Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബോംബ് നിർമ്മാണത്തിനിടെ കൈകൾ രണ്ടും നഷ്ട്‌പ്പെട്ട് ആശുപത്രിയിലായപ്പോഴാണ് അനിൽ ആ സത്യം തിരിച്ചറിയുന്നത്; തനിക്ക് ഒരു കൊതുകിനെ പോലും കൊല്ലാനാവില്ലെന്ന്: കൂത്തുപറമ്പ് വെടിവെയ്‌പ്പിനിടയിൽ കഴുത്തിന് വെട്ടേറ്റ് ശരീരം മുഴുവൻ തളർന്നു പോയ പുഷ്പൻ ജീവിക്കുകയാണ് ജീവനുള്ള രക്തസാക്ഷിയായി

ബോംബ് നിർമ്മാണത്തിനിടെ കൈകൾ രണ്ടും നഷ്ട്‌പ്പെട്ട് ആശുപത്രിയിലായപ്പോഴാണ് അനിൽ ആ സത്യം തിരിച്ചറിയുന്നത്; തനിക്ക് ഒരു കൊതുകിനെ പോലും കൊല്ലാനാവില്ലെന്ന്: കൂത്തുപറമ്പ് വെടിവെയ്‌പ്പിനിടയിൽ കഴുത്തിന് വെട്ടേറ്റ് ശരീരം മുഴുവൻ തളർന്നു പോയ പുഷ്പൻ ജീവിക്കുകയാണ് ജീവനുള്ള രക്തസാക്ഷിയായി

പി. റ്റി ചാക്കോ

ഹൃദയത്തിൽ പട്ടട എരിയുന്നവർ-3 

കോഴിക്കോട് മെഡിക്കൽ കോളേജിൽ മെല്ലെ കണണു തുറന്നപ്പോൾ ആദ്യം ഒന്നും വ്യക്തമായിരുന്നില്ല. പിന്നീട് അൽപാൽപം കാര്യങ്ങൾ വ്യക്തമായി. ഒന്നാമത്തെ കാര്യം താൻ ജീവിച്ചിരിക്കുന്നു എന്നത് തന്നെ. മരണത്തിൽ നിന്നും തല നാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ സാന്ത്വനം ആത്മാവിലേക്ക് പെയ്തിറങ്ങി. അപ്പോഴാണ്, നാശം ഒരു കൊതുക് വട്ടമിട്ട് പറന്ന ശേഷം കൃത്യം മൂക്കിൽ വന്നിരുന്നത്. അതിന്റെ കൊമ്പുകൾ മൂക്കിൽ ആഴ്ന്നിറങ്ങാൻ തുടങ്ങിയപ്പോൾ അനിൽ കൈ ആഞ്ഞു വീശി. പക്ഷേ അനങ്ങുന്നില്ല.

ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഒന്നോ, അഥിലധികമോ ആളുകളെ കൊല്ലാനുള്ള ബോംബുമായി നടന്ന തനിക്കിപ്പോൾ കൊതുകിനെ പോലും കൊല്ലാനാകുന്നില്ല.

അനിലിന്റെ മുഖത്ത് കൂടി കണ്ണീർ ഒഴുകിയിറങ്ങി...

തലശേരി സഹകരണ ആശുപത്രിയുടെ നാലാം നിലയിൽ ബി416-ാം മുറിയിൽ വച്ചാണ് അനിൽ കുമാറിനെ കണ്ടത്. അവിടെയിരുന്ന് പുറത്തേക്ക് നോക്കിയാൽ കണ്ണൂർ തലശേരി റോഡിലൂടെ അനസ്യൂതമായി ഒഴുകുന്ന വാഹനങ്ങൾ കാണാം. നിശ്ചലമായി കിടക്കുന്ന ജലാശയവും കണ്ടൽക്കാടുകളും.

ദ്രുതഗതിയിൽ പാഞ്ഞു പോയിരുന്ന ജീവിതത്തിൽ നിന്ന് നിശ്ചലവും യാതനാ പൂരിതവുമായ ഒരു ജീവിതത്തിന് തുടക്കമിടുകയാണ്.

സെപ്റ്റംബർ 31ന് കതിരൂർ മുല്യോട്ട് ഉണ്ടായ സ്‌ഫോടനം അനിൽ കുമാറിന്റെ ജീവിതം കീഴ്‌മേൽ മറിച്ചു. അന്ന് കൂടെയുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. മറ്റൊരാൾ തന്നേക്കാൾ ദാരുണമായ സ്ഥിതിയിലാണ്.

അനിലിന്റെ കൈപ്പത്തി രണ്ടും അറ്റു പോയി. ദേഹമാകെ ബോംബിന്റെ ചില്ലുകൾ തുളച്ചു കയറി. മുടി കത്തിപ്പോയിരുന്നു. മുഖമാകെ കരുവാളിച്ചു കറുത്തു.

ഇരുപത്തിരണ്ട് ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലത്തിലായിരുന്നു. തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ എത്തി.

ഇവിടെ അനിലിനെ കാണുക എളുപ്പമല്ല. പാർട്ടിയുടെ സമ്പൂർണ സുരക്ഷിതത്വത്തിലാണ് അനിൽ. പാർ്ടടിയുടെ അനുവാദത്തോട് കൂടി മാത്രമേ ഈ മുറിയിലെത്താൻ കഴിയൂ. സഖാക്കൾ മുറിയിൽ എപ്പോഴുമുണ്ട്. പാർട്ടി പതിനായിരങ്ങൾ മുടക്കിയാണ് അനിലിനെ ചികിത്സിക്കുന്നത്.

ബോംബ് നിർമ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പരക്കേ പറയപ്പെടുന്നു. പുല്യോട്ട് ആൾത്താമസമില്ലാത്ത പറമ്പിലായിരുന്നു ബോംബ് സ്‌ഫോടനം.

റോഡിൽ നിന്ന് മുന്നൂറ് മീറ്ററോളം അകത്തേക്ക് കയറിയുള്ള ഈ ഷെഡ് തികച്ചും ഒറ്റപ്പെട്ടാണ്. സ്‌ഫോടനത്തിൽ ഓടുമേഞ്ഞ ഷെഡ് പൂർണമായും തകർന്നു. അവിടെ ചീട്ടു കളിച്ചു കൊണ്ടിരുന്ന സിപിഎം പ്രവർത്തകരെ ആർഎസ്എസുകാർ ബോംബ് എറിയുകയായിരുന്നു എന്നാണ് സിപിഎം പ്രചാരണം.

അവിവാഹിതനാണ് 29കാരനായ അനിൽ കുമാർ. പുല്ലിയോട് രയോരത്ത് വാസു-പത്മിനി ദമ്പതികളുടെ ഏക മകൻ. മൂന്ന് പെൺമക്കൾ. ആരുടെയും വിവാഹം കഴിഞ്ഞില്ല. ആകെയുള്ളത് അഞ്ച് സെന്റ് സ്ഥലം. അതിലൊരു പുര, കൂലിപ്പണിയാണ് വരുമാന മാർഗം. പതിനഞ്ചു വർഷമായി പാർട്ടി പ്രവർത്തനം നടത്തുന്നു.

കൈപ്പത്തി രണ്ടും നഷ്ടപ്പെട്ട അനിലിപ്പോൾ നീളൻ കയ്യുള്ള ഷർട്ടും അതിൽ തോർത്തും ചുറ്റിയാണ് ഇരിപ്പ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കട്ടിലിന് ചുറ്റും കെട്ടിയിരുന്ന കൊതുകു വല ഭേദിച്ച് എത്തുന്ന കൊതുകുകളുടെ മുമ്പിൽ നിസ്സഹായനായി ഇരുന്നപ്പോഴാണ് താൻ എത്ര ചെറുതായിപ്പോയെന്ന് അനിലിന് മനസിലായത്.

ആ സ്‌ഫോടനത്തിന്റെ ഭീകരദൃശ്യമൊന്നും അനിൽ ഓർക്കുന്നില്ല. ഒരു മൂളൽ മാത്രമേ ഓർമ്മയുള്ളൂ. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ബോധം തെളിഞ്ഞു. ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടു പോകുമ്പഴായിരുന്നു അത്. കൈ രണ്ടും രണ്ടും മുറിച്ചു കളയുകയാണെന്ന് ഡോക്ടർ പറഞ്ഞു.

അപ്പോഴാണ് അനിലിന്റെ മനസ്സിൽ ശരിക്കുള്ള സ്‌ഫോടനം നടന്നത്. കൈ രണ്ടുമില്ലാത്ത അനിലിനെ ഒരു കണ്ണാടിയിലെന്ന പോലെ അനിൽ കണ്ടു. ശിഷ്ട ജീവിത കാലം മുഴുവൻ പരാശ്രയൻ. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കുന്നു. പ്രിയപ്പെട്ടവർക്ക് പോലും മടുപ്പ്. കൂട്ടുകാരും പാർട്ടിക്കാരുമൊക്കെ മെല്ലെ നടന്നകലുന്നു.

അതേ, അിൽ ഈ യാഥാർത്ഥ്യങ്ങളോട് മെല്ലെ നടന്നടുക്കുകയാണ്. ആശ്വാസ വചനങ്ങൾ പറഞ്ഞ് ഇറങ്ങുമ്പോൾ കൈപിടിച്ചൊന്നു കുലുക്കാൻ, അല്ലെങ്കിൽ കൈകൾ കൂപ്പി ഗുഡ്‌ബൈ പറയാൻ അനിൽ മോഹിച്ചെന്ന് എനിക്കു തോന്നി. പകരം അനിൽ എനിക്ക് ദൃഷ്ടി തരാതെ ദൂരെ കണ്ണും നട്ട് ഇരിക്കുക ആയിരുന്നു.

പുഷ്പൻ ജീവിക്കുകയാണ് ജീവനുള്ള രക്തസാക്ഷിയായി

കൂത്തുപറമ്പ് നഗര ഹൃദയത്തിൽ ഇപ്പോൾ അതിമനോഹരമായ ഒരു രക്തസാക്ഷി മണ്ഡപമുണ്ട്. 850 ചതുരശ്ര അടി വീതിയിൽ 45 അടി ഉയരത്തിൽ നിൽക്കുന്ന ഈ കൊയ്ത്തരുവാൾ കാണുന്ന ഏത് സഖാക്കളുടെയും അഭിമാനം ആകാശം മുട്ടേ ഉയരും. പത്തു ലക്ഷം രൂപ ചെലവു ചെയ്ത് ആറു മാസം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

എംവി രാഘവനെന്ന വർഗ ശത്രുവിനെ തോൽപ്പിക്കാൻ പാർട്ടി കുരുതി കൊടുത്ത അഞ്ചു യുവാക്കളുടെ പാവന സ്മരണയാണ് ഇവിടെ ഉയർന്നിരിക്കുന്നത്.

നഗരത്തിൽ നിന്നു കിലോമീറ്ററുകൾ അകലെ ചൊക്ലിനോർത്ത് മേനപ്പുറം പുതുക്കുടിയിലുമുണ്ട്. ഒരു രക്തസാക്ഷി മണ്ഡപം. ആ മണ്ഡപത്തിൽ പുഷ്പൻ കിടക്കുന്നു. കൂത്തുപറമ്പ് വെടിവെയ്‌പ്പിനിടയിൽ കഴുത്തിന് വെട്ടേറ്റ് ശരീരം മുഴുവൻ തളർന്നു പോയ പുഷ്പൻ.

മുടി പറ്റെവെട്ടിയിരിക്കുന്നു. മുഖം നിറയെ രോമം.വിഷാദം തുളുമ്പുന്ന ചിരി. തലയുടെ താഴേയ്ക്ക് അനക്കമില്ല. കമ്പിളി പുതപ്പിനുള്ളിൽ പുഷ്പൻ ചെറുതായി വരുന്നു. അഞ്ചു വർഷം കൊണ്ടുണ്ടായ രൂപ പരിണാമം.

അന്നുമുതൽ ഇന്നു വരെ മരുന്നുകളിലാണ് പുഷ്പന്റെ ജീവിതം. തലശേരി സർക്കാർ ആശുപത്രിയിൽ എട്ടുമാസം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലു മാസം. ബാംഗ്ലൂർ മല്ലിക് ആശുപത്രിയിൽ രണ്ടു മാസം. കണ്ണൂർ ആയുർവേദ ആശുപത്രിയിൽ രണ്ടു മാസം.

വൈദ്യ ശാസ്ത്രത്തിന് ചെയ്യാവുന്നതെല്ലാം പാർട്ടി പുഷ്പന് എത്തിച്ചു. പക്ഷേ വൈദ്യശാസ്ത്രത്തിന് പരിമിതിയുണ്ടല്ലോ. തലശേരിയിലെ സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ പുഷ്പനെ ഇപ്പോഴും ചികിത്സിക്കുന്നുണ്ട്. ദിവസേന ഫിസിയോ തെറാപ്പി ച്യെുന്നു.

പുഷ്പന്റെ അച്ഛൻ കുഞ്ഞൂട്ടി (60) ഇപ്പോഴും കൂലിപ്പണിക്ക് പോകുന്നു. വിവാഹിതരായ രണ്ട് സഹോദരന്മാർ കൂലിപ്പണിക്കാരാണ്. ഇളയ സഹോദരൻ പ്രകാശനാണ് പുഷ്പനെ ശുശ്രൂഷിക്കുന്നത്.. ജോലി ഉപേക്ഷിച്ചാണ് പ്രകാശൻ വീട്ടിൽ നിൽക്കുന്നത്. പാർട്ടി പുഷ്പന് രണ്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപം ഇട്ടിട്ടുണ്ട്.

ചെറിയ മുറിയിലെ ഉയരമുള്ള കട്ടിലിൽ വാട്ടർ ബെഡ് വിരിച്ച് അതിന്മേലാണ് കിടപ്പ്. തൊട്ടു മുന്നിൽ ടിവിയുണ്ട്. അതുകൊണഅട് സമയം പോക്കാം. പിന്നെ ഇടയ്‌ക്കെത്തുന്ന സ്‌നേഹിതർ, പാർട്ടി പ്രവർത്തകർ. അവർ ചിലപ്പോൾ വീൽച്ചെയറിലിരുത്തി മുറ്റത്തിറക്കും. ചിലപ്പോൾ വീടിന് മുന്നിലുള്ള വയലിൽ കൊണ്ടു പോകും. വെടിയുണ്ടകൾ തീർത്ത തടവറയിൽ നിന്നു വല്ലപ്പോഴും വീണുകിട്ടുന്ന പരോൾ.

വീട്ടുകാരുടെ ഓമനയായി, നാട്ടുകാരുടെ അഭിമാനമായി, ഒരു ഭർത്താവും പിതാവുമായി നാടിനെ ഇളക്കി മറിച്ചു വിപ്ലവത്തിന്റെ സ്ഫുലിംഗങ്ങൾ പകർന്നു കൊടുത്ത്... അങ്ങനെ എന്തെല്ലാമൊക്കെയാണ് ആ അഭിശപ്ത നിമിഷം ഈ യുവാവിൽ നിന്നും തട്ടിയകറ്റിയത്.

(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP