Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജോസഫിനേയും മോൻസ് ജോസഫിനേയും അയോഗ്യരാക്കാൻ എല്ലാ നിയമ വഴിയും തേടും; രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ശേഷം കൂറുമാറിയവർക്കും പണി കൊടുക്കും; തദ്ദേശത്തിൽ ഇടതുപക്ഷവുമായി തന്ത്രപരമായ സഹകരണം; മത്സരിക്കാൻ താൽപ്പര്യപ്പെടുന്ന സീറ്റുകളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ കൈമാറിയത് അനൗദ്യോഗിക ചർച്ചകളിലെ ധാരണയുടെ അടിസ്ഥാനത്തിൽ; ജോസ് കെ മാണിയെ ഒപ്പം കൂട്ടാൻ സിപിഎം; നിർണ്ണായക രാഷ്ട്രീയ തീരുമാനങ്ങൾ ഉടനുണ്ടാകും

ജോസഫിനേയും മോൻസ് ജോസഫിനേയും അയോഗ്യരാക്കാൻ എല്ലാ നിയമ വഴിയും തേടും; രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ശേഷം കൂറുമാറിയവർക്കും പണി കൊടുക്കും; തദ്ദേശത്തിൽ ഇടതുപക്ഷവുമായി തന്ത്രപരമായ സഹകരണം; മത്സരിക്കാൻ താൽപ്പര്യപ്പെടുന്ന സീറ്റുകളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ കൈമാറിയത് അനൗദ്യോഗിക ചർച്ചകളിലെ ധാരണയുടെ അടിസ്ഥാനത്തിൽ; ജോസ് കെ മാണിയെ ഒപ്പം കൂട്ടാൻ സിപിഎം; നിർണ്ണായക രാഷ്ട്രീയ തീരുമാനങ്ങൾ ഉടനുണ്ടാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മും എൽ.ഡി.എഫുമായുള്ള ധാരണ യാഥാർഥ്യമാകുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം മത്സരിക്കാൻ താത്പര്യപ്പെടുന്ന സീറ്റുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ സിപിഎം. നേതൃത്വത്തിന് അനൗദ്യോഗികമായി കൈമാറി. ഇടതുമുന്നണിയുമായുള്ള ധാരണ ഔദ്യോഗികമായില്ലെങ്കിലും നീക്കങ്ങൾ സജീവമാണ്. സിപിഐയെ വിശ്വാസത്തിലെടുത്ത് ഉടൻ തീരുമാം എടുക്കും. സിപിഐ നേതൃയോഗങ്ങൾ ഇക്കാര്യത്തിൽ തീരുമാനം എടുക്കും.

അവിശ്വാസപ്രമേയ ചർച്ചയിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും പാർട്ടി വിപ്പ് ലംഘിച്ച എംഎൽഎമാരായ പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടു കേരള കോൺഗ്രസ്(എം) സ്പീക്കർക്കു കത്തു നൽകിയിട്ടുണ്ട്. പാർട്ടി വിപ്പ് റോഷി അഗസ്റ്റിന്റെ പരാതി എൻ.ജയരാജാണു സ്പീക്കർക്കു കൈമാറിയത്. അവിശ്വാസപ്രമേയ ചർച്ചയിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും നിഷ്പക്ഷത പാലിച്ചു വിട്ടുനിൽക്കണമെന്ന വിപ്പാണു നൽകിയതെന്നു പരാതിയിൽ പറയുന്നു. കോട്ടയത്തു കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇടതുപക്ഷത്തേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കു പാർട്ടി പ്രതിനിധികളായി രണ്ടില ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ശേഷം കൂറു മാറിയവരെ അയോഗ്യരാക്കാനുള്ള നടപടികളിലേക്കു കടക്കുമെന്ന് എൻ.ജയരാജ് അറിയിച്ചു. അവിശ്വാസപ്രമേയ, രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകളിൽ പരസ്പരം വിപ്പ് നൽകിയ കേരള കോൺഗ്രസ് ജോസ്‌ജോസഫ് പക്ഷങ്ങൾ അതു ലംഘിച്ചതിന്റെ പേരിൽ സ്പീക്കർക്കു പരാതി നൽകുമെന്നു വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സ്പീക്കറുടെ നിലപാട് നിർണ്ണായകമാണ്. രണ്ടില ചിഹ്നം നേരത്തെ ജോസ് കെ മാണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്ന് ജോസഫ് സ്റ്റേ വാങ്ങി. ഈ കേസിലെ കോടതി നിലപാട് സ്പീക്കറുടെ തീരുമാനത്തേയും സ്വാധീനിക്കും.

തദ്ദേശത്തിൽ മുന്നണിപ്രവേശത്തിന്റെ ആദ്യപടിയെന്നനിലയിൽ കേരള കോൺഗ്രസ്-എമ്മുമായുള്ള നീക്കുപോക്കാണ് സിപിഎം. ലക്ഷ്യമിടുന്നത്. തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇതുവേണമെന്നാണ് ജോസ് വിഭാഗത്തിന്റെ താത്പര്യം. കേരള കോൺഗ്രസ്(എം) ഇടതു ബന്ധത്തെക്കുറിച്ച് ഇന്നാരംഭിക്കുന്ന സിപിഐ നിർവാഹക സമിതിയോഗം ചർച്ച ചെയ്യുമെങ്കിലും പാർട്ടി തീരുമാനം നീണ്ടേക്കുമെന്നും സൂചനയുണ്ട്. ജോസ് കെ.മാണിയുടെ പാർട്ടി ആദ്യം രാഷ്ട്രീയ നിലപാടു പ്രഖ്യാപിക്കട്ടെ എന്ന മനോഭാവത്തിലാണു സിപിഐ. എന്നാൽ തദ്ദേശത്തിൽ സഹകരിപ്പിക്കാനാണ് സിപിഎം തീരുമാനം. ഈ സാഹചര്യത്തിലാണ് മത്സരിക്കാൻ താൽപ്പര്യമുള്ള സീറ്റുകളുടെ പട്ടിക വാങ്ങിയത്. പ്രാദേശിക തലത്തിൽ ജോസ് കെ മാണി വിഭാഗത്തിന് കരുത്തുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ.

കേരള കോൺഗ്രസ്-എമ്മിന്റെ കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗശേഷം ജോസ് കെ. മാണി പാർട്ടി ജില്ലാപ്രസിഡന്റുമാരെ പ്രത്യേകം കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഓരോ തദ്ദേശസ്ഥാപനത്തിലും യു.ഡി.എഫിൽനിന്ന് പാർട്ടി മത്സരിച്ച സീറ്റുകളും പുതിയതായി ആവശ്യപ്പെടുന്ന സീറ്റും സംബന്ധിച്ച പട്ടിക ജില്ലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കാൻ നിർദ്ദേശിച്ചത്. ഇത് പ്രാദേശികമായി സിപിഎം. ഏരിയാ, ജില്ലാ സെക്രട്ടറിമാർക്കാണ് കൈമാറിയത്. യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളിൽ ജോസ് വിഭാഗത്തെ മുൻനിർത്തി ജയിക്കാനാകുമോയെന്നാണ് സിപിഎം. പരിശോധിക്കുന്നത്. യു.ഡി.എഫിൽ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുകൾ ഇടതുമുന്നണിയിൽ മത്സരിക്കാൻ ലഭിക്കുമെന്ന പ്രതീക്ഷ ജോസ് വിഭാഗത്തിനുമുണ്ട്. പാർട്ടിക്ക് കാര്യമായ വേരോട്ടമുള്ള കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കൂടുതൽ സീറ്റുകൾ നൽകാൻ ഇടതുമുന്നണിയും സന്നദ്ധമാണെന്നാണ് വിലയിരുത്തൽ.

ജോസ് വിഭാഗവുമായുള്ള ബന്ധത്തെ എതിർത്ത സിപിഐ. നിലപാടിൽ അയവുവരുത്തിയിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പാകുമ്പോഴേക്കും സഹകരണത്തിനുള്ള സമവായം മുന്നണിയിൽ കണ്ടെത്താൻ കഴിയുമെന്നാണ് സിപിഎം. പ്രതീക്ഷ. കേരള കോൺഗ്രസ്-എം രാഷ്ട്രീയനിലപാട് വ്യക്തമാക്കട്ടെയെന്നാണ് സിപിഎം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നതെങ്കിലും, അവിശ്വാസപ്രമേയം, രാജ്യസഭാതിരഞ്ഞെടുപ്പ് തുടങ്ങിയ വോട്ടെടുപ്പുകളിൽ യു.ഡി.എഫിനൊപ്പം നിൽക്കാഞ്ഞതിനെ സ്വാഗതം ചെയ്തിരുന്നു കേരള കോൺഗ്രസിനെ (എം)ഇടതു മുന്നണിയുടെ ഭാഗമാക്കണമെന്ന അഭിപ്രായം സിപിഐ നേതൃത്വത്തെ സിപിഎം അറിയിച്ചിട്ടുണ്ട്.

കെ.എം.മാണി ആ പാർട്ടിയെ നയിച്ചപ്പോഴെടുത്ത നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണു സിപിഐ നേരത്തെ വ്യക്തമാക്കിയത്. മുന്നണിയിലെ മറ്റു ഘടകകക്ഷികളെ ഒപ്പം നിർത്തി സിപിഐയെ സമ്മർദത്തിലാക്കിയിരിക്കുകയാണു സിപിഎം. അതിനാൽ ഏറ്റുമുട്ടി വഷളാക്കാൻ സിപിഐ ഇല്ല.

ഈ മാസം 29ന് ഉച്ചകഴിഞ്ഞ് ചേരുന്ന ഇടതു മുന്നണി യോഗത്തിൽ ജോസ് കെ മാണി വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന. അതിന് മുമ്പ് ജോസ് വിഭാഗത്തിൽ നിന്ന് അനുകൂലമായ രാഷ്ട്രീയപ്രതികരണം ഉണ്ടായേക്കും. മുന്നണിയോഗത്തിന്റെ മുന്നോടിയായി 26, 27 തീയതികളിൽ സിപിഎം സംസ്ഥാന സമിതിയും പാർട്ടി സെക്രട്ടേറിയറ്റും ചേരുന്നുണ്ട്.രാഷ്ട്രീയ സാഹചര്യം മാറിയതിനാൽ, സിപിഐ ഇന്നും നാളെയും ചേരുന്ന പാർട്ടിയുടെ സംസ്ഥാന നിർവ്വാഹകസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP