Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെന്നി ബെഹനാന് പിന്നാലെ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് കെ മുരളീധരനും; രാജിക്കാര്യം അറിയിച്ച് കോൺഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകി; ആവശ്യമില്ലാത്ത സ്ഥലത്ത് നിൽക്കേണ്ടതില്ലല്ലോ എന്ന് പ്രതികരണം; മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അതൃപ്തിയും രാജിക്ക് പിന്നിലെന്ന് സൂചന; സെക്രട്ടറിമാരുടെ നിയമനത്തിലടക്കം ഒരു കാര്യവും അറിയിച്ചില്ലെന്ന് മുരളിയുടെ പരാതി; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയും മങ്ങി

ബെന്നി ബെഹനാന് പിന്നാലെ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് കെ മുരളീധരനും; രാജിക്കാര്യം അറിയിച്ച് കോൺഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകി; ആവശ്യമില്ലാത്ത സ്ഥലത്ത് നിൽക്കേണ്ടതില്ലല്ലോ എന്ന് പ്രതികരണം; മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അതൃപ്തിയും രാജിക്ക് പിന്നിലെന്ന് സൂചന; സെക്രട്ടറിമാരുടെ നിയമനത്തിലടക്കം ഒരു കാര്യവും അറിയിച്ചില്ലെന്ന് മുരളിയുടെ പരാതി; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയും മങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും ബെന്നി ബെഹനാൻ രാജിവെച്ചതിന് പിന്നാലെ കെപിസിസി പ്രചരണ സമിതി അധ്യക്ഷ സ്ഥാനത്തു നിന്നും കെ മുരളീധരൻ എംപിയും രാജിവെച്ചു. രാജിക്കാര്യം അറിയിച്ചു കൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകിയെന്ന് കെ മുരളീധരൻ പറഞ്ഞു. രാജിക്കത്ത് മുരളീധരൻ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.

'കെപിസിസിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിയുകയാണ്. ഇതറിയിച്ചു കോൺഗ്രസ് പ്രസിഡന്റ് ശ്രീമതി. സോണിയാഗാന്ധിക്ക് ഇന്ന് കത്ത് നൽകി. പിന്തുണച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു', കെ മുരളീധരൻ ഫേസ്‌ബുക്കിൽ കുറിച്ചു. കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ടാണ് കത്ത് നൽകിയത്. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് സ്ഥാനമൊഴിഞ്ഞതിന് പിന്നിലെന്നാണ് സൂചന. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും ആക്ഷേപം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത സ്ഥലത്ത് നിൽക്കണ്ടല്ലോ എന്ന് കെ മുരളീധരൻ പ്രതികരിച്ചു.

സംസ്ഥാനത്തു വേണ്ട കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി മുരളീധരന് ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ട് സോണിയ ഗാന്ധിക്ക് കത്ത് നൽകിയതും അതൃപ്തി മൂലമാണ്. കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചപ്പോഴാണ് പ്രചാരണത്തിനു സ്ഥിരം സമിതി അധ്യക്ഷനെയും വെച്ചത്. സെക്രട്ടറിമാരുടെ നിയമനത്തിലടക്കം ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് മുരളീധരന്റെ പരാതി.

നേരത്തെ കെ മുരളീധരൻ വടകര എംപി സ്ഥാനം രാജിവെച്ച് വട്ടിയൂർക്കാവിൽ മത്സരിക്കാൻ എത്തുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, മുരളിയുടെ ഈ നീക്കത്തോട് അത്രയ്ക്ക് നല്ല പ്രതികരണമല്ല ചെന്നിത്തലയും മുല്ലപ്പള്ളിയും അടക്കമുള്ളവർക്ക്. പി കെ കുഞ്ഞാലിക്കുട്ടി എംപി മത്സരിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം തന്നെ വ്യക്തമാക്കിയതിന് പിന്നാലെയാണ് കെ മുരളീധരൻ അടക്കമുള്ളവർക്കും ഈ ആഗ്രഹം മുളപൊട്ടിയത്. കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാനുള്ള അനുമതി ഹൈക്കമാൻഡ് നൽകില്ലെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ഭരണം ലഭിച്ചാൽ മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന പ്രതീക്ഷയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തിന് പിന്നിൽ. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്നാണ് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാട്.

വട്ടിയൂർക്കാവിൽ കെ മുരളീധരൻ മത്സരിക്കാനുള്ള നീക്കം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇടതുപക്ഷത്ത് നിന്നും സീറ്റ് തിരിച്ചു പിടിക്കാൻ കെ മുരളീധരൻ തന്നെ മത്സരിക്കണമെന്ന് മുരളീധരൻ അനുകൂലികൾ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ, എംപിമാർ കൂട്ടത്തോടെ മത്സരിക്കുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം ഉയർത്തുന്നത്. ലോക്സഭയിൽ അംഗസംഖ്യ കുറഞ്ഞിരിക്കുന്ന ഘട്ടത്തിൽ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ടാൽ ദേശീയതലത്തിൽ തന്നെ ചർച്ചയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എംപിമാരുടെ വരവിന് സംസ്ഥാന നേതാക്കൾ തടയിടുന്നത്.

അതേസമയം യു.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും ബെന്നി ബഹനാൻ രാജിവെച്ചതിന് പിന്നിൽ എ ഗ്രൂപ്പിനുള്ളിലെ ഭിന്നതയാണെന്നും റിപ്പോർട്ടുകളുണ്ട്. ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും ഉമ്മൻ ചാണ്ടിയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പാർലമെന്റ് അംഗം കൂടിയായ ബെന്നി ബെഹനാൻ രണ്ട് പദവികൾ വഹിക്കുന്നയാളായതിനാൽ ഒരെണ്ണം ഒഴിവാക്കണമെന്ന ആവശ്യം മുമ്പേ ഉയർന്നിരുന്നു. 2018ൽ ബെന്നി ബെഹനാൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ മറ്റ് പദവികളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം ചാലക്കുടിയിൽ നിന്ന് പാർലമെന്റ് അംഗമായി. ഈ സമയം എം.എം. ഹസനെ യു.ഡി.എഫ് കൺവീനർ സ്ഥാനത്തെത്തിക്കണമെന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചു.

എന്നാൽ ഇത് പ്രാവർത്തികമാകാതെ വന്നതോടെ ഭിന്നത രൂക്ഷമാകുകയായിരുന്നെന്നാണ് സൂചന. നാളുകളായുള്ള ഭിന്നത തുടരവെ പെട്ടെന്ന് രാജിവെക്കാനുണ്ടായ സാഹചര്യം എന്താണെന്നതിനെക്കുറിച്ച് അവ്യക്തതകളുണ്ട്. കേരള കോൺഗ്രസ് ജോസ് കെ.മാണി പക്ഷത്തെ യു.ഡി.എഫിൽ നിന്ന് ഒഴിവാക്കിയ തീരുമാനം പ്രഖ്യാപിച്ചത് ബെന്നി ബെഹനാനായിരുന്നു. ഇക്കാര്യത്തിൽ തങ്ങളോട് ആലോചനകളുണ്ടായില്ലെന്ന വിമർശനം ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കുണ്ട്. കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തെ മറ്റ് ആലോചനകളില്ലാതെ സ്വീകരിച്ചെന്നതാണ് 'എ' ഗ്രൂപ്പിൽ ഉയർന്ന ആക്ഷേപം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP