Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിൽ സീറ്റില്ല; പ്രതിഷേധവുമായി മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം യോഗം വിളിച്ചു; ജോസ് കെ മാണി കണ്ണുരുട്ടിയതോടെ സീറ്റുണ്ട് എതിർപ്പ് വേണ്ടെന്ന് ജില്ലാ പ്രസിഡന്റ്; അനാവശ്യ പ്രസ്താവന ഇറക്കരുതെന്നും ചെയർമാന്റെ താക്കീത്

പത്തനംതിട്ടയിൽ സീറ്റില്ല; പ്രതിഷേധവുമായി മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം യോഗം വിളിച്ചു; ജോസ് കെ മാണി കണ്ണുരുട്ടിയതോടെ സീറ്റുണ്ട് എതിർപ്പ് വേണ്ടെന്ന് ജില്ലാ പ്രസിഡന്റ്; അനാവശ്യ പ്രസ്താവന ഇറക്കരുതെന്നും ചെയർമാന്റെ താക്കീത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ മാണിഗ്രൂപ്പിന് മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിക്കാൻ ജില്ലാ പ്രസിഡന്റ് ഇടപെട്ട് യോഗം വിളിച്ചു. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ വിളിച്ച യോഗം അവസാന നിമിഷം പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഇടപെട്ട് തടഞ്ഞു.

ജില്ലയിൽ എൽഡിഎഫിൽ ഒരു സീറ്റ് മാണിഗ്രൂപ്പിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. റാന്നി അല്ലെങ്കിൽ തിരുവല്ല എന്നതായിരുന്നു പ്രചാരണം. എന്നാൽ, സീറ്റ് നിർണയ ചർച്ച പൂർത്തിയായപ്പോൾ മാണിഗ്രൂപ്പിനെ ഒഴിവാക്കുകയായിരുന്നു.

ജില്ലയ്ക്ക് വെളിയിൽ എവിടെയെങ്കിലും അതിന് പകരം സീറ്റ് നൽകാമെന്നും ധാരണയായി. പാർട്ടി സംസ്ഥാന നേതൃത്വം പത്തനംതിട്ട ജില്ലയിൽ സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല. മത്സരിക്കാൻ പറ്റിയ സ്ഥാനാർത്ഥികൾ ഇല്ലാത്തതായിരുന്നു കാരണം. വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ ജില്ലയ്ക്കുള്ളിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നുവെങ്കിൽ ഒരു സീറ്റ് മാണി ഗ്രൂപ്പിന് കിട്ടുമായിരുന്നു. സിപിഎമ്മിന് കൂടി സുസമ്മതനായ ഒരാൾ നിലവിൽ ഇല്ലെന്നതു കൊണ്ടാണ് സീറ്റ് നിഷേധിച്ചത്. അഡ്വ. മനോജ് മാത്യുവിന് റാന്നിയോ ആറന്മുളയോ നൽകണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, സംസ്ഥാന നേതൃത്വം പത്തനംതിട്ടയിൽ സീറ്റ് ആവശ്യപ്പെടാതിരുന്നതാണ് തിരിച്ചടി ആയത്. മാണി ഗ്രൂപ്പിന് സീറ്റില്ലെന്ന് വന്നതോടെ ജില്ലാ നേതൃത്വത്തിനെതിരേ മറ്റു നേതാക്കളും അണികളും തിരിഞ്ഞു.അവരുടെ പ്രതിഷേധം കണക്കിലെടുത്ത് ജില്ലാ പ്രസിഡന്റ് എൻഎം രാജു ഇന്നലെ വൈകിട്ട് ഉന്നതാധികാര സമിതി യോഗം പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിൽ വിളിച്ചത്. സംസ്ഥാന നേതൃത്വം വിവരമറിഞ്ഞതോടെ എൽഡിഎഫിനെതിരേ ഒരക്ഷരം മിണ്ടരുതെന്ന് താക്കീത് വന്നു. യോഗം കൃത്യമായി ചേർന്നെങ്കിലും എൽഡിഎഫിനെതിരേ ഒന്നും പരാമർശമുണ്ടായില്ല. മാത്രവുമല്ല, ജില്ലയിൽ ഏതെങ്കിലുമൊരു സീറ്റ് നമുക്ക് ലഭിക്കുമെന്ന് പറഞ്ഞ് ജില്ലാ പ്രസിഡന്റ് തലയൂരുകയായിരുന്നു.

സീറ്റ് കിട്ടാത്തതിൽ സന്തോഷിക്കുന്നവരാണ് പാർട്ടിയിലേറെയും. സീറ്റ് ലഭിച്ചിരുന്നെങ്കിൽ അവിടെ മത്സരിക്കാനെത്തുന്നത് ജില്ലാ പ്രസിഡന്റ് എൻഎം രാജുവായിരുന്നു. ഇദ്ദേഹത്തോട് പാർട്ടിയിൽ ആർക്കും വലിയ താൽപര്യമില്ല. കെഎം മാണിയുടെയും ജോസ് കെ മാണിയുടെയും വിശ്വസ്തരായിരുന്ന പ്രമുഖ നേതാക്കൾ ജോസഫ് ഗ്രൂപ്പിലേക്ക് പോയതും എൻഎം രാജുവിനോടുള്ള അഭിപ്രായ ഭിന്നത മൂലമായിരുന്നു.

ജോസഫ് എം പുതുശേരി, വിക്ടർ ടി തോമസ്, സാം ഈപ്പൻ തുടങ്ങിയവർ പാർട്ടി വിട്ടത് ഇതേ കാരണം കൊണ്ടായിരുന്നു. പുതുശേരി മാണിഗ്രൂപ്പിൽ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും എൽഡിഎഫ് സീറ്റ് നൽകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP