Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ സി വേണുഗോപാലിന്റെ സ്ഥാനാരോഹണം ഏറ്റവും ക്ഷീണം ഉണ്ടാക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് തന്നെ; ചെന്നിത്തലയെക്കാളും ഉയർന്ന എൻഎസ്എസ് ബന്ധം കൂടിയായതോടെ പ്രതിപക്ഷ നേതാവിന്റെ നില പരുങ്ങലിൽ; ഐ ഗ്രൂപ്പിന്റെ മേലങ്കി അഴിച്ചു മാറ്റി ഉമ്മൻ ചാണ്ടിയോട് കൂടുതൽ അടുപ്പം കാട്ടി വേണുഗോപാലും; ഉമ്മൻ ചാണ്ടിയെ എങ്ങനേയും എംപിയാക്കി ഡൽഹിക്കയച്ച് കേരളത്തിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവാകാനുള്ള ചെന്നിത്തലയുടെ മോഹത്തിന് തിരിച്ചടി

കെ സി വേണുഗോപാലിന്റെ സ്ഥാനാരോഹണം ഏറ്റവും ക്ഷീണം ഉണ്ടാക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് തന്നെ; ചെന്നിത്തലയെക്കാളും ഉയർന്ന എൻഎസ്എസ് ബന്ധം കൂടിയായതോടെ പ്രതിപക്ഷ നേതാവിന്റെ നില പരുങ്ങലിൽ; ഐ ഗ്രൂപ്പിന്റെ മേലങ്കി അഴിച്ചു മാറ്റി ഉമ്മൻ ചാണ്ടിയോട് കൂടുതൽ അടുപ്പം കാട്ടി വേണുഗോപാലും; ഉമ്മൻ ചാണ്ടിയെ എങ്ങനേയും എംപിയാക്കി ഡൽഹിക്കയച്ച് കേരളത്തിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവാകാനുള്ള ചെന്നിത്തലയുടെ മോഹത്തിന് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയം എന്നും രണ്ട് നേതാക്കളെ ചുറ്റിപ്പറ്റിയാണ് നിന്നത്. കെ കരുണാകരനും ആന്റണിയുമായിരുന്നു എൺപതുകളിൽ കോൺഗ്രസിലെ എതിർ ഗ്രൂപ്പുകളുടെ പടനായകർ. അത് പിന്നീട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി. കെ കരുണാകരന്റെ അന്ത്യത്തോടെയാണ് വിശാല ഐ ഗ്രൂപ്പെന്ന ആശയവുമായി കരുണാകരന്റെ ശിഷ്യരെല്ലാം ചെന്നിത്തലയ്ക്ക് പിന്നിൽ അണിനിരന്നത്. കോൺഗ്രസ് ഹൈക്കമാണ്ടിലെ സ്വാധീനമാണ് ഐ ഗ്രൂപ്പിലെ നേതാവിനെ എന്നും നിശ്ചയിച്ചിരുന്നത്. ഇതുകൊണ്ട് മാത്രമാണ് ചെന്നിത്തല പടനായകനായത്. ഇവിടേക്കാണ് അതിശക്തനായി കെ സി വേണുഗോപാൽ എത്തുന്നത്. കേരളത്തിൽ ഒരു കോൺഗ്രസ് നേതാവിനെ എത്താനാകാത്ത ഉയരത്തിലാണ് ആലപ്പുഴയുടെ എംപി. രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്തനായി പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായി കെസി മാറുമ്പോൾ അത് തകർക്കുന്നത് ചെന്നിത്തലയുടെ മുഖ്യമന്ത്രി പദമോഹമാണ്.

എൻഎസ്എസുമായുള്ള അടുപ്പമാണ് ചെന്നിത്തലയുടെ എന്നുമുള്ള കരുത്ത്. എന്നാൽ ചെന്നിത്തലയേക്കാൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് താൽപ്പര്യമുള്ള മുഖമാണ് കെസിയുടേത്. ചെന്നിത്തലയോട് പഴയ താൽപ്പരം പെരുന്നയ്ക്ക് ഇന്നില്ല. ശബരിമല വിഷയത്തിൽ ഉൾപ്പെടെ ചെന്നിത്തല നടത്തിയ പ്രസ്താവനകൾ സുകുമാരൻ നായരെ ചൊടിപ്പിച്ചിരുന്നു. എൻ എസ് എസിനെ ആർ എസ് എസാക്കി ചിത്രീകരിക്കുന്ന ഇടത് പക്ഷ നിലപാടുകളോട് ചേർന്ന് ചെന്നിത്തല നിലപാട് എടുത്തുവെന്ന പരിഭവം അവർക്കുണ്ട്. ഇതിനിടെയാണ് കോൺഗ്രസിലെ പുതിയ അനിഷേധ്യനേതാവായി വേണുഗോപാൽ മാറുന്നത്. കോൺഗ്രസിലെ സുപ്രധാന തീരുമാനങ്ങളെ എല്ലാം സ്വാധീനിക്കുക സംഘടനാ ജനറൽ സെക്രട്ടറിയാണ്. ഈ പദവിയിൽ വേണുഗോപാൽ എത്തുമ്പോൾ നിരവധി പേർ ചെന്നിത്തല പക്ഷത്ത് നിന്ന് വേണുഗോപാലിനൊപ്പം അടുക്കും. ഇത് ചെന്നിത്തലയ്ക്ക് തിരിച്ചടിയുമാകും. ഗ്രൂപ്പുകൾക്ക് അതീതനായി നിൽക്കാനാണ് വേണുഗോപാലിന്റെ തീരുമാനം. ഐ ഗ്രൂപ്പിലെ വലിയ വിഭാഗത്തിന്റെ പിന്തുണ നേടി ഉ്മ്മൻചാണ്ടിയോട് അടുക്കാനാകും വേണുഗോപാൽ ശ്രമിക്കുക.

ആലപ്പുഴ ലോക്സഭയിൽ വേണുഗോപാൽ മത്സരിക്കില്ല. പകരം പിസി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കും. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ വിഷ്ണുവിനെ പിന്തുണച്ച് ലോക്സഭയിലേക്ക് എത്തിക്കുന്നതിലൂടെ ഉമ്മൻ ചാണ്ടിയുമായി കൂടുതൽ അടുക്കാനാണ് വേണുഗോപാൽ ആഗ്രഹിക്കുന്നത്. ഉമ്മൻ ചാണ്ടിയെ ലോക്സഭയിലേക്ക അയച്ച് കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി പദം ഉറപ്പിക്കാനുള്ള ചെന്നിത്തലയുടെ നീക്കങ്ങൾക്കാണ് തിരിച്ചടിയുണ്ടാകുന്നത്. കേരള രാഷ്ട്രീയത്തിൽ നിന്ന് തന്നെ മാറ്റുന്നതിന് പിന്നിൽ ചെന്നിത്തല സ്വപ്നം കാണുന്നത് എന്താണെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. ഇതിനെ പൊളിക്കാൻ എൻഎസ്എസിന്റെ ഗുഡ് ബുക്കിലുള്ള വേണുഗോപാലിനെ തന്നെ ഉയർത്തിക്കാട്ടും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടായാൽ വേണുഗോപാലിനെ ഉമ്മൻ ചാണ്ടി പിന്തുണയ്ക്കും. ഇത് ഉറപ്പാക്കാനുള്ള എല്ലാ സഹായവും ഇനി വേണുഗോപാൽ എ ഗ്രൂപ്പിന് ചെയ്തു കൊടുക്കും. സംഘടനാ ജനറൽ സെക്രട്ടറിയായതോടെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം സ്വാധീനം ചെലുത്താൻ വേണുഗോപാലിന് കഴിയും.

ദേശീയരാഷ്ട്രീയത്തിൽ സജീവമായിരുന്ന മുൻപ്രതിരോധമന്ത്രി എ.കെ ആന്റണിക്ക് പോലും ലഭിക്കാത്ത പദവിയാണ് കെ.സി വേണുഗോപാലിനെ തേടിയെത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ ഏറ്റവും സീനിയറായ ജനറൽസെക്രട്ടറിമാർക്ക് മാത്രം നൽകുന്ന പദവിയാണ് താരതമ്യേന ജൂനിയറായ കെ.സി വേണുഗോപാലിന് രാഹുൽ സമ്മാനിച്ചിരിക്കുന്നത്. പാർട്ടിക്ക് പ്രതിസന്ധിയുണ്ടാകുമ്പോഴൊക്ക രാഹുൽ ഗാന്ധിയുടെ ദൂതനായി അയക്കുന്നത് കെ.സി വേണുഗോപാലിനെയാണ്. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം തികഞ്ഞ ആത്മാർത്ഥതയോടെ ചെയ്ത് തീർത്ത കെ.സിക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് രാഹുൽ നൽകിയത്. പണിയെടുക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ സ്ഥാനമെന്ന് മുമ്പും പലപ്പോഴും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട് താനും. ഗോവയിലും , തെലുങ്കാനയിലും കർണാടകയിലും, എല്ലാം പ്രതിസന്ധിഘട്ടങ്ങളിൽ കെ.സി വേണുഗോപാലിനെയാണ് രാഹുൽ അയച്ചയത്. കർണാടകയിൽ ശക്തരിൽ ശക്തനായ ബിജെപി നേതാവ് യെദിയൂരപ്പയ്ക്ക് തക്കമറുപടി നൽകുവാനും തിരിച്ചടികൾ നൽകുവാനും കെ.സി ഉണ്ടായിരുന്നു. രാജസ്ഥാനിലും മികവ് കണ്ടു. അങ്ങനെ രാഹുലിന്റെ ഏറ്റവും വിശ്വസ്തനായി മാറിയാണ് വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിലെ പ്രധാനിയാകുന്നത്.

കെ സി വേണുഗോപാൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ സുപ്രധാന പദവിയിലേക്ക് ഉയരുമ്പോൾ സംസ്ഥാന കോൺഗ്രസിലെ അധികാരഘടനയിലും ചെറുതല്ലാത്ത മാറ്റങ്ങളും അടിയൊഴുക്കുകളും സംഭവിക്കും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എകെ ആന്റണി എന്നീ മുതിർന്ന നേതാക്കളെ കേന്ദ്രീകരിച്ച് നിർണ്ണയിക്കപ്പെട്ടിരുന്ന സംസ്ഥാന കോൺഗ്രസിന്റെ ഉൾപ്പാർട്ടി ബലാബലങ്ങളിൽ പുതിയൊരു പവർഹൗസ് കൂടി ഉസൃഷ്ടിക്കുന്നതാണ് കെസിയുടെ വരവ്. ആന്റണിയുടെ കാലം കഴിഞ്ഞു. ഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലും സജീവമാകും. എഐസിസി ജനറൽ സെക്രട്ടറിമാർക്കിടയിൽ 'സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി' സംഘടനാപരമായി ഏറെ ഉയർന്ന പദവിയാണ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെക്കാൾ മീതെയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. അങ്ങനെ നോക്കിയാൽ ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയേക്കാൾ ഒരുപടി മേലെയാകും കോൺഗ്രസിൽ ഇനി കെ സി വേണുഗോപാലിന്റെ സ്ഥാനം. കോൺഗ്രസ് കോർ കമ്മിറ്റിയിൽ എ കെ ആന്റണിക്ക് പുറമേയുള്ള ഏക മലയാളിയും. അങ്ങനെ പാർട്ടിയുടെ നയരൂപീകരണത്തിലെ സ്വാധീനമുപയോഗിച്ച് തനിക്ക് പിന്നിലുള്ളവരുടെ എണ്ണം കൂട്ടാനും കെസിക്ക് കവിയും.

രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം, ഒന്നാം യുപിഎ സർക്കാരിലും രണ്ടാം യുപിഎ സർക്കാരിലുമുള്ള ഭരണപരിചയം, കർണ്ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മികച്ച പ്രകടനം, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഭാഷാ സ്വാധീനം ഇതൊക്കെയാണ് കെസിയെ കുതിക്കാൻ തുണയ്ക്കുന്നത്. ഐ ഗ്രൂപ്പിലെ തിരുത്തൽവാദി യുവതുർക്കിയായി രാഷ്ട്രീയജീവിതം തുടങ്ങിയ കെ സി വിശാല ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്ക് പിന്നീട് ഉയർന്നെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനായതോടെ ഗ്രൂപ്പിനതീതമായ പരിവേഷം കാത്തുസൂക്ഷിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് പദത്തിലേക്ക് ഇടയ്ക്കൊരു കൈ നോക്കിയെങ്കിലും നടന്നില്ല. ഇതിന് പാരവച്ചത് ചെന്നിത്തലയാണെന്ന പരാതി കെസിക്കുണ്ട്. സർക്കാരിനെതിരെ പ്രതിപക്ഷത്തെ ഒന്നാകെ അണിനിരത്താൻ രമേശ് ചെന്നിത്തലയ്ക്ക് ആകുന്നില്ലെന്നും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന നേതൃത്വം എടുത്ത നിലപാടുകൾ ശരിയായില്ലെന്നും പൊതുവേ അഭിപ്രായവുമുണ്ട്. ഈ സാഹചര്യം ചർച്ചയാക്കിയാകും കൃത്യസമയത്ത് വേണുഗോപാൽ കേരളത്തിലെ കോൺഗ്രസിലെ അമരക്കാരനാവുക. ഇത് മുഖ്യമന്ത്രി പദം തന്നെയാകുമെന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്.

കെപിസിസിയിലെ രണ്ടാം നിര നേതാക്കൾക്കിടയിലുള്ള തന്റെ സ്വാധീനം ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായി ഉയർത്താൻ ഇനി കെ സി വേണുഗോപാലിനാകും. ഒരു കാലത്ത് എകെ ആന്റണി സംസ്ഥാന കോൺഗ്രസിൽ നിർണ്ണായക തീരുമാനമെടുക്കാൻ ശേഷിയുള്ള നേതാവായിരുന്നു. നരസിംഹറാവുവിന്റെ കാലത്ത് പെട്ടെന്നൊരു ദിവസം വിമാനത്തിൽ തിരുവനന്തപുരത്ത് പറന്നിറങ്ങി, കെ കരുണാകരനിൽ നിന്നും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ആന്റണിയെ രാഷ്ട്രീയ കേരളം കണ്ടിട്ടുണ്ട്. ഇതിന് സമാനമായതൊക്കെ വേണുഗോപാലിന്റെ കാര്യത്തിലും സംഭവിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളിൽ വലിയൊരു വിഭാഗവും പ്രതീക്ഷിക്കുന്നത്. സംസ്ഥാന കോൺഗ്രസിലെ അധികാര വടംവലിയും ചക്കളത്തിപ്പോരും തുടരുന്നപക്ഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ കെസിയെ ഹൈക്കമാണ്ടി നിയോഗിക്കാനും സാധ്യത ഏറെയാണ്. ഇതെല്ലാം മനസ്സിൽ വച്ചാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ വിഷ്ണുനാഥിനെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നതും.

അതിനിടെ ശബരിമല സമരത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന് പോരടിച്ച പ്രയാർ ഗോപാലകൃഷ്ണനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമെന്ന ആവശ്യവും ചർച്ചയായിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രയാറിനെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ ചരടുവലികൾ സജീവമാണ്. എൻഎസ്എസും പ്രയാറിന് അനുകൂലമാണ്. ആലപ്പുഴയിൽ വേണുഗോപാൽ മത്സരത്തിൽ നിന്ന് പിന്മാറിയാൽ വിഷ്ണുനാഥും പ്രയാറും തമ്മിലാകും പ്രധാന മത്സരം. എന്നാൽ ആരാകും മത്സരിക്കുകയെന്ന തീരുമാനത്തെ സ്വാധീനിക്കുക വേണുഗോപാലിന്റെ മനസ്സ് തന്നെയാകും. 2014 ൽ രണ്ടാം വട്ടവും ആലപ്പുഴയിൽ നിന്ന് ജയിച്ച് പാർലമെന്റിലെത്തിയ കെ.സി വേണുഗോപാൽ അവിടെ നടത്തിയ പ്രവർത്തനങ്ങളെ തുടർന്നാണ് രാഹുലിന്റെ ഗുഡ് ബുക്കിൽ ഇടം പിടിക്കുന്നത്.കെ.എസ്യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ കെ.സി വേണുഗോപാലിനെ കണ്ടെടുക്കുന്നത് ലീഡർ കെ.കരുണാകരനാണ്.1989 ൽ നായനാർ സർക്കാരിന്റെ കാലത്ത് കെ.സിക്ക് ഏറ്റ മർദ്ദനങ്ങൾ ദേശീയശ്രദ്ധ നേടുകയും ചെയ്തിരുന്നു.

തുടർന്ന് കരുണാകരന്റെ പ്രീയപ്പെട്ട ശിഷ്യരിൽ ഒരാളായി മാറിയ കെസി വേണുഗോപാൽ രാഷ്ട്രീയത്തിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഇടതിന് വളക്കൂറുള്ള ആലപ്പുഴയെ കോൺഗ്രസിനായി മെരുക്കിയെടുത്തതും കെ.സിയുടെ ഊർജസ്വലതയാണ്. ഏൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി ഭംഗിയായി നിർവ്വഹിക്കുന്നതിലുള്ള കെ.സിയുടെ മിടുക്കാണ് സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്. രാഷ്ട്രീയത്തിൽ 55 വയസ് എന്നത് ഒരു പ്രായമേ അല്ലയെന്നിരിക്കെയാണ് ഈ നേട്ടമെന്നതും എടുത്ത് പറയേണ്ടതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുകളിലേക്ക് കെ.സി വളരുമ്പോൾ കേരളത്തിലെ ഗ്രൂപ്പ്സമവാക്യങ്ങളും മാറിമറിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP