Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അഭ്യാസങ്ങൾക്ക് പകരം അംഗലാവണ്യം '; വനിതാ താരങ്ങളുടെ ചിത്രങ്ങൾ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടി; ശരീരഭാഗങ്ങൾ അടുത്തു കാണുന്ന വിധത്തിൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് സർവീസ്

'അഭ്യാസങ്ങൾക്ക് പകരം അംഗലാവണ്യം '; വനിതാ താരങ്ങളുടെ ചിത്രങ്ങൾ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടി; ശരീരഭാഗങ്ങൾ അടുത്തു കാണുന്ന വിധത്തിൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് സർവീസ്

സ്പോർട്സ് ഡെസ്ക്

ടോക്യോ: ഒളിമ്പിക്സിൽ വനിതാ താരങ്ങളുടെ ചിത്രങ്ങൾ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടിയുമായി ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് സർവീസ്. മുൻകാല കവറേജുകളിൽ കണ്ടതുപോലെയുള്ള ചിത്രങ്ങൾ ഇനി കാണാൻ കഴിയില്ലെന്നും ശരീരഭാഗങ്ങൾ അടുത്തു കാണുന്ന വിധമുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യില്ലെന്നും ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് ചീഫ് എക്സിക്യൂട്ടീവ് യിയാനിസ് എക്സാർക്കോസ് വ്യക്തമാക്കി.

എന്നാൽ ബീച്ച് വോളിബോൾ, ജിംനാസ്റ്റിക്സ്, നീന്തൽ തുടങ്ങിയ കായിക ഇനങ്ങളിൽ ഇത് എത്രമാത്രം പ്രായോഗികമാണ് എന്നത് സംശയമാണ്. ശരീരഭാഗങ്ങൾ കാണിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനെതിരേ ജർമനിയുടെ ജിംനാസ്റ്റിക്സ് ടീം കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ പരമ്പരാഗത വേഷമായ തോള് മുതൽ അരക്കെട്ട് വരെ മാത്രം മറയുന്ന ബിക്കിനി, സ്വിംസ്യൂട്ട് മാതൃകയിലുള്ള ലിയോടാർഡിന് പകരം കണങ്കാൽ വരെയെത്തുന്ന വേഷം ധരിച്ചാണ് സാറ വോസ്, പൗലീൻ ഷാഫർ-ബെറ്റ്‌സ്, എലിസബ് സെയ്റ്റ്‌സ്, കിം ബ്യു തുടങ്ങിയ താരങ്ങൾ മത്സരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യിയാനിസ് എക്സാർക്കോസിന്റെ പ്രതികരണം.

താരങ്ങളുടെ മെയ്വഴക്കമല്ല, മേനിയഴക് കൂടി ഒളിമ്പിക് ജിംനാസ്റ്റിക്സിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാൽ അഭ്യാസങ്ങൾക്ക് പകരം അംഗലാവണ്യം വിൽപനച്ചരക്കാക്കുന്നതിന് എതിരെ വലിയ പ്രതിഷേധമാണ് സമീപകാലത്ത് ലോകമെങ്ങും ഉയരുന്നത്. പ്രതിഷേധം ഇപ്പോഴിതാ വേറിട്ട രീതിയിൽ ഒളിമ്പിക്സ് വേദിയിലുമെത്തി. സാധാരണയായി മതപരമായ കാരണങ്ങൾ കൊണ്ട് മാത്രമായിരുന്നു ജിംനാസ്റ്റുകൾ കാൽമറയ്ക്കുന്ന വേഷം ധരിച്ച് മത്സരിച്ചിരുന്നത്.

വനിതാ താരങ്ങളുടെ വസ്ത്രധാരണത്തിന് അമിതപ്രാധാന്യം നൽകിയുള്ള സംപ്രേഷണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വനിതാ താരങ്ങൾക്ക് ആദരവ് നൽകുന്ന തരത്തിലായിരിക്കണം പെരുമാറ്റമെന്നും വസ്ത്രം സ്ഥാനം തെറ്റി നിൽക്കുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെങ്കിൽ അതു നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യണമെന്നുമാണ് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നത്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നേരത്തെ തന്നെ പ്രതിഷേധം എന്ന രീതിയിൽ ഈ പുതിയ വേഷവും ധരിച്ച് താരങ്ങൾ മത്സരിച്ചിരുന്നു. ഇപ്പോൾ ശക്തമായ ഈ വേഷപ്രതിഷേധത്തിന് ഒളിമ്പിക്സും വേദിയായിരിക്കുകയാണ്. പതിനെട്ട് കൊല്ലക്കാലം നൂറുകണക്കിന് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിന് 176 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമേരിക്കൻ വനിതാ ടീമിന്റെ മുൻപരിശീലകൻ ലാറി നാസറിന്റെ അപ്പീൽ മിഷിഗൺ അപ്പീൽ കോടതി തള്ളിയതിന് തൊട്ടുപിറകെയാണ് ഈ പ്രതിഷേധം ഒളിമ്പിക് വേദിയിലുമെത്തിയത്. നാസറിന്റെ ഞെട്ടുന്ന പീഡനക്കഥകൾ പുറത്തുവന്നതിനുശേഷമാണ് വേഷത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായത്.



പുതിയ തലമുറയ്ക്ക് ജിംനാസ്റ്റിക്സ് സുരക്ഷിതമായ ഒരു ഗെയിമാണെന്ന തോന്നലുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാറ വോസ് പറഞ്ഞു. ഞങ്ങൾ ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ്മൂന്നാം ഒളിമ്പിക്സിനെിത്തയ പൗലീൻ ഷേഫർ പറഞ്ഞു. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടാവണം. ഇത് ലോകത്തെ മുഴുവൻ കാണിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം-ഷെയ്ഫർ പറഞ്ഞു.

അമേരിക്കൻ ജിംനാസ്റ്റിക്സിലെ സൂപ്പർതാരം സിമോൺ ബിൽസ് നേരത്തെ തന്നെ കാലുവരെ മറയുന്ന ഇത്തരം വേഷങ്ങൾക്കുവേണ്ടി രംഗത്തുവന്നിരുന്നു. വേഷം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താരങ്ങൾക്ക് നൽകണമെന്നും ബൈൽസ് പറഞ്ഞു.

ഒളിമ്പിക്സിന് തൊട്ടുമുൻപ് ബിക്കിനി ധരിച്ച് കളിക്കാൻ വിസമ്മതിച്ച നോർവീജിയൻ ബീച്ച് വോളി ടീമിന് പിഴയിട്ടിരുന്നു. ബിക്കിനിക്ക് പകരം സ്‌കിൻ ടൈറ്റ് ഷോട്ട്സ് ധരിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാൽ, ഇത് സംഘാടകർ വകവച്ചുകൊടുത്തില്ല. എന്നാൽ, ഇത്തരം എതിർപ്പ് ജർമൻ ടീമിന് ഒളിമ്പിക് അസോസിയേഷനിൽ നിന്ന് ഇതുവരെ നേരിടേണ്ടിവന്നിട്ടില്ല. ടീം ഇറങ്ങിയപ്പോൾ നല്ല വേഷം എന്നായിരുന്നു അനൗൺസ്മെന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP