Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലോങ് മാർച്ചുമായി സിപിഎം നീങ്ങുമ്പോൾ കേരളത്തിൽ കീഴാറ്റൂർ സമരം ഏറ്റെടുത്ത് ബിജെപി; ദേശീയ പാതാ അലൈന്മെന്റിൽ മാറ്റംവരുത്താൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനും തീരുമാനം; പ്രതിഷേധക്കാരുടെ അറസ്റ്റിന് പിന്നാലെ സമരപ്പന്തൽ സിപിഎമ്മുകാർ കത്തിച്ചത് വിവാദമായതോടെ വയൽക്കിളി വിഷയം ഏറ്റെടുക്കാനൊരുങ്ങി സിപിഐ (എംഎൽ) റെഡ് സ്റ്റാറും

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലോങ് മാർച്ചുമായി സിപിഎം നീങ്ങുമ്പോൾ കേരളത്തിൽ കീഴാറ്റൂർ സമരം ഏറ്റെടുത്ത് ബിജെപി; ദേശീയ പാതാ അലൈന്മെന്റിൽ മാറ്റംവരുത്താൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനും തീരുമാനം; പ്രതിഷേധക്കാരുടെ അറസ്റ്റിന് പിന്നാലെ  സമരപ്പന്തൽ സിപിഎമ്മുകാർ കത്തിച്ചത് വിവാദമായതോടെ വയൽക്കിളി വിഷയം ഏറ്റെടുക്കാനൊരുങ്ങി സിപിഐ (എംഎൽ) റെഡ് സ്റ്റാറും

രഞ്ജിത് ബാബു

കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരംബിജെപി ഏറ്റെടുത്തു. സിപിഎം പാർട്ടി ഗ്രാമത്തിൽ വേരൂന്നുക എന്ന ലക്ഷ്യത്തോടെ വയൽക്കിളി സമരത്തിന് പിൻതുണ നൽകി സമര രംഗത്ത് ഇറങ്ങാനാണ് ബിജെപി. ആലോചിക്കുന്നത്. ബിജെപി. സംസ്ഥാന പരിസ്ഥിതി സെല്ലിനെ മുൻ നിർത്തി സമര രംഗത്തേക്ക് ബിജെപി എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

വയൽക്കിളികൾ നടത്തുന്ന സമരം സിപിഎമ്മും കേരളാ പൊലീസും ഒരുമിച്ച് നിന്ന് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് ബിജെപി. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. വയൽക്കിളി സമരക്കാരെ അറസ്റ്റ് ചെയ്ത നടപടിയെ അദ്ദേഹം അപലപിക്കുകയും ചെയ്തു. ബിജെപി സമരം ഏറ്റെടുക്കാനും കർഷകരുടെ രക്ഷയ്ക്ക് എന്ന മുദ്രാവാക്യവുമായി പിണറായി സർക്കാരിന്റെ നടപടികൾക്ക് എതിരെ മുന്നോട്ടുവരാനും തയ്യാറാവുന്നതോടെ വയൽക്കിളി സമരം പുതിയ തലത്തിലേക്ക് മാറുകയാണ്.

ഇന്നലെയാണ് കീഴാറ്റൂരിൽ സമരക്കാർക്ക് എതിരെ പൊലീസ് നടപടിയുണ്ടാവുകയും ഇതിന് പിന്നാലെ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ സമരപ്പന്തൽ കത്തിക്കുകയും ചെയ്തത്. ഇതോടെ വിഷയം വലിയ ചർച്ചയായി. കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ നടപടിയുണ്ടാവുമെന്ന് തിരുവനന്തപുരത്ത് വിളിച്ചുവരുത്തി നൽകിയ ഉറപ്പിൽ നിന്ന് സർക്കാർ പി്‌ന്നോട്ടുപോകുന്ന കാഴ്ചയ്ക്കാണ് കീഴാറ്റൂരിലെ വയൽക്കിളി സമരവേദി സാക്ഷ്യം വഹിച്ചത്. പരിസ്ഥിതിക്കും കൃഷിക്കും കോട്ടംതട്ടാത്ത വിധത്തിലേ വികസനം നടപ്പാക്കൂ എന്ന പ്രഖ്യാപിത അജണ്ട പിണറായി സർക്കാർ അട്ടിമറിച്ചതായി ഇതോടെ വിമർശനവും ഉയർന്നു. കർഷകരുടെ സമരത്തിന് എതിരെ സിപിഎമ്മും പൊലീസും ഭരണകൂടവും ഒരേപോലെ നിലകൊണ്ടതോടെ വിഷയം വലിയ ചർച്ചയായി മാറുകയാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കർഷകരെ സർക്കാരിനെതിരെ അണിനിരത്തിക്കൊണ്ട് സിപിഎം ദേശവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചുവരികയാണ്. ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിൽ കർഷകരുടെ ലോങ്മാർച്ച് നടത്തി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കിസാൻ സഭ ഫട്‌നാവിസ് സർക്കാരിനെ ഞെട്ടിച്ചിരുന്നു.

പതിനായിരങ്ങൾ അണിനിരന്ന മാർച്ച് വിധാൻസഭ ഉപരോധത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ സമരക്കാരുടെ പ്രധാന ആവശ്യങ്ങളെല്ലാം സർക്കാരിന് അംഗീകരിക്കേണ്ടിവന്നു. സമാനമായ രീതിയിൽ ഇന്ന് ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ യുപിയിൽ യോഗി ആദിത്യനാഥിനെതിരെ കിസാൻസഭ മറ്റൊരു ലോങ്മാർച്ച് ആരംഭിക്കുകയാണ്. എല്ലാ ജില്ലകളിൽ നിന്നുമായി 20000 പേരെ പങ്കെടുപ്പിച്ചാണ് മാർച്ച്. ഇതും വരും ദിവസങ്ങളിൽ ദേശീയ തലത്തിൽ വലിയ ചർച്ചയാകും. ബിഎസ്‌പിയും എസ്‌പിയും കോൺഗ്രസുമുൾപ്പെടെ ബിജെപിക്ക് എതിരെ നിൽക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷക മാർച്ചിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ബിജെപി സർക്കാരുകൾക്ക് എതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ കർഷകരെ അണിനിരത്തി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ആകെ ഭരണമുള്ള കേരളത്തിൽ സിപിഎം കർഷകർക്ക് എതിരെ നിലകൊള്ളുന്നത് ചർച്ചയാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് സൂചന. ഈ നിലയിൽ കീഴാറ്റൂർ സമരം സിപിഎമ്മിന് എതിരെയുള്ള സമരമാക്കി വളർത്താനായാൽ അത് നേട്ടമാകുമെന്ന വിലയിരുത്തലുണ്ട്.

ഇന്നലെ സമരക്കാരെ അറസ്റ്റ് ചെയ്ത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ കൊണ്ടു വന്നപ്പോൾ ഉപരോധ സമരം നടത്തി ബിജെപി. രംഗത്ത് വരികയായിരുന്നു. ജനാധിപത്യ രീതിയിൽ സമരം നടത്തിയ വയൽക്കിളി പ്രവർത്തകർക്ക് നേരെ പൊലീസിനൊപ്പം ചേർന്ന് സിപിഎമ്മും അക്രമം കാണിച്ചതും പ്രദേശത്ത് വലിയ ചർച്ചയാണ്. പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ പാർട്ടിയുടെ തെറ്റായ നയങ്ങൾക്ക് എതിരെ പിണങ്ങിപ്പിരിഞ്ഞവരാണ് വയൽക്കിളി സംഘം രൂപീകരിച്ച് സമരത്തിന് ഇറങ്ങിയവർ. സമരക്കാരെ അറസ്റ്റ് ചെയ്തശേഷം പൊലീസ് കാവലിലുണ്ടായിരുന്ന വയൽക്കിളി കൂട്ടത്തിന്റെ സമരപന്തൽ സിപിഎം കത്തിച്ച് ചാമ്പലാക്കിയപ്പോൾ അത് തടയാൻ പൊലീസ് ശ്രമിച്ചതുമില്ല. ജില്ലയിലെ പൊലീസിനെ സിപിഎം നിയന്ത്രിക്കുന്നു എന്ന ആരോപണം ശരിവയ്ക്കുന്നതായി ഈ നടപടിയെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആരോപിക്കുന്നു. നെൽവയൽ സംരക്ഷിക്കാൻ കർഷകർ നടത്തുന്ന സമരത്തെ ചോരയിൽ മുക്കി കൊല്ലാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സമരത്തിന് പുറമെ കേന്ദ്രസർക്കാറിൽ സ്വാധീനം ചെലുത്തി ദേശീയ പാതാ അലൈന്മെന്റിൽ എന്തെങ്കിലും മാറ്റം വരുത്താനാകുമോ എന്നും ബിജെപി പരിശോധിക്കുന്നുണ്ട്. രാഷ്ട്രീയ പരമായും ഈ സമരം മുന്നോട്ട് കൊണ്ടു പോകാനാണ് ബിജെപി. ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. വരുന്ന 22 ാം തീയ്യതി ബിജെപി.യുടെ പരിസ്ഥിതി വിഭാഗം ഭാരവാഹികൾ കീഴാറ്റൂർ വയൽ സംരക്ഷിക്കും. പൊലീസും സിപിഎമ്മും കൈകോർത്താണ് കീഴാറ്റൂരിലെ സമരക്കാർക്കെതിരെ നില കൊള്ളുന്നത്. കീഴാറ്റൂരിൽ കലാപം സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമിച്ചുവെന്ന സിപിഎമ്മിന്റേയും പൊലീസിന്റേയും ആരോപണം അവർ തന്നെ ഉണ്ടാക്കിയ കള്ളക്കഥയാണ്. സിപിഐ.(എം). ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് കീഴാറ്റൂർ സമരത്തെ പൊലീസ് നേരിടുന്നത്.

അതേ സമയം സിപിഐ.(എം.എൽ) റെഡ് സ്റ്റാർ കീഴാറ്റൂർ സമരമുഖത്തേക്ക് ഇറങ്ങാനുള്ള സാധ്യതയും ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ ഒരു അനുസ്മരണ ചടങ്ങിൽ കീഴാറ്റൂർ സമരനേതാവ് സുരേഷ് കീഴാറ്റൂർ പങ്കെടുത്തിരുന്നു. ആ വേദിയിൽ വെച്ച് നെൽവയൽ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന സമരം ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫസ്റ്റോ സംരക്ഷിക്കാനുള്ള സമരമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നെൽവയൽ നശിപ്പിക്കുന്ന വികസനം ഇടത് പക്ഷ നയമല്ലെന്നും ഒരു പറ്റം റിയൽ എസ്റ്റേറ്റ് മാഫിയകളുടെ താത്പര്യമാണെന്നും സുരേഷ് ആരോപിച്ചിരുന്നു. ഈ നിലയിൽ കീഴാറ്റൂരിലും പരിസരത്തും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അതോടെ ഇടതു പക്ഷ തീവ്ര സംഘടനകൾ സമരമുഖത്ത് എത്തുമോ എന്ന സൂചന ബലപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP