Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമസഭാ സീറ്റുകൾക്കായി ഒരു മുഴം മുമ്പേ മുസ്ലിംലീഗിന്റെ ചരടുവലി; എം.എം ഹസനുമായുള്ള കൂടിക്കാഴ്‌ച്ചയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടു; മലബാറിൽ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമായി മറ്റ് മൂന്ന് സീറ്റുകളും വേണമെന്ന് ആവശ്യം; ലീഗ് സീറ്റു ചോദിക്കുന്നത് എസ്ഡിപിഐ, വെൽഫെയർ പാർട്ടി സ്വാധീന മേഖലകളിൽ

നിയമസഭാ സീറ്റുകൾക്കായി ഒരു മുഴം മുമ്പേ മുസ്ലിംലീഗിന്റെ ചരടുവലി; എം.എം ഹസനുമായുള്ള കൂടിക്കാഴ്‌ച്ചയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടു; മലബാറിൽ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമായി മറ്റ് മൂന്ന് സീറ്റുകളും വേണമെന്ന് ആവശ്യം; ലീഗ് സീറ്റു ചോദിക്കുന്നത് എസ്ഡിപിഐ, വെൽഫെയർ പാർട്ടി സ്വാധീന മേഖലകളിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: യുഡിഎഫ് മുന്നണിയിൽ നിന്നും ജോസ് കെ മാണിയും കൂട്ടരും പോയതോടെ ഒഴിവു വന്ന സീറ്റുകളിൽ കണ്ണുവെച്ച് മുസ്ലിംലീഗ് ഒരു മുഴം മുമ്പേ കരുക്കൾ നീക്കി തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റ് അധികം ആവശ്യപ്പെട്ടു കൊണ്ടാണ് ലീഗ് രംഗത്തെത്തിയത്. യു.ഡി.എഫ് കൺവീനറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടി നിലപാട് അറിയിച്ചത്. എം. എം ഹസൻ പാണക്കാട് എത്തിയപ്പോഴാണ് ലീഗ് ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചത്. യു.ഡി.എഫ് കൺവീനറായി ചുമതല ഏറ്റെടുത്തതിന് ശേഷം പാണക്കാട് എത്തിയതായിരുന്നു എം.എം ഹസൻ.

മലബാറിൽ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമായി മറ്റ് മൂന്ന് സീറ്റുകളുമാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു. കരുനാഗപ്പള്ളി, അമ്പലപ്പുഴ, പൂഞ്ഞാർ, പേരാമ്പ്ര, കൂത്തുപറമ്പ് അല്ലെങ്കിൽ തളിപ്പറമ്പ്, പട്ടാമ്പി അല്ലെങ്കിൽ ഒറ്റപ്പാലം സീറ്റുകൾ നൽകണമെന്നാണ് ലീഗിന്റെ ആവശ്യം. 23 ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം സീറ്റുകൾ സംബന്ധിച്ചുള്ള ചർച്ചകൾ തുടങ്ങും.

ഇപ്പോൾ ലീഗ് നോട്ടമിട്ടിരിക്കുന്ന സീറ്റുകളിൽ പലതിലും എസ്ഡിപിഐക്കും വെൽഫെയർ പാർട്ടിക്കും കൂടുതൽ സ്വാധീനമുള്ള മേഖലകളാണ്. ഇരു കൂട്ടരുമായി സഹകരിച്ചു പോകാനുള്ള ധാരണയും ലീഗിനുണ്ട്. അതുകൊണ്ട് തന്നെ മുന്നണി സാധ്യതകൾ ഉപയോഗപ്പെടുത്തി വിജയിച്ചു കയറാമെന്നതാണ് ലീഗിന്റെ പ്രതീക്ഷ.

കേരളാ കോൺഗ്രസും ജനതാദള്ളും യുഡിഎറിന് പുറത്തായപ്പോൾ അധികം വന്നത് 22 സീറ്റുകളാണ്. ഏഴോ എട്ടോ പിജെ ജോസഫിന് നൽകിയാലും കുറഞ്ഞത് 14 അധിക സീറ്റുകൾ ഉണ്ടാകും. ഇതിൽ പകുതി വേണമെന്നതാണ് ലീഗിന്റെ ആവശ്യം. അത്തരത്തിൽ കേരളത്തിലാകെ സീറ്റ് പുനർവിഭജനമാണ് ലീഗിന്റെ ലക്ഷ്യം. എങ്ങനേയും 25 സീറ്റിൽ അധികം ജയിക്കുകയാണ് ലക്ഷ്യം. ഉപ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് പികെ കുഞ്ഞാലിക്കുട്ടി സമ്മർദ്ദ തന്ത്രത്തിന് നേതൃത്വം നൽകുമ്പോൾ കോൺഗ്രസ് കടുത്ത സമർദ്ദത്തിലേക്കാണ്.

ലീഗ് ചോദിക്കുന്ന സീറ്റുകളിൽ കോൺഗ്രസിനും വിജയപ്രതീക്ഷ ഉള്ളതാണ്. വിജയസാധ്യതയുള്ള സീറ്റുകൾ തെരഞ്ഞെടുത്തു ചോദിക്കുന്നതിലാണ് കോൺഗ്രസിൽ അതൃപ്തി പുകയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കും മുമ്പേ സീറ്റു ചോദിച്ചു ലീഗ് എത്തിയത് കോൺഗ്രസിനെ അലോസരപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ ചർച്ചകൾ അനാവശ്യമാണെന്നാണ് കോൺഗ്രസിന്റെ നിലപാട്. കഴിഞ്ഞതവണ 24 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. അതിൽ 19 എണ്ണത്തിലും ജയിക്കാനായി.

ലോക് താന്ത്രിക് ജനതാദളിന് (എൽ.ജെ.ഡി.) ശേഷം കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗംകൂടി യു.ഡി.എഫ്. വിട്ടതോടെയാണ് കൂടുതൽ സീറ്റെന്ന അവകാശവാദത്തിന് ബലം കൂടിയത്. ഒഴിവു വരുന്ന സീറ്റുകൾ മിക്കതും കോൺഗ്രസും ലീഗും പങ്കിട്ടെടുക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. 2016-ൽ കേരളാ കോൺഗ്രസ് (എം.) 15 സീറ്റുകളിലും എൽ.ജെ.ഡി. ഏഴിടത്തുമാണ് മത്സരിച്ചത്. ഈ 22 സീറ്റുകളിൽ എട്ടെണ്ണംവരെ ഇക്കുറി പി.ജെ. ജോസഫ് വിഭാഗത്തിന് കൊടുക്കേണ്ടിവരും. ബാക്കിവരുന്ന 14 സീറ്റുകളിലാണ് കോൺഗ്രസിനൊപ്പം ലീഗും നോട്ടമിടുന്നത്. കൂടുതൽ സീറ്റിന് ആർ.എസ്‌പി., കേരള കോൺഗ്രസ് ജേക്കബ് വിഭാഗം, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ ഘടകകക്ഷികളും താത്പര്യമറിയിച്ചതായാണ് വിവരം. ഇതിൽ ഫോർവേർഡ് ബ്ലോക്കിന് ഒരു സീറ്റ് നൽകും.

പാർട്ടി മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ജയം തുടരാനാകുന്നതാണ് ലീഗിന് ആത്മവിശ്വാസം പകരുന്നത്. അധികമായി കിട്ടുന്ന സീറ്റുകളിലും ജയിച്ചുകയറാനാകുമെന്ന് അവർ അവകാശപ്പെടുന്നു. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന കാര്യത്തിൽ കോൺഗ്രസടക്കമുള്ള കക്ഷികൾക്കും എതിരഭിപ്രായമില്ല. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചേക്കും. സമ്മർദ്ദത്തിലൂടെ ഉപമുഖ്യമന്ത്രി പദം നേടാനാണ് അവരുടെ ശ്രമം. മലബാറിൽ ഒഴിവുവരുന്ന സീറ്റുകൾക്കാണ് ലീഗ് മുൻഗണന നൽകുന്നത്. എന്നാൽ, മലബാറിൽ ഒതുങ്ങിക്കൂടാതെ തെക്കൻകേരളത്തിലും മധ്യകേരളത്തിലും കൂടുതൽ സാന്നിധ്യം വേണമെന്ന വികാരം പാർട്ടിയിലുണ്ട്.

കൂടുതൽ സീറ്റുകൾ വാങ്ങണമെന്ന യൂത്ത് ലീഗിന്റെ സമ്മർദ്ദവും ലീഗിലുണ്ട്. 28 മുതൽ 30 വരെ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് യൂത്ത് ലീഗ് പറയുന്നു. യുവാക്കൾക്ക് 25 ശതമാനം സീറ്റുകൾ ആവശ്യപ്പെടുന്ന ഫോർമുല അവർ അവതരിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലീഗ് കൂടുതൽ സീറ്റിന് സമ്മർദ്ദം ചെലുത്തുന്നത്. കോട്ടയത്ത് കോൺഗ്രസിനോളം കരുത്തുള്ള ജോസ് കെ മാണി എൽഡിഎഫിലേക്ക് പോയതു നികത്താൻ പി ജെ ജോസഫിനെ കൊണ്ട് തനിച്ചു സാധിക്കില്ലെന്ന തിരിച്ചറിവ് യുഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെ കോട്ടയത്തിന് മുകളിൽ തന്റെ ദൃഷ്ടി കൂടുതൽ പതിപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. ജോസ് കെ മാണിക്കൊപ്പം പോയ അണികളെ തിരികെ എത്തിക്കുക എന്ന ദൗത്യമാണ് രണ്ട് തവണ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP