Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നടിക്കൊപ്പം കറങ്ങിനടന്നത് ഒരുമുൻഡിജിപിയോ? പഞ്ചനക്ഷത്രഹോട്ടലിൽ ഇടനിലക്കാരനായി കുരുക്കുകൾ മുറുക്കിയതും ആ ഉന്നതഉദ്യോഗസ്ഥനോ? രഹസ്യങ്ങൾ ഇന്നലെ വിളിച്ചുപറഞ്ഞത് പെട്ടെന്നുള്ള വികാരത്തള്ളിച്ചയാൽ; ചന്ദ്രബോസ് വധക്കേസിൽ മേലുദ്യോഗസ്ഥൻ തന്നെ കുടുക്കുകയായിരുന്നെന്ന് തുറന്നടിച്ച ജേക്കബ് ജോബ് വിരമിക്കലിന് ശേഷം എല്ലാം പരസ്യമാക്കും

നടിക്കൊപ്പം കറങ്ങിനടന്നത് ഒരുമുൻഡിജിപിയോ? പഞ്ചനക്ഷത്രഹോട്ടലിൽ ഇടനിലക്കാരനായി കുരുക്കുകൾ മുറുക്കിയതും ആ ഉന്നതഉദ്യോഗസ്ഥനോ?  രഹസ്യങ്ങൾ ഇന്നലെ വിളിച്ചുപറഞ്ഞത് പെട്ടെന്നുള്ള വികാരത്തള്ളിച്ചയാൽ; ചന്ദ്രബോസ് വധക്കേസിൽ മേലുദ്യോഗസ്ഥൻ തന്നെ കുടുക്കുകയായിരുന്നെന്ന് തുറന്നടിച്ച ജേക്കബ് ജോബ് വിരമിക്കലിന് ശേഷം എല്ലാം പരസ്യമാക്കും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചന്ദ്രബോസ് വധക്കേസ് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയും മുൻ തൃശൂർ കമ്മിഷണറുമായ ജേക്കബ് ജോബ് ഇന്നലെ തുറന്നടിച്ചത് പെട്ടെന്നുണ്ടായ വികാരത്തള്ളിച്ചയാൽ. വേദിക്കു ചുറ്റും ചാനൽ ക്യാമറകൾ കാണാതിരുന്നതും പത്രലേഖകർ ഒന്നുംകുറിച്ചെടുക്കാതിരിക്കുകയും ചെയ്യാതിരുന്നതും തുറന്നു പറച്ചിലിന്റെ ആഴം കൂട്ടി.

പ്രമാദമായ ചന്ദ്രബോസ് വധക്കേസിൽ പ്രതിയായ മുഹമ്മദ് നിഷാമിനെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പേരിൽ തന്നെ കുടുക്കുകയായിരുന്നുവെന്നും അന്വേഷണത്തിന്റെ പേര് പറഞ്ഞ് സ്ഥലത്ത് വന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ സിനിമാ നടിക്കൊപ്പം ഹോട്ടലിൽ കൂത്താടുകയായിരുന്നുവെന്നുമാണ് ഇന്നലെ ടൗൺഹാളിൽ നടന്ന പൊലീസ് അസോസിയേഷൻ ജില്ലാകമ്മറ്റി സംഘടിപ്പിച്ച സെമിനാറിൽ ജേക്കബ് ജോബ് തുറന്നടിച്ചത്. അപ്പോൾ മുതൽ ഇതാരാണെന്ന് അറിയാനുള്ള ശ്രമത്തിലായിരുന്നു സഹപ്രവർത്തകരും മാധ്യമങ്ങളും.

ചിലരോടൊക്കെ എസ്‌പി മനസു തുറന്നുവെന്നാണ് അറിയുന്നത്. ഒരു മുൻഡിജപിയാണ് ആരോപണ വിധേയൻ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷയനുഭവിച്ചെന്ന് ജേക്കബ് ജോബ് സുഹൃത്തുക്കളോടും ചില സഹപ്രവർത്തകരോടും എപ്പോഴും പറയുമായിരുന്നു. തന്നെ സമീപിച്ച ചില മാധ്യമപ്രവർത്തകരോടും ഈ വിവരം പറഞ്ഞിട്ടുണ്ട്. ഓർത്തോർത്ത് മനസു വിഷമിക്കുമ്പോൾ എല്ലാം വിളിച്ചു പറയുമെന്ന് എസ്‌പി തന്നെ പറഞ്ഞിട്ടുണ്ടെന്ന് സഹപ്രവർത്തകർ പറയുന്നു. മാധ്യമങ്ങളും പൊലീസും എന്ന സെമിനാർ ഉദ്ഘാടനം ചെയ്തപ്പോൾ പെട്ടെന്ന് വികാരത്തിന് അടിമപ്പെട്ടായിരുന്നു എസ്‌പിയുടെ തുറന്നു പറച്ചിൽ. ജേക്കബ് ജോബ് പറഞ്ഞ ഉന്നത ഉദ്യോഗസ്ഥൻ ഒരു ഐജിയാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീടാണ് ഇത് ഒരു ഡിജിപിയാണെന്ന വിവരം പ്രചരിച്ചത്.

ചാനൽ ക്യാമറകൾ കാണാതിരുന്നതിനാൽ ആവേശം കൊണ്ട ജേക്കബ് ജോബ് പിന്നീടാണ് അബദ്ധം തിരിച്ചറിഞ്ഞത്. തനിക്ക് പരിചയമുള്ള പത്രസുഹൃത്തുക്കളെയെല്ലാം നേരിട്ട് വിളിച്ച് തനിക്ക് അബദ്ധം പറ്റിപ്പോയെന്നും കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനിടെ ഒരു ലോക്കൽ ചാനലിന്റെ ക്യാമറാമാൻ എസ്‌പിയുടെ തുറന്നു പറച്ചിലുകൾ മുഴുവൻ പകർത്തിയിരുന്നു. രാത്രി 11 മണിയോടെ മറ്റ് പ്രമുഖ ചാനലുകൾ എല്ലാം തന്നെ ഈ വിഷ്വൽ കടം വാങ്ങി വാർത്തയടിച്ചു. ഇതോടെ എസ്‌പി ശരിക്കും പെട്ടു. ഒറ്റ ആശ്വാസം മാത്രമാണുള്ളത്. ഈ മാസം 31 ന് സർവീസിൽ നിന്നു വിരമിക്കും. മുഹമ്മദ് നിഷാം ജയിലിൽ നിന്നിറങ്ങിയാൽ തനിക്കിട്ട് പണി തരുമെന്നും ജേക്കബ് ജോബ് കരുതുന്നു. സകലരെയും വെല്ലുവിളിച്ച് തല ഉയർത്തി നടന്ന നിഷാമിന്റെ കൈയിൽ ആദ്യമായി വിലങ്ങ് അണിയിച്ചത് ജേക്കബ് ജോബായിരുന്നു. അതിന് നിഷാമിന് തന്നോട് പകയുണ്ടെന്നും ജേക്കബ് ജോബ് പറയുന്നു.

കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മാധ്യമങ്ങളും പൊലീസും വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ജേക്കബ് ജോബ് ആഞ്ഞടിച്ചത്. മൂന്നുവർഷമാണ് ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡനം ഏൽക്കേണ്ടി വന്നത്. മുഹമ്മദ് നിഷാമിനെ രക്ഷിക്കാനും കസ്റ്റഡിയിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും ജേക്കബ് ജോബ് ശ്രമിച്ചുവെന്നായിരുന്നു അന്നത്തെ ആരോപണം. ഇതിന്റെ പേരിൽ ഇദ്ദേഹത്തെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റുകയും പത്തനംതിട്ടയിൽ നിയമിക്കുകയും ചെയ്തു. ചുമതലയേറ്റ് രണ്ടാം ദിവസമാണ് നിസാമിന് വഴിവിട്ട് സഹായം ചെയ്തതിന്റെ പേരിൽ സസ്‌പെൻഷനിലായത്.

പിന്നീട്, എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കെഎം മാണിയുടെ നോമിനിയായിട്ടാണ് ഇദ്ദേഹം പത്തനംതിട്ടയിൽ എത്തിയത് എന്നാണ് പറയപ്പെടുന്നത്. സസ്‌പെൻഷനിലായിപ്പോയ ജില്ലയിലെ കസേരയിൽ തന്നെ തിരിച്ചെത്തണമെന്നത് ഇദ്ദേഹത്തിന്റെ വാശിയായിരുന്നു. ചില തുറന്നു പറച്ചിലുകൾ തനിക്ക് നടത്താനുണ്ടെന്ന് പറഞ്ഞായിരുന്നു ജേക്കബ് ജോബിന്റെ പ്രസംഗം.

തനിക്കെതിരേ പൊലീസിൽ നിന്ന് തന്നെ ഗൂഢാലോചനയുണ്ടായി. കേസ് അന്വേഷിക്കാനെന്ന് പേരിൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ പുറപ്പെട്ടു. അദ്ദേഹം എങ്ങോട്ടാണ് പോയതെന്ന് ആർക്കും അറിവില്ല. അദ്ദേഹം ഏത് സ്ഥലത്താണ് ഉണ്ടായിരുന്നതെന്നോ ഡ്യൂട്ടിയിലുണ്ടായിരുന്നോ എന്നു പോലും ആരും അന്വേഷിച്ചില്ല. മൊബൈൽ ടവർ ലൊക്കേഷനിലൂടെ ഇതെല്ലാം കണ്ടെത്താൻ കഴിയുമായിരുന്നു. തന്നെ വഞ്ചിച്ച ആ മേലുദ്യോഗസ്ഥൻ പ്രമുഖ നടിയോടൊപ്പം ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് കേസിൽ ഇടനിലക്കാരനായും പ്രവർത്തിച്ചു.
ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡനമേൽക്കേണ്ടി വന്നപ്പോൾ കുടുംബസമേതം ആത്മഹത്യ ചെയ്യുന്നതിന് വരെ ചിന്തിച്ചിരുന്നു. നിസാമുമായി ബന്ധപ്പെടുത്തി തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു. ആദ്യമായി അയാളെ ജയിലിൽ അടച്ചത് ഞാനാണ്. കാപ്പ ചുമത്തിയതു ഞാനാണ്.

നിസാമുമായി എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി-ജേക്കബ് ജോബ് വികാരാധീനനായി. താനും കുടുംബവും അനുഭവിച്ച മനോവേദനയ്ക്ക് കണക്കില്ല. ജീവതത്തിൽ ആദ്യമായി ഡിപ്പാർട്ട്‌മെന്റ് കൈവിട്ടു. നിരവധി കാര്യങ്ങൾ ഇനിയും തനിക്ക് വെളിപ്പെടുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിസാമിന് വിടുപണി ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് ആരും മിണ്ടിയില്ല. തന്നോട് മാത്രമാണ് അനീതി കാണിച്ചത്. തന്റെ നിരപരാധിത്വം പിന്നീട് അംഗീകരിക്കേണ്ടി വന്നു. അതു കൊണ്ടാണ് സസ്‌പെൻഷനിലായ ജില്ലയിൽ തന്നെ എത്താൻ കഴിഞ്ഞത്.

ആരോപണത്തിൽ കഴമ്പില്ലെന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതിനെതുടർന്നാണ് ജേക്കബ് ജോബിനെ വീണ്ടും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാക്കുന്നത്. മെയ് 31 ന് ജേക്കബ് ജോബ് സർവീസിൽനിന്ന് വിരമിക്കും.
തൃശൂർ ഫ്‌ളാറ്റിലെ സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ചുകൊന്ന കേസിലെ ഒന്നാം പ്രതി നിഷാമിനെ അന്നത്തെ തൃശൂർ കമ്മിഷണറായിരുന്ന ജേക്കബ് ജോബ് നേരിട്ട് സഹായിച്ചുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കാലത്തും പിന്നീടും ഈ വിഷയം സിപിഎം ഏറെ വിവാദമാക്കിയിരുന്നു. നിഷാം കേസുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി: എം.എൻ. കൃഷ്ണമൂർത്തിയുടെ ഫോൺ സംഭാഷണം ജേക്കബ് ജോബ് ചോർത്തിയെന്ന ആരോപണം വിവാദമായിരുന്നു.

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെ രഹസ്യമായി സഹായിച്ചെന്ന ആരോപണത്തെ തുടർന്നാണ് ജേക്കബ് ജോബ് നേരത്തെ സസ്പനെഷനിലായത്. ജേക്കബ് ജോബ് മൂന്നുതവണ നിഷാമുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു സസ്‌പെൻഷൻ. അറസ്റ്റിലായ വ്യവസായി നിഷാമിനെ ഒറ്റയ്ക്ക് കണ്ടതായി തൃശ്ശൂർ മുൻ കമ്മീഷണർ ജേക്കബ് ജോബ് സമ്മതിച്ചിരുന്നു. എന്നാൽ കമ്മീഷണറെന്ന നിലയിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് നിഷാമിനെ കണ്ടതെന്നായിരുന്നു ജേക്കബ് ജോബിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥർ നിഷാമിനെ ബാംഗ്ലൂരിൽ സുഖവാസത്തിന് കൊണ്ടുപോയെന്ന ആരോപണത്തെപ്പറ്റിയാണ് ചോദിച്ചത്. കമ്മീഷണർ ഓഫീസിൽവച്ച് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റിനിർത്തിയാണ് വിവരങ്ങൾ ആരാഞ്ഞത്. ചിലർ കൈക്കൂലി ആവശ്യപ്പെട്ടതായി മനസ്സിലായി.നിഷാമിന്റെ ഭാഗത്തുനിന്ന് തനിക്കും പ്രലോഭനങ്ങളും ഭീഷണിയും സമ്മർദ്ദവുമുണ്ടായതായും ജേക്കബ് ജോബ് അവകാശപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP