Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മധുവിന്റെ കൊലപാതകത്തിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി; അന്വേഷണത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകാൻ നിർദ്ദേശം; കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെയും നിയമിച്ചു; ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവിനായി നീതിപീഠം നേരിട്ട് രംഗത്ത്

മധുവിന്റെ കൊലപാതകത്തിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി; അന്വേഷണത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകാൻ നിർദ്ദേശം; കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെയും നിയമിച്ചു; ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവിനായി നീതിപീഠം നേരിട്ട് രംഗത്ത്

കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ കർശന ഇടപെടലുമായി ഹൈക്കോടതി. പൊതുതാത്പര്യം മുൻനിർത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. സുരേന്ദ്രൻ നൽകിയ കത്തിൽ ചീഫ് ജസ്റ്റീസിന്റെ നിർദേശപ്രകാരം കേസെടുത്ത ഡിവിഷൻ ബെഞ്ച് സർക്കാറിനോട് വിശദീകരണം തേടി.

മധുവിന്റെ കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടമെന്നും സുരേന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മധു കൊലക്കേസിൽ സർക്കാരിനെതിരെയുള്ള നടപടിയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി കേസെടുത്തിരിക്കുന്നത്. കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെയും ഹൈക്കോടതി നിയോഗിച്ചു. കേസിലെ തുടർ നടപടികൾ വ്യക്തമാക്കണമെന്നും കോടതി ഉത്തരവിട്ടു. വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാമെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.

മധുവിന്റെ മാനസികാവസ്ഥ കൂടി പരിഗണിക്കണമെന്നും അറ്റോർണി പറഞ്ഞു. അഡ്വ.ദീപക് ആണ് അമിക്കസ് ക്യൂറി. കേസ് സർക്കാരിനെതിരെയല്ലെന്നും അട്ടപ്പാടിയിൽ നടന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും കേസെടുത്തുകൊണ്ട് കോടതി വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് മധുവിനെ ഒരു സംഘം ആളുകൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്. വിശപ്പടക്കാൻ കാടിറങ്ങിയ മധു ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. കാടിനുള്ളിലെ ഗുഹയിൽ നിന്നും പിടികൂടിയ ആൾക്കൂട്ടം മധുവിനെ അഗളി മുക്കാലി ജംഗഷ്‌നിൽ കൊണ്ടുവന്ന് വിചാരണ നടത്തുകയും മർദ്ദിക്കുകയുമായിരുന്നു. മണിക്കൂറുകൾ നീണ്ട മർദ്ദനത്തിനിടെ മധുവിന് കുടിവെള്ളം പോലും നൽകിയില്ല. തുടർന്ന് പൊലീസിന് കൈമാറിയ മധു ജീപ്പിൽ വച്ച് ഛർദ്ദിക്കുകയും ആശുപത്രിയിൽ എത്തിക്കും മുൻപ് മരിക്കുകയുമായിരുന്നു.

ക്രൂരമായ മർദ്ദനത്തിൽ തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മധുവിന്റെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. മധുവിന്റെ കൊലപാതകത്തിൽ കാടിന്റെ മക്കൾ പ്രതിഷേധവുമായി നാട്ടിലിറങ്ങി. കേരളം ഇതുവരെ കാണാത്ത ആദിവാസി പ്രക്ഷോഭത്തിനാണ് ദിവസങ്ങളോളം അട്ടപ്പാടി മേഖല സാക്ഷ്യം വഹിച്ചത്.

സംഭവവുമയി ബന്ധപ്പെട്ട് 'കെൽസ' ചുമതലയുള്ള ഹൈക്കോടതി ജഡ്ജി ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് ഹരജിയായി പരിഗണിച്ചാണ് സർക്കാറിനോട് വിശദീകരണം തേടിയത്. കത്ത് പരിഗണിച്ച ചീഫ് ജസ്റ്റിസ് വിഷയം പൊതുതാൽപര്യ ഹരജിയായി കോടതി മുമ്പാകെ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു.

സംഭവം സമൂഹത്തിലെ മൂല്യച്യുതിക്ക് ഉദാഹരണമാണെന്ന് ഹരജിയിൽ പറയുന്നു. കോടതി ഇടപെട്ട് തിരുത്തൽ നടപടികൾ നിർദേശിക്കേണ്ടത് അനിവാര്യമാണ്. ഭക്ഷിക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് മധു ഭക്ഷണ പദാർഥങ്ങൾ മോഷ്ടിച്ചത് സത്യമെങ്കിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഫലം കാണുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ആദിവാസി ക്ഷേമത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് അവരിലെത്തുന്ന വിധം ഉടച്ചു വാർക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവം ഭക്ഷണത്തിന്റെ മാത്രം പ്രശ്‌നമല്ല. കുറ്റകൃത്യമാണ് നടന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

മുമ്പ് ജോലി നോക്കിയിരുന്ന മധുവിന് കൂടെയുള്ളവരെ ഭയന്ന് ജോലി ഉപേക്ഷിച്ച് തിരിച്ചുപോരേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് മധുവെങ്കിൽ കുറ്റകൃത്യത്തിന്റെ ഗൗരവം വളരെ വലുതാണ്. ആൾക്കൂട്ടം നിയമം കൈയിലെടുത്ത സംഭവം ഗൗരവത്തോടെ കാണേണ്ടതുണ്ട്. നിയമപാലകരുടെ ഭാഗത്തും വീഴ്ചയുണ്ട്. ഫലപ്രദമായ അന്വേഷണവും പ്രോസിക്യൂഷനും ഈ കേസിൽ അനിവാര്യമാണെന്നും കത്തിൽ പറയുന്നു.

നടന്നാണ് മധു പൊലീസ് ജീപ്പിൽ കയറിയത്. വാരിയെല്ല് തകർന്നയാൾ പൊലീസ് ജീപ്പിൽ നടന്ന് കയറില്ല. അതിനാൽ പൊലീസ് ജീപ്പിൽ എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP