Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എംഎൻ സ്മാരകത്തിലേക്കുള്ള വഴിയറിയാത്ത ജോസ് കെ മാണിക്ക് ഇന്നോവ നൽകി കോടിയേരി; സിപിഐ ഓഫീസിൽ നിന്നും എകെജി സെന്ററിലേക്ക് പോയത് ജോസ് കെ മാണിയുടെ ഔദ്യോഗിക വാഹനത്തിൽ; ജോസിനെ സ്വീകരിക്കാൻ സെക്രട്ടറിയേറ്റ് യോഗത്തിന് ഇടവേള കൊടുത്ത് കോടിയേരിയും വിജയരാഘവനും; ആദ്യം ദിവസം തന്നെ സിപിഎമ്മിലേയും സിപിഐലേയും അസ്വസ്ഥതകൾ ജോസ് കെ മാണി പരിഹരിച്ചത് ഇങ്ങനെ

എംഎൻ സ്മാരകത്തിലേക്കുള്ള വഴിയറിയാത്ത ജോസ് കെ മാണിക്ക് ഇന്നോവ നൽകി കോടിയേരി; സിപിഐ ഓഫീസിൽ നിന്നും എകെജി സെന്ററിലേക്ക് പോയത് ജോസ് കെ മാണിയുടെ ഔദ്യോഗിക വാഹനത്തിൽ; ജോസിനെ സ്വീകരിക്കാൻ സെക്രട്ടറിയേറ്റ് യോഗത്തിന് ഇടവേള കൊടുത്ത് കോടിയേരിയും വിജയരാഘവനും; ആദ്യം ദിവസം തന്നെ സിപിഎമ്മിലേയും സിപിഐലേയും അസ്വസ്ഥതകൾ ജോസ് കെ മാണി പരിഹരിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്ത്രപരമായാണ് ജോസ് കെ മാണി ഇടതു രാഷ്ട്രീയം കൈകാര്യം ചെയ്തത്. കേരളാ കോൺഗ്രസിനെ ഇടതു മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് ചില അസ്വസ്ഥതകൾ സിപിഐയ്ക്കുണ്ടെന്ന് ജോസ് കെ മാണി തിരിച്ചറിഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയാണ് ആദ്യ യാത്ര സിപിഐയുടെ എംഎൻ സ്മാരകത്തിലേക്ക് ആയത്. ഇക്കാര്യം നേരത്തെ തന്നെ സിപിഎമ്മിനെ അറിയിച്ചിരുന്നു.

സിപിഐയുടെ ഓഫീസിലേക്ക് പോകാനുള്ള വഴി ചോദിച്ചായിരുന്നു വിളി. എന്നാൽ എകെജി സെന്ററിന്റെ വണ്ടി തന്നെ എംഎൻ സ്മാരകത്തിലേക്കുള്ള യാത്രയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിട്ടു കൊടുത്തു. അങ്ങനെ സിപിഎമ്മിന്റെ ഇന്നോവയിൽ ജോസ് കെ മാണി സിപിഐ ആസ്ഥാനത്ത് എത്തി. ഇതോടെ സിപിഐയുടെ മഞ്ഞുരുക്കൽ തുടങ്ങി. ഇടത് രാഷ്ട്രീയത്തിലേക്ക് കേരളാ കോൺഗ്രസും ജോസ് കെ മാണിയും ഉടൻ എത്തുമെന്ന് ഇതോടെ വ്യക്തമാകുകയാണ്.

ജോസ് കെ മാണി സിപിഎം ആസ്ഥാനത്ത് എത്തിയപ്പോഴും അസാധാരണമായ പലതും നടന്നു. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ഇടവേള നൽകി കോടിയേരിയും ഇടത് കൺവീനർ വിജയരാഘവനും ജോസ് കെ മാണിയെ സ്വീകരിച്ചു. യാത്ര അയയ്ക്കാൻ ഇരുവരും വാതിൽ വരെ എത്തുകയും ചെയ്തു. എത്രത്തോളം പ്രാധാന്യം കേരളാ കോൺഗ്രസിന് സിപിഎം നൽകുന്നുവെന്നതിന് തെളിവായി ഈ യാത്ര അയയ്‌പ്പ്. അങ്ങനെ ആദ്യ ദിവസത്തെ ഇടത് രാഷ്ട്രീയ നീക്കങ്ങൾ തന്നെ ജോസ് കെ മാണിയെന്ന രാഷ്ട്രീയക്കാരന്റെ വിജയമാണ്. എകെജി സെന്ററിൽ നിന്നെത്തിയ ഇന്നോവ കാർ രാവിലെ പത്തരയ്ക്ക് സിപിഐ ആസ്ഥാന മന്ദിരമായ എംഎൻ സ്മാരക വളപ്പിലേക്കായിരുന്നു യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്കുള്ള ജോസ് കെ. മാണിയുടെ ആദ്യ ഇടത് രാഷ്ട്രീയ യാത്ര.

വെള്ള മാസ്‌ക്കണിഞ്ഞ് സിപിഎമ്മിന്റെ കാറിൽ സിപിഐ ഓഫിസിൽ വന്നിറങ്ങിയ ജോസ് കെ. മാണിയും റോഷി അഗസ്റ്റിൻ എംഎൽഎയും അകത്തു കയറി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു. അര മണിക്കൂർ കഴിഞ്ഞു പുറത്തിറങ്ങിയ ജോസിനോടു മാധ്യമ പ്രവർത്തകർ ചോദിച്ചു , 'കേരള കോൺഗ്രസ് യുഡിഎഫിന് ഒപ്പം നിന്നപ്പോൾ ഏറ്റവും ശക്തമായി എതിർത്തതു സിപിഐ അല്ലേ?' ജോസിന്റെ മറുപടി: 'അതെല്ലാം ക്ലോസ്ഡ് ചാപ്റ്റർ'. അങ്ങനെ നയപരമായി എല്ലാത്തിനും ജോസ് കെ മാണി മറുപടി നൽകി. ഇനി സിപിഐയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന സൂചനയാണ് അതിലുണ്ടായിരുന്നത്. യുഡിഎഫ് വിടാനുള്ള തീരുമാനം ബുധനാഴ്ച കോട്ടയത്തു പ്രഖ്യാപിച്ചതിനു പിന്നാലെ പിറ്റേന്നു വൈകിട്ടു തന്നെ ജോസ് തിരുവനന്തപുരത്ത് എത്തി.

പിന്നെ എൽഡിഎഫ് കൺവീനർ എ. വിജയരാഘവനുമായി ഫോണിൽ ചർച്ച. ഇരുവരും ചേർന്ന് തീരുമാനങ്ങൾ എടുത്തു. ആദ്യ നീക്കത്തിനായി രാവിലെ ഒരുങ്ങിയപ്പോഴാണ് ഒരു കാര്യം തിരിച്ചറിഞ്ഞത്. എംഎൻ സ്മാരകത്തിലേക്കുള്ള വഴി ജോസ് കെ. മാണിക്കും ഡ്രൈവർക്കും അറിയില്ല. അങ്ങനെ ജോസ് താമസിച്ചിരുന്ന ഗവ. ഗെസ്റ്റ് ഹൗസിലേക്ക് എകെജി സെന്ററിൽ നിന്നു കാറുമായി ഓഫിസ് പ്രതിനിധി വേണുഗോപാൽ എത്തി. അതിൽ ജോസും റോഷിയും സിപിഐ ഓഫിസിലേക്ക്. തിരികെ ഗെസ്റ്റ് ഹൗസിൽ. തുടർന്ന് എകെജി സെന്ററിലേക്കു നീങ്ങിയത് എംപിയുടെ ഔദ്യോഗിക വാഹനത്തിൽ. കാർമാറ്റത്തെക്കുറിച്ചു പിന്നീടു ചോദിച്ചപ്പോൾ ജോസ് പറഞ്ഞു, 'അറിയാവുന്ന ഒരാളെ ഒപ്പം കൂട്ടി. അല്ലാതെ വലിയ കാര്യമില്ല'

കെ.എം. മാണിയുടെ കേരള കോൺഗ്രസ് 41 വർഷം മുൻപ് ഇടതുപക്ഷത്തേക്കു പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ജോസ് കെ. മാണി എകെജി സെന്ററിലും എംഎൻ സ്മാരകത്തിലും എത്തുന്നത്. ഇരുവരും എത്തുമ്പോൾ ഓൺലൈനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുകയായിരുന്നു. കോവിഡ് ക്വാറന്റീനിൽ കഴിയുന്ന മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്ന് ഓൺലൈനിലാണു പങ്കെടുത്തത്. ജോസും റോഷിയും എത്തിയതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൽഡിഎഫ് കൺവീനർ എ. വിജയരാഘവനും യോഗം വിട്ടിറങ്ങി വന്നു. ഇരുവരെയും കൈകൂപ്പി സ്വീകരിച്ചു. ചർച്ചയ്ക്ക് ശേഷം കോടിയേരിയും വിജയരാഘവനും ചേർന്ന് പുറത്തിറങ്ങി ഇരുവരെയും യാത്രയയച്ചു.

' ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഔദ്യോഗികമായി മുന്നണിയിൽ പ്രവേശിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് അത് ഉണ്ടാകണമെന്നാണ് ആഗ്രഹം. അക്കാര്യം അറിയിച്ചു. അതുപോലെ വരും.'-ജോസ് കെ മാണി പറഞ്ഞു. വൈകിട്ട് മാധ്യമ പ്രവർത്തകരേയും കോടിയേരി കണ്ടു. കെ.എം. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷീൻ ഇപ്പോഴുമുണ്ടോയെന്നു മാധ്യമപ്രവർത്തകർക്കു പോയി പരിശോധിക്കാമെന്നു കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്തു മാണിക്കെതിരെ ഉന്നയിച്ച ഈ ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ടോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കോടിയേരി. 'നിങ്ങൾ പരിശോധിക്കുന്നതാണു നല്ലത്. ഉണ്ടെന്നു പറഞ്ഞാൽ അപ്പോൾ അഭിപ്രായം പറയാം'

ബാർക്കോഴ സമരത്തെക്കുറിച്ചു ചോദിച്ചപ്പോൾ 5 വർഷം മുൻപത്തെ രാഷ്ട്രീയ സ്ഥിതിയല്ല ഇപ്പോഴെന്ന് കോടിയേരി. 'രാഷ്ട്രീയ മാറ്റമാണു പരിശോധിക്കേണ്ടത്. മുസ്ലിം ലീഗിനെ ചത്ത കുതിര എന്നു കോൺഗ്രസ് വിളിച്ചില്ലേ? സ്പീക്കറാക്കാൻ സിഎച്ച് മുഹമ്മദ് കോയ തൊപ്പി ഊരണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടില്ലേ? ' 'ചൂടെല്ലാം അതുപോലെ നിൽക്കും. ആരാണ് ഇതിനെല്ലാം പിന്നിൽ എന്നു ജോസ് കെ. മാണി തുറന്നു പറഞ്ഞില്ലേ? ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും ചെന്നിത്തല ആഭ്യന്തര മന്ത്രിയും ആയിരിക്കുമ്പോഴല്ലേ കേസെടുത്തത്? അവരല്ലേ മാപ്പു പറയേണ്ടത്? പ്രതിയായ ആൾ ഇപ്പോൾ ഇല്ല.

കോടതിയിലും കേസില്ല. സർക്കാരിന്റെ കർഷകക്ഷേമ വികസന നടപടികളാണു കേരള കോൺഗ്രസ് കണക്കിലെടുത്തത്. കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ പ്രസക്തി നഷ്ടപ്പെട്ടു.'-ഇതൊക്കെയായിരുന്നു കോടിയേരിക്ക് പറയാനുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP