Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബിജെപി, കോൺഗ്രസ് കുടുംബത്തിൽ നിന്നും ഒരാളെയെങ്കിലും അടർത്തി പാർട്ടിയിൽ ചേർക്കുക; സംസ്ഥാന വ്യാപക പ്രചാരണവുമായി സിപിഎം; ഏറ്റവും കൂടുതൽ പേർ ഒഴുകിയെത്തിയത് കോന്നി മണ്ഡലത്തിൽ; മെഡിക്കൽ കോളജിലെ ജോലി പ്രലോഭനമായി

ബിജെപി, കോൺഗ്രസ് കുടുംബത്തിൽ നിന്നും ഒരാളെയെങ്കിലും അടർത്തി പാർട്ടിയിൽ ചേർക്കുക; സംസ്ഥാന വ്യാപക പ്രചാരണവുമായി സിപിഎം; ഏറ്റവും കൂടുതൽ പേർ ഒഴുകിയെത്തിയത് കോന്നി മണ്ഡലത്തിൽ; മെഡിക്കൽ കോളജിലെ ജോലി പ്രലോഭനമായി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോൺഗ്രസ്, ബിജെപി കുടുംബത്തിൽ നിന്നൊരാളെയെങ്കിലും പാർട്ടിയിൽ ചേർക്കുക. കേരളമൊട്ടാകെ സിപിഎം തുടങ്ങി വച്ചിരിക്കുന്ന ഒരു ക്യാമ്പയിനാണിത്. പഞ്ചായത്ത്- നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, ഇമേജ് നഷ്ടമായിരിക്കുന്ന പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎമ്മിന്റെ നീക്കം. ഇതിനായി വമ്പൻ ഓഫർ തന്നെയാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇത്തരത്തിൽ ഏറ്റവുമധികം ആൾക്കാർ ബിജെപിയിലും കോൺഗ്രസിലും നിന്ന് സിപിഎമ്മിലേക്ക് ഒഴുകിയെത്തുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നുമാണ്.

അതിൽ ഏറ്റവും കൂടുതലാകട്ടെ കോന്നി നിയോജക മണ്ഡലത്തിലാണ്. മറ്റു പാർട്ടിയിലുള്ളവരെ സിപിഎമ്മിലേക്ക് എത്തിക്കാൻ ആടിനെ പ്ലാവില എന്നതു പോലെ മെഡിക്കൽ കോളജിൽ ഒരു ജോലി എന്ന വാഗ്ദാനമാണ് മുന്നോട്ട് വയ്ക്കുന്നത്. പുതുതായി ആരംഭിച്ച കോന്നി മെഡിക്കൽ കോളജിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ട്. ഇതെല്ലാം കരാർ അടിസ്ഥാനത്തിലാണ് നിയമിക്കപ്പെടുക. എംപ്ലോയ്മെന്റ് വഴിയാകും നിയമനം എന്നൊക്കെ നാഴികയ്ക്ക് നാൽപതു വട്ടം ജനീഷ് കുമാർ എംഎൽഎ പറയുന്നുണ്ട്.

സിപിഎം വിചാരിച്ചാൽ പിഎസ്‌സി നിയമനത്തിന് പോലും പാടില്ലെന്നിരിക്കേ എന്തോന്ന് എംപ്ലോയ്മെന്റ് എന്നാണ് കുട്ടിസഖാക്കൾ ചോദിക്കുന്നത്. ഈ നിയമനങ്ങൾ കണ്ട് ഭ്രമിച്ചാണ് ബിജെപിയിലും കോൺഗ്രസിലും നിന്ന് കോന്നിയിൽ സിപിഎമ്മിലേക്ക് ആളൊഴുകുന്നത്. മെഡിക്കൽ കോളജിൽ ജോലി വേണ്ടാത്തവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സീറ്റ്, പാർട്ടിയിൽ നല്ല സ്ഥാനം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും നൽകുന്നു.

2006 ലെ തെരഞ്ഞെടുപ്പിൽ റാന്നിയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന പ്രസാദ് എൻ ഭാസ്‌കരൻ കഴിഞ്ഞയാഴ്ചയാണ് സിപിഎമ്മിൽ ചേർന്നത്. ചിറ്റാറിൽ കോൺഗ്രസിന്റെ പഞ്ചായത്തംഗം അടക്കമുള്ളവർ രാജി വച്ച് കുടുംബസമേതം സിപിഎമ്മിൽ ചേർന്നു. കോന്നിയിലെ വിവിധ പഞ്ചായത്തുകളിൽ ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് ഒഴുക്കാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ സ്വർണക്കടത്ത്, സ്വപ്ന, ശിവശങ്കർ വിഷയത്തിൽ സിപിഎം നാണം കെട്ടു നിൽക്കുമ്പോൾ ആ പാർട്ടിയിലേക്ക് ചേരാൻ മറ്റുള്ള പാർട്ടിക്കാരെ പ്രേരിപ്പിക്കുന്ന ഘടകം വമ്പൻ ഓഫർ തന്നെയാണ്.

സർക്കാർ മെഡിക്കൽ കോളജിൽ ഒരു ജോലി എന്നു കേട്ടാൽ ആരാണ് സന്തോഷിക്കാത്തത്? പക്ഷേ, ഇത്തരം നടപടികൾ സിപിഎമ്മിൽ വ്യാപക വിമർശനത്തിന് കാരണമായിരിക്കുകയാണ്. പാർട്ടിക്ക് വേണ്ടി രാപകലില്ലാതെ വർഷങ്ങളായി കഷ്ടപ്പെട്ടവരെ തഴഞ്ഞ് ഇന്ന് കുടിയേറ്റക്കാരായി എത്തുന്നവർക്ക് ജോലി നൽകാനുള്ള നീക്കമാണ് പ്രവർത്തകരുടെ എതിർപ്പിന് കാരണമായിരിക്കുന്നത്. കോന്നിയിൽ നിലവിലുള്ള സിപിഎം പ്രവർത്തകർക്ക് വേണം മെഡിക്കൽ കോളജിൽ ജോലി നൽകാൻ എന്നാണ് ആവശ്യം. ഇല്ലാത്ത പക്ഷം അത് സിപിഎമ്മിനുള്ളിൽ വമ്പൻ പൊട്ടിത്തെറിക്ക് കാരണമായേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP