Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാങ്കുകളുടെ കഴുത്തറപ്പൻ സർവീസ് ചാർജ്ജിൽ നിന്നും രക്ഷപെടാൻ എടുത്തുചാടി പോസ്റ്റ് ഓഫീസ് ബാങ്കിൽ അക്കൗണ്ട് എടുത്താൽ നിങ്ങളും വെട്ടിൽ വീഴും; അക്കൗണ്ടിൽ പണം അടക്കലും ചെക്ക് പാസാക്കിയെടുക്കലും എളുപ്പമല്ലെന്ന് അനുഭവസ്ഥർ; കുടത്തിൽ തലയിട്ട പട്ടിയുടെ അവസ്ഥയിലായി എന്നു പറഞ്ഞ് പാല മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്

ബാങ്കുകളുടെ കഴുത്തറപ്പൻ സർവീസ് ചാർജ്ജിൽ നിന്നും രക്ഷപെടാൻ എടുത്തുചാടി പോസ്റ്റ് ഓഫീസ് ബാങ്കിൽ അക്കൗണ്ട് എടുത്താൽ നിങ്ങളും വെട്ടിൽ വീഴും; അക്കൗണ്ടിൽ പണം അടക്കലും ചെക്ക് പാസാക്കിയെടുക്കലും എളുപ്പമല്ലെന്ന് അനുഭവസ്ഥർ; കുടത്തിൽ തലയിട്ട പട്ടിയുടെ അവസ്ഥയിലായി എന്നു പറഞ്ഞ് പാല മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: നാഷണലൈസ്ഡ് ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും ഇടപാടുകാരിൽനിന്നും സർവ്വീസ് ചാർജ്ജ് ഇനത്തിൽ വൻതുക ഈടാക്കുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ അടക്കം പോസ്‌റ്റോഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് എടുത്താൽ ഗുണകരമാകുമെന്ന വ്യാപക പ്രചരണം നടത്തിയത്. പോസ്‌റ്റോഫീസികളെ ബാങ്കിങ് സംവിധാനത്തിലേക്ക് ഉടച്ചു വാർക്കുന്ന നീക്കമെന്ന വിധത്തിലാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്.

അക്കൗണ്ട് തുടങ്ങുവാൻ വേണ്ടത് വെറും നൂറ് രൂപ മാത്രം മതിയെന്ന വാഗ്ദാനം മുന്നോട്ടു വച്ചാണ് ഈ സംവിധാനം വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ രംഗത്തിറങ്ങിയത്. ആധാർ കാർഡിന്റെ പകർപ്പ്, രണ്ടു ഫോട്ടോ എന്നിവയും പാൻ കാർഡ് ഉണ്ടെങ്കിൽ അതിന്റെ കോപ്പിയുമായി ഏറ്റവും അടുത്ത തപാൽ ആഫീസിൽ ചെന്നാൽ ഏതൊരാൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാം. അപ്പോൾതന്നെ എടിഎം കാർഡും ഉപഭോക്താവിന് ലഭിക്കും. ഇതുപയോഗിച്ച് ഏത് ബാങ്കിൽനിന്നും സർവ്വീസ് ചാർജ്ജുകൾ ഒന്നുമില്ലാതെ പണം പിൻവലിക്കുകയും ചെയ്യാം എന്നുള്ളതാണ് സവിശേഷതയായി കണ്ടു. മറ്റുബാങ്കുകൾ ഇടപാടുകാരിൽ നിന്നും വിവിധ ഇലങ്ങളിലായി തുക വസൂലാക്കുമ്പോഴാണ് രാജ്യത്തെമ്പാടുമുള്ള പോസ്റ്റൽ സേവിങ്സ് ബാങ്കിന്റെ സേവനം ജനങ്ങൾക്ക് ഉപകാരമാകുമെന്നുമായിരുന്നു വ്യാപക പ്രചരണം.

ഈ പ്രചരണങ്ങളിൽ എത്രകണ്ട് വാസ്തവം ഉണ്ട്? പോസ്‌റ്റോഫീസ് സേവിങ് ബാങ്കിൽ അക്കൗണ്ട് എടുത്ത ഒരു അനുഭവസ്ഥർ പറയുന്നത് സോഷ്യൽ മീഡിയ പറയുന്നതു പോലെ സേവിങ്‌സ് അക്കൗണ്ട് തുറന്നാൽ കാര്യങ്ങൾ അത്രയ്ക്ക് എളുപ്പമല്ലെന്നാണ്. നാട്ടിലെ ബാങ്കുകളുടെ കൊള്ളയിൽ പൊറുതിമുട്ടി നിൽക്കുന്ന പൊതുജനം വ്യാപകമായി വാട്‌സ് ആപ്പ് സന്ദേശങ്ങൾ ഷെയർ ചെയ്യുമ്പോൾ പാല സ്വദേശി എബി ജെ. ജോസിന് പറയാനു്ള്ളത് വ്യത്യസ്തമായ കഥയാണ്. പോസ്റ്റ് ഓഫീസ് ബാങ്കിൽ അക്കൗണ്ട് എടുത്ത ശേഷം ചെക്ക് വഴി തുക നൽകാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് പറഞ്ഞാണ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി പറയുന്നത്.

നിയമവിരുദ്ധമായി പോസ്റ്റ് ഓഫീസ് ചെക്ക് പാസാക്കി നൽകിയ അനുഭവവുമാണ് എബി പങ്കുവെക്കുന്നത്. കുടത്തിൽ തലയിട്ട പട്ടിയുടെ അവസ്ഥയിലാണ് താനെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത പോസ്റ്റിൽ പറയുന്നത്. പോസ്‌റ്റോഫീസ് അധികൃതർക്കെതിരെ തിരുവനന്തപുരത്തെത്തി ഒറ്റയാൾ പോരാട്ടവും അദ്ദേഹം നടത്തി.

പോസ്റ്റ് ഓഫീസ് ബാങ്കിൽ അക്കൗണ്ട് എടുത്ത തന്റെ അനുഭവം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ:

പോസ്റ്റ് ഓഫീസ് റിക്കറിങ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് വേണ്ടി മാത്രമാണ് ഞാൻ പോസ്റ്റ് ഓഫീസ് ബാങ്കിൽ അക്കൗണ്ട് എടുത്തത്. കോട്ടയം ജില്ലയിലെ അരുണാപുരം, പുലിയന്നൂർ പോസ്റ്റ് ഓഫീസുകളിലാണ് റിക്കറിങ് അക്കൗണ്ട് ഉള്ളത്. പണം ശേഖരിക്കാൻ വരുന്ന ഏജന്റ് വശം പോസ്റ്റ് അടയ്ക്കാനുള്ള തുകയ്ക്കുള്ള ഓഫീസ് ബാങ്കിന്റെ ചെക്കു നൽകി. എന്റെ പേരെഴുതി അക്കൗണ്ട് പേയി ആയി ക്രോസ് ചെയ്താണ് ചെക്കു നൽകിയത്. എന്നാൽ പോസ്റ്റ് ഓഫീസിൽ നിന്നും ചെക്കു നിരസിച്ചു. കാരണം രേഖാമൂലം നൽകാൻ അധികൃതർ കൂട്ടാക്കിയില്ല. ക്രോസ് ചെയ്ത ചെക്കിനു പിന്നിൽ ഒപ്പു വച്ചു നൽകിയാൽ ചെക്ക് എടുക്കുമെന്ന് പറഞ്ഞതായി ഏജന്റ് അറിയിച്ചു. എന്തിനാണെന്നു ചോദിച്ചപ്പോൾ അക്കൗണ്ട് പേയി ആയി എന്റെ പേരിൽ നൽകിയ ചെക്കിലെ തുക ഏജന്റിനു നൽകാനാണെന്നും ആ തുക ഏജന്റിനെക്കൊണ്ട് എന്റെ പേരിൽ അടപ്പിക്കാനാണെന്നും പറഞ്ഞു.

അങ്ങനെ നിയമവിരുദ്ധമായി മൂന്നിലേറെ തവണ ഇരു പോസ്റ്റ് ഓഫീസുകളിലും ചെക്കു പാസാക്കി നൽകി. ഇതിനെതിരെ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് അടക്കം പരാതി പറഞ്ഞുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേത്തുടർന്നു പോസ്റ്റ്മാസ്റ്റർ ജനറൽ തിരുവനന്തപുരത്തിനു 2018 ജനുവരി 16-ന് [email protected] എന്ന ഇമെയിലിൽ പരാതി നൽകി.

1. ആർ.ഡി. അക്കൗണ്ടിൽ പോസ്റ്റൽ ബാങ്ക് വഴി നേരിട്ടു പണം അടക്കാൻ സാധിക്കില്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ട്?

2. ചെക്കു മടക്കിയാൽ കാരണം രേഖാമൂലം അറിയിക്കാത്തതിനു കാരണം എന്താണ്? അത് ഉപഭോക്താവിന്റെ അവകാശമല്ലേ?

3. അക്കൗണ്ട് പേയി ആയി ക്രോസ് ചെയ്തു നൽകുന്ന ചെക്ക് ചെക്കിൽ കാണിക്കുന്ന ആളുടെ അക്കൗണ്ടിലേയ്ക്ക് നൽകുന്നതിനു പകരം ചെക്കുമായി ചെല്ലുന്ന ആൾക്ക് പണം നൽകുന്നത് ഗുരുതരമായ കുറ്റമല്ലേ?

തുടങ്ങിയ ചോദ്യങ്ങളും പരാതിയിൽ ഉന്നയിച്ചു. മറുപടിപോലും ഇതേവരെ നൽകിയിട്ടില്ല.

തുടർന്നു 9447864186, 9446940666 എന്നീ നമ്പരുകളിൽ ഇതിന്റെ ചുമതലപ്പെട്ടവരെ വിളിച്ചു പരാതി പറഞ്ഞു. നടപടി ഉണ്ടാവാതെ വന്നതിനാൽ തിരുവനന്തപുരത്ത് എത്തി 9446940666 നമ്പർ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥയെ ഫെബ്രുവരി 19 നു നേരിൽ കണ്ടു പരാതി പറഞ്ഞു. ശരിയാക്കാം എന്നു പറഞ്ഞുവെങ്കിലും ഇതേ വരെ മറുപടി പോലും നൽകാൻ കൂട്ടാക്കിയിട്ടില്ല. തുടർന്നു ഏതാനും ദിവസം മുമ്പ് 9447864186 നമ്പർ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനെ വിളിച്ചു. സംസാരിച്ചുകൊണ്ടിരിക്കെ ഫോൺ കട്ടാക്കി. ഇവർക്കൊന്നും പ്രശ്‌നം എന്താണെന്നു തിരക്കുന്നതിനോ പരിഹരിക്കുന്നതിനോ താത്പര്യവും ഇല്ല. ഏതാണ്ട് കഴിഞ്ഞ ആറുമാസകാലത്തിലേറെയായി ഇതിനു പരിഹാരം തേടി അലയുകയാണ്. കഴിഞ്ഞ ദിവസം കൊടുത്ത ചെക്കുകളും പോസ്റ്റ് ഓഫീസിൽ നിന്നും കാരണം കൂടാതെ മടക്കി നൽകി.

എവിടെ പരാതി കൊടുക്കണം? ആരിതു പരിഹരിക്കും? ഇതിനൊന്നും ഉത്തരം നൽകാൻ പോസ്റ്റ് ഓഫീസ് അധികൃതർക്കാകുന്നില്ല. പോസ്റ്റ് ഓഫീസ് ബാങ്കിന്റെ ചെക്കുപോലും നേരായ വിധം കൈകാര്യം ചെയ്യാനറിയാത്ത ഇവരെങ്ങനെ ബാങ്കിങ് നടത്തും?

ഡിജിറ്റൽ ഇന്ത്യ, ക്യാഷ്‌ലെസ് ഇന്ത്യ എന്നൊക്കെ പറയുന്നുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ഇപ്പോഴും മാറിയിട്ടില്ല;പുറംമോടി ഒഴിച്ച്.

അതുകൊണ്ട് വല്ലവനും പറയുന്നതു കേട്ട് പോസ്റ്റൽ ബാങ്കിൽ അക്കൗണ്ട് എടുത്താൽ കുടത്തിൽ തലയിട്ട പട്ടിയുടെ അവസ്ഥ പോലെയാകും ഫലം എന്നതിൽ തർക്കമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP