പിക്കാൻ വഴികൾ തേടി സർക്കാർ; മേൽപ്പാല സാധ്യത ആരാഞ്ഞ് കേന്ദ്രത്തിന് മന്ത്രി ജി.സുധാകരന്റെ കത്ത്; അശാന്തിയുടെ വിത്ത് വിതയ്ക്കുന്നവരെ വിടില്ലെന്ന താക്കീത് നൽകി സിപിഎമ്മിന്റെ വയൽ കാവൽ സമരം; ഞായറാഴ്ചത്തെ പരിസ്ഥിതി പ്രവർത്തകരുടെ സമരം കാണാൻ പോലും പോകരുതെന്നും മുന്നറിയിപ്പ്; മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാർട്ടികൾക്കെന്ന് സിപിഐയെ ലാക്കാക്കി പി.ജയരാജൻ

വയൽ 'കഴുകൻ'മാരുടെ സമരവും മാധ്യമകോലാഹലവും കേരളത്തെ കീഴാറ്റൂരിലെത്തിച്ചപ്പോൾ പ്രശ്‌നം തണുപ്പിക്കാൻ വഴികൾ തേടി സർക്കാർ;  മേൽപ്പാല സാധ്യത ആരാഞ്ഞ് കേന്ദ്രത്തിന് മന്ത്രി ജി.സുധാകരന്റെ കത്ത്; അശാന്തിയുടെ വിത്ത് വിതയ്ക്കുന്നവരെ വിടില്ലെന്ന താക്കീത് നൽകി സിപിഎമ്മിന്റെ വയൽ കാവൽ സമരം; ഞായറാഴ്ചത്തെ പരിസ്ഥിതി പ്രവർത്തകരുടെ സമരം കാണാൻ പോലും പോകരുതെന്നും മുന്നറിയിപ്പ്; മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാർട്ടികൾക്കെന്ന് സിപിഐയെ ലാക്കാക്കി പി.ജയരാജൻ

രഞ്ജിത് ബാബു

കണ്ണൂർ: കീഴാറ്റൂരിൽ സിപിഎമ്മും സർക്കാരും കടുത്ത നിലപാടുകളിൽ അയവു വരുത്തുകയും, മേൽപാലത്തിന്റെ സാധ്യത തേടി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ കേന്ദ്രത്തിന് കത്തയ്ക്കുകയും ചെയ്തതോടെ സംഘർഷാന്തരീക്ഷത്തിന് തെല്ല് അയവുവന്നു. സിപിഐ.(എം). കീഴാറ്റൂരിൽ നടത്തിയ ജനകീയ സംരക്ഷണ യാത്ര തളിപ്പറമ്പിൽ സമാധാനപരമായി സമാപിച്ചു്.'ശാന്തമായ കീഴാറ്റൂരിൽ അശാന്തിയുടെ വിത്ത് വിതക്കുന്നവരെ വിടില്ല ഞങ്ങൾ, വിടില്ല ഞങ്ങൾ ' എന്ന താക്കീതോടെയാണ് ജാഥ കടന്നു പോയത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റേയും ജയിംസ് മാത്യു എംഎൽഎ.യുടെ അനുനയ നീക്കവും ഇരുവിഭാഗത്തും നിലകൊള്ളുന്നവരിൽ പ്രതിഫലിക്കുന്നുണ്ട്.

മേൽപ്പാലത്തിന്റെ സാധ്യത ആരാഞ്ഞ് മന്ത്രി ജി.സുധാകരൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിക്കും ദേശീയ പാതാ അഥോറിറ്റി ചെയർമാനും കത്തയച്ച് ദുർവാശി വെടിയുകയായിരുന്നു. എന്നാൽ മറ്റൊരു സാധ്യതയും ഇല്ലാതെ വന്നാൽ മാത്രമേ കീഴാറ്റൂർ വയലിന് മുകളിലൂടെ മേൽപ്പാലം അനുവദിക്കാവൂ എന്ന നിലപാടിലാണ് വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ. കഴിഞ്ഞ ദിവസം വരെ കീഴാറ്റൂർ സമരക്കാരെ 'വയൽക്കഴുകന്മാർ ' എന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി സുധാകരൻ തന്നെ മുൻ നിലപാടിൽ അയവു വരുത്തുകയായിരുന്നു. അതോടെ ഏറെ സംഘർഷ ഭരിതമാകുമെന്ന ഒരു വിഷയം ഇപ്പോൾ സമാധാന പൂർവ്വം ഒന്നാം ഘട്ടം പര്യവസാനിച്ചു. കീഴാറ്റൂർ വയലിലൂടെ തന്നെ റോഡ് പോകണമെന്ന കാര്യത്തിൽ തങ്ങൾക്കൊരു നിർബന്ധവുമില്ലെന്ന് സിപിഐ.(എം). നേതാക്കളും ജയിംസ് മാത്യുവും പറയുന്നു.

പൂർണ്ണമായും കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന അലൈന്മെന്റ് പ്രകാരമാണ് റോഡ് കൊണ്ടു പോകുക. അല്ലാതെ സംസ്ഥാന സർക്കാറിനോ സിപിഐ.(എം). നോ അതിൽ യാതൊരു ഇടപെടൽ നടത്താനുമാകില്ല. അദ്ദേഹം പറയുന്നു. മാർച്ച് സിപിഐ.(എം). സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദൻ ഉത്ഘാടനം ചെയ്തു. എംപി മാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, പി.ജയരാജൻ, എന്നിവർ സംബന്ധിച്ചു. നാളെ കീഴാറ്റൂർ വയൽക്കിളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തളിപ്പറമ്പിൽ നിന്നും കീഴാറ്റൂരിലേക്ക് മാർച്ച് നടത്തുന്നുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളായ കോൺഗ്രസ്സ് , ബിജെപി, മുസ്ലിം ലീഗ്, എന്നിവരും മാർച്ചിൽ പങ്കാളികളാകും പ്രമുഖ പരിസ്ഥിതി നേതാക്കളായ ദയാബായ്, അനസൂയാമ്മ, കോൺഗ്രസ്സ് നേതാവ് വി എം, സുധീർ, സുരേഷ് ഗോപി എം. പി. എന്നിവരും വയൽക്കിളികൾക്ക് പിൻതുണയുമായി എത്തിച്ചേരും. ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് തളിപ്പറമ്പിൽ നിന്നും കീഴാറ്റൂരിലേക്ക് ഐക്യദാർഢ്യ മാർച്ച് ആരംഭിക്കും.

അതേസമയം, വയൽക്കിളി കർഷക സമരത്തിനു പിന്തുണയുമായി ഞായറാഴ്ച പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന മാർച്ചിനെ അവഗണിക്കാനാണ് അണികൾക്കു സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശം. 'കേരളം കണ്ണൂരിലേക്ക്' എന്ന പേരിൽ നടക്കാനിരിക്കുന്ന മാർച്ച് പാർട്ടി പ്രവർത്തകർ ആരും കാണാൻ പോലും പോകരുതെന്നാണു നിർദ്ദേശം. കീഴാറ്റൂർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ 'വയൽകാവൽ' സമര സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
സിപിഐയ്ക്കെതിരെ പരോക്ഷ വിമർശനവും പി. ജയരാജൻ ഉന്നയിച്ചു. മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാർട്ടികൾക്കെന്ന് ജയരാജൻ പറഞ്ഞു. ഇത്രയൊക്കെ ചെയ്താലും വീട്ടിലെ പൂച്ചയെ ആരും കളയാറില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തുന്ന സമരത്തിന് സിപിഐയും എ.ഐ.വൈ.എഫും പിന്തുണ അറിയിച്ചിരുന്നു.

എന്തെങ്കിലും പ്രശ്‌നമുണ്ടാക്കി വാർത്താപ്രാധാന്യം കിട്ടാൻ വയൽക്കിളികൾ ശ്രമിച്ചേക്കാം. സിപിഎം പ്രവർത്തകർ അതിൽ പെടരുത്. വീണു പോയൊരു സമരത്തെ ഉയർത്തിക്കൊണ്ടുവരാനാണു ബിജെപിയുടെയും ആർഎസ്എസിന്റെയും സഹായത്തോടെ ശ്രമിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. അതേ സമയം, കീഴാറ്റൂരിൽ വന്നു പ്രശ്‌നമുണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പാർട്ടി പ്രവർത്തകർ പ്രതിരോധിക്കുമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സമിതി അംഗം എം വിഗോവിന്ദൻ പറഞ്ഞു.

പാലം അടക്കമുള്ള എലിവേറ്റഡ് ഹൈവേ (ആകാശപ്പാത ) കീഴാറ്റൂർ വയലിലൂടെ നിർമ്മിക്കുകയെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്നു സിപിഎം നേതാക്കൾ ആവർത്തിച്ചു. കീഴാറ്റൂരിൽ നിന്നു തളിപ്പറമ്പിലേക്കു മുവായിരത്തോളം പേർ പങ്കെടുത്ത ജാഥയുമുണ്ടായി.

കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിൽ ഞായറാഴ്ച വയൽക്കിളികളുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ചിൽ രണ്ടായിരം പേരെ പങ്കെടുപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുറത്തു നിന്നുള്ളവർ കീഴാറ്റൂരിൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്നാണു സിപിഎമ്മിന്റെ നിലപാട്. വയൽക്കിളി ഐക്യദാർഢ്യ മാർച്ചിനു 'പുറത്തുനിന്നു' വരുന്നവരെ തടയുമോ എന്നു സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രദേശത്തു സംഘർഷത്തിനു സാധ്യതയുണ്ടെന്നു സ്‌പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വയൽക്കിളികളുടെ മാർച്ചിനു പൊലീസ് വെള്ളിയാഴ്ച രാത്രി വൈകിയാണ് അനുമതി നൽകിയത്.

മന്ത്രിജി.സുധാകരന്റെ കത്ത്

ബൈപാസ് വേണ്ട മേൽപ്പാലം മതി എന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ സംസ്ഥാനം സഹകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ബൈപാസിന്റെ അലൈന്മെന്റ് പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയാറാണെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബിജെപി സംസ്ഥാന നേതാക്കളെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുമുണ്ട്. ദേശീയപാത വികസിപ്പിക്കുമ്പോൾ തളിപ്പറമ്പിൽ സ്ഥലമെടുപ്പ് എളുപ്പമല്ലെന്നു ചൂണ്ടിക്കാട്ടിയാണു പട്ടണത്തിൽനിന്നു മാറി കീഴാറ്റൂർ വയലിലൂടെ ബൈപാസ് നിർദ്ദേശിക്കപ്പെട്ടത്.

നഗരത്തോടു ചേർന്നു മറ്റൊരു ഭാഗത്താണു ബൈപാസ് ആദ്യം ഉദ്ദേശിച്ചതെങ്കിലും അവിടെ നൂറ്റിഇരുപതോളം വീടുകളും മറ്റു കെട്ടിടങ്ങളും കുറച്ചു ഭാഗത്തു വയലുകളും നശിക്കുമെന്നതിനാൽ ജനവികാരവും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പും കണക്കിലെടുത്തു കീഴാറ്റൂർ വയലിലേക്കു മാറ്റുകയായിരുന്നു. പാടം നികത്തി റോഡ് പണിയുന്നതു ജൈവവ്യവസ്ഥയെ തകിടം മറിക്കുമെന്നും കടുത്ത വരൾച്ചയ്ക്ക് ഇടയാക്കുമെന്നും ആരോപിച്ചു സിപിഎം പ്രവർത്തകരുടെ തന്നെ മുൻകയ്യിലാണു വയൽക്കിളി കർഷക കൂട്ടായ്മ സമരം തുടങ്ങിയത്.

കീഴാറ്റൂരിനെ വെറുതെ വിടൂവെന്ന് ജയിംസ് മാത്യു എംഎൽഎ

അതേസമയം, ദേശീയപാത ബൈപാസ് കീഴാറ്റൂർ വയലിലൂടെ തന്നെയെന്ന് തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യു ആവർത്തിച്ചു. കീഴാറ്റൂരിൽ നിലവിലെ അലൈന്മെന്റ് പ്രകാരം ഏറ്റെടുക്കുന്ന സ്ഥലത്തു തന്നെ എലവേറ്റഡ് ഹൈവേ (ആകാശപ്പാത) നിർമ്മിക്കാനാണു കേന്ദ്രത്തോടു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നതെന്നും എംഎൽഎ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കീഴാറ്റൂരിലെ കർഷകരുടെ സമരത്തിനു പ്രചാരണം നൽകുന്നതിനു മാധ്യമങ്ങളെയും പരിസ്ഥിതി പ്രവർത്തകരെയും എംഎൽഎ രൂക്ഷമായി വിമർശിച്ചു. റോഡിനു വേണ്ടി കെട്ടിടങ്ങൾ പൊളിച്ചാലും പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാവില്ലേ എന്നും എംഎൽഎ ചോദിച്ചു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ദേശീയപാത അഥോറിറ്റി സ്വകാര്യ ഏജൻസി വഴി പഠനം നടത്തി തീരുമാനിച്ച സ്ഥലം ഏറ്റെടുത്തു കൊടുക്കുക മാത്രമാണു സംസ്ഥാനം ചെയ്യുന്നതെന്നു ജയിംസ് മാത്യു പറഞ്ഞു. കീഴാറ്റൂർ വയലാണു വേണ്ടതെന്നു കേന്ദ്രം പറഞ്ഞാൽ അത് ഏറ്റെടുത്തു കൊടുക്കും. അതല്ല, നാളെ വേറൊരു സ്ഥലമാണ് ആവശ്യപ്പെടുന്നതെങ്കിൽ അതും കൊടുക്കും. കേന്ദ്രം പറയുന്നതു പ്രകാരം സ്ഥലമെടുത്തു കൊടുക്കാൻ സംസ്ഥാന സർക്കാരിന് ഇച്ഛാശക്തി വേണം. പിണറായി വിജയൻ സർക്കാരിന് അതുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഒന്നും ചെയ്തില്ല. അതു കൊണ്ട് ആരെയും മുഷിപ്പിക്കേണ്ടി വന്നില്ല. ദേശീയപാത വികസനം, ജലപാത, ഗെയിൽ പൈപ്പ് ലൈൻ, റെയിൽവേ വികസനം...ഒന്നിനും യുഡിഎഫ് സർക്കാർ സ്ഥലമേറ്റെടുത്തു കൊടുത്തില്ല. തലശ്ശേരി ബൈപാസിനു വേണ്ടി 39 കൊല്ലം മുൻപ് ഏറ്റെടുത്ത സ്ഥലത്തു പോലും നിർമ്മാണം തുടങ്ങിയതു പിണറായി മുഖ്യമന്ത്രിയായ ശേഷമാണ്.

കീഴാറ്റൂർ വഴിയുള്ള നിലവിലെ അലൈന്മെന്റ് മാറ്റാൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. തണ്ണീർത്തടങ്ങൾ നികത്തുന്നത് ഒഴിവാക്കാൻ ആ സ്ഥലങ്ങളിൽ എലവേറ്റഡ് ഹൈവേ നിർമ്മിക്കുന്ന കാര്യം പരിഗണിക്കണമെന്നു താൻ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. അതുപ്രകാരം മന്ത്രി ജി.സുധാകരൻ എൻഎച്ച് അഥോറിറ്റിക്കു കത്തെഴുതിയിട്ടുണ്ട്. കീഴാറ്റൂരിലെ സമരവും അതിന്റെ പേരിൽ മാധ്യമങ്ങൾ നടത്തുന്ന കോലാഹലവും കാരണമാണ് ഇപ്പോൾ എലവേറ്റഡ് ഹൈവേ ആവശ്യപ്പെടുന്നത്. ആദ്യത്തെ അലൈന്മെന്റ് പ്രകാരം തളിപ്പറമ്പ് ടൗണിലെ 298 കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമായിരുന്നു. രണ്ടാമത്തെ അലൈന്മെന്റ് പ്രകാരം 78 കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും. അവിടങ്ങളിൽ പ്രതിഷേധമുണ്ടായതു കൊണ്ടാണു ബൈപാസ് കീഴാറ്റൂരിലേക്കു മാറ്റിയത്. തളിപ്പറമ്പ് ടൗണിലാണു സ്ഥലം വേണ്ടതെന്നു കേന്ദ്രം പറഞ്ഞാൽ അതും സംസ്ഥാനം അംഗീകരിക്കും. പക്ഷേ അവിടെയും എതിർപ്പുണ്ടാവും.

തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും കൊടുങ്ങല്ലൂരിലുമൊക്കെ പാടംനികത്തി റോഡ് പണിയുമ്പോൾ സുഗതകുമാരിയെപ്പോലുള്ളവരുടെ കണ്ണീരു കണ്ടില്ലല്ലോ. അവർ എവിടെയായിരുന്നു? കീഴാറ്റൂരിൽ വന്ന് അസ്വസ്ഥരായി കണ്ണീരൊഴുക്കുന്നതു കപട പരിസ്ഥിതിവാദികളാണ്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലുമൊന്നും ബൈപാസ് വേണ്ടെങ്കിൽ തളിപ്പറമ്പുകാർക്കും വേണ്ട. നെൽവയലും തണ്ണീർത്തടവും നികത്താതെ രണ്ടുവരിപ്പാത നാലുവരിപ്പാതയാക്കാനാവില്ല.

കീഴാറ്റൂരിൽ മാധ്യമങ്ങൾ ആടിനെ പട്ടിയാക്കുകയാണ്. പട്ടിയെ പേപ്പട്ടിയാക്കുന്നു. കീഴാറ്റൂരിലെ പാടത്ത് 1000 മീറ്റർ മാത്രം നീളവും 45 മീറ്റർ മാത്രം വീതിയുമുള്ള സ്ഥലത്ത് എന്തെങ്കിലും തമോഗർത്തമുണ്ടോ? നാട്ടുകാർ എതിർക്കുന്നു, ബൈപാസ് വേണ്ട, എലവേറ്റഡ് ഹൈവേ മതി എന്നു പറഞ്ഞാൽ എൻഎച്ച് അഥോറിറ്റി പറയും നിങ്ങളുടെ സംസ്ഥാനത്ത് ഒരു വികസനവും നടക്കില്ല എന്ന്. നാടിനെ കത്തിക്കുകയാണു മാധ്യമങ്ങൾ. മാധ്യമങ്ങളിൽ ഇടംകിട്ടുമെങ്കിൽ ആരും എന്തും പറയും.

കീഴാറ്റൂരിൽ ഇപ്പോൾ ഗ്രഹണമാണ്. ഗ്രഹണകാലത്തു ഞാഞ്ഞൂളും തലപൊക്കുമല്ലോ. അതാണു ശാസ്ത്രസാഹിത്യ പരിഷത്ത് ചെയ്യുന്നത്. കേരള ശാസ്ത സാഹിത്യ പരിഷത്ത് കീഴാറ്റൂർ സാഹിത്യ പരിഷത്ത് ആയോ എന്നു സംശയമുണ്ട്. സമരത്തിന്റെ പേരിൽ കീഴാറ്റൂരിനെ മാധ്യമങ്ങൾ അപമാനിക്കുകയാണെന്നും ജയിംസ് മാത്യു ആരോപിച്ചു. കീഴാറ്റൂർ വയലിലെ സമരപ്പന്തൽ കത്തിച്ചതു കോടതിയിൽ പോലും നിൽക്കാത്ത കേസാണ്. സ്ഥലത്തിന്റെ ഉടമയ്ക്കു പോലും അതിൽ പരാതിയില്ല. സമരപ്പന്തൽ കത്തുന്നതു ചാനലുകൾ സ്ഥിരമായി കാണിച്ചു നാടിനെ കത്തിക്കുകയാണെന്നും ജയിംസ് മാത്യു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP