Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വി ടി ബൽറാമിനോട് കലിപ്പു തീരാതെ സിപിഎം സൈബർ പോരാളികൾ; ഇത്തവണ സോഷ്യൽ മീഡിയയിൽ പ്രചരണം കുടുംബവീട് ചൂണ്ടിക്കാട്ടി എംഎൽഎയുടെ 'ആഡംബര വസതി' എന്ന നിലയിൽ; ഡോക്ടറും എൻജിനീയർമാരും സർക്കാർ ഉദ്യോഗസ്ഥരുമായ ആറ് മക്കൾ അടങ്ങുന്ന കുടുംബത്തിന് ഒരു മാസം തന്നെ 20 ലക്ഷത്തോളം വരുമാനം ഉണ്ടെന്ന് പറഞ്ഞ് വായടപ്പിക്കുന്ന മറുപടി നൽകി ബൽറാം; കണ്ണടച്ചു തുറക്കുന്ന വേഗതയിൽ കോടീശ്വരന്മാരായ വിപ്ലവ നേതാക്കളിൽ ഓഡിറ്റിങ് നടത്തിയോ എന്നും ചോദ്യം

വി ടി ബൽറാമിനോട് കലിപ്പു തീരാതെ സിപിഎം സൈബർ പോരാളികൾ; ഇത്തവണ സോഷ്യൽ മീഡിയയിൽ പ്രചരണം കുടുംബവീട് ചൂണ്ടിക്കാട്ടി എംഎൽഎയുടെ 'ആഡംബര വസതി' എന്ന നിലയിൽ; ഡോക്ടറും എൻജിനീയർമാരും സർക്കാർ ഉദ്യോഗസ്ഥരുമായ ആറ് മക്കൾ അടങ്ങുന്ന കുടുംബത്തിന് ഒരു മാസം തന്നെ 20 ലക്ഷത്തോളം വരുമാനം ഉണ്ടെന്ന് പറഞ്ഞ് വായടപ്പിക്കുന്ന മറുപടി നൽകി ബൽറാം; കണ്ണടച്ചു തുറക്കുന്ന വേഗതയിൽ കോടീശ്വരന്മാരായ വിപ്ലവ നേതാക്കളിൽ ഓഡിറ്റിങ് നടത്തിയോ എന്നും ചോദ്യം

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: മലയാളം സൈബർ ലോകത്ത് സിപിഎമ്മിന്റെ ഏറ്റവും വലിയ എതിരാളി ആരാണ് എന്നു ചോദിച്ചാൽ ഉത്തരം വി ടി ബൽറാം എംഎൽഎ എന്നു തന്നെ പറയേണ്ടി വരും. അതിന് പല കാരണങ്ങളുണ്ട്, സിപിഎമ്മിന്റെ കൂട്ടത്തോടെയുള്ള ആക്രമണത്തെ നേരിടുമ്പോൾ മനസു മടുത്ത് പിന്മാറുന്നവരാണ് പലരും. എന്നാൽ, അക്കൂട്ടത്തിൽ ബൽറാമില്ല, പലപ്പോഴും ഉരുളക്ക് ഉപ്പേരി പോലെ തന്നെ അദ്ദേഹം മറുപടി നിരത്തും. തന്റെ നിലപാടിൽ ഉറച്ചു നിന്നു തന്നെ പ്രതികരിക്കുകയും ചെയ്യും. അടുത്തകാലത്തായി സോഷ്യൽ മീഡിയിൽ ഏറ്റവും അധികം തിരിച്ചടി സിപിഎമ്മിനേറ്റത് ബൽറാമിൽ നിന്നു തന്നെയാണ്.

ഇതോടെ ബൽറാമിനെതിരെ കുപ്രചരണങ്ങളുമായി സൈബർ സഖാക്കൾ പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ, ഇതിനൊക്കെ അതേ നാണയത്തിൽ ബൽറാം മറുപടിയും നൽകി. എകെജിക്ക് എതിരായ ബാലപീഡന പരാമർശത്തിന്റെ പേരിലാണ് ബൽറാമിനെതിരെ സൈബർ ആക്രമണം ശക്തമായത്. ഇതിന് ശേഷം ബൽറാം എൽഎൽബി പരീക്ഷക്ക് മാർക്കു തിരുത്തിയെന്ന ആരോപണവുമായി എത്തി. ഇതിനും തൃത്താല എംഎൽഎ ശക്തമായ മറുപടി നൽകി. ഈ വിവാദവും ചീറ്റിപ്പോയതോടെ മണ്ഡലത്തിലെ ചെറിയ കാര്യങ്ങൾ വരെ നിരത്തിയാണ് ആരോപണം. ഈ ആക്രമണങ്ങളുടെ ഒടുവിൽ ബൽറാം ആഡംബര വസതി പണിയുന്നെന്നും അതിനുള്ള പണം എവിടെ നിന്നാണ് എന്നുമുള്ള ചോദ്യവുമായാണ് സൈബർ പോരാളികൾ രംഗത്തെത്തിയത്.

അഴിമതി നടത്തി എംഎൽഎ ആഡംബര വസതി പണിയുന്നു എന്ന വിധത്തിലാണ് ഇവരുടെ പ്രചരണം. സിപിഎം സൈബർ വിങ്ങുകൾ വഴിതന്നെയാണ് തൃത്താല എംഎൽഎക്കെതിരെ ആരോപണം ഉയർത്തിയത്. ബൽറാമിന്റെ കുടുംബ വീട് പുതുക്കി പണിയുന്ന ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബൽറാമിനെതിരായ പ്രചരണം. ബൽറാമിന് ആഡംബര വസതി പണിയാൻ എവിടെ നിന്നും പണം കിട്ടി എന്ന ചോദ്യം ഉയർത്തിയപ്പോൾ അതിന് ബൽറാം തന്നെ ചുട്ട മറുപടി നൽകി. ബീ വിത്ത് വി ടി ബൽറാം എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് ബൽറാം വിവാദത്തിന് മറുപടി നൽകിയിരിക്കുന്നത്.

സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത് താനടക്കം ആറ് മക്കൾക്ക് അവകാശമുള്ള അമ്മയുടെ തറവാട് വീടാണെന്നും അതിന്റെ നവീകരണമാണെന്നും ബൽറാം വ്യക്തമാക്കുന്നു. നേരത്തേ തന്നെ ഏതാണ്ട് 3000 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള, 7 കിടപ്പുമുറികൾ ഉണ്ടായിരുന്ന വീടാണത്. ഇപ്പോൾ ഏതാണ്ട് 700 ഓളം സ്‌ക്വയർഫീറ്റ് കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന തൊഴുത്ത് ഒരു ഓഫീസ് മുറിയായി മാറ്റുന്നുണ്ടെന്നും ബൽറാം കുറിക്കുന്നു. ഇതിനുള്ള വരുമാനം എവിടെ നിന്നെന്ന ചോദ്യത്തിനും വായടപ്പിക്കുന്ന മറുപടി അദ്ദേഹം നൽകി.

ഉദ്യോഗസ്ഥരായ തന്റെ സഹോദരങ്ങളുടെ വിവരങ്ങൾ പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ മറുപടി. പ്രശസ്ത ന്യൂറോളജിസ്റ്റായ ഒരു ഡോക്ടർ, സൗദിയിലും ബാംഗ്ലൂരിലും ജോലി ചെയ്യുന്ന രണ്ട് എഞ്ചിനീയർമാർ, സർക്കാർ ശമ്പളം വാങ്ങുന്ന രണ്ട് അദ്ധ്യാപകർ എന്നിവരാണ് ജ്യേഷ്ഠന്മാരെന്നും. എല്ലാവരുടേയും ചേർത്താൽ ഒരു മാസം ഏതാണ്ട് 15 - 20 ലക്ഷം രൂപ വരുമാനമുണ്ട്. ഇപ്പോൾ നടന്നുവരുന്ന നവീകരണ പ്രവൃത്തികൾക്ക് ഏതാണ്ട് 25-30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ബൽറാം മറുപടി നൽകി.

ഒന്നുമില്ലായ്മയിൽ നിന്ന് കണ്ണടച്ചു തുറക്കുന്ന വേഗതയിൽ കോടീശ്വരന്മാരായ വിപ്ലവ നേതാക്കളിലേക്ക് കൂടി സമാനമായ ഓഡിറ്റിങ് നടത്തുന്നതും നല്ലതായിരിക്കുമെന്നും പറഞ്ഞ് കോടിയേരിയുടെ മക്കളുടെ കാര്യം കൂടി ഓർമ്മപ്പെടുത്തി വി ടി ബൽറാം. ബൽറാമിന്റെ മറുപടി സൈബർ ലോകത്തെ കോൺഗ്രസുകാർ ആഘോഷമാക്കുമ്പോൾ ജാള്യത മറയ്ക്കാനുള്ള കൂടുതൽ ശ്രമങ്ങളുമായി സൈബർ പോരാളികൾ രംഗത്തുണ്ട്.

നേരത്തെ കൈരളിയും ദേശാഭിമാനിയും ചേർന്നാണ് ബൽറാമിനെതിരെ രംഗത്തെത്തിയിരുന്നത്. ബൽറാം എൽഎൽബി പരീക്ഷയ്ക്ക് മാർക്കുതിരുത്തിയെന്ന് പുതിയ കണ്ടുപിടിത്തം എന്ന മട്ടിൽ അവതരിപ്പിച്ച് കൈരളി എത്തുകയും അതിന് പിന്നാലെ സോഷ്യൽമീഡിയയിൽ സിപിഎമ്മിന്റെ സൈബർ പോരാളികൾ അതേറ്റുപിടിക്കുകയും ചെയ്തു. ഒന്നുകൂടി ബലംകൂട്ടാൻ ഇന്ന് ദേശാഭിമാനിയും വെണ്ടക്ക നിരത്തിയിരിക്കുകയാണ് 'മാർക്ക് തിരുത്തലിൽ ബൽറാം വെട്ടിലായി' എന്ന്. എന്നാൽ ഇക്കുറിയും ബൽറാമിനൊപ്പം എത്തുകയാണ് സോഷ്യൽമീഡിയ ഒന്നടങ്കം. ഇതോടെ വീണ്ടും ബൽറാമിനോട് ഏറ്റുമുട്ടി നാണംകെടുന്ന സ്ഥിതിയിലേക്ക് എത്തി സൈബർ സഖാക്കളും.

ബൽറാം തൃശൂർ ലോ കോളജിൽ എൽ.എൽ.ബിക്ക് പഠിക്കുമ്പോൾ മാർക്ക് തിരുത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയ അതേവ്യക്തിയാണ് ബൽറാമിന്റെ വീടിനെ കുറച്ചും ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. ഇതോടെ സൈബർ സഖാക്കളും എംഎൽഎ താറടിക്കാൻ സജീവമായി. പക്ഷേ മുൻപത്തെ പോലെ തന്നെ ഈ ആരോപണവും വ്യാജമാണെന്നാണ് ബൽറാമിന്റെ മറുപടിയിൽ വ്യക്തമായകത്.

ഒന്നാം റാങ്കോടെ ബി എസ്സി പാസായ ശേഷം എൻട്രൻസ് എഴുതി 1600-ാം റാങ്ക് നേടി എഞ്ചിനിയറിംഗിന് അഡ്‌മിഷൻ നേടി ആളാണ് ബൽറാം. ഫസ്റ്റ് ക്ലാസോടെ ബിടെക് പാസായ ശേഷം പിന്നീട് എംബിഎയ്ക്ക് അഡ്‌മിഷൻ നേടിയതാകട്ടെ എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയാണ്. അതിന് ശേഷമാണ് ഫസ്റ്റ് ക്ളാസോടെ എൽഎൽബി ബിരുദവും ഈ മിടുക്കൻ നേതാവ് നേടുന്നത്. സിപിഎം കോട്ടയായിരുന്ന തൃത്താലയിൽ മത്സരിച്ചു അട്ടിമറി വിജയം നേടിയ ബൽറാം രണ്ടാം തവണ മത്സരിച്ചപ്പോൾ ഭൂരിപക്ഷം ഉയർത്തി വിജയിക്കുകയായിരുന്നു.

ബൽറാമിനെതിരെ ഏറ്റുമുട്ടി വ്യക്തിഹത്യ പതിവാക്കിയ സിപിഎമ്മിന് ഓരോ വിവാദങ്ങളും സ്വയം തിരിച്ചടി ആകുന്ന കാഴ്‌ച്ചയാണ് ഇപ്പോഴുള്ളത്. കോടിയേരിയുടെ മകനെതിരായ കേസിലും ഷുഹൈബ് വധക്കേസിലും സിപിഎമ്മിനെതിരെ ശക്തമായ പ്രചരണം തന്നെ ബൽറാം നടത്തിയിരുന്നു. സിപിഎമ്മിന്റെ കള്ളത്തരങ്ങൾ ചൂണ്ടിക്കാട്ടുന്ന വ്യക്തികളിൽ ചിലരാണ് എന്നതിനാലാണ് ബൽറാമിനെ താറടിക്കുന്ന വിധത്തിൽ പ്രചരണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP