Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എസ് ഡിപിഐ-സിപിഎം സംഘർഷത്തിൽ ജയിലിലായി പുറത്തിറങ്ങിയതിന് പിന്നാലെ വാഹനാപകടത്തിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ മരണം; ദുരൂഹത ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും അന്വേഷണം ഇല്ലാതെ വന്നതോടെ ബിജെപിക്ക് മുന്നിൽ പരാതിയുമായി നേതാവിന്റെ ഭാര്യ; തന്നെ ആരോ പിൻതുടരുന്നു എന്ന് ചന്ദ്രമോഹൻ പറഞ്ഞതായ മൊഴിയിൽ അന്വേഷണം നടത്താതെ പിണറായിയുടെ പൊലീസ്; സ്വന്തം പാർട്ടിക്കാർക്ക് ഇതാണ് നീതിയെങ്കിൽ മറ്റുള്ളവർക്ക് എങ്ങനെ സുരക്ഷ ലഭിക്കുമെന്ന് പികെ കൃഷ്ണദാസ് മറുനാടനോട്

എസ് ഡിപിഐ-സിപിഎം സംഘർഷത്തിൽ ജയിലിലായി പുറത്തിറങ്ങിയതിന് പിന്നാലെ വാഹനാപകടത്തിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ മരണം; ദുരൂഹത ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും അന്വേഷണം ഇല്ലാതെ വന്നതോടെ ബിജെപിക്ക് മുന്നിൽ പരാതിയുമായി നേതാവിന്റെ ഭാര്യ; തന്നെ ആരോ പിൻതുടരുന്നു എന്ന് ചന്ദ്രമോഹൻ പറഞ്ഞതായ മൊഴിയിൽ അന്വേഷണം നടത്താതെ പിണറായിയുടെ പൊലീസ്; സ്വന്തം പാർട്ടിക്കാർക്ക് ഇതാണ് നീതിയെങ്കിൽ മറ്റുള്ളവർക്ക് എങ്ങനെ സുരക്ഷ ലഭിക്കുമെന്ന് പികെ കൃഷ്ണദാസ് മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: അപകടത്തിൽ മരിച്ച് ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയിട്ടും കേസന്വേഷണം എങ്ങുമെത്താതെ വന്നപ്പോൾ ബിജെപിക്ക് മുന്നിൽ പരാതിയുമായി നേതാവിന്റെ കുടുംബം. ഇക്കഴിഞ്ഞ ഡിസംബറിൽ വാഹന അപകടത്തിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ കാട്ടാക്കട ഏര്യാ വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്റെ ഭാര്യ സൂര്യയാണ് സഹായമഭ്യർഥിച്ച് ബിജെപി നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. എസ്ഡിപിഐ-സിപിഎം സംഘർഷത്തിൽ പൊലീസ് കസ്റ്റഡിയിലായ ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയ രണ്ടാം ദിവസമാണ് ചന്ദ്രമോഹൻ കൊല്ലപ്പെട്ടത്. തന്നെ ആരോ പിന്തുടരുന്നതായി സംശയമുണ്ടായിരുന്നതായി ചന്ദ്രമോഹൻ പറഞ്ഞിരുന്നുവെന്ന് ഭാര്യ സൂര്യ ബിജെപി നേതാവ് പികെ കൃഷ്ണദാസിനോട് തുറന്ന് പറഞ്ഞു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചന്ദ്രമോഹന്റെ കുടുംബം ആദ്യം മുതൽ തന്നെ ആരോപിച്ചിരുന്നു. ചന്ദ്രമോഹൻ പ്രവർത്തിച്ചിരുന്ന പാർട്ടി തന്നെ സംസ്ഥാനം ഭരിക്കുമ്പോൾ അയാളുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷ നൽകാതിരിക്കുന്നത് അവിശ്വസനീയമാണെന്നും സ്വന്തം പാർട്ടിക്കാർക്ക് പോലും സുരക്ഷ ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് മറ്റുള്ളവർക്ക് സുരക്ഷ ലഭിക്കുകയെന്നും പി.കെ കൃഷ്ണദാസ് ചോദിക്കുന്നു.എന്നാൽ വിഷയം രാഷ്ട്രീയപരമായി ഉന്നയിക്കാനല്ല മറിച്ച് ഒരു പൊതുപ്രവർത്തകന് സംഭവിക്കാൻ പാടില്ലാത്ത കാര്യം എന്ന നിലയിൽ വിഷയത്തെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

2017 ഡിസംബർ മൂന്നിനു കാട്ടാക്കടയിൽനിന്ന് ആര്യനാട്ടേക്കുള്ള യാത്രാമധ്യേയാണ് ചന്ദ്രമോഹൻ വാഹനാപകടത്തിൽ മരിച്ചത്. മരണത്തിൽ ദുരുഹതയുണ്ടെന്നു ബന്ധുക്കൾ പരാതിപ്പെട്ടിട്ടും പൊലീസ് അന്വഷണം ഊർജിതമാക്കിയില്ലെന്നു കൃഷ്ണദാസ് ആരോപിച്ചു. ചന്ദ്രമോഹന്റെ ഭാര്യ സൂര്യയും പിതാവ് മോഹനും ബിജെപി സഹായം അഭ്യർത്ഥിച്ചിരുന്നു. ചന്ദ്രമോഹന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നു കുടുംബാംഗങ്ങൾ സംശയിക്കുന്നതായി കൃഷ്ണദാസ് പറഞ്ഞു.

അന്വഷണ ഉദ്യോഗസ്ഥർ കേസ് അപകട മരണമാക്കി എഴുതിത്ത്ത്ത്തള്ളാൻ ശ്രമിക്കുന്നു. ക്രൈംബ്രാഞ്ചിനെ കേസ് ഏൽപിച്ച് ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വഷണം നടത്തണം. സിപിഎം-എസ്ഡിപിഐ സംഘർഷം ഉണ്ടായപ്പോൾ പാർട്ടി നിർദ്ദേശത്തെ തുടർന്നാണു ചന്ദ്രമോഹൻ പ്രതിയാക്കപ്പെട്ടത്. ജാമ്യത്തിലിറങ്ങി രണ്ടാം ദിവസമാണ് മരണപ്പെടുന്നത്. ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തന്നെമെന്ന് ആവശ്യപ്പെട്ടു ഭാര്യ സൂര്യ അന്വഷണ ഉദ്യോഗസ്ഥനെ സമീപിച്ചിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിവസം വീടിന്റെ പരിസരത്ത് ചില അപരിചിതരേയും ഒരു കാറും കണ്ടിരുന്നു. തൊട്ടടുത്ത ദിവസവും ഈ കാർ പ്രദേശത്ത് കണ്ടിരുന്നു.അപ്പോഴാണ് തന്നെ ആരോ പിന്തുടരുന്നുവെന്ന് ചന്ദ്രമോഹൻ വീട്ടുകാരോട് പറഞ്ഞത്.

മദ്യലഹരിയിൽ ബൈക്ക് ഓടിച്ചാണു ചന്ദ്രമോഹന് അപകടമുണ്ടായതെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. മദ്യപിച്ചിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അത് വായിച്ചില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.അപ്പോൾ അത് വായിക്കാതെ എങ്ങനെയാണ് മദ്യപിച്ചെന്ന് ഉറപ്പിച്ചത് എന്ന് ചോദിച്ചപ്പോൾ വെറുതെ കേസിനൊന്നും പോകണ്ടെന്നും റോഡ് കോൺഡ്രാക്ടറുടെ കൈയിൽ നിന്നും പണം വാങ്ങി തരാം എന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടിയെന്നുമാണ് കുടുംബത്തിൽ നിന്ന് ലഭിച്ച വിവരമെന്നും കൃഷ്ണദാസ് പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്റെ രീതികളിൽ സംശയമുണ്ടെന്നും ആരെയോ സംരക്ഷിക്കാനുള്ള ശ്രമമുള്ളതായി തോന്നുന്നുവെന്നും കൃഷ്ണദാസ് ആരോപിച്ചു. സമഗ്രവും നീതിപൂർവവുമായ അന്വേഷണം ഉണ്ടാകണം. സിപിഎം, ഡിവൈഎഫ്ഐ നേതൃത്വവും കാട്ടാക്കട എംഎൽഎയും കുറ്റകരമായ മൗനമാണ് ഈ വിഷയത്തിൽ പുലർത്തുന്നത്. മരണത്തിലെ ദുരൂഹത നീക്കുവാനുള്ള ബാധ്യത ഇവർക്കുണ്ട്. നീതിക്കായി പോരാടുന്ന ചന്ദ്രമോഹന്റെ കുടുംബാംഗങ്ങൾക്കൊപ്പം ബിജെപി ഉണ്ടാകും. ഇത് വെറുമൊരു വിഷയമായി തള്ളിക്കളയാനാകില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

മരണമടഞ്ഞത് എതിരാളികൾക്ക് പോലും പ്രിയങ്കരനായ യുവനേതാവ്

ഒരു പാർട്ടി സഖാവെന്നതിലുപരി എല്ലാവരോടും സൗഹൃദപരമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു ചന്ദ്രുവെന്ന് പ്രദേശത്തെ എല്ലാ പാർട്ടിയുടേയും നേതാക്കൾ പറയുന്നു. പ്രദേശത്ത് ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘർഷം നിലനിന്ന സമയത്ത് പാർട്ടി പ്രവർത്തകർക്ക് വലിയ പിന്തുണ നൽകിയിരുന്നു ചന്ദ്രു. എസ്ഡിപിഐയുമായി ആ സമയത്ത് ചെറിയ ചില പ്രശ്‌നങ്ങളൊഴിച്ചാൽ കാട്ടാക്കടയിലെ എല്ലാ രാഷ്ട്രീ കക്ഷികൾക്കും പ്രിയപ്പെട്ടവനായിരുന്നു ചന്ദ്രു. രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്നവരെപോലും വലിയ ബഹുമാനത്തോടെയെ അവൻ കണ്ടിരുന്നുള്ളു. അണ്ണാ എന്ന് സ്‌നേഹത്തോടെ മാത്രമെ അഭിസംബോധന ചെയ്തിട്ടുള്ളുവെന്ന് പ്രദേശത്തെ ബിജെപി, കോൺഗ്രസ് പ്രവർത്തകർ പോലും പറയുന്നത്

പാർട്ടി പ്രവർത്തകരെ എന്ന് മാത്രമല്ല കാട്ടാക്കടയിലെ തന്നെ ഒട്ടുമിക്ക ആളുകളേയും പേരെടുത്ത് വിളിക്കാനുള്ള പരിചയവും ജനകീയ മുഖവുമുണ്ടായിരുന്നു ചന്ദ്രുവിന്. പുസ്തകങ്ങൾ വായിക്കാനും സാമൂഹിക പ്രവർത്തനങ്ങൾ നടത്താനും വലിയ താൽപര്യമായിരുന്നു. രാഷ്ട്രീയം നോക്കാതെയാണ് പ്രാദേശിക വിഷയങ്ങളിൽ ഇടപെട്ടിരുന്നത്. ഏതൊരാൾക്ക് എന്ത് വിഷയമുണ്ടായാലും ഏത് പാതിരാത്രിയിലും ഓടിയെത്തുന്ന ചന്ദ്രു വിഷയത്തിന് പരിഹാരം കണ്ട ശേഷം മാത്രമെ വീട്ടിൽ പോവുകയുള്ളു. ഇങ്ങനെയൊരു സംഘാടകനെ നമ്മുടെ പാർട്ടിയിൽ കിട്ടിയിരുന്നെങ്കിലെന്ന് എതിർ കക്ഷികൾ പോലും പറഞ്ഞിരുന്നത്.

ഡിസംബർ 3ന് രാത്രി 11.30 ഓടെ പേഴുംമൂട് പള്ളിവേട്ട കാഞ്ഞിരംമൂട് റോഡിൽ ഇരിഞ്ചൽ സിഎസ്‌ഐ പള്ളിക്കു സമീപമാണ് അപകടം നടന്നത്. നവീകരണത്തിന്റെ ഭാഗമായി കലുങ്കു നിർമ്മിക്കുന്നതിനായി റോഡിന്റെ ഇടതുഭാഗത്തു കുഴിയെടുക്കുകയും, വശങ്ങളിൽ കോൺക്രീറ്റ് നടത്തുന്നതിനായി ഷീറ്റുകൾ ഉറപ്പിച്ചുനിർത്തിയിരുന്നു. കുഴിയെടുത്ത മണ്ണു റോഡിൽ കൂനകൂട്ടിയിരുന്നു. കാട്ടാക്കടയിൽ നിന്നു ബൈക്കിൽ വീട്ടിലേക്കു വരികയായിരുന്നു ചന്ദ്രമോഹൻ. മൺകൂനയിൽ ബൈക്കുകയറിയതോടെ കോൺക്രീറ്റ് ചെയ്യുന്നതിനായി ഉറപ്പിച്ച ഷീറ്റുകളിൽ തട്ടിയശേഷം സമീപത്തെ ടാറിങ്ങിൽ ചന്ദ്രമോഹൻ മുഖമടിച്ചു വീഴുകയായിരുന്നെന്നു പൊലീസ് പറയുന്നു. 12ഓടെ എത്തിയ സമീപവാസി ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടു നടത്തിയ പരിശോധനയിലാണ് അബോധാവസ്ഥയിലായ ചന്ദ്രമോഹനെ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP