Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒളിമ്പിക്‌സ് ലഹരിയിൽ' വീണ്ടും ടോക്യോ; പാരാലിംപിക്സിന് തിരി തെളിഞ്ഞു; ഇന്ത്യൻ പതാകവാഹകനായി തേക് ചന്ദ്; രാജ്യത്തെ പ്രതിനിധീകരിക്കുക 54 താരങ്ങൾ; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

'ഒളിമ്പിക്‌സ് ലഹരിയിൽ' വീണ്ടും ടോക്യോ; പാരാലിംപിക്സിന് തിരി തെളിഞ്ഞു; ഇന്ത്യൻ പതാകവാഹകനായി തേക് ചന്ദ്; രാജ്യത്തെ പ്രതിനിധീകരിക്കുക 54 താരങ്ങൾ; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

സ്പോർട്സ് ഡെസ്ക്

ടോക്യോ: ഒളിമ്പിക്‌സിന്റെ ആഹ്ലാദ ആരവങ്ങൾ മായും മുമ്പെ വീണ്ടും 'കായിക ലഹരിയിലേക്ക്' ടോക്യോ. പാരാലിമ്പിക്സിന് ടോക്യോയിൽ ആവേശകരമായ തുടക്കം. സെപ്റ്റംബർ 5 വരെയാണു മേള. മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. ശരീരത്തിന്റെ പരിമിതികളെ ആത്മവിശ്വാസത്തിന്റെ കരുത്തിൽ മറികടന്ന താരങ്ങളുടെ വിസ്മയ പ്രകടനം കണ്ട് കയ്യടിക്കാം.

ടോക്യോയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട് പുട്ട് താരം തേക് ചന്ദാണ് ഇന്ത്യൻ പതാകയേന്തിയത്. 54 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരാലിംപിക്സിൽ പങ്കെടുക്കുന്നത്.

1968ൽ ആദ്യമായി പാരാലിംപിക്സിൽ പങ്കെടുത്തത് മുതൽ നാലു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവും അടക്കം 12 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇന്ത്യയുടെ മത്സരങ്ങൾ ദൂരദർശനിൽ കാണാം.

റിയോ പാരാലിംപിക്സിലെ സ്വർണമെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു കോവിഡ് പൊസറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെത്തുടർന്ന് തേക് ചന്ദിനെ ഇന്ത്യയുടെ പതാകവാഹകനായി തെരഞ്ഞെടുത്തത്. കോവിഡ് പോസറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട മാരിയപ്പൻ തങ്കവേലുവിന് പുറമെ ഇന്ത്യയുടെ മറ്റ് അഞ്ച് കായികതാരങ്ങൾ കൂടി ഐസൊലേഷനിലാണ്.

2016ൽ റിയോയിൽ നടന്ന പാരാലിംപിക്സിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും അടക്കം നാലു മെഡലുകൾ നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. മാർച്ച് പാസ്റ്റിൽ അഫ്ഗാനെ പ്രതിനിധീകരിച്ച് വളന്റിയർമാരാണ് പങ്കെടുത്തത്. രാഷ്ട്രീയ പ്രതിസന്ധിയെത്തുടർന്ന് അഫ്ഗാൻ താരങ്ങൾക്ക് പാരാലിംപിക്സിന് എത്തിയിട്ടില്ല.

വേദികളിലേക്കു കാണികൾക്കു പ്രവേശനമുണ്ടാകില്ല. മത്സരാർഥികളുടെ അംഗപരിമിതിയുടെ തോതനുസരിച്ചാണു മത്സരവിഭാഗങ്ങൾ തീരുമാനിക്കുന്നത്. ആകെ 22 കായികയിനങ്ങളിലായി 540 മത്സരവിഭാഗങ്ങളുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് (54) ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. 5 സ്വർണമുൾപ്പെടെ 15 മെഡലുകളാണു രാജ്യം നോട്ടമിടുന്നത്. 9 കായികയിനങ്ങളിലാണ് ഇന്ത്യൻ പാരാ അത്ലീറ്റുകൾ മത്സരിക്കുക. റിയോ പാരാലിംപിക്‌സിൽ 2 സ്വർണവും ഒന്നുവീതം വെള്ളിയും വെങ്കലവുമായി മെഡൽ പട്ടികയിൽ 43ാം സ്ഥാനത്തായിരുന്നു ഇന്ത്യ. റിയോയിൽ സ്വർണം നേടിയ ദേവേന്ദ്ര ഝജാരിയ (ജാവലിൻ ത്രോ), മാരിയപ്പൻ തങ്കവേലു (ഹൈജംപ്) എന്നിവർ ഇത്തവണയും രംഗത്തുണ്ട്. തന്റെ മത്സരവിഭാഗത്തിലെ ലോക റെക്കോർഡുകാരനാണു നാൽപതുകാരനായ ഝജാരിയ.

മാരിയപ്പൻ തന്റെയിനത്തിൽ ലോക റാങ്കിങ്ങിൽ 2ാം സ്ഥാനത്തുണ്ട്. ജാവലിനിൽ വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്ന ലോക ചാംപ്യൻ സന്ദീപ് ചൗധരി, സുന്ദർ സിങ് ഗുർജർ, അജീത് സിങ്, നവ്ദീപ് സിങ് എന്നിവർക്കു മെഡൽ സാധ്യതയുണ്ട്. ബാഡ്മിന്റനിൽ മത്സരിക്കുന്ന പ്രമോദ് ഭഗത്, കൃഷ്ണ നാഗർ, പാരുൾ പാർമർ, പാലക് കോലി എന്നിവരും പ്രതീക്ഷയാണ്. രാകേഷ് കുമാർ, ശ്യാം സുനദർ, വിവേക് ചിക്കാര, ഹർവീന്ദർ സിങ്, ജ്യോതി ബാലിയൻ (അമ്പെയ്ത്ത്) എന്നിവരിലും ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നു.

പാരാലിംപിക്‌സിൽ പങ്കെടുക്കുന്ന 54 അംഗ ഇന്ത്യൻ സംഘത്തിൽ മലയാളി സാന്നിധ്യമായി തിരുവനന്തപുരം സ്വദേശി സിദ്ധാർഥ ബാബുവുണ്ട്. കരാട്ടെ ചാംപ്യനായിരുന്നു സിദ്ധാർഥ. 2002ൽ ഉണ്ടായ അപകടത്തിൽ അരയ്ക്കു താഴേക്കു തളർന്നു. പിന്നീടാണു ഷൂട്ടിങ്ങിൽ പരിശീലനം തുടങ്ങിയത്. ദേശീയ പാരാഷൂട്ടിങ് ചാംപ്യനാണ്. ദുബായിൽ നടന്ന ലോക പാരാഷൂട്ടിങ് ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയതോടെയാണു പാരാലിംപിക്‌സിനു യോഗ്യത നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP