Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാനത്തെ കാണാൻ എത്തിയത് കോടിയേരി വിട്ടു കൊടുത്ത കാറിൽ; എംഎൻ സ്മാരകത്തിൽ നിന്ന് ഓടിയെത്തിയത് എകെജി സെന്ററിൽ; അര മണിക്കൂർ സിപിഎം സെക്രട്ടറിയുമായി സൗഹൃദ ചർച്ച; പുതിയ സുഹൃത്തിനെ യാത്ര അയയ്ക്കാൻ താഴത്തെ നിലവരെ അനുഗമിച്ച് വ്യക്തമായ സന്ദേശം നൽകി കോടിയേരിയും വിജയരാഘവനും; ഇനി എല്ലാം ഔദ്യോഗികം മാത്രം; തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കേരളാ കോൺഗ്രസ് ഇടതിന്റെ ഭാഗമാകും; ജോസ് കെ മാണിക്ക് സിപിഐയും അനുകൂലം

കാനത്തെ കാണാൻ എത്തിയത് കോടിയേരി വിട്ടു കൊടുത്ത കാറിൽ; എംഎൻ സ്മാരകത്തിൽ നിന്ന് ഓടിയെത്തിയത് എകെജി സെന്ററിൽ; അര മണിക്കൂർ സിപിഎം സെക്രട്ടറിയുമായി സൗഹൃദ ചർച്ച; പുതിയ സുഹൃത്തിനെ യാത്ര അയയ്ക്കാൻ താഴത്തെ നിലവരെ അനുഗമിച്ച് വ്യക്തമായ സന്ദേശം നൽകി കോടിയേരിയും വിജയരാഘവനും; ഇനി എല്ലാം ഔദ്യോഗികം മാത്രം; തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കേരളാ കോൺഗ്രസ് ഇടതിന്റെ ഭാഗമാകും; ജോസ് കെ മാണിക്ക് സിപിഐയും അനുകൂലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആദ്യം കണ്ടത് മുന്നണിയിലെ രണ്ടാമനെ. പിന്നെ ഒന്നാമനേയും. ജോസ് കെ മാണിയുടെ ഇടതു പ്രവേശനം ഉടൻ. എകെജി സെന്ററിൽ എത്തി കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി കോടിയേരി ബാലകൃഷ്ണനുമായി അരമണിക്കൂർ ചർച്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറിക്കൊപ്പം ഇടതു കൺവീനർ വിജയരാഘവനും കൂടിയാലോചനകളിൽ പങ്കെടുത്തു. എകെജി സെന്ററിൽ നിന്ന് മടങ്ങിയ ജോസ് കെ മാണിയെ യാത്രയാക്കാൻ താഴത്തെ നിലവരെ കോടിയേരിയും വിജയരാഘവനും എത്തി. ജോസ് കെ മാണിക്ക് മുന്നണി നൽകുന്ന പ്രാധാന്യത്തിന് തെളിവാണ് ഇത്.

ഇടത് മുന്നണി പ്രവേശനം ഉടനുണ്ടാവുമെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. എംഎൻ സ്മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കിയാണ് ജോസ് കെ മാണി എകെജി സെന്ററിലെത്തിയത്. മുന്നണി പ്രവേശനത്തിൽ തർക്കങ്ങളില്ല. ഭാവി പരിപാടികൾ മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കും. ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തിൽ സിപിഎം, സിപിഐ ഉഭയകക്ഷി ചർച്ച നടക്കാനിരിക്കെയാണ് ജോസ് കെ.മാണി കാനത്തെ സന്ദർശിച്ചത്. അതിന് ശേഷം എകെജി സെന്ററിലെത്തി. കോടിയേരിയുമായി സൗഹൃദ സംഭാഷണമാണ് നടന്നത്. റോഷി അഗസ്റ്റിൻ എംഎൽഎയും ജോസിനൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ജോസ് കെ മാണിയെ വാതിൽക്കലോളം കോടിയേരിയും എ വിജയരാഘവനും അനുഗമിച്ചു.

യാത്ര അയയ്ക്കാൻ സിപിഎം സെക്രട്ടറി വാതിൽ വരെ എത്തിയതും ജോസ് കെ മാണി ഉടൻ ഇടതു പക്ഷത്തെത്തുമെന്നതിന്റെ സൂചനയാണ്. മുന്നണി പ്രവേശനത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ മാണി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി തീരുമാനം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശം ഉടൻ സാധ്യമാകുമെന്നാണ് പ്രതീക്ഷ. സിപിഐ തങ്ങളെ നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നെന്നും പഴയ തർക്കങ്ങൾ അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി കാനവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ജോസ് എകെജി സെന്ററിലെത്തിയത്. കാനത്തെ കാണാൻ അദ്ദേഹം എംഎൻ സ്മാരകത്തിൽ എത്തിയത് സിപിഎം വാഹനത്തിലാണെന്നും റിപ്പോർട്ടുണ്ട്.

എൽഡിഎഫ് പ്രവേശനത്തിൽ തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു. ആഗ്രഹം കോടിയേരിയെയും ഇടതുമുന്നണി കൺവീനറെയും കാനം രാജേന്ദ്രനെയും അറിയിച്ചു. സിപിഐ ആസ്ഥാനത്തേക്ക് എകെജി സെന്ററിലെ കാറിൽ പോയതിൽ ഒരു പ്രശ്‌നവുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. സിപിഎം ആസ്ഥാനമായ എകെജി സെന്ററിൽ നിന്നും വിട്ടു നൽകിയ കാറിലാണ് ജോസ് കെ മാണിയും റോഷിയും എംഎൻ സ്മാരകത്തിലെത്തിയത്. സിപിഎം നിർദ്ദേശ പ്രകാരമാണ് ആദ്യം എംഎൻ സ്മാരകത്തിൽ ജോസ് എത്തിയതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

സിപിഐയെ വിശ്വാസത്തിലെടുക്കുന്നതാകും ജോസ് കെ മാണിയുടെ രാഷ്ട്രീയ തന്ത്രം. ജോസ് കെ. മാണിക്കൊപ്പം കാനത്തെയും ചേർത്തുനിർത്തി സമൂഹമാധ്യമങ്ങളിൽ ജോസ് വിഭാഗം പോസ്റ്ററുകൾ സജീവമാണ്. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകുന്നതിൽ സിപിഐക്ക് എതിർപ്പുണ്ടെന്ന പ്രചാരണങ്ങൾ ശക്തമായിരിക്കെയാണ്, ജോസ്വിഭാഗം സോഷ്യൽമീഡിയ വിഭാഗം പുറത്തിറക്കിയ പോസ്റ്ററുകളിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇടം പിടിച്ചിരിക്കുന്നത്. ജോസ് കെ. മാണിയുടെ മുഴുനീളചിത്രത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ എന്നിവർക്കൊപ്പമാണ് കാനത്തിനും സ്ഥാനം.

അതേസമയം, മറ്റ് എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കളാരും പോസ്റ്ററിലില്ല. ഇടതുപക്ഷം ഹൃദയപക്ഷമെന്ന് പറയുന്ന പോസ്റ്ററിൽ ചുവന്ന പശ്ചാത്തലത്തിൽ രണ്ടിലയും ചേർത്തിട്ടുണ്ട്. കെ.എം. മാണിയുടെ ചിത്രവും ഇതിലുണ്ട്. അതേസമയം, ജോസ് കെ. മാണിയെ വിമർശിച്ചും പരിഹസിച്ചും കോൺഗ്രസ്, ജോസഫ് വിഭാഗങ്ങൾ നിരവധി പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. കെ.എം. മാണിയുടെ എൽ.ഡി.എഫ് വിമർശനവും ബാർകോഴയുമായി ബന്ധപ്പെട്ട സിപിഎം സമരവുമാണ് ഇവരുടെ ഇഷ്ടയിനങ്ങൾ.

മധ്യ കേരളത്തിലെ രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ടായി മാണി ഫാക്ടർ ഘടകമാണ്. ക്രൈസ്തവ മതന്യൂനപക്ഷങ്ങളെ കൂടി നിർത്തുന്ന കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതീക്ഷകൾ മാത്രമാണ് സിപിഎം കാണുന്നത്. കോട്ടയത്തെ യുഡിഎഫ് കുത്തക തകർക്കാനാണ് സിപിഎം നീക്കം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയവും പുതുപ്പള്ളിയും കോൺഗ്രസ് നിലനിർത്തുമെന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ ബാക്കി സീറ്റുകൾ അടർത്തിയെടുത്തുള്ള ഭരണ തുടർച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ജോസ് കെ മാണിയെ ഒപ്പം കൂട്ടുന്നതും.

2016ലെ എൽഡിഎഫ് തംരഗത്തിനിടിയിലും കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ഏഴും നേടിയ യുഡിഎഫ് കരുത്ത് തകർക്കാൻ ജോസ് കെ മാണിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. കോട്ടയവും പുതുപ്പള്ളിയും ഒഴികെ ഏഴ് നിയമസഭാ സീറ്റും ജോസ് കെ മാണിക്കൊപ്പം ചേർന്ന് ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിൽ സിപിഎം മുന്നോട്ട് പോകുന്നത്. പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തുമായി പതിനഞ്ചോളം സീറ്റുകളിൽ യുഡിഎഫിനെ തോൽപ്പിക്കാൻ മാണി ഫാക്ടറിന് കഴിയുമെന്ന് കണക്കു കൂട്ടൽ. ഇതാണ് ജോസ് കെ മാണിക്ക് ഇടതു പക്ഷത്ത് എത്താൻ വഴിയൊരുക്കിയ ഘടകവും.

കേരള കോൺഗ്രസിന്റെ (എം) സഹായത്തോടെ കോട്ടയം ജില്ലയിലെ 4 നിയമസഭാ മണ്ഡലങ്ങളും 15 ഗ്രാമപ്പഞ്ചായത്തുകളും അധികമായി പിടിച്ചെടുക്കാമെന്ന് സിപിഎം കണക്കു കൂട്ടൽ. കേരള കോൺഗ്രസിന്റെ (എം) വരവ് സംസ്ഥാനത്ത് പൊതുവേ ഗുണമുണ്ടാക്കുമെന്നും അത് കോട്ടയത്തും പ്രതിഫലിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസും പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിൽ 2 സീറ്റ് മാത്രമാണ് എൽഡിഎഫിനു ലഭിച്ചത് വൈക്കവും ഏറ്റുമാനൂരും.

ഉപതിരഞ്ഞെടുപ്പിൽ പാലായും നേടി. കേരള കോൺഗ്രസ് കൂടെയുണ്ടെങ്കിൽ പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം എന്നീ ഏഴു മണ്ഡലങ്ങളിൽ വിജയിക്കാം എന്നാണ് കണക്കു കൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP