Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊളുക്കുമലൈയിലെ അഗ്നിബാധയിൽ വെന്തു മരിച്ചവരുടെ എണ്ണം 11 ആയി; മരണസംഖ്യ വീണ്ടും ഉയർന്നേക്കും; പരിക്കേറ്റവരുടെ കൂട്ടത്തിൽ പാല സ്വദേശിനിയും; മൃതദേഹങ്ങൾ കാടിന് പുറത്തേക്ക് എത്തിച്ചു തുടങ്ങി; 27 പേരെ രക്ഷപെടുത്തി കാടിന് പുറത്തെത്തിച്ചു; ചുറ്റിനും തീ പടർന്നപ്പോൾ സാരമായി പൊള്ളലേറ്റ് വീണവരുടെ നിലവിളിയിൽ മൂകമായി ചോലവനം; കൊരങ്ങിണി വന മേഖലയിൽ വിദ്യാർത്ഥി സംഘം ട്രെക്കിംഗിനായി കയറിയത് അനധികൃതമായി

കൊളുക്കുമലൈയിലെ അഗ്നിബാധയിൽ വെന്തു മരിച്ചവരുടെ എണ്ണം 11 ആയി; മരണസംഖ്യ വീണ്ടും ഉയർന്നേക്കും; പരിക്കേറ്റവരുടെ കൂട്ടത്തിൽ പാല സ്വദേശിനിയും; മൃതദേഹങ്ങൾ കാടിന് പുറത്തേക്ക് എത്തിച്ചു തുടങ്ങി; 27 പേരെ രക്ഷപെടുത്തി കാടിന് പുറത്തെത്തിച്ചു; ചുറ്റിനും തീ പടർന്നപ്പോൾ സാരമായി പൊള്ളലേറ്റ് വീണവരുടെ നിലവിളിയിൽ മൂകമായി ചോലവനം; കൊരങ്ങിണി വന മേഖലയിൽ വിദ്യാർത്ഥി സംഘം ട്രെക്കിംഗിനായി കയറിയത് അനധികൃതമായി

മറുനാടൻ മലയാളി ബ്യൂറോ

തേനി: കേരള - തമിഴ്‌നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽപ്പെട്ടു വനത്തിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഊർജിതമായി തുടരുന്നു. കൊളുക്കുമലൈയിൽ വനയാത്രക്ക് പോയ വിദ്യാർത്ഥി സംഘമാണ് അപകടത്തിൽ പെട്ടത്. അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നിട്ടുണ്ട്. വിപിൻ, അഖില, തമിഴ്‌സെൽവൻ, പുണിത, അനിത, വിവേക്, ദിവ്യ, സുഭ, അരുൺ എന്നിവരാണ് മരിച്ചത്. കുരങ്ങണി വനമേഖലയിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ഇനി ആരും വനമേഖലയിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം.

 

മരണ സംഖ്യം ഇനിയും ഉയർന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റവരുടെ കൂട്ടത്തിൽ കോട്ടയം പാലാ സ്വദേശിയും ഉൾപ്പെടുന്നതായുള്ള വിവരവും പുറത്തുവന്നു. ചെന്നൈ മലയാളിയായ ബീന ജോർജ് അവിടെ ഐടി ഉദ്യോഗസ്ഥയാണെന്നാണ് വിവരം. ചെന്നൈയിൽ സ്ഥിരതാമസമാണിവർ. അതേസമയം, ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചതെന്ന് തേനി ഡിവൈഎസ്‌പി അറിയിച്ചു.

48 പേരടങ്ങുന്ന ഒരു സംഘവും 12 പേരടങ്ങുന്ന മറ്റൊരു സംഘവുമാണ് ട്രക്കിംഗിനായി വനത്തിൽ പ്രവേശിച്ചതെന്നാണ് വിവരം. രക്ഷാപ്രവർത്തനം സംബന്ധിച്ച വിശദമായ വിവരങ്ങളൊന്നും അധികൃതർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 27 പേരെ രക്ഷപ്പെടുത്തിയതായി തേനി ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഒൻപത് പേർ ഇപ്പോഴും വനത്തിൽ കുടുങ്ങി കിടക്കുന്നതായും തേനി ജില്ലാ ഭരണകൂടം അറിയിക്കുന്നു.

കുരുങ്ങുമണി വനത്തിന് താഴെയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കാണ് രക്ഷാപ്രവർത്തകർ പൊള്ളലേറ്റവരെ ആദ്യമെത്തിക്കുന്നത്. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം 40--50 ശതമാനം പൊള്ളലേറ്റവരെ ധോണിയിലെ സർക്കാർ ആശുപത്രിയിലും അതിലേറെ പൊള്ളലേറ്റവരെ തേനിയിലെ സർക്കാർ ആശുപത്രിയിലേക്കും മാറ്റുന്നുണ്ട്.

രക്ഷപ്പെടുത്തിയവരിൽ 4 പേരെ മധുരയിലെ സർക്കാർ ആശുപത്രയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി തമിഴ്‌നാട് ആരോഗ്യമന്ത്രി കുരങ്ങിണിവനത്തിന്റെ താഴ്‌വാരത്തിൽ എത്തിയിട്ടുണ്ട്. തീപിടുത്തമുണ്ടായ മേഖലയ്ക്ക് മുകളിൽ വ്യോമസേനാ ഹെലികോപ്ടറുകൾ നിരീക്ഷണം നടത്തുന്നുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കൂടുതൽ കമാൻഡോകളെ ഇവിടേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. വ്യോമസേനയുടെ നാല് ഹെലികോപ്ടറുകൾ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ടെന്നും രാത്രിയോടെ തന്നെ ഗരുഡ് കമാൻഡോകൾ വനത്തിൽ പ്രവേശിച്ചെന്നും ഇവരിൽ ഒരു സംഘം അപകടസ്ഥലത്താണുള്ളതെന്നും പ്രതിരോധവകുപ്പ് അറിയിച്ചു.

അതേസമയം അപകടത്തിൽപ്പെട്ടവർ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് വനത്തിൽ പ്രവേശിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. വനത്തിനുള്ളിലേക്ക് ഒരു കുട്ടിയാണ് ഇവരെ നയിച്ചതെന്നും ചെങ്കുത്തായ വനമേഖലയിൽ പെട്ടെന്നുണ്ടായ കാട്ടുതീ നേരിടാനാവാതെ വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കാട്ടുതീ പടർന്നുപിടിച്ചത്. ചിതറിയോടിയ സംഘം മലയിടുക്കിൽ കുടുങ്ങിപ്പോകുകയായിരുന്നു. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനെത്തി. ചെന്നൈ ട്രക്കിങ് ക്ലബ്ബിൽനിന്നുള്ള 24 പേരും ഈറോഡ്, തിരുപ്പൂർ മേഖലയിൽനിന്നുള്ള 13 പേരുമടക്കം 37 പേരാണു ഇന്നലെ രാവിലെ വനയാത്ര പോയത്. 26 സ്ത്രീകളും മൂന്നു കുട്ടികളും എട്ടുപുരുഷന്മാരും അടങ്ങുന്നതായിരുന്നു സംഘം. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂർ വഴി രാവിലെ കൊരങ്ങിണിയിൽ എത്തിയ യാത്രാസംഘം, രണ്ടായി തിരിഞ്ഞാണു പുറപ്പെട്ടത്.

തീനാളങ്ങൾ പടർന്നപ്പോൾ ചിതറിയോടി സംഘം

കൊടൈക്കനാൽകൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോൾ, മറു സംഘം എതിർദിശയിലാണു യാത്രചെയ്തത്. കാട്ടുതീ പടർന്നതോടെ എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യണമെന്ന് സംഘത്തിന് അറിവുണ്ടായിരുന്നില്ല. ഇവർ നാലുപാടും ചിതറി ഓടിയതാണ് പ്രശ്നം വളഷാക്കിയകത്. പലർക്കും വഴിതെറ്റി. സംഘത്തിനൊപ്പം ഒരു വഴികാട്ടി മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരും വനം വകുപ്പധികൃതരും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വൈകിട്ട് ഏഴോടെ കാറ്റിൽ കാട്ടുതീ ശക്തമായതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായി. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അഭ്യർത്ഥനയെത്തുടർന്നു ദക്ഷിണ വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകൾ രാത്രി എട്ടോടെ സ്ഥലത്തെത്തി തിരച്ചിലിൽ പങ്കുചേരുകായിരുന്നു.

പരുക്കേറ്റവർ ബോഡിനായ്ക്കന്നൂരിലും തേനിയിലുമുള്ള സർക്കാർസ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. തിരുപ്പൂരിൽനിന്നുള്ള രാജശേഖർ (29), ഭാവന (12), മേഘ (ഒൻപത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂർ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27) ചെന്നൈ സഹാന (20) തുടങ്ങിയവരാണു പൊള്ളലേറ്റു ബോഡിനായ്ക്കന്നൂർ ഗവ. ആശുപത്രിയിലുള്ളത്. അനുമതി വാങ്ങാതെയാണു ട്രക്കിങ് സംഘം കാട്ടിനുള്ളിൽ പ്രവേശിച്ചതെന്നു പൊലീസ് പറയുന്നു.

നിലവിളിച്ച് ചിതറിയോടി, നാട്ടുകാരെ അറിയിച്ചത് റേഞ്ച് കിട്ടിയപ്പോൾ മൊബൈലിൽ വിളിച്ച്

ജീവൻ തിരിച്ചു കിട്ടിയവർ രംഗം വിശദീകരിച്ചത് വളരെ ഭീതിയോടെ ആയിരുന്നു. തീനാളങ്ങൾ പാഞ്ഞടുക്കുന്നതു കണ്ട് വിജയലക്ഷ്മി ഓടിയത് സ്വന്തം ജീവൻ രക്ഷിക്കാൻ മാത്രമല്ല, ഒപ്പമുള്ള മുപ്പതിലേറെ ജീവനുകൾ കൂടി കയ്യിൽപ്പിടിച്ചായിരുന്നു. തീയിൽനിന്നു പുറത്തെത്തി വിവരം അറിയിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ, എല്ലാം ചാരമായശേഷമാകും വിവരം പുറംലോകമറിയുക. 'കൊടൈക്കനാൽകൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്കു മടങ്ങുകയായിരുന്നു ഞങ്ങൾ. കൊരങ്ങിണിയിലേക്ക് എട്ടു കിലോമീറ്റർ മാത്രമുള്ളപ്പോഴാണു കാട്ടുതീ പടർന്നത് ' ബോഡിനായ്ക്കന്നൂർ ഗവ. ആശുപത്രിക്കിടക്കയിലിരുന്നു ചെന്നൈ സ്വദേശി വിജയലക്ഷ്മി (26) പറഞ്ഞു.

'നിലവിളിച്ച് ഞങ്ങൾ ചിതറിയോടി. കൂട്ടത്തിലുള്ള ചിലർ കാട്ടിൽ അകപ്പെട്ടു. ഒപ്പമുണ്ടായിരുന്ന വഴികാട്ടി ചിതറിയോടി. മൊബൈൽഫോണിലൂടെ സഹായത്തിനു വിളിക്കാൻ നോക്കിയെങ്കിലും ആദ്യം റേഞ്ച് കിട്ടിയില്ല. പിന്നീടും ശ്രമിച്ചു റേഞ്ച് ലഭിച്ച സമയത്താണ് ഞാൻ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. എട്ടു കിലോമീറ്റർ നടന്ന് കാടിനു പുറത്തെത്തി. നാട്ടുകാരാണ് എന്നെ ബോഡിനായ്ക്കന്നൂർ ഗവ. ആശുപത്രിയിലെത്തിച്ചത്.' വിജയലക്ഷ്മി പറഞ്ഞു. നിസ്സാര പരുക്കുള്ള വിജയലക്ഷ്മിയെ ഇന്നലെ രാത്രി പത്തോടെ തേനി കലക്ടറേറ്റിനോടു ചേർന്നുള്ള ഗെസ്റ്റ് ഹൗസിലേക്കു മാറ്റി.

രക്ഷപെട്ടത് പാറയിടുക്കിൽ പതുങ്ങിയതു കൊണ്ട്

കത്തിയാളുന്ന അഗ്‌നിനാളത്തിൽ നിന്നും പലരും രക്ഷപെട്ടത് പാറയിടുക്കിൽ ഒളിച്ചതു കൊണ്ടാണ്. ദേഹമാകെ പൊള്ളി എഴുന്നേൽക്കാൽ പോലുമാവാതെ കിടക്കുകയായിരുന്നു വിദ്യാർത്ഥഇനികൾ. തീയിൽപ്പെട്ടപ്പോൾ വസ്ത്രം നഷ്ടമായതിനെത്തുടർന്ന് രക്ഷാപ്രവർത്തകർ നൽകിയ മുണ്ടുകൊണ്ട് നാണം മറയ്ക്കാൻ പാടുപെട്ടു ചിലർ.

മീശപ്പുലിമലയിൽ കാട്ടുതീയിൽ അകപ്പെട്ട വിദ്യാർത്ഥിനികളുടെ തേടിയിറങ്ങിയ രക്ഷാപ്രവർത്തകർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിലെ രംഗങ്ങൾ ഇതാണ്. കരളലിയിക്കുന്നതാണ് ദൃശ്യങ്ങൾ. സാരമായി പൊള്ളലേറ്റ് അവശ നിലയിൽ കാണപ്പെട്ട യുവതി വെള്ളം ആവശ്യപ്പെട്ടിട്ട് നൽകാൻ കഴിയാത്തതിൽ രക്ഷാപ്രവർത്തകൻ വിഷമം പങ്കിടുന്നതും ദൃശ്യത്തിൽ കാണാ. എത്ര പേർ മരിച്ചെന്ന കാര്യത്തിൽ ഇനിയും ഔദ്യോഗീക സ്ഥിരീകരണമായിട്ടില്ല. പുറത്തു വന്ന ദൃശ്യങ്ങളിൽ കാണുന്നവരിൽ നിരവധി പേർ അവശരാണ്.

രക്ഷാപ്രവർത്തനത്തിന് ഉടനടി നിർദ്ദേശം നൽകി പ്രതിരോധ മന്ത്രി

രാത്രി വൈകിയും 25ഓളം പേർ കുടുങ്ങിക്കിടക്കുന്നതായ വിവരത്തെ തുടർന്ന് തേനി കലക്ടറും പൊലീസും വൈകി സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടക്കത്തിൽ ഇരുട്ടും പുകയും കാരണം രക്ഷാപ്രവർത്തനം സാധ്യമായില്ല. പിന്നീട്, അടിയന്തര രക്ഷാപ്രവർത്തത്തിന് കേന്ദ്ര പ്രതിരോധന മന്ത്രി നിർമല സീതാരാമൻ നിർദ്ദേശം നൽകി. ഇതോടെ വ്യോമസേന ഹെലികോപ്റ്ററുകളും കമാൻഡോകളും സ്ഥളത്തെത്തി.

തമിഴ്‌നാട് സർക്കാറിന്റെ അഭ്യർത്ഥനയെ തുടർന്ന് കോയമ്പത്തൂരിൽനിന്ന് നാവികസേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം, തേനി കലക്ടർ എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. തീയണക്കാൻ എയർഫോഴ്‌സും രംഗത്തുണ്ട്. ചോലവനമായതിനാൽ രാത്രിയിലുള്ള തിരച്ചിൽ സാഹസമായിരുന്നതും അപകടത്തിന്റെ തീവ്രത വർദ്ധിക്കാൻ ഇടയാക്കി.

തമിഴ്‌നാട് വനംവകുപ്പുമായി സഹകരിച്ചു രക്ഷാപ്രവർത്തനം നടത്താൻ വനം മന്ത്രി കെ. രാജു ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകയിരുന്നു. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലും മൂന്നാർ ഡിവൈഎസ്‌പി: എസ്.അഭിലാഷും സ്ഥലത്തുണ്ട്. തമിഴ്‌നാട് ഡിജിപിയുമായി സംസാരിച്ചു സ്ഥിതി വിലയിരുത്തിയതായും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം, തേനി കലക്ടർ പല്ലവി പൽദേവ് തുടങ്ങിയവർ ആശുപത്രി സന്ദർശിച്ചു.

തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന ട്രക്കിങ് കേന്ദ്രമായാണ് ഇടതൂർന്ന വനപ്രദേശമായ കൊളുക്കുമലൈ അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽനിന്ന് 8,000 അടി ഉയരത്തിലാണ് പ്രദേശം സ്ഥിതിചെയ്യുന്നത്. ലോക വനിത ദിനവുമായി ബന്ധപ്പെട്ട് ചെന്നൈയിൽനിന്ന് സ്വകാര്യ ട്രക്കിങ് പരിശീലന കേന്ദ്രം മുഖേനയാണ് 36 അംഗസംഘം തേനിയിലെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടുത്തെ എല്ലാ വനമേഖലയിലും കാട്ടുതീ ശക്തമാണ്. ഇതറിയാതെയാണ് ഈ സാഹസിക സംഘം ഇവിടെയെത്തിയത്. ഈ പ്രദേശത്ത് ശക്തമായ കാറ്റു വീശിയതോടെ നാലു ഭാഗത്തു നിന്നും തീ പടർന്നതോടെ ഇതിനുള്ളിൽ പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP