Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിഫ്ബിക്കെതിരായ അന്വേഷണത്തെ പിണറായി ഭയക്കുന്നു; തെരഞ്ഞെടുപ്പും ഇ ഡി അന്വേഷണവുമായി യാതൊരു ബന്ധവും ഇല്ല; പെരുമാറ്റചട്ടങ്ങളൊന്നും ഇതിന് ബാധകമല്ല; ഇഡിയുമായി ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും കെ.സുരേന്ദ്രൻ

കിഫ്ബിക്കെതിരായ അന്വേഷണത്തെ പിണറായി ഭയക്കുന്നു; തെരഞ്ഞെടുപ്പും ഇ ഡി അന്വേഷണവുമായി യാതൊരു ബന്ധവും ഇല്ല; പെരുമാറ്റചട്ടങ്ങളൊന്നും ഇതിന് ബാധകമല്ല; ഇഡിയുമായി ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അന്വേഷണ ഏജൻസിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന വ്യാമോഹമാണ് പിണറായിക്കുള്ളതെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കിഫ് ബി ഇടപാടുകളിൽ ഒന്നും ഭയപ്പെടാനില്ലങ്കിൽ അന്വേഷണത്തെ എതിർക്കുന്നതെന്തിനാണെന്ന് സുരേന്ദ്രൻ ചോദിച്ചു.

കുറ്റകൃത്യത്തിനെതിരെ അന്വേഷണം നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പറയുന്നത് പരിഹാസ്യമാണ്. തെരഞ്ഞെടുപ്പം ഇ ഡി അന്വേഷണവുമായി യാതൊരു ബന്ധവും ഇല്ല. കുറ്റകൃത്യത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഏത് ഏജൻസിക്കും
ഏത് ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യാം. പെരുമാറ്റചട്ടങ്ങളൊന്നും ഇതിന് ബാധകമല്ല. അന്വേഷണത്തിനെതിരെ ഇഡിയുമായി ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. ലൈഫ് മിഷൻ അഴിമതിക്കെതിരെ അന്വേഷണം നടന്നപ്പോഴും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതിനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നു. അഴിമതി പുറത്തുവരുമെന്ന ഭയമാണിതിന് പിന്നിൽ.

കിഫ് ബിയുടെ ഇടപാടുകളെല്ലാം നിയമവിരുദ്ധമാണെന്ന് സിഎജി വ്യക്തമാക്കിയതാണ്. സിഎജി റിപോർട്ട് ചോർത്തിയെടുത്ത് പരസ്യപ്പെടുത്തിയയാളാണ് മന്ത്രി തോമസ് ഐസക്ക്. റിസർവ് ബാങ്കിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കിഫ്ബി വഴി ഇടപാടുകൾ നടത്തിയത്.
ജനങ്ങളെ ഈട് നിർത്തിയാണ് വിദേശത്തു നിന്ന് കൂടിയ പലിശക്ക് പണം കടമെടുത്തത്. പണമിടപാടിനും മസാലാ ബോണ്ടിനും എല്ലാം പിന്നിൽ ഇടനിലക്കാരുണ്ട്. ഇതിൽ ആർക്കൊക്കെ പങ്കുണ്ടെന്നും മന്ത്രി ഐസക്കിന്റെ പങ്ക് എന്താണെന്നും വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.

കിഫ്ബി ഇടപാടുകളിലെ ദുരൂഹത നീക്കണം. ആരോപണങ്ങളെ കുറിച്ച് തുറന്ന ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറാകണം. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കിഫ്ബിയെ കുറിച്ച് പറഞ്ഞത് കേട്ടുകേൾവിയില്ലാത്ത സംവിധാനമാണിതെന്നാണ്. കിഫ്ബി മൂലം ഉണ്ടാകുന്ന ബാധ്യത ജനങ്ങൾക്ക് മേലാണ് അടിച്ചേൽപ്പിക്കുന്നത്. അഴിമതിക്കെതിരായി ഏത് അനേഷണം വന്നാലും അതിനെ തെരുവിൽ നേരിടാമെന്നാണ് മന്ത്രി ഐസക് പറയുന്നത്. ആരെയാണ് തെരുവിൽ നേരിടുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. കിഫ്ബിയിൽ എന്തു നടന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ജനങ്ങളെ കബളിപ്പിക്കുന്ന പ്രചാരവേല അവസാനിപ്പിച്ച് അന്വേഷണത്തെ നേരിടാൻ തയ്യാറാകണം.

പാക്കേജിന്റെ പേരിൽ കുട്ടനാട്ടുകാരെ കബളിപ്പിച്ചു

കുട്ടനാട് പാക്കേജിന്റെ പേരുപറഞ്ഞ് പാവപ്പെട്ട കർഷകരെ ധനമന്ത്രി തോമസ് ഐസക്ക് പറ്റിച്ചെന്ന് സുരേന്ദ്രൻ പറഞ്ഞു. പാക്കേജ് വെറും പ്രഖ്യാപനം മാത്രമായിരുന്നു. ഒറ്റ പണം അനുവദിച്ചില്ല. കർഷകരുടെ നെല്ല് സംഭരിക്കാതെ നശിക്കുന്നു. നെല്ല് കൂട്ടിയിട്ട് കത്തിക്കാനൊരുങ്ങുകയാണ്. സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് നൽകുന്നില്ല. കേരളത്തിൽ കർഷകർ ആത്മഹത്യക്കൊരുങ്ങുമ്പോൾ കേരളത്തിലെ സിപിഎം കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ ട്രാക്ടർ ഓടിച്ച് കളിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP