Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടത് മുന്നണി എന്ത് തീരുമാനിച്ചാലും അതിനൊപ്പം നിൽക്കും; ജോസ് കെ മാണി വിഭാ​ഗം മുന്നണിയിലേക്ക് വരുന്നതിനെ എതിർക്കേണ്ടതില്ലെന്ന് സിപിഐ; ഇടതു മുന്നണിയാണ് ശരിയെന്ന ജോസ് കെ മാണിയുടെ നിലപാട് സ്വാഗതാർഹമാണെന്നും സംസ്ഥാന എക്സിക്യൂട്ടീവ്; കേരള കോൺ​ഗ്രസിന് പരവതാനി വിരിച്ച് സിപിഐയും

ഇടത് മുന്നണി എന്ത് തീരുമാനിച്ചാലും അതിനൊപ്പം നിൽക്കും; ജോസ് കെ മാണി വിഭാ​ഗം മുന്നണിയിലേക്ക് വരുന്നതിനെ എതിർക്കേണ്ടതില്ലെന്ന് സിപിഐ; ഇടതു മുന്നണിയാണ് ശരിയെന്ന ജോസ് കെ മാണിയുടെ നിലപാട് സ്വാഗതാർഹമാണെന്നും സംസ്ഥാന എക്സിക്യൂട്ടീവ്; കേരള കോൺ​ഗ്രസിന് പരവതാനി വിരിച്ച് സിപിഐയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് ജോസ് കെ മാണി വിഭാ​ഗം വരുന്നതിനെ എതിർക്കേണ്ടതില്ലെന്ന് സിപിഐ. ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോ​ഗത്തിലാണ് കേരള കോൺ​ഗ്രസ് ജോസ് പക്ഷം എൽഡിഎഫിലേക്ക് വരുന്നതിന് തടസ്സം നിൽക്കേണ്ടെന്ന് തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഇടത് മുന്നണിയുടെ പൊതുനിലപാടിനെ പിന്തുണയ്ക്കാനാണ് സിപിഐ തീരുമാനം. ജോസ് പക്ഷത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ സ്വാഗതം ചെയ്തിരുന്നെങ്കിലും ജില്ലാഘടകങ്ങളും ചില സംസ്ഥാന നേതാക്കളും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഇടതു മുന്നണിയാണ് ശരിയെന്ന ജോസ് കെ മാണിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ നേതൃയോഗം വിലയിരുത്തി. ജോസ് കെ മാണി രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം മുന്നണിയിലേക്കു വരുന്നത് ഗുണമെന്ന് എൽഡിഎഫ് ഘടകകക്ഷികൾ കരുതുന്നെങ്കിൽ അതിനൊപ്പം നിൽക്കും. യുഡിഎഫ് ദുർബലപ്പെടുന്നത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തേണ്ടതാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

22ന് ചേരുന്ന എൽഡിഎഫ്. യോഗത്തിൽ, ഭൂരിപക്ഷം കക്ഷികൾ എടുക്കുന്ന തീരുമാനത്തിന് അനുസൃതമായ നിലപാട് തന്നെ സിപിഐയും എടുക്കും. ജോസ് കെ. മാണി പക്ഷത്തെ എൽഡിഎഫിലേക്ക് എടുക്കാനാണ് സിപിഎമ്മും മറ്റു കക്ഷികളും തീരുമാനിക്കുന്നതെങ്കിൽ സിപിഐ അതിനോട് യോജിക്കും. ഇനി ജോസ് കെ. മാണി പക്ഷവുമായി ധാരണയിൽ പോകാനാണ് എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കുന്നതെങ്കിൽ അതിനെയും സിപിഐ. അനുകൂലിക്കും. ജോസ് കെ. മാണി എൽഡിഎഫിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന് നേരത്തെ കാനം രാജേന്ദ്രൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഈ മാസം 14നാണ് ജോസ് കെ മാണി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കൊടുവിലാണ് ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പമാണെന്നും എംപി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയിൽനിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എൽ.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. എംഎൽഎമാർ ഉൾപ്പെടെ മാണിക്കൊപ്പം നിന്നവരെ കോൺഗ്രസ് അപമാനിച്ചു. ഒരു ചർച്ചയ്ക്ക് പോലും കോൺഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാൻ ഒരു ഫോർമുല പോലും മുന്നോട്ട് വെച്ചില്ല. പാർട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോൺഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു.

14ന് രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം ആദ്യം എൽ.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒൻപത് മണിയോടെയാണ് പാർലമെന്ററി പാർട്ടി യോഗം ചേർന്നത്. തോമസ് ചാഴിക്കാടൻ എംപി., റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നീ എംഎൽഎമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തിൽ പങ്കെടുത്തത്. തുടർന്ന് പിതാവ് കെ.എം. മാണിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു. 9.40-ഓടെ പാർട്ടി ആസ്ഥാനത്തേക്ക് ജോസ് കെ. മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേർന്ന നേതൃ യോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യവും അങ്ങനെയൊരു ധാരണയില്ലെന്ന് പറഞ്ഞ് അതിന് വഴങ്ങാതെ വന്നതോടെ തുടങ്ങിയ ഭിന്നതയാണ് ഇപ്പോൾ ജോസിനെയും കൂട്ടരേയും എൽ.ഡി.എഫിൽ എത്തിച്ചിരിക്കുന്നത്. മധ്യതിരുവതാംകൂറിൽ പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ജോസിന്റെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ജോസിനെ ഒപ്പം കൂട്ടാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. തർക്കമുള്ള പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ സിപിഎം. ഇടപെട്ട് സമവായമുണ്ടാക്കുമെന്ന് ജോസ് കെ. മാണിക്ക് ഉറപ്പ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. .പാല സീറ്റ് ജോസ് കെ. മാണിക്ക് തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP