Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി വന്ന ശേഷമാണ് ആരോഗ്യനില മോശമായത്; അബോധാവസ്ഥയിൽ അല്ലായിരുന്നെങ്കിൽ ആശുപത്രിയിൽ പോകാൻ അമ്മ സമ്മതിക്കില്ലായിരുന്നു; ജയലളിതയ്ക്ക് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി ശശികല

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി വന്ന ശേഷമാണ് ആരോഗ്യനില മോശമായത്; അബോധാവസ്ഥയിൽ അല്ലായിരുന്നെങ്കിൽ ആശുപത്രിയിൽ പോകാൻ അമ്മ സമ്മതിക്കില്ലായിരുന്നു; ജയലളിതയ്ക്ക് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി ശശികല

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ ചൊല്ലി ഏറെ പഴി കേട്ടവരാണ് അണ്ണാ ഡിഎംകെ വിമതപക്ഷം നേതാവായ ശശികല. ജയലളിതയുടെ ഉറ്റതോഴിയായ അവർ നേതാവിനെ വകവരുത്തിയെന്ന് വരെ എതിരാളികൾ ആരോപിച്ചിരുന്നു.എടപ്പാടി പളനിസാമിയുടെയും പനീർസെൽവത്തിന്റെയും നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷമാണ് ഏറ്റവും ശക്തമായി ഈ ആരോപണം ഉന്നയിച്ചത്.

ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് ശശികല ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരുവിലെ വിചാരണ കോടതി 2014 സെപ്റ്റംബറിൽ കുറ്റക്കാരിയാണെന്ന് വിധിച്ചതിന് പിന്നാലെയാണ് ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതെന്ന് ശശികല പറയുന്നു. 2014 നവംബറിനും 2016 സെപ്റ്റംബറിനും ഇടയിൽ 20 ഡോക്ടർമാരുടെ കീഴിൽ ജയലളിത ചികിത്സ തേടിയിട്ടുണ്ടെന്നും ജസ്റ്റീസ് അറുമുഖസ്വാമി കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ശശികല വ്യക്തമാക്കിയിട്ടുണ്ട്.

2016 സെപ്റ്റംബർ 22ന് രാത്രി ഒൻപതോടെ ജയലളിതയെ പോയസ് ഗാർഡനിലെ കുളിമുറിയിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. തുടർന്ന് താൻ താങ്ങിയെടുത്ത് ജയലളിതയെ ബെഡ്‌റൂമിലെ കട്ടിലിൽ കിടത്തി. പിന്നീടാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ശശികല പറയുന്നു. ആശുപത്രിയിൽ എത്തിയതിന്റെ അടുത്ത ദിവസം അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും സംസാരിച്ചു തുടങ്ങിയെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അബോധാവസ്ഥയിൽ കിടന്നതുകൊണ്ടാണ് ജയലളിതയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതെന്നും അല്ലാത്തപക്ഷം ആശുപത്രിയിൽ പോകാൻ അവർ സമ്മതിക്കില്ലായിരുന്നുവെന്നും ശശികല പറയുന്നു. ആശുപത്രി വാസത്തിനിടെ ജയലളിതയെ കാണാൻ എത്തിയ മന്ത്രിമാരുടെ പേര് വിവരങ്ങളും ശശികല കമ്മീഷന് നൽകിയിട്ടുണ്ട്. ഇതിൽ തൊഴിൽ മന്ത്രി നിലോഫർ ഖഫീലും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ എം.തന്പിദുരെയും ഉൾപ്പെടുന്നുണ്ട്. തമിഴ്‌നാട് ഗവർണർ സി.വിദ്യാസാഗർ റാവു രണ്ടു തവണ ജയലളിതയെ കാണാൻ എത്തി. ചില്ലുകൂട്ടിലൂടെ ഗവർണറെ അവർ കൈവീശി കാണിച്ചുവെന്നും ശശികല പറയുന്നു.

2016 സെപ്റ്റംബർ 28ന് ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷമാണ് സ്ഥിതി ഗുരുതരമായതെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി രാമ മോഹൻ റാവു, ഉപദേശക ഷീല ബാലകൃഷ്ണൻ തുടങ്ങിയവരാണ് ഉന്നതതല യോഗത്തിൽ പങ്കെടുത്തത്. ഇതിന് പിന്നാലെ സ്ഥിതി വഷളായപ്പോൾ എയിംസിൽ നിന്നുള്ള ഡോക്ടർമാർ എത്തി പരിശോധിച്ച് ശ്വാസനാള ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് പത്ത് ദിവസത്തിന് ശേഷം അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ട്യൂബുകൾ എടുത്തുമാറ്റിയെന്നും ചെറിയ വ്യായാമങ്ങൾ ചെയ്തു തുടങ്ങിയിരുന്നുവെന്നും ശശികല പറയുന്നു. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികയിൽ കൈവിരൽ പതിച്ചാണ് ജയലളിത ഒപ്പുവച്ചത്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ജയലളിത സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയാണ് പാർട്ടി എംപിമാർക്ക് നൽകിയത്. ഇതിന്റെ പകർപ്പ് പോയസ് ഗാർഡനിലെ തന്റെ മുറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ശശികല സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

രോഗാവസ്ഥയിൽ ആരും കാണാൻ വരുന്നത് ജയലളിത ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അനുവാദം നൽകുന്നവരെ മാത്രമാണ് സന്ദർശനത്തിന് കയറ്റിയിരുന്നതെന്നും ശശികല കമ്മീഷനെ അറിയിച്ചിട്ടുണ്ട്. 55 പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണ് ശശികല കമ്മീഷന് നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP