Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷെഫിൻ ജഹാനുമായുള്ള വിവാഹത്തിന് കാർമികത്വം വഹിച്ചത് ഹൈദരലി തങ്ങൾ ചുമതലപ്പെടുത്തിയ ആൾ; കള്ളിയെന്ന് വിളിച്ച് എൻഐഎയും പിടികിട്ടാപ്പുള്ളിയോട് എന്നപോലെ വൈക്കം ഡിവൈഎസ്‌പിയും; വീട്ടിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നും വെളിപ്പെടുത്തി ഹാദിയയുടെ സത്യവാങ്മൂലം; രാഹുൽ ഈശ്വർ ചിത്രവും വീഡിയോയുമെടുത്തത് അനുമതിയില്ലാതെയെന്നും ആക്ഷേപം

ഷെഫിൻ ജഹാനുമായുള്ള വിവാഹത്തിന് കാർമികത്വം വഹിച്ചത് ഹൈദരലി തങ്ങൾ ചുമതലപ്പെടുത്തിയ ആൾ; കള്ളിയെന്ന് വിളിച്ച് എൻഐഎയും പിടികിട്ടാപ്പുള്ളിയോട് എന്നപോലെ വൈക്കം ഡിവൈഎസ്‌പിയും; വീട്ടിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നും വെളിപ്പെടുത്തി ഹാദിയയുടെ സത്യവാങ്മൂലം; രാഹുൽ ഈശ്വർ ചിത്രവും വീഡിയോയുമെടുത്തത് അനുമതിയില്ലാതെയെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാഹം നടത്തുന്നതിന് മുസ്‌ളീംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങൾക്ക് കത്ത് അയച്ചെന്നും അദ്ദേഹം ചുമതലപ്പെടുത്തിയ ആളാണ് ഷെഫിൻ ജഹാനുമായുള്ള വിവാഹത്തിന് കാർമികത്വം വഹിച്ചതെന്നും ഹാദിയ. അന്വേഷണത്തിനിടെ തന്നെ കള്ളിയെന്ന് എൻഐഎ ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചെന്നും പിടികിട്ടാപ്പുള്ളിയോടെന്നപോലെ ആണ് വൈക്കം ഡിവൈഎസ്‌പി പെരുമാറിയതെന്നും ഹാദിയ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.

ഷെഫിൻ ജഹാനുമായുള്ള വിവാഹവും ഇതിന് ശേഷമുണ്ടായ വിവാദവുമുൾപ്പെടെ താൻ നേരിട്ട പീഡനങ്ങളെല്ലാം ഒന്നൊന്നായി എണ്ണിപ്പറഞ്ഞാണ് ഹാദിയ എന്ന അഖില സത്യവാങ്മൂലം നൽകിയിട്ടുള്ളത്. കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിൽ തന്നെ ഏറെ ചർച്ചചെയ്യപ്പെട്ട മതംമാറ്റവും വിവാഹവുമായിരുന്നു ഹാദിയയുടേയും ഷെഫിൻ ജഹാന്റേയും. കേസിൽ ഹൈക്കോടതി വിവാഹം റദ്ദാക്കി. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പ്രായപൂർത്തിയായ രണ്ടുപേരുടെ വിവാഹം റദ്ദാക്കാൻ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട പരാതികൾ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ഹാദിയ സത്യവാങ്മൂലം നൽകുന്നത്.

കോടതി നിർദ്ദേശ പ്രകാരം അച്ഛന്റെ ചുമതലയിൽ വിട്ടതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശഖരൻ ഉൾപ്പെടെ അച്ഛനെ സന്ദർശിച്ചിരുന്നുവെന്ന് വ്യക്തമാക്കിയാണ് സത്യവാങ്മൂലം. ഇതിന്റെ വിശദാംശങ്ങൾ റിപ്പോർട്ടർ ചാനലാണ് പുറത്തുവിട്ടത്. വിവാഹം നടത്തുന്നതിന് സഹായം അഭ്യർത്ഥിച്ച് സയ്യദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് കത്ത് അയച്ചിരുന്നതായി ഹാദിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകനായ സയ്യദ് മർസൂക് ബാഫഖി ഫയൽ ചെയ്ത ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി വ്യാഴാഴ്ച പരിഗണിക്കും.

സയ്യദ് ഹൈദരലി ശിഹാബ് തങ്ങൾ ചുമതലപ്പെടുത്തിയ അബ്ദുൽ റഹ്മാൻ ദാരിമി ആണ് തന്റെ വിവാഹത്തിന് കാർമികത്വം വഹിച്ചതെന്നും ഹാദിയ പറയുന്നു. ഷെഫിൻ ജഹാനുമായുള്ള വിവാഹത്തെ കുറിച്ച് ഹാദിയ സുപ്രിം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെ. മുസ്ലിം വരനെ കണ്ടെത്തി തരണമെന്ന് സൈനബയോട് അഭ്യർത്ഥിച്ചിരുന്നു. ഇതേതുടർന്ന് സൈനബ വെ ടു നിക്കാഹ് എന്ന വെബ്സൈറ്റിൽ തന്റെ പേര് രജിസ്റ്റർ ചെയ്തു.

50 ഓളം പേരുടെ ഭാഗത്ത് നിന്ന് അന്വേഷണം ഉണ്ടായി. ഇതിൽ ഒരാൾ ആയിരുന്നു ഷെഫിൻ ജഹാൻ. ഷെഫിൻ ജഹാനുമായി ഫോണിൽ സംസാരിക്കുകയും തുടർന്ന് ഫോട്ടോകൾ വാട്ട്സ്അപ്പിൽ കൈമാറുകയും ചെയ്തു. ഇതിന് ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഇതിനിടെ ഷെഫിൻ ജഹാൻ മസ്‌കറ്റിൽ നിന്ന് നാട്ടിലെത്തി അമ്മാവനും സഹോദരിക്കും ഒപ്പം തന്നെ വന്ന് കണ്ടു. തുടർന്നാണ് വിവാഹിതരാകാൻ തീരുമാനിച്ചത്.

ഷെഫിൻ ജഹാനുമായുള്ള വിവാഹം നടത്തിച്ച് തരാൻ സൈനബയുടെ ഭർത്താവ് അബൂബക്കറിന് കത്ത് നൽകി. ഇതിന് പുറമെ സൈനബയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഖാസി ആയ സയ്യദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് താൻ മറ്റൊരു കത്ത് കൂടി അയച്ചു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ സയ്യദ് ഹൈദരലി ശിഹാബ് തങ്ങളാണ് പുത്തൂർ ജുമാ മസ്ജിദ് മഹൽ ഇമാം അബ്ദുൽ റഹ്മാൻ ദാരിമിയെ വിവാഹം നടത്തി തരാൻ ചുമതലപ്പെടുത്തിയതെന്നും ഹാദിയ സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2016 നവംബർ 19 നായിരുന്നു വിവാഹം. സൈനബ ക്ഷണിച്ചവരും ഷെഫിൻ ജഹാന്റെ ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു എന്നും ഹാദിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എൻഐഎയും പൊലീസും മോശമായി പെരുമാറി

2016 ന് മുമ്പ് ആർക്കെങ്കിലും ഇസ്ലാമിക വീഡിയോ അയച്ചിരുന്നുവോ എന്ന് എൻഐഎ ഉദ്യോഗസ്ഥൻ ആരാഞ്ഞിരുന്നതായി ഹാദിയ. അറിയില്ലെന്ന് മറുപടി പറഞ്ഞപ്പോൾ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി. പിടികിട്ടാപ്പുള്ളികളോട് സ്വീകരിക്കുന്ന സമീപനമാണ് വൈക്കം ഡിവൈഎസ്‌പി തന്നോട് സ്വീകരിച്ചത്. പീഡനത്തെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞുവെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുവെന്നും ഹാദിയ പറയുന്നു.

നവംബർ 27 ന് സുപ്രിം കോടതിയിൽ ഹാജരാകാൻ കാത്തിരിക്കുമ്പോഴാണ് എൻഐഎ സംഘം വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയതെന്ന് ഹാദിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ക്രിമിനലും തീവ്രവാദിയും എന്ന മുൻവിധിയോടെയാണ് എൻഐഎയിലെ ചില ഉദ്യോഗസ്ഥർ പെരുമാറിയത്. എൻഐഎ സംഘം തെളിവില്ലാത്ത ഒരു കഥ വിശ്വസിക്കുകയും അത് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുകയുമാണ് ഉണ്ടായത്. എൻഐഎ സംഘം മൊഴി തന്നെ വായിച്ച് കേൾപ്പിച്ചില്ലെന്നും ഹാദിയ സുപ്രിം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2016 ന് മുമ്പ് ആർക്കെങ്കിലും ഇസ്ലാമിക വീഡിയോ അയച്ചിരുന്നുവോ, സേലത്ത് വെച്ച് സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും മിഠായി നൽകിയിട്ടുണ്ടോ തുടങ്ങിയതു പോലുള്ള ചോദ്യങ്ങളാണ് എൻഐഎ ചോദിച്ചത്. അറിയില്ലെന്ന് ഉത്തരം നൽകിയപ്പോൾ താൻ കള്ളം പറയുകയാണെന്ന് എൻഐഎ ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി. ഷെഫിൻ ജഹാൻ ഒരു തീവ്രവാദിയാണെന്ന് എൻഐഎ തെറ്റിദ്ധരിപ്പിക്കാൻ ശ്രിമിച്ചതായും ഹാദിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വൈക്കം ഡിവൈഎസ്‌പിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഹാദിയ സത്യവാങ്മൂലത്തിൽ ഉന്നയിച്ചിട്ടുള്ളത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വീട്ടിൽ എത്തിയതിന്റെ തൊട്ടടുത്ത ദിവസം എട്ട് പൊലീസുകാർക്കൊപ്പമാണ് വൈക്കം ഡിവൈഎസ്‌പി തന്റെ വീട്ടിൽ എത്തിയത്. സുരക്ഷയ്ക്കായി വന്ന എട്ട് പൊലീസുകാരെ ഡിവൈഎസ്‌പി പരിചയപ്പെടുത്തി. എന്നാൽ പിടികിട്ടാപ്പുള്ളികളോട് കാണിക്കുന്ന സമീപനമാണ് വൈക്കം ഡിവൈഎസ്‌പി സ്വീകരിച്ചത്. ഇത് ഭയാനകവും സഹിക്കാവുന്നതിന് അപ്പുറവുമായിരുന്നു.

ക്രിമിനലുകളോട് പെരുമാറുന്നത് പോലെ പെരുമാറണമോ, കോടതി നിർദ്ദേശിച്ചുവോ എന്ന് ഡിവൈഎസ്‌പിയോട് ചോദിക്കേണ്ടി വന്നു എന്നും ഹാദിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ക്ഷുഭിതനായ ഡിവൈഎസ്‌പി എന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി അട്ടഹസിച്ചു. അതിസാമർത്ഥ്യം കാണിക്കാൻ ശ്രമിക്കേണ്ടെന്നും നിങ്ങൾ എന്റെ കസ്റ്റഡിയിലും മേൽനോട്ടത്തിലും ആണെന്നും എങ്ങനെ നിങ്ങളോടു പെരുമാറണമെന്ന് അറിയാമെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി. വൈക്കം ഡിവൈഎസ്‌പിയുടെ പെരുമാറ്റത്തിൽ നിന്ന് പൊലീസ് തന്നോട് സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് മനസിലായതായും ഹാദിയ സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തെ കുറിച്ച് ഹാദിയക്ക് പരാതികൾ ഇല്ല. ക്രൈംബ്രാഞ്ച് എസ്‌പി, ഡിവൈഎസ്‌പി, സിഐ, എന്നിവരാണ് മൊഴി എടുക്കാനായി വന്നത്. ഇവർക്കൊപ്പം വൈക്കം പൊലീസ് സ്റ്റേഷനിലെ ഒരു വനിതാ പൊലീസ് കോൺസ്റ്റബിളും ഉണ്ടായിരുന്നു. വനിതാ കോൺസ്റ്റബിൾ ആയിരുന്നു മൊഴി രേഖപ്പെടുത്തിയിരുന്നത്. ഈ മൊഴി രേഖപ്പെടുത്തൽ നാല് ദിവസം നീണ്ടു നിന്നു. ഇതൊരു പുതിയ അനുഭവം ആയിരുന്നു. ഒരു വർഷത്തിനിടയിൽ നടന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അവർ ചോദിച്ചു. തനിക്ക് അറിയാവുന്നതെല്ലാം അവരോടു പറഞ്ഞു. മറന്നത് അവർ ഓർമിപ്പിച്ചു എന്നും ഹാദിയ സത്യവാങ് മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.

ഈ മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ അച്ഛനും പൊലീസുകാരും പുറത്ത് നിന്നുള്ളവരും നടത്തുന്ന പീഡനങ്ങളെ കുറിച്ച് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകിയത്. മൊഴി രേഖപെടുത്തുന്നതിനിടയിൽ അച്ഛൻ മുറിയിൽ എത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന് അറിയിച്ചു. എന്നാൽ ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് സംഘം അച്ഛനെ മടക്കുകയാണ് ഉണ്ടായത്.

ക്രൈംബ്രാഞ്ച് സംഘം പോയതിന് ശേഷമാണ് പത്രം വല്ലപ്പോഴും കിട്ടിത്തുടങ്ങിയത്. എന്നാൽ തന്നെ സംബന്ധിച്ച് വരുന്ന വാർത്തകൾ ഉള്ള പത്രം തന്നിരുന്നില്ല. ക്രൈംബ്രാഞ്ചിൽ നിന്നാണ് ഷെഫിൻ ജഹാൻ സുപ്രിം കോടതിയെ സമീപിച്ച വിവരം അറിയുന്നത്. ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്യുമെന്നും തന്നെ സ്വതന്ത്രയാക്കുമെന്നും ആയിരുന്നു പ്രതീക്ഷ. എന്നാൽ ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തില്ല. വീണ്ടും നാല് മാസം കൂടി വീട്ടുതടങ്കലിൽ കഴിയേണ്ടി വന്നു എന്നും ഹാദിയ വ്യക്തമാക്കുന്നു

സുപ്രിം കോടതിയിൽ ഹാജരാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ തന്നെ സന്ദർശിക്കുകയും സംസാരിക്കുകയും ചെയ്തു. കൂടിക്കാഴ്ചകൾക്ക് ശേഷം താൻ പറയാത്ത കാര്യങ്ങൾ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞതായും സത്യവാങ്മൂലത്തിൽ ഹാദിയ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷനെ തന്നെ കാണാൻ അനുവദിച്ചില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വീട്ട് തടങ്കലിൽ ആയിരുന്നപ്പോൾ തന്ന ഭക്ഷണത്തിൽ മയക്ക് മരുന്ന് കലർത്തിയിരുന്നതായി ഹാദിയ. തെളിവ് കൈമാറാമെന്ന് അറിയിച്ചിട്ടും കോട്ടയം ജില്ലാ പൊലീസ് മേധാവി തന്നെ കാണാൻ എത്തിയില്ല. പൊലീസിനോട് പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. താൻ കൊല്ലപ്പെട്ടേക്കാം എന്ന് രാഹുൽ ഈശ്വറിനോട് പറഞ്ഞിരുന്നതായും ഹാദിയ.

ഭക്ഷണത്തിൽ മാതാപിതാക്കൾ മയക്കുമരുന്ന് കലർത്തി

ഹൈക്കോടതി വിധിയെ തുടർന്ന് വീട്ടിലേക്ക് മാറ്റിയതിന് ശേഷം കടുത്ത പീഡനങ്ങളാണ് മാതപിതാക്കളിൽ നിന്ന് നേരിടേണ്ടി വന്നത് എന്നാണ് സുപ്രിം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ ഹാദിയ ആരോപിച്ചിരിക്കുന്നത്. വീട്ടിൽ അമ്മ പാകം ചെയ്തിരുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്.

ഒരു ദിവസം അമ്മ പ്രാതൽ ഭക്ഷണം ഉണ്ടാക്കികൊണ്ടിരുന്നപ്പോൾ അടുക്കളയിലേക്ക് പോയി. അടുക്കളയിൽ തന്റെ സാന്നിധ്യം അമ്മ ശ്രദ്ധിച്ചില്ല. അടുക്കളയിൽ എത്തിയപ്പോൾ തനിക്ക് ഉണ്ടാക്കുന്ന ഭക്ഷണത്തിൽ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നത് കണ്ടുവെന്ന് ഹാദിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് തന്നെ ഞെട്ടിപ്പിച്ചു.

അമ്മയുടെ ഈ പ്രവൃത്തി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ തന്നെ കേൾക്കാനോ താൻ ഉന്നയിച്ച വിഷയങ്ങളിൽ എന്തെങ്കിലും നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ല. അന്ന് മുതൽ സ്വന്തമായി ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി. തനിക്കെതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ പൊലീസ് നടപടി സ്വീകരിക്കില്ലെന്ന് അതോടെ വ്യക്തമായതായും ഹാദിയ സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭക്ഷണത്തിൽ മാതാപിതാക്കൾ മയക്കുമരുന്ന് കലർത്തുന്നതായി മനസിലായതിനെ തുടർന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തുന്നു എന്നതിന് തെളിവുണ്ടെന്നും ഇക്കാര്യം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറാമെന്നും പൊലീസുകാരെ അറിയിച്ചു. തുടർച്ചയായി മൂന്ന് ദിവസം ഭക്ഷണം ഉപേക്ഷിച്ചു. പച്ചവെള്ളം പോലും കുടിച്ചില്ല. മൂന്നാം ദിവസം സ്പെഷ്യൽ ബ്രാഞ്ചിലെ ഡിവൈഎസ്‌പി തന്നെ സന്ദർശിക്കുകയും ജില്ലാ പൊലീസ് മേധാവി രണ്ട് ദിവസത്തിനുള്ളിൽ തന്നെ സന്ദർശിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പറഞ്ഞ ദിവസവും ജില്ലാ പൊലീസ് മേധാവി കാണാൻ എത്തിയില്ല.

ഇതേത്തുടർന്ന് വീണ്ടും നിരാഹാരം ആരംഭിച്ചു. റംസാൻ മാസത്തിലെ നിരാഹാരവും തുടർന്നുള്ള ആറ് ദിവസത്തെ നിരാഹാരവും ആരോഗ്യനില വഷളാക്കി. കടുത്ത അണു ബാധയെ തുടർന്ന് ഒരിക്കൽ ആശുപത്രിയിൽ കൊണ്ട് പോയതായും ഹാദിയ സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതി അനുദിനം വഷളായിട്ടും കോട്ടയം ജില്ലാ പൊലീസ് മേധാവി തന്റെ പക്കലുള്ള തെളിവ് പരിശോധിക്കാൻ തയ്യാറായില്ലെന്നും സുപ്രിം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിൽ ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്.

രാഹുൽ ഈശ്വർ കാണാൻ മൂന്ന് തവണ വന്നിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കണം എന്ന് നിർബന്ധിച്ചു. എന്നാൽ ഇസ്ലാം മതത്തിൽ തുടരാൻ ഉള്ളതന്റെ നിശ്ചയദാർഢ്യം രാഹുൽ ഈശ്വറിന് ബോധ്യം ആയി. ഏതു സമയവും താൻ കൊല്ലപ്പെട്ടേക്കാം എന്ന് ഒരിക്കൽ രാഹുൽ ഈശ്വരനോട് പറഞ്ഞിരുന്നു. താൻ മരിച്ചാൽ മാതാപിതാക്കൾ തന്റെ ശിരോ വസ്ത്രം നീക്കി, ഹിന്ദു മതത്തിലേക്ക് തിരികെ മതം മാറിയതായി അവകാശപ്പെടും എന്ന് രാഹുൽ ഈശ്വറിനെ അറിയിച്ചിരുന്നു.

മരിച്ചാൽ ഇസ്ലാം ആചാര പ്രകാരം ആണ് തന്റെ സംസ്‌കാരം നടത്തേണ്ടത് എന്നും ഇക്കാര്യം പുറം ലോകത്തെ അറിയിക്കണം എന്നും രാഹുൽ ഈശ്വരനോട് അഭ്യർത്ഥിച്ചതായും ഹാദിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി. തന്റെ അനുമതി ഇല്ലാതെ രാഹുൽ ഈശ്വർ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും മൊബെയിലിൽ പകർത്തുമ്പോൾ അച്ഛനും പൊലീസും വെറും കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നെന്നും ഹാദിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആറു മാസത്തോളം വീട്ടുതടങ്കലിൽ ആയിരുന്നു. ഈ സമയത്തൊക്കെ വീട്ടുതടങ്കലിലാക്കാൻ കോടതി ഉത്തരവ് ഇട്ടിട്ടുണ്ടോയെന്ന് പൊലീസിനോട് ആരാഞ്ഞിരുന്നു. മൊബൈൽ ഫോൺ ലഭിക്കാൻ മൂന്ന് മാസം നിരാഹാരം കിടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP