Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്....പാടി മലയാള സിനിമയിൽ എത്തി; സ്പിരിറ്റിലെ മരണമെത്തുന്ന നേരത്തിലൂടെ സംഗീത ആസ്വാദകരുടെ ഇഷ്ട സംവിധായകനായി; സ്വയം ചിട്ടപ്പെടുത്തിയ ഗസലുകൾ കൊണ്ട് ഹൃദയങ്ങളിൽ കാല്പനിക രസം തീർത്തും കോഴിക്കോടിന്റെ സംഗീത വേരുകൾ തേടിയലഞ്ഞും സൂഫി സംഗീതത്തിൽ അഭയം തേടി: സംസ്ഥാന സർക്കാരിന്റെ മികച്ച ഗായകനായ ഷഹബാസ് അമന്റെ കഥ

ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്....പാടി മലയാള സിനിമയിൽ എത്തി; സ്പിരിറ്റിലെ മരണമെത്തുന്ന നേരത്തിലൂടെ സംഗീത ആസ്വാദകരുടെ ഇഷ്ട സംവിധായകനായി; സ്വയം ചിട്ടപ്പെടുത്തിയ ഗസലുകൾ കൊണ്ട് ഹൃദയങ്ങളിൽ കാല്പനിക രസം തീർത്തും കോഴിക്കോടിന്റെ സംഗീത വേരുകൾ തേടിയലഞ്ഞും സൂഫി സംഗീതത്തിൽ അഭയം തേടി: സംസ്ഥാന സർക്കാരിന്റെ മികച്ച ഗായകനായ ഷഹബാസ് അമന്റെ കഥ

മറുനാടൻ മലയാളി ഡസ്‌ക്

 ആസ്വാദക വൃന്ദത്തിനു പിടികൊടുക്കാത്ത ശബ്ദമാണ് ഷഹബാസ് അമന്റേത്. പതിവ് ചലച്ചിത്ര പിന്നണി ഗായകർ തീർക്കാറുള്ള ഒരു ശബ്ദപ്രപഞ്ചമൊന്നും ഷഹബാസ് അമന്റെ സവിശേഷതയായി പറയാനില്ല. സ്വയം മറന്ന് പാടും ആ പാട്ടിൽ ആസ്വാദകരും അലിഞ്ഞ് ഇല്ലാതാവും അതാണ് ഷഹബാസ് അമൻ മാജിക്. പ്രശസ്തിക്ക് പുറകേ പോവാതെ എന്നും സംഗീതത്തിന് പിറകേ മാത്രം പോവുന്ന അപൂർവ്വ പ്രതിഭ.

പലപ്പോഴും ദുഃഖം നിറഞ്ഞതായിരിക്കും ആ ശബ്ദം. ഷഹബാസ് അമൻ പാടുമ്പോൾ സംഗീതത്തെക്കുറിച്ച് അറിവുള്ളവർ പോലും ഒന്നു പതറും. ഏത് ഘരാനയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് തിട്ടപ്പെടുത്താനാവാതെ. എന്നും ഗസലിനേയും സൂഫി സംഗീതത്തേയും നെഞ്ചോട് ചേർത്ത് വെയ്ക്കുന്ന അതുല്യ പ്രതിഭയാണ് ഷഹബാസ് അമൻ.

ജന്മം കൊണ്ട് മലപ്പുറത്തുകാരനാണ് ഷഹബാസ്. എന്നാൽ ജീവിതം കൊണ്ട് കോഴിക്കോട്ടുകാരനാണ് അദ്ദേഹം. കോഴിക്കോടൻ സംഗീത പാരമ്പര്യത്തിന്റെ വേരുകൾ തേടിയായിരുന്നു മലപ്പുറത്ത് നിന്നും ജീവിതം കോഴിക്കോട്ടേക്ക് അദ്ദേഹം പറിച്ച് നട്ടത്. കോഴിക്കോട്ടെ സംഗീതരാവുകൾക്ക് സാന്ദ്രത പകരാൻ നിയോഗമായി.

ഗസലുകൾ സ്വയം ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന് എക്കാലത്തും ആൽബങ്ങളോടായിരുന്നു പ്രണയം. ഒഎൻവി കുറുപ്പിന്റെ 'സഹയാത്രികേ സജിനീ', 'അലകൾക്ക് നീയും നിലാവും', 'ജൂൺ മഴയിൽ'- ഇങ്ങനെ എത്രയെത്ര ആൽബങ്ങൾ. ഗസലും മെലഡികളുമായി സഞ്ചരിക്കുന്നതിനിടയിൽ 2005ൽ ലാൽജോസിന്റെ 'ചാന്തുപൊട്ടി'ൽ 'ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്' എന്ന ഗാനം ആലപിച്ചാണ് സിനിമയിൽ എത്തുന്നത്.

'ചോക്ലേറ്റ്' (ഇഷ്ടമല്ലേ), 'ബാവുട്ടിയുടെ നാമത്തിൽ', 'ഷട്ടർ' (ഈ രാത്രിയിൽ), 'വിക്രമാദിത്യൻ' (മനസ്സിൻ തിങ്കളേ), 'റോസ് ഗിറ്റാറിനാൽ' (ഈ കാറ്റിലും) തുടങ്ങിയ ഓരോ പാട്ടും ഒന്നിനൊന്ന് മികച്ചവ. സംഗീത സംവിധായകനായും മലയാള സിനിമയുടെ ഭാഗമായി. ജോയ് മാത്യുവിന്റെ 'ഷട്ടർ', രഞ്ജിത്തിന്റെ 'ഇന്ത്യൻ റുപ്പി', 'സ്പിരിറ്റ്', 'ബാവുട്ടിയുടെ നാമത്തിൽ', 'റോസ് ഗിറ്റാറിനാൽ', 'ബാല്യകാല സഖി' എന്നീ ചിത്രങ്ങളിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും ഷഹബാസ് അമൻ.

'പരദേശി'യിലും പുറത്തിറങ്ങാതെപോയ 'അത് മന്ദാരപ്പൂവല്ല' എന്നിവയിലും സംഗീത സംവിധായകനായി. 'കടൽ കടന്ന് ഒരു മാത്തുക്കുട്ടി', രാജീവ് രവിയുടെ 'ഞാൻ സ്റ്റീവ് ലോപസ്', ആഷിഖ് അബുവിന്റെ 'മായാനദി' എന്നിവയിൽ കംപോസിങ് ചെയ്ത് മലയാള ചലച്ചിത്ര ഗാനശൈലിക്ക് വേറിട്ടൊരു പാത പണിതു. 'മായാനദി'യിലെ 'മിഴിയിൽ നിന്നും മിഴിയിലേക്ക്', 'കാറ്റിൽ' എന്നീ ഗാനങ്ങൾ ചിട്ടപ്പെടുത്തി.

സ്പിരിറ്റ് എന്ന ചിത്രത്തിനു വേണ്ടി ഷാഹബാസ് അമൻ ചിട്ടപ്പെടുത്തിയ എല്ലാ ഗാനങ്ങളും പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറങ്ങി ചെന്നവയായിരുന്നു. മരണമെത്തുന്ന നേരത്ത്... എന്ന ഗാനത്തിനൊപ്പം മൂളാത്തവർ ആരും തന്നെ ഉണ്ടാവില്ല. മഴ കൊണ്ടു മാത്രം... എന്ന് തുടങ്ങുന്ന ഗാനം പാടിയ വിജയ് യേശുദാസിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും ലഭിച്ചു. ഇന്ത്യൻ റുപ്പിക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ സവിശേഷതകളും മറിച്ചല്ല. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭൂതി പകരുന്ന ഗാനങ്ങൾ തന്നെയാണ് ഷഹബാസ് ചിട്ടപ്പെടുത്തിയവ എല്ലാം.

ഇപ്പോഴിതാ മികച്ച ഗായകനായി ഷഹബാസ് അമനെ തിരഞ്ഞെടുത്തിരിക്കുന്നു. സൂഫി സംഗീതം കേരളത്തിൽ പ്രചരിപ്പിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നത്. സച്ചിദാനന്ദന്റെ വരികളിൽ 'മകരക്കുളിർമഞ്ഞിൽ', മാധവിക്കുട്ടിയുടെ 'അലയൊതുങ്ങിയ കടൽക്കരയിൽ', റഫീഖ് അഹമ്മദിന്റെ 'മഴ കൊണ്ടു മാത്രം' എന്നിവയിലൂടെ ഷഹബാസ് അമൻ എന്ന ഗായകനെ മലയാളി എന്നും ഓർക്കും.

ഒരു പുരസ്‌ക്കാരത്തേക്കാൾ വലുതായി തന്റെ ശബ്ദഗുണത്തെ ഏറെ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന ഒരു പട്ടുകാരനെ ഒരു സംസ്ഥാന പുരസ്‌ക്കാരത്തിന് ഒട്ടും പ്രലോഫിപ്പിക്കാനുമാവില്ല. പാട്ടിന്റെ പാലാഴി തേടി ആ സംഗീത പ്രതിഭ ഇനിയും പുത്തൻ വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP