Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടിയിൽ നിന്ന് അകന്നതോടെ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വന്നു; രമേശ് ചെന്നിത്തലയോട് കൂടുതൽ അടുപ്പം പ്രകടിപ്പിച്ചതോടെ ദേശീയ നേതൃത്വത്തിന് നേരിട്ട് കത്ത് നൽകി ഉമ്മൻ ചാണ്ടി രം​ഗത്തെത്തി; വിവാ​ദം ആളിക്കത്താൻ തുടങ്ങിയതോടെ അടിസ്ഥാന രഹിതമായ വാർത്തകളുടെ പുകമറയിൽ തുടരാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ് ബെന്നി ബെഹ്നാൻ; യുഡിഎഫ് കൺവീനറുടെ കസേര ഇനി എംഎം ഹസന്

ഉമ്മൻ ചാണ്ടിയിൽ നിന്ന് അകന്നതോടെ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വന്നു; രമേശ് ചെന്നിത്തലയോട് കൂടുതൽ അടുപ്പം പ്രകടിപ്പിച്ചതോടെ ദേശീയ നേതൃത്വത്തിന് നേരിട്ട് കത്ത് നൽകി ഉമ്മൻ ചാണ്ടി രം​ഗത്തെത്തി; വിവാ​ദം ആളിക്കത്താൻ തുടങ്ങിയതോടെ അടിസ്ഥാന രഹിതമായ വാർത്തകളുടെ പുകമറയിൽ തുടരാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ് ബെന്നി ബെഹ്നാൻ; യുഡിഎഫ് കൺവീനറുടെ കസേര ഇനി എംഎം ഹസന്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോൺ​ഗ്രസിനകത്ത് നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്ക് അറുതി വരുത്താൻ ബെന്നി ബെഹ്നാൻ എംപി യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുന്നു. യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നും ഇന്നു തന്നെ രാജിക്കത്ത് നൽകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. കോൺ​ഗ്രസിൽ എ ​ഗ്രൂപ്പിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു എന്നുള്ള മാധ്യമ വാർത്തകൾ ശരിവെക്കുന്ന നിലയിലാണ് ബെന്നി ബെഹ്നാന്റെ പ്രതികരണം. യുഡിഎഫ് കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട്‌ മാധ്യമ വാർത്തകൾ വേദനിപ്പിച്ചു എന്ന് വ്യക്തമാക്കിയ അദ്ദേഹം, അടിസ്ഥാന രഹിതമായ വാർത്തകളുടെ പുകമറയിൽ തുടരാൻ താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ, തന്നോട് സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുകമറ ഉണ്ടാക്കാൻ ശ്രമിച്ചത് പാർട്ടിക്ക് ഉള്ളിൽ നിന്ന് ആണെന്ന് കരുതുന്നില്ല. ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ യുഡിഎഫ് കൺവീനർ സ്ഥാനം നേരത്തെ ഒഴിയുമായിരുന്നെന്നും ബെന്നി ബെഹ്നാൻ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ ബെനനി ബെഹ്നാൻ കൺവീനർ സ്ഥാനം രാജിവെക്കണമെന്ന ധാരണ കെപിസിസിയിലുണ്ടായിരുന്നു. എന്നാൽ എംപിയായതിന് ശേഷവും സ്ഥാനമൊഴിയാൻ ബെന്നി വിമുഖത കാണിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കെപിസിസി തന്നെ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെന്നിയുടെ രാജി. ഉമ്മൻ ചാണ്ടിയിൽ നിന്ന് അകന്നതോടെ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വന്നതാണ് ബെന്നി ബെഹ്നാന് തിരിച്ചടിയായത്. പാർലമെന്ററി പാർട്ടി സ്ഥാനമായ പ്രതിപക്ഷനേതൃത്വം ഐ ഗ്രൂപ്പിനും യുഡിഎഫ് നേതൃസ്ഥാനം എ ഗ്രൂപ്പിനും എന്ന ധാരണയാണ് കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ടായിരുന്നത്. യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ബെന്നി ബെഹ്നാനെ മാറ്റണമെന്നും പകരം കെപിസിസി മുൻ അദ്ധ്യക്ഷൻ എംഎം ഹസനെ യുഡിഎഫ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു.

‘ഞാൻ സ്ഥാനങ്ങൾ ഉള്ളതിനേക്കാൾ കൂടുതൽ സ്ഥാനങ്ങൾ ഇല്ലാതെ രാഷ്ട്രീയപ്രവർത്തനം നടത്തിയിട്ടുള്ള ആളാണ്. അതുകൊണ്ട് എനിക്ക് പാർട്ടിയിലുള്ള വ്യക്തിത്വമോ സ്വാധീനമോ നഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതുന്നില്ല’, അദ്ദേഹം പറഞ്ഞു. രാജി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് ബെന്നി ബെഹ്നാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎം ഹസനെ കൺവീനറാക്കണമെന്ന നിർദ്ദേശം കെപിസിസി ഹൈക്കമാൻഡിന് നൽകിയിരുന്നു. തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കൺവീനർ സ്ഥാനമൊഴിയാനുള്ള നിർദ്ദേശം എ ഗ്രൂപ്പിനുള്ളിൽ നിന്ന് ഉമ്മൻ ചാണ്ടി തന്നെ മുന്നോട്ട് വെച്ചിരുന്നു. എംപിയായി തിരക്കുകളിലേക്ക് ബെന്നി ബെഹ്നാൻ പോകുമ്പോൾ പകരം മറ്റൊരാൾ യുഡിഎഫ് കൺവീനറായി വരണമെന്നായിരുന്നു പാർട്ടിക്കകത്തു നിന്നുള്ള തീരുമാനം. എ ഗ്രൂപ്പിലെ തന്നെ എം എം ഹസനെ കൺവീനറാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ നിർദ്ദേശം അംഗീകരിക്കാൻ ബെന്നി ബെഹ്നാൻ തയ്യാറായിരുന്നില്ല. തുടർന്ന് തീരുമാനം നീണ്ടു പോയി. ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തിൽ അസ്വസ്ഥനായ ബെന്നി രമേശ് ചെന്നിത്തലയോട് കൂടുതൽ അടുത്തു. ഇതിനിടെ ബെന്നിയും ഉമ്മൻ ചാണ്ടിയും അഭിപ്രായവ്യത്യാസമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് രാജി പ്രഖ്യാപനം.

കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് രാജി വിഷയം ചർച്ചയായിരുന്നുവെന്നും പാർലമെന്റ് സമ്മേളനങ്ങൾക്ക് ശേഷം രാജി വെക്കാമെന്ന് ബെന്നി അറിയിച്ചതാണെന്നും അതനുസരിച്ചാണ് രാജി പ്രഖ്യാപനമെന്നുമാണ് ഇപ്പോൾ കെപിസിസി വിശദീകരണം. എന്നാൽ കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിനുള്ളിൽ തന്നെ തർക്കങ്ങൾ ഉയർന്നിരുന്നുവെന്നാണ് ബെന്നിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

അതേസമയം വാർത്തകളുടെ പുകമറയിൽ തുടരാൻ താൽപ്പര്യമില്ലെന്നും ബെന്നി പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിലാണ് യു.ഡി.എഫ് കൺവീനറാകുന്നത്. കെപിസിസി പുനഃസംഘടനാ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കൺവീനറായി ചുമതലയേൽക്കുന്നത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം എടുക്കുന്ന ഒരു തീരുമാനത്തിനുമെതിരെ വിലങ്ങുതടിയായി നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2018ലാണ് യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് ബെന്നി ബെഹ്നാൻ എത്തുന്നത്. സിറ്റിങ്ങ് എംഎൽഎ ആയിരുന്നെങ്കിലും ഹൈക്കമാൻഡ് സീറ്റ് നിഷേധിച്ചതോടെ ബെന്നി ബെഹ്നാന് പദവികൾ നഷ്ടമായിരുന്നു. ഇതിനേത്തുടർന്ന് ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് കൺവീനറാക്കിയത്. തുടർന്നുവന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിച്ച് എംപിയായ ബെന്നി ബെഹ്നാൻ സ്ഥാനം ഒഴിയാൻ തയ്യാറായിരുന്നില്ല. ബെന്നി ബെഹ്നാൻ ലോക്സഭയിലേക്ക് പോകുമ്പോൾ ഹസൻ യുഡിഎഫ് നേതാവായി ചുമതലയേൽക്കുമെന്ന പ്രചാരണങ്ങൾ ഇതോടെ അസ്ഥാനത്തായി. തന്നെ കൺവീനറാക്കിയ ഹൈക്കമാൻഡ് തന്നെ സ്ഥാനത്ത് നിന്ന് മാറ്റട്ടെ എന്നായിരുന്നു ചാലക്കുടി എംപിയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP