Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആത്മയാനങ്ങൾ

ആത്മയാനങ്ങൾ

ഷാജി ജേക്കബ്

യാത്രകളെപ്പോലെ ലോകചരിത്രത്തെയും മനുഷ്യജീവിതങ്ങളെയും പുനർനിർണയിച്ച അനുഭവങ്ങൾ യുദ്ധങ്ങൾ മാറ്റിനിർത്തിയാൽ, മറ്റധികമില്ല. സ്ഥിരവും ചരവുമായ പ്രകൃത്യവസ്ഥകളുടെ സംലയനമെന്ന നിലയിൽ യാത്രകൾ മനുഷ്യരുടെ ഭാവനയെയും യാഥാർഥ്യങ്ങളെയും അടിമുടി പുനർനിർമ്മിച്ചുകൊണ്ടേയിരിക്കുന്നു. പുറപ്പാടുകളും പലായനങ്ങളും അഭയാർഥിത്വങ്ങളും അന്വേഷണങ്ങളും അലച്ചിലുകളും പടർച്ചകളും പ്രവാസങ്ങളും കുടിയേറ്റങ്ങളുമായി യാത്രകൾ മനുഷ്യചരിത്രത്തെ ലോകാനുഭവങ്ങളിൽ പുനർവിന്യസിക്കുന്നു. സമുദ്രാന്തരയാത്രകളും ഭൂഖണ്ഡാന്തര പ്രയാണങ്ങളും കപ്പൽച്ചേതങ്ങളും അധിനിവേശങ്ങളും... ക്ലാസിക്കൽ-നിയോക്ലാസിക്കൽ-കൊളോണിയൽ ഭാവനകളെ നിർമ്മിച്ച സഞ്ചാരങ്ങളുടെ രൂപകചരിത്രം ഒന്നു വേറെതന്നെയാണ്. ആധുനികാനന്തര ലോകക്രമം ആഗോളലോകക്രമമായതിന്റെ ഏറ്റവും പ്രകടവും പ്രത്യക്ഷവുമായ തലം സ്ഥലകാലങ്ങളെ അഴിച്ചുകളഞ്ഞ ദൃശ്യാനുഭൂതികളുടേതാണ്. യാത്രകൾ കാഴ്ചകളുടെ അനുഭവങ്ങളായി മാറിയതങ്ങനെയാണ്. ടെലിവിഷനിൽ നിന്നു മുന്നോട്ടുപോയി ഡിജിറ്റൽ കാമറകൾ സൃഷ്ടിച്ച ദൃശ്യലോകത്തിന്റെ സാധ്യതകളാണ് നമ്മുടെ കാലത്തിന്റെ ഏറ്റവും മൂർത്തമായ അനുഭൂതിസാക്ഷ്യങ്ങൾക്കു രൂപം നൽകുന്നത്. മൊബൈൽ ഫോണുകൾ പോലും ഒന്നാമതായി കാമറകൾ തന്നെയാണല്ലോ. ഫോട്ടോകളെടുക്കാൻ വേണ്ടിയായിരിക്കുന്നു, നമ്മുടെ യാത്രകൾ. അഥവാ, യാത്രകളുടെ അനുഭൂതിതലങ്ങൾ ഫോട്ടോകളായി സംഭരിച്ചുകൊണ്ടാണ് ഓരോ സഞ്ചാരിയും പുറപ്പെട്ടേടത്തേക്കു മടങ്ങിയെത്തുന്നത്. വാക്കുകളെക്കാൾ ചിത്രങ്ങൾക്കും ബിംബങ്ങളെക്കാൾ ദൃശ്യങ്ങൾക്കും പ്രാധാന്യം കൈവന്ന കാലത്ത് അനുഭൂതികളെ പ്രാണവൽക്കരിക്കാൻ നിങ്ങൾക്കു കഴിയുന്നത് കാമറയിലൂടെ മാത്രമാകുന്നു. ലോകത്തെവിടെയുമെന്നപോലെ മലയാളത്തിലും ഇതിനുദാഹരണങ്ങളുണ്ട്. ടെലിവിഷൻ ചാനലുകളിലെ യാത്രാനുഭവങ്ങൾ മുതൽ യാത്രാവതരണങ്ങൾക്കായി രൂപംകൊണ്ട മാസികകൾവരെ.

എൻ.എ. നസീറിന്റെ വനയാത്രകളാണെന്നുതോന്നുന്നു, മലയാളത്തിൽ ചിത്രങ്ങളുടെകൂടി മികവിൽ അവയുടെ സാംസ്‌കാരികജീവിതം പൂർത്തീകരിക്കുന്ന പുസ്തകങ്ങളിൽ ഏറ്റവും ശ്രദ്ധേയം. അവയാകട്ടെ, യാത്രാവിവരണങ്ങളെന്നതിനെക്കാൾ വന-മൃഗ-പക്ഷി-പ്രാണി വിവരണങ്ങളുമാണ്. സഹ്യന്റെ ജീവചരിത്രങ്ങൾ.

മികച്ച ഫോട്ടോഗ്രാഫുകളുടെ സാന്നിധ്യമുള്ള യാത്രാവിവരണങ്ങൾ മലയാളത്തിൽ പ്രായേണ കുറവാണ്. മിക്കവയിലും സഞ്ചാരിയുടെ അനുഭവവിവരണങ്ങളാണ് മുഖ്യം. നാമമാത്രമായി ചില ചിത്രങ്ങളുണ്ടാകാനും മതി. ദൃശ്യമാധ്യമങ്ങളുടെയും പിന്നീട് ഡിജിറ്റൽ കാമറയുടെയും വരവോടെ, യാത്രകൾക്കും സ്ഥലാനുഭവങ്ങൾക്കും സംഭവിച്ച അനുഭൂതിമാറ്റങ്ങളുടെ മാതൃകകളായിത്തീർന്ന യാത്രാവിവരണങ്ങൾ മലയാളത്തിൽ തീരെയില്ല എന്നതാണ് യാഥാർഥ്യം. ട്രാവൽ മാഗസിനുകൾ ടെലിവിഷനിൽ നിന്ന് അച്ചടിയിലേക്കു വ്യാപിച്ച കാലത്ത് മാതൃഭൂമിയുടെ 'യാത്ര' പോലുള്ളവ സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് ഈ രംഗത്തെ വേറിട്ട മാതൃക. എം.എ. ഷാനവാസിന്റെ 'ഏകാന്തയാത്രകൾ' ഡിജിറ്റൽ കാലത്തെ യാത്രാനുഭവങ്ങൾക്കു കൈവന്ന വാക്കുകളുടെയും ദൃശ്യങ്ങളുടെയും കൗതുകകരമായൊരു കലർപ്പാണ്. സ്ഥലകാലവിവരണങ്ങളുടെ വെറുമൊരു സഞ്ചാരപ്പുസ്തകമല്ല ഏകാന്തയാത്രകൾ. കഥയും കവിതയും ചരിത്രവും ഭാവനയും ഫീച്ചറും ആത്മകഥയും കൂടിക്കുഴയുന്ന യാത്രകളുടെ കലാവിഷ്‌ക്കാരങ്ങളാണവ. കാഴ്ചകളിലേക്കു പരകായപ്രവേശം നടത്തുന്ന ആത്മയാനങ്ങൾ.

യാത്രകളിൽ സ്വയം നഷ്ടപ്പെടുകയും പിന്നീട് വീണ്ടെടുക്കുകയും ചെയ്യുന്ന ഒരനുഭൂതിപോലെ ജീവിതത്തെ മാറ്റിത്തീർക്കുകയാണ് ഷാനവാസ്. സ്ഥലങ്ങളിൽനിന്ന് സ്ഥലങ്ങളിലേക്കും കാലങ്ങളിൽനിന്ന് കാലങ്ങളിലേക്കും ഒഴുകിപ്പോകുന്ന ഭാവത്തിന്റെ ദൃശ്യവൽക്കരണമായി അതിന്റെ കഥ പറയുന്നു, ഷാനവാസ്. ഘനീഭവിച്ച നിശ്ചലമാത്രകൾ നിഴലും വെളിച്ചവുമായി അവയിൽ തുടിച്ചുനിൽക്കും. അസാധാരണമാംവിധം ഗൂഢവൽക്കരിച്ച് ഹിമാലയൻ യാത്രാവിവരണങ്ങളെഴുതുന്ന ആത്മവാദികളുടെ കാലത്താണ് നാം ജീവിക്കുന്നത്. യാത്രാവിവരണങ്ങൾക്ക് ചരിത്രാത്മകവും സാംസ്‌കാരികവും രാഷ്ട്രീയവും നരവംശശാസ്ത്രപരവുമൊക്കെയായി കൈവന്നിരുന്ന പ്രാധാന്യങ്ങളെ ഒറ്റയടിക്കാണ് മലയാളി ആത്മീയതയുടെ കാവിപുതപ്പിച്ചു കിടത്തിയത്. ഷാനവാസ് ആ കപടാവരണമുരിഞ്ഞുകളയുക മാത്രമല്ല, വ്യാജയാത്രകളുടെയും കപടബിംബങ്ങളുടെയും ലോകത്തുനിന്ന് തന്നെയും വായനക്കാരെയും (അതോ കാഴ്ചക്കാരെയോ?) വഴിമാറ്റിനടത്തുകയും ചെയ്യുന്നു.

കവിതയും കാമറയും ഇഴപിരിയുന്ന ദൃശ്യബിംബങ്ങളുടെ മൃതിത്തണുപ്പുപോലുള്ള ഒരാമുഖമുണ്ട്, ഏകാന്തയാത്രകൾക്ക്. തുടർന്ന് പതിനൊന്നു രംഗങ്ങളുള്ള ഒരു കാവ്യനാടകംപോലെ യാത്രകളുടെ കഥയും കവിതയും വാങ്മയചിത്രങ്ങളും കാമറച്ചിത്രങ്ങളും. കുമോർത്തുളിയാണ് ആദ്യം. വൈക്കോലിലും ചെളിയിലും ദൈവവിഗ്രഹങ്ങൾ വാർത്തുണ്ടാക്കുന്ന ബംഗാളിലെ ശില്പഗ്രാമമാണ് കുമോർത്തുളി. വൈക്കോൽ ഉൾനാടൻ ഗ്രാമങ്ങളിൽനിന്ന്. തുടങ്ങിവയ്ക്കാനുള്ള ചെളി കൽക്കത്തയിലെ ഗണികത്തെരുവുകളിൽനിന്ന് - ആചാരമാണത്രെ. പിന്നെ ഗംഗാതീരത്തെ ചെളിയിൽ ദുർഗയുടെ ശില്പങ്ങൾ വാർന്നുതുടങ്ങും. കുമോർത്തുളിയിലെ ദേവശില്പികളുടെ വംശചരിത്രം പറയുന്നു, ഷാനവാസ്.

ഉസ്താദ് ബിസ്മില്ലാഖാന്റെ വീടാണ് രണ്ടാം ഭാഗം. വരണാസിയിൽ. വിസ്മയകരമാംവിധം വിസ്മൃതിയിലാണ്ടുപോയ ഷെഹ്‌നായ് ചക്രവർത്തിയുടെ കഥ. ഉസ്താദിന്റെ ദലിത്-മുസ്ലിം വംശപുരാണം. ബീഹാറിൽനിന്ന് വരണാസിയിലെത്തി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പടവുകൾ കയറിപ്പോയ ശ്വാസവേഗങ്ങൾ. പക്ഷെ യാതനാപൂർണമായിരുന്നു ആ ജീവിതം. 'ദുഃഖഭരിതമായ സംഗീതം ആവിഷ്‌ക്കരിച്ച് സ്വന്തം ജീവിതംകൊണ്ട് സ്വയം ദുഃഖമായി മാറുകയായിരുന്നു ഉസ്താദ്. ദാരിദ്ര്യം ഒരു വ്രതംപോലെ അനുശീലിച്ചിരുന്ന ഖാൻസാഹിബിന് അവഗണനമാത്രമായിരുന്നിരിക്കണം ദുഃഖമായി തോന്നിയത്. ആകാശംപോലും അതിർത്തി തിരിച്ച് വിൽപ്പനയ്‌ക്കൊരുങ്ങുന്ന കാലത്താണ് നാം ജീവിക്കുന്നത്. ബിസ്മില്ലാഖാന്റെ സംഗീതം, അതെത്ര ആത്മനിഷ്ഠമെങ്കിലും അതിന്റെ ഉടമസ്ഥൻ ഖാൻ സാഹിബല്ല. ബിസിനസ്സുകാരും റെക്കോർഡിങ് എക്‌സിക്യൂട്ടീവ്‌സും അടക്കമുള്ള സംഗീതത്തോട് അനുഭാവമില്ലാത്ത വിപണിയുടേതാണ് ആ സംഗീതം. സാധാരണക്കാരന് ഇന്ന് അപ്രാപ്യമാണത്. മ്യൂസിക് ഷോപ്പുകളിലെ റാക്കുകളിൽ തൊട്ടാൽ കൈപൊള്ളുന്ന വിലയായി ഖാൻ സാഹിബ് മാറിക്കഴിഞ്ഞു.

'എന്റെ ശക്തി വീണ്ടും സംഭരിക്കപ്പെടും. ഞാൻ തിരിച്ചുവരും. അന്ന് ഇപ്പോൾ വാങ്ങുന്നതിന്റെ പകുതി പ്രതിഫലം മാത്രമേ വാങ്ങൂ' എന്ന് രോഗശയ്യയിൽ കിടന്ന് ബിസ്മില്ലാഖാൻ പറയുന്നുണ്ട്. വസന്തത്തിന് കാവൽക്കാർ നിരവധിയാണ്. എന്നിട്ടും മരണംവരെ ഒരു ഭിക്ഷാപാത്രമായി ഖാൻസാഹിബ് മാറിയതെന്തുകൊണ്ട്? മരണാനന്തരവും മോചനമില്ലാത്തതെന്തുകൊണ്ട്? കണ്ണിൽ കുത്തിക്കയറുന്ന വെയിൽ പടർന്ന് തുടങ്ങിയപ്പോൾ ഞങ്ങൾ അവിടം വിട്ടിറങ്ങി. അലി ഹൈദർഖാൻ അവിടെയെങ്ങും ഉണ്ടായിരുന്നില്ല'.

വരണാസിയിലെതന്നെ അഘാഡകളെത്തേടി നടത്തിയ യാത്രകളാണ് മൂന്നാം രംഗം. ഉത്തർപ്രദേശിലെ ഗ്രാമാന്തരങ്ങളിലെ ഗുസ്തിക്കാരാണ് അഘാഡകൾ. മണ്ണും മനുഷ്യനും തമ്മിലുള്ള അപാരമായ ബന്ധങ്ങളുടെ മിത്തിക്കൽ മാനങ്ങളുണ്ട് അഘാഡകൾക്ക്. ഗോദകളിലെ ചെളിയിലും വിയർപ്പിലും കുഴഞ്ഞ ശരീരങ്ങളുടെ പകർന്നാട്ടങ്ങൾ ഷാനവാസ് കാമറയിൽ പകർത്തുന്നു. കാശിയെക്കുറിച്ചുള്ള ഈ വാങ്മയചിത്രം കാണുക: 'റിക്ഷയിലിരിക്കുമ്പോൾ വെറുതെ ഈ നഗരത്തെക്കുറിച്ചോർത്തു. ദ്രവിച്ചുകൊണ്ടിരിക്കുന്ന ഒരു പൗരാണിക നഗരി. അതിന്റെ സ്‌നാനഘട്ടങ്ങളിൽ കാഴ്ചകൾ കീഴ്‌മേൽ മറിയുകയാണ്.

കാലിഡോസ്‌കോപ്പിലൂടെയുള്ള നോട്ടംപോലെ ചില കാഴ്ചകൾ യാഥാർത്ഥ്യത്തിന്റെയും ഭ്രമാത്മകതയുടെയും അതിർവരമ്പുകളെ മായ്ച്ചു കളയും. സ്ഥലകാലങ്ങൾ വിഭ്രമിപ്പിക്കും. സൗന്ദര്യം തേടിയുള്ള എല്ലാ യാത്രകളും ബനാറസിന്റെ തെരുവുകളിൽ അവസാനിക്കുകയാണ്. പകരം ജീവിതം, മരണം, അതിജീവനം, വെന്തളിഞ്ഞ ജമന്തിപ്പൂക്കൾ, നിറം മങ്ങിയ പട്ടുചേലകൾ, ശവങ്ങളുടെ സ്വർണപ്പല്ലുകൾ, ചാരനിറമുള്ള വാർധക്യം, ചതിയുടെ മുഖപടങ്ങൾ, അനുഷ്ഠാനത്തിന്റെ പ്രഭേദങ്ങൾ, സന്ന്യാസത്തിന്റെ യൗവനം... അങ്ങനെ പുതിയ ഒരു 'ഫ്രെയിം' രൂപപ്പെടുന്നു. അതെ... സൗന്ദര്യമെന്ന് നാം ധരിച്ചുവെച്ചിരിക്കുന്നത് എത്ര ഉപരിവിപ്ലവമായ ഒന്നിനെയാണ്!

എങ്കിലും ഞാനിഷ്ടപ്പെടുന്നു ഈ നഗരത്തെ... ഈ പുരാതന നഗരത്തെ. അതിനെ ഫോക്കസ് ചെയ്യുമ്പോൾ ശരീരം ഒരു ക്ഷേത്രമായും ശക്തി കേന്ദ്രമായും മാറുന്നു. നൂറ്റാണ്ടുകളുടെയും സങ്കരസംസ്‌കാരങ്ങളുടെയും സങ്കീർണമായ പടർച്ചകൾ കൊണ്ട് അലംകൃതമായ ഒരു നഗരം. ചരിത്രം സജീവമായ ഒരു കഥാപാത്രമാണിവിടെ. ഊർന്നുവീഴാറായ ഇഷ്ടികകെട്ടുകളും മണികർണികയിലെ പശുക്കളും എപ്പോഴും ഏത് നിമിഷവും ഒരു ശവമഞ്ചം എതിരേൽക്കാൻ തയ്യാറായി നിൽക്കുന്ന തെരുവുകളും നിറഞ്ഞ കാശി....'.

കാഞ്ചീപുരമാണ് നാലാം രംഗം. ദക്ഷിണേന്ത്യൻ ക്ഷേത്രനഗരങ്ങളിൽ ഏറ്റവും വിഖ്യാതം. പക്ഷെ ഷാനവാസ് ക്ഷേത്രഗോപുരങ്ങളും കമാനങ്ങളും തേടിയല്ല, കാഞ്ചീപുരം പട്ടിനെ ലോകപ്രസിദ്ധമാക്കിയ നെയ്ത്തുകാരെത്തേടിയാണ് തന്റെ യാത്ര തുടരുന്നത്. അസാമാന്യമായ വ്യക്തിചിത്രങ്ങളിലൂടെ ആ യാത്ര കാഞ്ചീപുരത്തിന്റെ വർത്തമാനം തിരിച്ചറിയുന്നു.

'ക്ഷേത്രനഗരം എന്നതിനേക്കാൾ സാധാരണക്കാർ കാഞ്ചീപുരത്തെ അറിയുന്നത് പട്ടുവ്യവസായത്തിന്റെ കേന്ദ്രമെന്ന നിലയിലാണ്. ഏകദേശം അയ്യായിരത്തിലധികം നെയ്ത്തുസംഘങ്ങൾ ഇന്ന് കാഞ്ചിപുരത്തുണ്ട്. കൃഷ്ണദേവരായരുടെ ഭരണകാലത്ത് ദേവാംഗരെന്നും ശൈലാംഗരെന്നും പേരുള്ള രണ്ട് നെയ്ത്തുകുലങ്ങൾ ആന്ധ്രയിൽ നിന്ന് കാഞ്ചീപുരത്തെത്തിയതായി പറയപ്പെടുന്നു. കാഞ്ചീപുരത്തിന്റെ ജീവിതശൈലി ശബ്ദതാളഭരിതമായിരുന്നു. ജീവിതത്തെ ഉത്സവീകൃതമായ മനോഭാവത്തോടെ സമീപിക്കുന്ന ജനതക്ക് പട്ടുപുടവകൾ ആഘോഷത്തിന്റെയും ക്ഷേത്രസംബന്ധിയായ അനുഷ്ഠാനങ്ങളുടെയും ഭാഗമാണ്.

ഏകാംബരത്തിന്റെ ഒറ്റക്കൽത്തറയിൽ വച്ചാണ് ചിന്നയ്യനെ കണ്ടത്. ചിന്നയ്യൻ ഏകാംബരത്തിന്റെ ശക്തിയുടെയും ആസക്തിയുടെയും പ്രതീകമാണ്. വർഷങ്ങൾക്കുമുമ്പ് ഏകാംബരത്തെ പട്ടുവാഴ്ചക്കാലത്ത് ശിവന് പട്ടുനെയ്യാൻ അവസരം കിട്ടിയത് തറിയുടെ മനസ്സറിയുന്ന ചിന്നയ്യനാണ്. മാന്ത്രികവിരലുകളാൽ ചിന്നയ്യൻ നെയ്ത ചേലകൾ പൊൻകായത്തിന്റെ ഗന്ധവും നിറവുമുള്ള ദ്രാവിഡഗാത്രങ്ങളിൽ വിസ്മയം തീർത്തിരുന്നു. കാഞ്ചീപുരത്തിന്റെ നെയ്ത്തുകാരനായിരുന്നു ചിന്നയ്യൻ.

പതിനെട്ടു ദിവസങ്ങൾ നീളുന്ന പട്ടുനെയ്ത്തിൽ ചിന്നയ്യൻ വ്രതവും മന്ത്രവും തെറ്റാതെ കാത്തു. ഈറനുടുത്ത് പുലർച്ചെ ഏകാംബരം തൊഴുതു. ഭാര്യയെയും കുഞ്ഞിനെയും മറന്നു. അയ്യപ്പേട്ടിലെ ചിന്നയ്യന്റെ ഒറ്റമുറി പണിപ്പുരയിൽ നിന്ന് രാപ്പകലില്ലാതെ പൊൻതറിയുടെ കിലുക്കം കേട്ടു. കിനാവിന്റെയും വിയർപ്പിന്റെയും പതിനേഴു ദിവസങ്ങൾ കടന്നു. ശിവന്റെ പട്ടുവാഴ്ചയുടെ പതിനെട്ടാം ദിവസം നഗ്നനായി ചിന്നയ്യൻ തെരുവുകളിലൂടെ ഓടി. അയാൾ നെയ്തുതീർത്ത സ്വർണം പാകിയ ചെമ്പട്ട് തറിയിൽ നൂൽവെട്ടാതെ നിന്നു. വ്രതത്തിന്റെ തീക്ഷ്ണതയിലോ ഭക്തിയുടെ പാരമ്യതയിലോ ചിന്നയ്യന് യുക്തിയുടെ പട്ടുനൂലുകൾ പൊട്ടിപ്പോയത്, അറിയില്ല. കാലപ്രവാഹത്തിന്റെ തറി ചലിക്കുന്നതറിയാതെ ചിന്നയ്യൻ ഇന്ന് സ്വസ്ഥനാണ്. ഏകാംബരത്തിന്റെ ഒറ്റക്കൽത്തറയിൽ.

അതെ. അവസാനിച്ചുപോയ ചരിത്രങ്ങളിലും മിത്തുകളിലും മാത്രമാണ് ഇന്ന് കാഞ്ചീപുരത്തിന്റെ പെരുമ. ആ നഗരത്തിൽ കാൽചവിട്ടുന്ന നിമിഷം മുതൽ ഇടനിലക്കാർ നിങ്ങളെ പൊതിയും. ഈ നഗരം എല്ലാം വിറ്റുകൊണ്ടിരിക്കുകയാണ്. ചിന്നയ്യന്റെ വിയർപ്പും ഉന്മാദവും ചേർത്തു നെയ്ത കാഞ്ചീപുരത്തിന്റെ പട്ടൊഴിച്ച് ഈ നഗരം എല്ലാമെല്ലാം വിറ്റുകൊണ്ടിരിക്കുകയാണ്.

ശ്രീപെരുമ്പുതൂരിനും കാഞ്ചീപുരത്തിനുമിടയിൽ ഹൈടെക് ഇലക്‌ട്രോണിക് കമ്പനികളുടെയും മൊബൈൽ കമ്പനികളുടെയും മാനുഫാക്ചറിങ് യൂണിറ്റുകളുടെ ഒരു നീണ്ട നിരയാണ്. കാഞ്ചീപുരത്തിന്റെ യൗവനം മുഴുവൻ ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ചെറുപ്പക്കാരുടെ മുഖ്യ ആകർഷണകേന്ദ്രം ഈ കമ്പനികളാണ്. അതെ, കാഞ്ചീപുരത്തെ ഗുണശേഖരന്മാർക്ക് പുതിയ കൈവഴികളില്ല. ഉമ്മറപ്പടിയിലെ സിന്ദൂരത്തിൽ മുറിച്ചിട്ട നാരകത്തിലെ സൂചനപോലെ, ഇവിടെ ഒരു കുലം അവസാനിച്ചുകൊണ്ടിരിക്കുന്നു'.

വിയറ്റ്‌നാമിന്റെ പത്തായപ്പുരയെന്നറിയപ്പെടുന്ന മൊക്കോങ്ങിലാണ് അടുത്ത രംഗം. സൈഗോൺ, മൊക്കോങ്, ഹാനോയ്... ലോകപ്രസിദ്ധമായ ഫ്‌ളോട്ടിങ് മാർക്കറ്റുകൾ, തെരുവോര ഭക്ഷണശാലകൾ, പ്രജ്ഞകൊണ്ട് ചരിത്രത്തെയും സാമ്രാജ്യത്തെയും അതിജീവിച്ച ജനത, ഒളിപ്പോരിന്റെ ഐതിഹാസിക മാതൃകകൾ... വിയറ്റ്‌നാമിന്റെ ജീവിതവും ദൃശ്യങ്ങളും ഷാനവാസ് ചിത്രവൽക്കരിക്കുന്നു; ചരിത്രവൽക്കരിക്കുന്നു.

'ആരെയും അമ്പരിപ്പിക്കുന്നതാണ് വിയറ്റ്‌നാമിന്റെ യുദ്ധചരിത്രം.

ആധുനിക വിയറ്റ്‌നാമിന്റെ ചരിത്രമെഴുതിയാൽ അതിൽ പകുതിയും യുദ്ധമാണ്. ലോകയുദ്ധചരിത്രത്തിലെ ഹരം കൊള്ളിക്കുന്ന ഏടുകളാണ് വിയറ്റ്‌നാം യുദ്ധത്തിന്റേത്. സ്വന്തം ഭൂമിയെത്തന്നെ പരിചയും ആയുധവുമാക്കി മാറ്റിയ അപരിചിതമായ ആ യുദ്ധമുറകൾക്ക് മുമ്പിൽ അമേരിക്കൻ സൈന്യം പകച്ചുപോയി. വിയറ്റ്‌നാം യുദ്ധത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ് കുച്ചി ടണലുകൾ.

ഹോച്മിൻ സിറ്റിയിലെ കുച്ചി ഡിസ്ട്രിക്ടിലാണ് വിയറ്റ്‌നാം യുദ്ധഭൂമിയായ കുച്ചി ടണലുകൾ സ്ഥിതിചെയ്യുന്നത്. കുച്ചി ടണലുകളുടെ ചരിത്രത്തിന് ഫ്രഞ്ച് ആധിപത്യത്തിന്റെ കാലത്തോളം പഴക്കമുണ്ട്. കോളനി ഭരണകാലത്ത് ഗ്രാമങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗ്രാമമുഖ്യരുടെ നേതൃത്വത്തിൽ ഭൂമിക്കടിയിൽ രഹസ്യമായി ടണലുകൾ കുഴിച്ചത്. പിന്നീട് അമേരിക്കൻ ട്രൂപ്പുമായി ഏറ്റുമുട്ടൽ തുടങ്ങിയതോടെ വിയറ്റ്‌നാം ഗറില്ലകൾ ഈ ടണലുകൾ വിദഗ്ധമായി ഉപയോഗിച്ചു.

ഗറില്ലകൾ ഉപയോഗിച്ചു തുടങ്ങിയതോടെ ടണലുകൾ അദ്ഭുതകരമായ രീതിയിൽ വികസിപ്പിക്കപ്പെട്ടു. വെറുമൊരു ഒളിത്താവളം എന്നതിനപ്പുറം ടണൽ ഒരു ജീവിതരീതിയായി.

ടണലുകളുടെ ഉള്ളിലേക്ക് കടന്നുചെല്ലുമ്പോഴുള്ള കാഴ്ചകൾ അദ്ഭുതാവഹമാണ്. ആശുപത്രി, സ്‌കൂൾ, ഡൈനിങ്ങ് ഏരിയ, വിശ്രമസ്ഥലങ്ങൾ തുടങ്ങി വിശാലമായ സൗകര്യങ്ങളാണ് അവിടെ. 121 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ടണൽ ഇപ്പോഴും കുച്ചിയിൽ പ്രവർത്തനസജ്ജമാണ്. സന്ദർശകർക്ക് അവിടെ ഇറങ്ങാം. അല്പദൂരം നേർത്ത വെളിച്ചത്തിലൂടെ സഞ്ചരിക്കാം.

ഈ വഴികളിലൂടെ നടക്കുമ്പോൾ കുറെ സ്മരണകൾ നമ്മെ വന്നുപൊതിയും. ജീവനെക്കാൾ സ്വാതന്ത്ര്യത്തെ സ്‌നേഹിച്ച ഒരു ജനത ആയുധവുമായി കടന്നുപോയ വഴികളാണിത്. അവർ പോരാളികൾ മാത്രമായിരുന്നില്ല. കർഷകനും കൊല്ലനും ആശാരിയും വീട്ടുവേലക്കാരിയും അദ്ധ്യാപകനും വേശ്യയും അമ്മയും കുഞ്ഞുങ്ങളും അവരിലുണ്ടായിരുന്നു. അവർ ഒരു ജനതയായിരുന്നു. കുച്ചിയിലെ ടണലുകളുടെ അടുക്കളരീതിവരെ ശാസ്ത്രീയമാണ്. പാചകം ചെയ്യുന്ന പുക ഉയർന്നുപൊങ്ങാതെ പരന്നുപോകാനുള്ള നിർമ്മാണരീതിയും മറ്റും അദ്ഭുതപ്പെടുത്തുന്നതാണ്. നടവഴികളിൽ ജീവനെടുക്കുന്ന കെണികളുടെ സാന്നിധ്യം എവിടെയുമുണ്ട്.

വലിയൊരു സാമ്രാജ്യത്വ ശക്തിക്കെതിരെ നാട്ടറിവുകളും ദേശസ്വഭാവവും ചേർത്തുവെച്ച് അവർ ചെയ്ത യുദ്ധം അമേരിക്കയെ വിറപ്പിച്ചു. സർപ്പപ്പുറ്റുകളെപോലും ടണലുകളുടെ വെന്റിലേഷനാക്കാൻ എഞ്ചിനീയറിങ് വൈഭവം അന്നാണ് ലോകം ആദ്യമായി കണ്ടത്.

കുച്ചി പോരാട്ടങ്ങൾക്ക് ഉപയോഗിച്ച യന്ത്രത്തോക്കുകളും കെണികളും ഇപ്പോഴും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ടണലുകളിലേക്കും ഹൈഡിങ് ട്രഞ്ചുകളിലേക്കും ഇപ്പോഴും സന്ദർശകർക്ക് പ്രവേശനമുണ്ട്. 200 കിലോമീറ്ററുകളിലായി പരന്നുകിടക്കുന്ന കുച്ചി ടണലുകൾ ഇപ്പോഴും വിസ്മയമാണ്'.

ലഡാക്കിലാണ് ഇനി. കാർഗിലും ലേച്ചും സ്റ്റേക്പാലസും ബുദ്ധവിഹാരങ്ങളും മഞ്ഞുമൂടിയ ശൃംഗങ്ങളും പഷ്മിനയുടെ വിസ്മയങ്ങളും പിന്നിട്ട് നുബ്രാവാലിയിലും പിന്നീട് പാംഗോങ്ങിലുമെത്തുന്നു, ഷാനവാസ്. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റോഡുകൾ. മരണം പതിയിരിക്കുന്ന ഗർത്തങ്ങൾ. വിശാലമായ താഴ്‌വരകൾ. മഞ്ഞുപെയ്യുന്ന മലകൾ. ജീവന്റെ കണികപോലുമില്ലാത്ത ഹാംഗോങ് തടാകം. മുകളിൽ അപാരസുന്ദരനീലാകാശം.

വീണ്ടും വരണാസി. ഓരോ ദൃശ്യവും അവയെക്കുറിച്ചുള്ള കാവ്യാത്മകമായ ഓരോ വാങ്മയചിത്രവുമാണ് ഇവിടെയുള്ളത്. ഗംഗ. സൂര്യോദയം. അഘാഡകൾ. തറി. നിറം. വാർധക്യം. വഴി. വാതിൽ. ജഡം. ഒഴുക്ക്. നിശ്ചലത. പാൽ.....

അലഹബാദിലെ 2013ലെ കുംഭമേളയുടെ ദൃശ്യപടമാണ് അടുത്തത്. നഗ്നതയുടെ താണ്ഡവങ്ങളാടുന്ന നാഗന്മാരുടെ ഉടലുകളുടെ പ്രാചീനതയിലേക്ക് ഷാനവാസിന്റെ കാമറ കൺതുറക്കുന്നു. ലഹരിയുടെയും തർപ്പണങ്ങളുടെയും വിചിത്ര സംയോഗം.

രാജസ്ഥാനിലൂടെയുള്ള ഒരു വർണസഞ്ചാരമാണ് അടുത്ത രംഗം. ഭിക്ഷാടകരുടെ അജ്മീർ. അരയന്നങ്ങളുടെ ഗഡ്‌സിസാർ. ദേശാടനപ്പക്ഷികളുടെ മൻസാഗർ. മരണത്തിനു താരാട്ടുപാടുന്ന രുദാലികൾ. തർപ്പണങ്ങളുടെ പുഷ്‌കർ. രജപുത്രരുടെ വീരഗാഥകൾ. ജയ്‌സാൽമിറിന്റെ കാല്പനികത... വാക്കുകളും വസ്തുക്കളും കൊണ്ടു തീർക്കുന്ന വർണവിസ്മയമാക്കി രാജസ്ഥാനെ പകർത്തിവയ്ക്കുന്നു, ഷാനവാസ്.

ഇനി കൊൽക്കൊത്ത. നദി സൃഷ്ടിച്ച ലോകനാഗരികതകളിൽ ഏറ്റവും വൈചിത്ര്യമുള്ള ഇടം. പുഴയോരത്തെ ജനസാഗരം. കൊൽക്കൊത്തയിലെ അനന്തവൈവിധ്യമുള്ള നരഭാവങ്ങൾ കാമറയിൽ കൊരുത്തിടുന്നു, ഷാനവാസ്. സോനാഗച്ചിയിലെ നെടുവീർപ്പുകൾ മുതൽ രബീന്ദ്രസംഗീതത്തിന്റെ അഭൗമലാവണ്യം വരെ. തെരുവോരക്കച്ചവടക്കാർ മുതൽ ജരാനരകൾ തിരപോലെ മൂടിയ വയോധികമുഖങ്ങൾ വരെ - സത്യജിത്‌റായിചിത്രങ്ങളുടെ പകർപ്പുപോലെ തോന്നും ഷാനവാസിന്റെ കൊൽക്കൊത്ത ദൃശ്യങ്ങൾ. രാവും പകലും പോലെ, നരകവും സ്വർഗവും പോലെ, ദാരിദ്ര്യത്തിന്റെയും സമ്പന്നതയുടെയും ഇരുധ്രുവങ്ങളിൽ വിഭജിക്കപ്പെട്ട കൊൽക്കൊത്തയുടെ ചിത്രഭൂപടത്തിൽനിന്ന് നേരെ ഗൾഫിലേക്ക്.

ദുബായ്. ഫുജൈറ. ഷാർജ. അബുദാബി.... മരണത്തിന്റെ നഗരത്തിൽ നിന്ന് മണൽനഗരങ്ങളിലേക്ക്. ഒട്ടകയോട്ടങ്ങളിലാണ് തുടക്കം. മധ്യകാല അടിമവ്യാപാരത്തിന്റെ മനുഷ്യത്വരഹിതമായ ചരിത്രഖണ്ഡങ്ങളിലൊന്നിന്റെ തുടർച്ച. അറബ്‌ഗോത്രങ്ങളുടെ സാംസ്‌കാരികചരിത്രം, കിഴക്കിന്റെ ഏറ്റവും പ്രോജ്ജ്വലമായ വൈജ്ഞാനിക ചരിത്രം കൂടിയാണ്.

തൃക്കാക്കര മുനിസിപ്പൽ ശ്മശാനത്തിലെ ശവദഹനക്കാരി സലീന, ബൽഗാമിലെ മതിരയെന്ന വയോധിക, മറാഠിയിലെ കർഷകർ, കാശിയിലെ ഉപേക്ഷിക്കപ്പെട്ട യാനപാത്രം... ചിത്രപടങ്ങൾ അങ്ങനെ നീളുകയാണ്.

മലയാളത്തിലെ പതിവ് യാത്രാവിവരണങ്ങളിൽനിന്ന് 'ഏകാന്തയാത്രകൾ' ഭിന്നമാകുന്നത് മൂന്നുതരത്തിലാണ്.

ഒന്ന്, ആത്മയാനങ്ങളെന്ന നിലയിൽ ഏകാന്തയാത്രകൾ കൈവരിക്കുന്ന അസാധാരണമായ ലാവണ്യാനുഭവത്തെ സാധ്യമാക്കുന്ന കാമറചിത്രങ്ങളുടെ ദൃശ്യസമ്പന്നതയും വാങ്മയചിത്രങ്ങളുടെ കാവ്യാത്മകതയും.

 

രണ്ട്, സ്ഥലങ്ങളെയും കാലങ്ങളെയും സംസ്‌കാരങ്ങളെയും കൂട്ടിയിണക്കുന്നതിൽ ആത്മീയതയും അതിഭാവുകത്വവും കൈവെടിഞ്ഞ ആഖ്യാനത്തിലുടനീളം ബിംബങ്ങളും വാക്കുകളും സൗന്ദര്യാത്മകമായി ഇണങ്ങിനിൽക്കുന്നതിന്റെ കല.

മൂന്ന്, സംസ്‌കൃതിയുടെയും ജീവിതത്തിന്റെയും ആൾക്കൂട്ടങ്ങളിലും സമൃദ്ധികളിലും നിന്നൊഴിഞ്ഞുമാറി, ഒറ്റമനുഷ്യരുടെയും ഇരുണ്ടലോകങ്ങളുടെയും നഷ്ടകാമങ്ങളുടെയും കണ്ണിലെ വെളിച്ചം തേടിപ്പോകുന്ന കാമറയുടെയും കഥനത്തിന്റെയും ഏകാന്തത.
'ഏകാന്തയാത്രകൾ' ഒരു കാമറക്കാഴ്ച മാത്രമല്ല, കാമറക്കു പിന്നിൽ, അങ്ങേയറ്റം വൈചാരികവും വൈകാരികവുമായി തിടംവച്ചുനിൽക്കുന്ന ആത്മാന്വേഷണത്തിന്റെ കലാവിഷ്‌ക്കാരം കൂടിയാണ്.

പുസ്തകത്തിൽനിന്ന്:-

'ബിസ്മില്ലാഖാന്റെ ഭവനത്തെക്കുറിച്ചുള്ള ധാരാളം റിപ്പോർട്ടുകൾ ഇതിനകം വന്നുകഴിഞ്ഞു. ദാരിദ്ര്യത്തിന്റെ നിത്യസ്മാരകം പോലെ ഒന്ന്. കൗമാരമെന്നോ യൗവ്വനമെന്നോ വാർദ്ധക്യമെന്നോ ഭേദമില്ലാതെ മെലഡിയുടെ നിറങ്ങൾ തേടി ഉസ്താദ് അലഞ്ഞത് എന്തിനായിരിക്കുമെന്ന് ഞാൻ ആലോചിച്ചു. കഠിനയാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്നവർക്കു മാത്രമേ സ്വപ്നം കാണുവാൻ അവകാശമുള്ളൂ. വ്യക്തിയുടെയും ദേശത്തിന്റെയും സംഘർഷങ്ങളെ അനുഭൂതിയായി പരിവർത്തിപ്പിച്ച കഥയാണ് ആ വീട് പറഞ്ഞത്. കബീറിനെപ്പോലെ തെരുവിൽ ജീവിക്കുന്നവന്റെ സാഹസികത ബിസ്മില്ലാഖാന്റെ സംഗീതത്തിൽ ഉണ്ടായിരുന്നു. ഭോജ്പൂരിലെ ഗോതമ്പുപാടങ്ങൾക്കിടയിൽ നിന്നും പുഴയോരത്തെ മണൽതിട്ടകളിൽ നിന്നും കണ്ടെടുത്ത പുൽത്തണ്ടുകളിലെ ഗ്രാമീണത ശെഹ്‌നായിൽ നിന്ന് വിട്ടുപോയില്ല. മുളങ്കുറ്റികളുടെ പ്രാകൃതമായ ഒരു അവസ്ഥയെ ഓർമ്മിപ്പിച്ച ആ പുൽത്തണ്ട് ശ്വാസത്തിന്റെ ഗതിക്രമങ്ങൾ കാത്തുകിടന്നു. ബിസ്മില്ലാഖാന്റെ ശെഹ്‌നായിയിൽ നാടോടി ജീവിതത്തിന്റെ അലച്ചിലുകൾ നിറഞ്ഞുനിന്നു. ഇടതടവില്ലാതെ ബീഡി വലിച്ചിട്ടും അത്ഭുതകരമായ ശ്വാസനിയന്ത്രണം ഉസ്താദിന്റെ സംഗീതത്തെ അലൗകികമാക്കി. ബീഹാറിലെ ബിസ്മില്ലാഗലിയെന്ന് പുനർനാമകരണം ചെയ്യപ്പെട്ട തെരുവിൽ ഈ സംഗീതത്തിന്റെ ഓർമ്മകൾ ഉണ്ടായിരിക്കുമോ എന്നാലോചിച്ചു. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലൊന്നും സംഗീതത്തിന്റെ നിത്യവസന്തം കാണാനായില്ല. ഓർമ്മകൾ പ്രൗഢമായ ഒരു വേദി തേടി അലയുന്നത് മനസ്സിൽ മാത്രമാണ്. എല്ലാ കാഴ്ചകളിലും കാലം സൃഷ്ടിക്കുന്ന ഒരു ഇന്ദ്രജാലമുണ്ട്.

എനിക്കുവേണ്ടത് യമൻരാഗത്തിൽ പ്രതിഫലിക്കുന്ന അനേകം അടരുകളുള്ള ബന്ദിഷുകളെ കുറിച്ചുള്ള വിവരണങ്ങളായിരുന്നില്ല. ലളിതമായ ജീവചരിത്രമുള്ള ബിസ്മില്ലാഖാന്റെ ദുരൂഹമായ ജീവിതമാണ് എന്റെ ക്യാമറ തേടിയത്. നിശ്ചയമായും മറഞ്ഞിരിക്കുന്ന ഒരു ജീവിതം ഖാൻസാഹിബിന് ഉണ്ട്. ജാവിതവും സംഗീതവും ഒന്നായി കണ്ട ആ മനുഷ്യനിൽ നിന്ന് സംഗീതം അടർത്തിമാറ്റുകയാണുണ്ടായത്.

ബീഹാറിലെ ദളിത്-മുസ്ലിം വിഭാഗത്തിൽ ജനിച്ച ബിസ്മില്ലാഖാൻ വരണാസിയിലേക്ക് എത്തപ്പെട്ടു. ഉത്തർപ്രദേശിലെ മുഴുവൻ ഗ്രാമങ്ങളുടെയും ഈണങ്ങൾ ഉസ്താദിന്റെ സിരകളിലുണ്ടായിരുന്നു. ഗംഗയുടെ തീരങ്ങൾ ഉപേക്ഷിച്ചുപോകുവാൻ വിസമ്മതിച്ചുകൊണ്ട് കാൽനടയായും റിക്ഷകളിലും ബിസ്മില്ലാഖാൻ സഞ്ചരിച്ചു. സമകാലികരായ ഹിന്ദുസ്ഥാനി സംഗീതജ്ഞർ ജീവിതത്തിന്റെ ആർഭാടങ്ങൾ അനുഭവിക്കുമ്പോൾ 45 ഡിഗ്രി ചൂടിൽ പൊള്ളിയ ശരീരവുമായി ഖാൻസാഹിബ് ജീവിച്ചു. ദാരിദ്ര്യത്തെ ജീവിതത്തിന്റെ സ്വഭാവമായി അംഗീകരിച്ചിരുന്നിരിക്കണം. പക്ഷേ, വ്യക്തികൾ സ്വന്തം വഴികളിൽ ജീവിക്കുകയും മരിക്കുകയും ചെയ്യും. അത് വ്യവസ്ഥിതികളെ ഒരിക്കലും മാറ്റുന്നില്ല. ആത്മീയതയുടെ ഉള്ളറകൾ ഏതു മതപുരോഹിതനെക്കാളും സന്യാസിയെക്കാളും കണ്ടറിഞ്ഞിട്ടും ബിസ്മില്ലാഖാന് വിമതനായി തുടരേണ്ടി വന്നു. ലോകത്തിലെ ഏറ്റവും വലിയ ധനമായി ശെഹ്‌നായിയെ മാത്രം കണ്ടിട്ടും ഉപരിവർഗത്തിന്റെ സംഗീതവിപണികളിലെ ഇനമായി മാറേണ്ടിവന്നു.

എത്ര മഹത്തെങ്കിലും വ്യക്തിപരമായ അനുഭൂതികൾ പോലും സൂക്ഷിക്കാൻ സാധിക്കാത്തവിധം ശിഥിലമാണ് ഒരു കലാകാരന്റെ ജീവിതം. ഇരമ്പി മറിയുന്ന ജനസമുദ്രത്തെ കാണാതെ ആത്മവിസ്മൃതിയിൽ ലയിക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ബിസ്മില്ലാഖാൻ ജീവിച്ചത്. ബിസ്മില്ലാഖാന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളും വാരണാസിയിലെ ഇലക്ഷൻ ബഹിഷ്‌കരിച്ചതായി പത്രവാർത്തകൾ ഉണ്ടായിരുന്നു. വാഗ്ദാനം ചെയ്യപ്പെട്ട പെട്രോൾ പമ്പും സാംസ്‌കാരിക കേന്ദ്രവും യാഥാർത്ഥ്യമാക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയ്ക്കു നേരെയുള്ള പ്രതിഷേധമായിരുന്നു അത്. ബിസ്മില്ലാഖാന്റെ ജീവിതം യാതനാപൂർണ്ണമായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. പണത്തിന്റെ അനിവാര്യത മൂലം അവസാന കാലങ്ങളിൽ നല്ലതെന്നോ മോശമെന്നോ വേർതിരിവില്ലാതെ കച്ചേരികൾ ചെയ്തു. മുൻപോട്ടു പോകുവാൻ സാധിക്കില്ലെന്നും കണ്ട് രണ്ടു തവണ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്ക് എഴുതിയ കത്തിനെക്കുറിച്ച് ബിസ്മില്ലാഖാൻ ഓർമ്മിക്കുന്നുണ്ട്. പ്രായോഗിക ജീവിതത്തിൽ ഒരു ശ്രദ്ധയും ഇല്ലാതിരുന്നതുമൂലം തന്റെ സംഗീതത്തിന്റെ കസറ്റുകളെക്കുറിച്ചോ അവയുടെ വിൽപ്പനയെക്കുറിച്ചോ അജ്ഞനായിരുന്നു. അനുഭൂതികൾ കൊണ്ടുമാത്രം ഒരു കലാകാരനു ജീവിക്കാനാവുമോ?

നേർരേഖപോലെ സുതാര്യമായി എഴുതപ്പെട്ട ജീവചരിത്രങ്ങളിൽ കാണാത്ത ഒരു അപരജീവിതം ബിസ്മില്ലാഖാനുണ്ടായിരുന്നു എന്നു വിശ്വസിക്കുവാൻ തന്നെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ശെഹ്‌നായുടെ കുലപതി എന്നത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട വ്യക്തിത്വമാണ്. ദീർഘായുസുണ്ടായിരുന്ന ഒരു മനുഷ്യന്റെ പതനം അതിലുണ്ടായിരുന്നതായി ഒരുപക്ഷേ ആരും ഓർക്കില്ല. ഇന്ത്യയുടെ ഏറ്റവും വലിയ പൗരബഹുമതികൾക്കോ ആദരാഞ്ജലികൾക്കോ ആൾക്കൂട്ടങ്ങൾക്കോ മനസ്സിലാക്കുവാൻ സാധിക്കാത്ത ഏകാന്തത ബിസ്മില്ലാഖാന്റെ മരണത്തിനുണ്ടായിരുന്നു. ഏകാന്തമായ ഒരു മരണം. രണ്ടു സ്‌നാപ്പുകൾക്കു വേണ്ടിയാണ് അവിടെ നിന്നതെങ്കിലും ആ വീടിന്റെ ശൂന്യത അതിനെക്കുറിച്ചാണ് സംസാരിച്ചത്'.

ഏകാന്തയാത്രകൾ
എം.എ. ഷാനവാസ്
പ്രണത ബുക്‌സ്
2017, 400 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP