Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവരെ കൊലപ്പെടുത്തിയെന്നു കഴിഞ്ഞ മൂന്നു വർഷമായി ഞാൻ പറയുകയാണ്; കേന്ദ്രസർക്കാർ ഇത്രയും നാൾ എന്തിന് എന്നെ അവിശ്വസിച്ചു? ഇന്ത്യക്കാർ കൊല്ലപ്പെട്ട വിവരം പുറത്തു പറയരുതെന്ന് അവർ ആവശ്യപ്പെട്ടു; കേന്ദ്ര സർക്കാർ ഇറാഖിലെ ഇന്ത്യക്കാരുടെ മരണം മറച്ചുവെന്ന് രക്ഷപ്പെട്ട ഹർജിത് മസിഹ്

അവരെ കൊലപ്പെടുത്തിയെന്നു കഴിഞ്ഞ മൂന്നു വർഷമായി ഞാൻ പറയുകയാണ്; കേന്ദ്രസർക്കാർ ഇത്രയും നാൾ എന്തിന് എന്നെ അവിശ്വസിച്ചു? ഇന്ത്യക്കാർ കൊല്ലപ്പെട്ട വിവരം പുറത്തു പറയരുതെന്ന് അവർ ആവശ്യപ്പെട്ടു; കേന്ദ്ര സർക്കാർ ഇറാഖിലെ ഇന്ത്യക്കാരുടെ മരണം മറച്ചുവെന്ന് രക്ഷപ്പെട്ട ഹർജിത് മസിഹ്

ന്യൂഡൽഹി: ഇറാഖിലെ മൊസൂളിലുള്ള ഇന്ത്യക്കാരുടെ മരണം താൻ എത്രയോ നാളുകൾ മുമ്പേ പറഞ്ഞതാണെന്നും കേന്ദ്രസർക്കാർ ഇത്രയും നാൾ എന്തിന് എന്നെ അവിശ്വസിച്ചുവെന്ന് മനസ്സിലാവുന്നില്ലെന്നും ചോദിക്കകയാണ് മൊസൂളിൽ നിന്ന് രക്ഷപ്പെട്ട ഹർജിത് മസിഹ്. ഗുർദാസ്പുരിലെ കാലാ അഫ്ഗാന ഗ്രാമവാസിയായ ഹർജിത് മസിഹിനെ മൊസൂളിൽ പ്രവർത്തിച്ചിരുന്ന തുർക്കി നിർമ്മാണക്കമ്പനിയിൽ ജീവനക്കാരനായിരുന്നപ്പോഴാണ് ഐ എസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയത്.

ഇറാഖിലെ ഇന്ത്യക്കാരുടെ വിഷയത്തിൽ കേന്ദ്രത്തിന്റെ അലംഭാവം തുറന്ന് കാണിക്കുന്നതാണ് ഹർജിതിന്റെ വെളിപ്പെടുത്തൽ. രക്ഷപ്പെട്ട് തിരിച്ചെത്തിയ മസിഹിനെ മൂന്നു മാസത്തോളം സുരക്ഷാ ഏജൻസികൾ ഒളിവിൽ പാർപ്പിച്ചു. ഇന്ത്യക്കാർ കൊല്ലപ്പെട്ട വിവരം പുറത്തു പറയരുതെന്ന് അവർ ആവശ്യപ്പെട്ടതായി മസിഹ് പറയുന്നു.

ഒളിവുജീവിതത്തിനു ശേഷം ഗുർദാസ്പുരിൽ മടങ്ങിയെത്തിയ മസിഹ് സത്യം പുറംലോകത്തെ അറിയിച്ചെങ്കിലും കള്ളം പറയുകയാണെന്നും കൊലപാതകം സ്ഥിരീകരിക്കുന്നതിനുള്ള വിവരങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നുമുള്ള നിലപാടിലായിരുന്നു കേന്ദ്രസർക്കാർ ഉണ്ടായിരുന്നത്. പിന്നീട് ഇപ്പോഴാണ് കേന്ദ്രം മരണം സ്ഥിരീകരിക്കുന്നത്.

''സിറിയയിലെ യുദ്ധം ഇറാഖിലേക്കും പടർന്നതായി മെയ്‌ അവസാനത്തോടെ ഞങ്ങൾക്കു വിവരം ലഭിച്ചു. സമീപം സേനാ ആസ്ഥാനമുള്ളതുകൊണ്ടു ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നു കമ്പനി അധികൃതർ ഉറപ്പു നൽകിയിരുന്നു. ജൂൺ പത്തിന് ആസ്ഥാനത്തേക്കു നിരന്തരം വെടിവയ്പുണ്ടായി. പ്രത്യാക്രമണം നടന്നെങ്കിലും പിറ്റേന്ന് ആസ്ഥാനം ഭീകരർ പിടിച്ചെടുത്തു. ഇന്ത്യക്കാരും ബംഗ്ലാദേശികളും മാത്രമായിരുന്നു ക്യാംപിലുണ്ടായിരുന്നത്.

അന്നു രാത്രി 35 ഭീകരർ ക്യാംപിലെത്തി ഞങ്ങളോടു ട്രക്കിൽ കയറാൻ ആവശ്യപ്പെട്ടു. അഞ്ചു കിലോമീറ്റർ അകലെയുള്ള അൽ മൻസൂർ വ്യവസായ മേഖലയിലേക്കെത്തിച്ചു. എല്ലാവർക്കും ഭക്ഷണം നൽകി. വീടുകളിലേക്കു വിളിക്കാൻ ഞങ്ങളെ അനുവദിച്ചു. മൊബൈൽ റീചാർജ് കാർഡ് പോലും ലഭ്യമാക്കി. ''സുരക്ഷിതരാണെന്നു ഞങ്ങൾ കരുതിയിരിക്കെ, 15ന് അവർ ഇന്ത്യക്കാരെ മാത്രം മറ്റൊരിടത്തേക്കു കൊണ്ടുപോയി. ഇന്ത്യയിലേക്കു മടക്കി അയയ്ക്കാൻ എർബിലിലേക്കു കൊണ്ടുപോകുന്നുവെന്നാണു ഞങ്ങൾ കരുതിയത്. കണ്ടെയ്‌നർ ട്രക്കിലായിരുന്നു യാത്ര. ഏതാനും മണിക്കൂർ സഞ്ചരിച്ച ഞങ്ങൾ മൊസൂളിനു പുറത്തുള്ള മരുഭൂമിയിലെത്തി. നാൽപതോളം ഭീകരർ അവിടെയുണ്ടായിരുന്നു.

ഇന്ത്യക്കാർ എന്തിന് ഇറാഖിൽ വന്നുവെന്നു സംഘത്തലവൻ ഞങ്ങളോട് ആക്രോശിച്ചു. ജീവൻ അപകടത്തിലാണെന്നു ഞങ്ങൾ മനസ്സിലാക്കി. ഞങ്ങളെല്ലാവരും കൈകൾ കൂപ്പി കേണപേക്ഷിച്ചു. ആരും കേട്ടില്ല. മുട്ടുകുത്തി ഇരിക്കാൻ അവർ ആവശ്യപ്പെട്ടു. ഇതെല്ലാം ഒരാൾ ക്യാമറയിൽ പകർത്തി. ബംഗാൾ സ്വദേശി സമൽ, പഞ്ചാബിൽനിന്നുള്ള ബൽവന്ത് റായ് സിങ് എന്നിവർക്കു നടുവിലായി ഞാൻ ഇരുന്നു. തൊട്ടുപിന്നാലെ വെടിശബ്ദം മുഴങ്ങി. ഓരോരുത്തരായി താഴേക്കു വീണു. സമൽ വീണതിനു പിന്നാലെ എന്റെനേർക്കു വെടിയുണ്ട പാഞ്ഞു. തുടയിൽ വെടിയേറ്റ ഞാൻ സമലിന്റെ പുറത്തേക്കു വീണു; ബൽവന്ത് എന്റെമേലും. വെടിവയ്പ് ഒന്നര മിനിറ്റു നീണ്ടു. ഞാൻ മരിച്ചപോലെ ചലനമറ്റു കിടന്നു. അൽപനേരത്തിനുശേഷം ഭീകരർ അവിടെനിന്നു പോയി.

ഒരുവിധത്തിൽ എഴുന്നേറ്റു മരുഭൂമിയിലൂടെ നടന്ന ഞാൻ റോഡിലെത്തി. ഒരു ടാക്‌സിക്കാരൻ എന്നെ മൊസൂളിലെത്തിച്ചു. ബംഗ്ലാദേശി ജീവനക്കാർ അവിടെയുണ്ടായിരുന്നു. ഞാനും ബംഗ്ലാദേശിയാണെന്നു മൊസൂളിലെ ഭീകരരോടു നുണ പറഞ്ഞു. അതു വിശ്വസിച്ച അവർ എന്നെ എർബിലിലെത്തിച്ചു. തുടർന്നു വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ, ബദ്ഗാദിലെ ഇന്ത്യൻ എംബസിയുടെ നമ്പർ ലഭിച്ചു. എംബസിയുടെ സഹായത്തോടെ ദോഹ വഴി ഇന്ത്യയിലെത്തി.'' - മസിഹ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP