Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിഷാമിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയ കോൺഗ്രസ് എംഎൽഎ ആര്? ജേക്കബ് ജോബിനെ ബലി കൊടുത്ത് നിഷാമിന് സുഖജീവിതം അനുവദിച്ചതിന് പിന്നിലെ ചരടുവലികൾ എങ്ങനെ? പത്തനംതിട്ട എസ്‌പിയുടെ വെളിപ്പെടുത്തൽ നീളുന്നത് തൃശ്ശൂരിലെ മുൻ എംഎൽഎയിലേക്ക്

നിഷാമിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയ കോൺഗ്രസ് എംഎൽഎ ആര്? ജേക്കബ് ജോബിനെ ബലി കൊടുത്ത് നിഷാമിന് സുഖജീവിതം അനുവദിച്ചതിന് പിന്നിലെ ചരടുവലികൾ എങ്ങനെ? പത്തനംതിട്ട എസ്‌പിയുടെ വെളിപ്പെടുത്തൽ നീളുന്നത് തൃശ്ശൂരിലെ മുൻ എംഎൽഎയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചന്ദ്രബോസ് കൊലക്കേസിൽ പ്രതിയായ കോടീശ്വരൻ മുഹമ്മദ് നിഷാമിനെ രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ എത്തിയതിന് പിന്നാലെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും രംഗത്തെത്തിയെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മറുനാടൻ അടക്കം ഈ വിഷയത്തിൽ ഉചിതമായ സമയത്ത് ഇടപെട്ടതു കൊണ്ടാണ് അന്ന് അട്ടിമറി നീക്കങ്ങൾ ലക്ഷ്യം കാണാതെ പോയത്. പത്തനംതിട്ട എസ്‌പി ജേക്കബ് ജോബിന്റെ വെളിപ്പെടുത്തലോടെ ചൂടുപിടിച്ചപ്പോൾ നിഷാമിനെ രക്ഷിക്കാൻ കച്ചമുറുക്കി രംഗത്തിറങ്ങിയവരുടെ കൂട്ടത്തിൽ ഒരു കോൺഗ്രസ് എംഎൽഎയും ഉണ്ടായിരുന്നു എന്നാണ് സൂചന.

കാപ്പ ചുമത്തി നിഷാമിനെ ജയിലിൽ അടയ്ക്കാതിരിക്കാനാണ് കോൺഗ്രസ് എംഎൽഎ ഇടപെട്ടുവെന്നു സൂചന. ഇദ്ദേഹത്തിനു നിഷാമുമായുള്ള ബന്ധംകൊണ്ടാണോ ഇടപെടല്ലെന്ന കാര്യം വ്യക്തമല്ല. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടതായി എസ്‌പി ജേക്കബ് ജോബ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച കേസിൽ നിഷാമിനെ ജേക്കബ് ജോബിന്റെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇടിച്ചു 16 ദിവസത്തിനു ശേഷമാണു ചന്ദ്രബോസ് മരിക്കുന്നത്. എന്നാൽ, ഇതിനിടയിൽ വാഹനാപകടക്കേസ് ചാർജ് ചെയ്തു നിഷാമിനെ പുറത്തിറക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം ശ്രമിച്ചെന്നാണ് കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

ചന്ദ്രബോസിന്റെ മരണമൊഴി എടുക്കാൻ ജേക്കബ് ജോബ് പേരാമംഗലം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പേരാമംഗലം പൊലീസ് തെളിവെടുപ്പിനായി നിഷാമിനെ ബെംഗളൂരുവിൽ കൊണ്ടുപോകാൻ തിരക്കുകൂട്ടിയെന്ന് അന്നത്തെ നടപടികൾ സൂചിപ്പിക്കുന്നു. ചന്ദ്രബോസിന്റെ മരണമൊഴി എടുത്തശേഷം പതുക്കെ നിഷാമിനെ ബെംഗളൂരുവിൽ കൊണ്ടുപോയാൽ മതിയെന്നായിരുന്നു ജേക്കബ് ജോബിന്റെ നിലപാട്. നിഷാമിനെ ഉടൻ ബെംഗളൂരുവിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ ജേക്കബ് ജോബിനെ വിളിച്ചിരുന്നു. 

ഇല്ലെങ്കിൽ പ്രതിയെ സഹായിക്കുന്നെന്ന് ആരോപിച്ചു കുത്തിയിരിപ്പു സമരം നടത്തുമെന്നാണ് എംഎൽഎ പറഞ്ഞത്. അത്യാവശ്യമായെടുക്കേണ്ടതു മരണമൊഴിയാണെന്നു ജേക്കബ് ജോബ് പറഞ്ഞുനോക്കിയെങ്കിലും എംഎൽഎ സമ്മതിച്ചില്ല. തുടർന്നു മരണമൊഴി എടുക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ ബെംഗളൂരുവിലേക്ക് അയച്ചു. ജേക്കബ് ജോബ് പറഞ്ഞതുപോലെ ബെംഗളൂരുവിൽനിന്നു കാര്യമായ തെളിവുകളൊന്നും കിട്ടിയുമില്ല.

പൊലീസ് ഉദ്യോഗസ്ഥർ വിനോദയാത്രയിലേതുപോലെ അവിടെ പ്രതിയുടെ ലക്ഷ്വറി കാറുകൾക്കൊപ്പം പോസ് ചെയ്യുന്ന ഫോട്ടോകൾ പിന്നീടു പുറത്തുവന്നു. ഇതേക്കുറിച്ച് അന്വേഷണമുണ്ടായില്ല. ബെംഗളൂരു യാത്രയ്ക്കിടയിൽ പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ നിഷാമിനോടു പണം ചോദിച്ചുവെന്ന വിവരം കിട്ടിയതിനെത്തുടർന്ന് അന്വേഷണ സംഘം തിരിച്ചെത്തിയപ്പോൾ ജേക്കബ് ജോബ് നിഷാമിനെ ചോദ്യംചെയ്തിരുന്നു. മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ലാതെ ചോദ്യം ചെയ്തുവെന്നു കാണിച്ചു ജേക്കബ് ജോബിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. പിന്നീട് അദ്ദേഹം നിരപരാധിയാണെന്നു കോടതി കണ്ടെത്തിയതിനെത്തുടർന്നു തിരിച്ചെടുക്കുകയായിരുന്നു.

ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച 2015 ജനുവരി 29നു തന്നെ, സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബ് നേരിട്ടു കേസന്വേഷണത്തിൽ ഇടപെട്ടിരുന്നു. അന്ന് കേസെടുത്തതത് ചന്ദ്രബോസിനെ വാഹനം കയറ്റി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു. അതുകൊണ്ടുതന്നെ 12നു കോടതിയിൽ ഹാജരാക്കുമ്പോൾ നിഷാമിനു ജാമ്യം കിട്ടാനുള്ള സാധ്യത ഉണ്ടായിരുന്നു. ചന്ദ്രബോസിന്റെ നില അതീവ ഗുരുതരമായിരുന്നതിനാൽ നിഷാം ജയിലിൽനിന്നു പുറത്തിറങ്ങാതെ നോക്കണമെന്നു ജേക്കബ് ജോബ് നിർദ്ദേശിച്ചു. ഇവിടം മുതൽ തന്നെ ഉന്നത തലത്തിൽ ജേക്കബ് ജോബിനെതിരെ നീക്കം തുടങ്ങി എന്നാണ് അദ്ദേഹം നൽകുന്ന സൂചനകൾ.

നിഷാം അന്നത്തെ ഭരണക്കാരുടെയും പ്രിയങ്കരനായിരുന്നു എന്നത് വാസ്തവമായിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേക പരിഗണന തന്നെ നിഷാമിന് ലഭിച്ചു. നിഷാം പുറത്തിറങ്ങുന്നതു തടയാനുള്ള മാർഗം അന്വേഷിച്ച ജേക്കബ് ജോബിനു കേസ് ചാർജ് ചെയ്ത പേരാമംഗലം പൊലീസ് സ്റ്റേഷനിൽനിന്നു തണുത്ത പ്രതികരണമാണു ലഭിച്ചത്. കൂടുതൽ കേസ് ഉണ്ടെങ്കിൽ കാപ്പ ഉൾപ്പെടുത്തി റിമാൻഡ് നീട്ടാമെന്നായിരുന്നു ജേക്കബ് ജോബിന്റെ തീരുമാനം. ഇതിനായി നിഷാമിനു കേസിൽ കാപ്പ ചുമത്താവുന്ന വിവരങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഇതിലും പൊലീസ് അലംഭാവം കാണിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് ഇതു നൽകിയില്ല. ഇതു വൈകിയതിനെത്തുടർന്നു സിഐക്കു ജേക്കബ് ജോബ് നോട്ടീസ് നൽകി. എന്നിട്ടും വിവരം ലഭ്യമാക്കാതെ അലംഭാവം കാണിച്ചു. ഇതിനെല്ലാം പിന്നിൽ ഉന്നതനായ ഉദ്യോഗസ്ഥന്റെ ഇടപെടലായിരുന്നു.

നിഷാമിനെതിരെ ബെംഗളൂരുവിൽ കേസുകൾ ഉണ്ടോ എന്ന് അന്വേഷിക്കാൻ പ്രതിയുമായി അങ്ങോട്ടുപോയ സംഘത്തോട് എസ്‌പി ആവശ്യപ്പെട്ടു. ഈ വിവരം എടുക്കാതെയാണു സംഘം മടങ്ങിയത്. വഴിയിൽ വച്ച് ഇതേക്കുറിച്ചു സംശയം തോന്നിയ ജേക്കബ് ജോബ് സംഘത്തെ വിളിച്ചു. ബന്ധപ്പെട്ട സ്റ്റേഷനിൽ കേസില്ല എന്നായിരുന്നു വിവരം. ബെംഗളൂരു ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ ഇതു ലഭ്യമാകുമെന്നു പറഞ്ഞു സംഘത്തിലെ ചിലരെ മടക്കി അയച്ചാണു വിവരം ശേഖരിച്ചത്. അവിടെ മാനഭംഗ കേസിൽ പ്രതിയാണെന്ന വിവരമാണു കാപ്പ ചുമത്താൻ ആധാരമായത്. ബെംഗളൂരുവിൽ കേസില്ല എന്നു വരുത്തിതീർത്തു നിഷാമിനെ പുറത്തിറക്കാൻ പൊലീസിലെ ചിലർ ശ്രമിച്ചുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

മൂന്ന് ദിവസം മുമ്പ് പത്തനംതിട്ട ടൗൺഹാളിൽ നടന്ന പൊലീസ് അസോസിയേഷൻ ജില്ലാകമ്മറ്റി സംഘടിപ്പിച്ച സെമിനാറിൽ ജേക്കബ് ജോബ് തുറന്നടിച്ചത്. ചിലരോടൊക്കെ എസ്‌പി മനസു തുറന്നുവെന്നാണ് അറിയുന്നത്. ഒരു മുൻഡിജപിയാണ് ആരോപണ വിധേയൻ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷയനുഭവിച്ചെന്ന് ജേക്കബ് ജോബ് സുഹൃത്തുക്കളോടും ചില സഹപ്രവർത്തകരോടും എപ്പോഴും പറയുമായിരുന്നു. തന്നെ സമീപിച്ച ചില മാധ്യമപ്രവർത്തകരോടും ഈ വിവരം പറഞ്ഞിട്ടുണ്ട്. ഓർത്തോർത്ത് മനസു വിഷമിക്കുമ്പോൾ എല്ലാം വിളിച്ചു പറയുമെന്ന് എസ്‌പി തന്നെ പറഞ്ഞിട്ടുണ്ടെന്ന് സഹപ്രവർത്തകർ പറയുന്നു.

ചാനൽ ക്യാമറകൾ കാണാതിരുന്നതിനാൽ ആവേശം കൊണ്ട ജേക്കബ് ജോബ് പിന്നീടാണ് അബദ്ധം തിരിച്ചറിഞ്ഞത്. തനിക്ക് പരിചയമുള്ള പത്രസുഹൃത്തുക്കളെയെല്ലാം നേരിട്ട് വിളിച്ച് തനിക്ക് അബദ്ധം പറ്റിപ്പോയെന്നും കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനിടെ ഒരു ലോക്കൽ ചാനലിന്റെ ക്യാമറാമാൻ എസ്‌പിയുടെ തുറന്നു പറച്ചിലുകൾ മുഴുവൻ പകർത്തിയിരുന്നു. രാത്രി 11 മണിയോടെ മറ്റ് പ്രമുഖ ചാനലുകൾ എല്ലാം തന്നെ ഈ വിഷ്വൽ കടം വാങ്ങി വാർത്തയടിച്ചു. ഇതോടെ എസ്‌പി ശരിക്കും പെട്ടു. ഒറ്റ ആശ്വാസം മാത്രമാണുള്ളത്. ഈ മാസം 31 ന് സർവീസിൽ നിന്നു വിരമിക്കും. മുഹമ്മദ് നിഷാം ജയിലിൽ നിന്നിറങ്ങിയാൽ തനിക്കിട്ട് പണി തരുമെന്നും ജേക്കബ് ജോബ് കരുതുന്നു. സകലരെയും വെല്ലുവിളിച്ച് തല ഉയർത്തി നടന്ന നിഷാമിന്റെ കൈയിൽ ആദ്യമായി വിലങ്ങ് അണിയിച്ചത് ജേക്കബ് ജോബായിരുന്നു. അതിന് നിഷാമിന് തന്നോട് പകയുണ്ടെന്നും ജേക്കബ് ജോബ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP