Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫണ്ട് പിരിവിൽ സിപിഎമ്മിനേക്കാൾ വളർച്ച സിപിഐയ്ക്ക്; കോൺഗ്രസിനും എൻസിപിക്കും 517 ശതമാനം സംഭാവനാ വളർച്ച; കണക്ക് നൽകാതെ ബിജെപി; രാഷ്ട്രീയപാർട്ടികളുടെ കരുത്ത് കോർപ്പറേറ്റുകൾ തന്നെ

ഫണ്ട് പിരിവിൽ സിപിഎമ്മിനേക്കാൾ വളർച്ച സിപിഐയ്ക്ക്; കോൺഗ്രസിനും എൻസിപിക്കും 517 ശതമാനം സംഭാവനാ വളർച്ച; കണക്ക് നൽകാതെ ബിജെപി; രാഷ്ട്രീയപാർട്ടികളുടെ കരുത്ത് കോർപ്പറേറ്റുകൾ തന്നെ

ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് രാഷ്ട്രിയത്തിൽ സിപിഎമ്മാണ് വല്യേട്ടൻ. സിപിഐയ്ക്ക് രണ്ടാമന്റെ പദവി മാത്രമേ ഉള്ളൂ. ദേശീയ പാർട്ടി പദവിയും സിപിഐയ്ക്ക് നഷ്ടമായിക്കഴിഞ്ഞു. എന്നാൽ ഫണ്ട് പിരവിന്റെ കാര്യത്തിൽ സിപിഎമ്മിനേയും സിപിഐ കടത്തി വെട്ടിയിരിക്കുന്നു. ദേശീയ പാർട്ടി പദവി പോയെങ്കിലും സംഭാവന സ്വീകരിക്കുന്നതിൽ സിപിഐക്ക് വൻ വളർച്ചയാണുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. എല്ലാ പാർട്ടികളും സംഭാവനയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് വ്യവസ്ഥ.

ബംഗാളിൽ ഭരണം നഷ്ടപ്പെട്ടതോടെ സിപിഐഎമ്മിനാകട്ടെ മുൻവർഷത്തെ അപേക്ഷിച്ച് സംഭാവനാവരുമാനം കുത്തനെ കുറഞ്ഞു. സിപിഐക്ക് പുറമെ കോൺഗ്രസ്, എൻസിപി പാർട്ടികൾക്കാണ് സംഭാവനാ വരുമാനത്തിൽ വലിയ വർധനയുണ്ടായത്. ബിജെപി 2013-14 വർഷത്തെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചതുമില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കുകളെ അടിസ്ഥാനമാക്കി അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡിആർ) ക്രോഡീകരിച്ച റിപ്പോർട്ടിലാണ് സംഭാവനയുടെ വിവരങ്ങൾ ഉള്ളത്. കോൺഗ്രസ്, എൻസിപി, സിപിഐ എന്നീ പാർട്ടികൾക്ക് മുൻവർഷത്തെ അപേക്ഷിച്ച് സംഭാവന വരുമാനത്തിൽ 517 ശതമാനം വർധനയുണ്ടായെന്നാണ് വിലയിരുത്തൽ.

2012-13, 2013-14 വർഷങ്ങളിലെ കണക്കുകൾ താരതമ്യം ചെയ്താണ് എഡിആർ റിപ്പോർട്ട് തയ്യാറാക്കിയത്. 2012-13ൽ സിപിഐക്ക് 37 ലക്ഷം രൂപ സംഭവാന ലഭിച്ചെന്നാണ് കണക്ക്. 2013-14ൽ ഇത് 1.23 കോടിയായി. സിപിഐഎമ്മിന് 3.81 കോടി ലഭിച്ചസ്ഥാനത്ത് 2.09 കോടി രൂപമാത്രമേ 2013-14 വർഷത്തിൽ ലഭിച്ചുള്ളൂ. ഈ കാലയളവിൽ കോൺഗ്രസിന്റെ വരുമാനം 11.72 കോടിയിൽനിന്ന് 59.58 കോടിരൂപയായാണ് ഉയർന്നത്. എൻസിപിയുടെത് അഞ്ചു ലക്ഷത്തിൽനിന്ന് 14 കോടിയായും ഉയർന്നു. ബിജെപിക്ക് 83.19 കോടിരൂപയാണ് 2012-13 വർഷം ലഭിച്ചത്. 2013-14ലെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടില്ല.

രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയിൽ 90 ശതമാനം വൻകിട കോർപ്പറേറ്റുകളിൽനിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ സിപിഐക്കും സിപിഐഎമ്മിനും ലഭിച്ച സംഭാവനകളിൽ കൂടുതലും വ്യക്തികളിൽ നിന്നുള്ളതാണ്. 881 വൻകിട സ്ഥാപനങ്ങളിൽനിന്നായി 76.93 കോടിരൂപയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ സംഭാവനയായി സ്വീകരിച്ചത്.

രാഷ്ട്രീയപാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ പകുതിയും ഡൽഹിയിൽനിന്നാണ്. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഡൽഹിയിൽനിന്ന് കോൺഗ്രസിന് 39.05 കോടിരൂപയും സിപിഐക്ക് 54.6 ലക്ഷം രൂപയും സിപഐമ്മിന് 1.88 കോടിരൂപയും സംഭാവന ലഭിച്ചു. കോർപ്പറേറ്റ് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നുമുള്ളതാണ് ഈ സംഭാവനകൾ. കോൺഗ്രസിന് 36.5 കോടിയും, എൻ സി പിക്ക് നാലുകോടിയും സംഭാവന നൽകി ഭാരതി ഗ്രൂപ്പിന് കീഴിലുള്ള സത്യ ഇലക്ടറൽ ട്രസ്റ്റ് സംഭാവന നൽകുന്നതിൽ മുന്നിട്ട് നിൽക്കുന്നു.

കോൺഗ്രസിന് അഞ്ച് കോടി എ പി പാട്ടീൽ ഫൗണ്ടേഷനും, രണ്ടരക്കോടി ഭാരത് ഫോർജ് ലിമിറ്റഡും സംഭാവന നൽകി. എൻ സി പിക്ക് ഷിർകെ ഇൻഫ്രാസ്ട്രക്ചർ രണ്ടു കോടിയും സെറം ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഇന്ത്യ ഒന്നരക്കോടിയും സംഭാവന നൽകി. കേരളാ സ്‌റ്റേറ്റ് കൗൺസിൽ 14.96 ലക്ഷവും, നേതാവ് ദാസ്ഗുപ്ത 25 ലക്ഷവും, ആന്ധ്രാപ്രദേശ് സ്‌റ്റേറ്റ് കൗൺസിൽ 14.96 ലക്ഷവും സംഭാവനയായി സിപിഐക്ക് നൽകി. കോൺഗ്രസ്സിന് 55.02 കോടി 35 കോർപ്പറേറ്റ്, ബിസിനസ്സ് സംരഭങ്ങളിൽ നിന്നും 4.56 കോടി 708 വ്യക്തികളിൽ നിന്നും സംഭാവന ലഭിച്ചു. 13 കോർപ്പറേറ്റുകളിൽ നിന്നായി 14 കോടിയും രണ്ട് ലക്ഷം രൂപ രണ്ട് വ്യക്തികളിൽ നിന്നും എൻ സി പിക്ക് സംഭാവനലഭിച്ചു.

സിപിഐക്ക് 2.75 ലക്ഷം രൂപ യൂണിയനുകളിൽ നിന്നും ഒരു മെമോറിയൽ ട്രസ്റ്റിൽ നിന്നുമായി ലഭിച്ചു. നാല് കമ്പനികളിൽ നിന്നായി അഞ്ച് ലക്ഷം രൂപ സംഭാവന സി പി എമ്മിനും ലഭിച്ചു. സി പി എമ്മിന് ലഭിച്ച സംഭാവനകളിൽ 1.18 കോടിയും പാർട്ടി അംഗങ്ങളിൽ നിന്നാണ്. ഡൽഹിയിലെ കോർപ്പറേറ്റ് കമ്പനികളാണ് ഏറ്റവും കൂടുതൽ സംഭാവനകൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്നത്. 45.49 കോടിയാണ് ഡൽഹിയിലെ കമ്പനികൾ സംഭാവനയായി വിവിധ പാർട്ടികൾക്ക് നൽകിയത്. മഹാരകഷ്ട്രയിൽ ഇത് 18.12 കോടിയും, ഗുജറാത്തിൽ 3.01 കോടിയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP