Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

സഹോദരങ്ങൾ ഫുട്‌ബോൾ കളിച്ച് ചളിപുരണ്ട് വീട്ടിൽ എത്തിയമ്പോൾ വൃത്തിക്കാരി ചാനു ചിന്തിച്ചത് ക്ലീനായ കളികളിൽ ഏർപ്പെടാൻ; അമ്പെയ്ത്തുകാരിയാകാൻ മോഹിച്ച് പരിശീലനവും തുടങ്ങി; തലവരമാറ്റി എഴുതിയത് വെയ്റ്റ്‌ലിഫ്റ്റർ കുഞ്ചുറാണി ദേവിയുമായുള്ള കണ്ടുമുട്ടൽ; റിയോയിൽ ചാരമായ ചാനു ടോക്യോയിൽ ഫീനിക്‌സ് പക്ഷിയായി ഉയർത്തെഴുനേറ്റ കഥ

സഹോദരങ്ങൾ ഫുട്‌ബോൾ കളിച്ച് ചളിപുരണ്ട് വീട്ടിൽ എത്തിയമ്പോൾ വൃത്തിക്കാരി ചാനു ചിന്തിച്ചത് ക്ലീനായ കളികളിൽ ഏർപ്പെടാൻ; അമ്പെയ്ത്തുകാരിയാകാൻ മോഹിച്ച് പരിശീലനവും തുടങ്ങി; തലവരമാറ്റി എഴുതിയത് വെയ്റ്റ്‌ലിഫ്റ്റർ കുഞ്ചുറാണി ദേവിയുമായുള്ള കണ്ടുമുട്ടൽ; റിയോയിൽ ചാരമായ ചാനു ടോക്യോയിൽ ഫീനിക്‌സ് പക്ഷിയായി ഉയർത്തെഴുനേറ്റ കഥ

സ്പോർട്സ് ഡെസ്ക്

ഇംഫാൽ: റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷകളായിരുന്നു മീരാബായ് ചാനു എന്ന ഭാരാദ്വഹനക്കാരിയിൽ. കർണ്ണം മല്ലേശ്വരി തുടങ്ങിവെച്ച മെഡൽ നേട്ടം ആവർത്തിക്കുമെന്ന് കരുതിയത് ചാനുവിലൂടെയാണ്. എന്നാൽ അന്ന് ചാനുവിന് പിഴച്ചു. മത്സരം പൂർത്തിയാക്കാതെ പരിക്കു മൂലം പിൻവാങ്ങേണ്ടി വന്നു. തുടർന്നിങ്ങോട്ട് കേൾക്കേണ്ടി വന്നത് നിരന്തര വിമർശനങ്ങൾ. വിഷാദ രോഗത്തെ പോലും അതിജീവിച്ചു വേണമായിരുന്നു പരിശീലനവും.

അന്ന് റിയോയിൽ കണ്ണീരുമായി മടങ്ങിയ ചാനു ഇന്ന് ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യൻ പെൺകരുത്തായി മാറിയിരിക്കുന്നു. ഒളിംപിക്‌സിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ആദ്യ ദിനം മെഡൽ നേടുന്നത്. 120 കോടി ജനതയുടെ അഭിമാന താരമായി ഈ മണിപ്പൂരുകാരി മാറിക്കഴിഞ്ഞു. വരും നാളുകളിൽ കൂടുതൽ ആത്മവിശ്വാസം നൽകാനും ചാനുവിന്റെ നേട്ടത്തിലൂടെ സാധിക്കുന്നു.

മണിപ്പൂരിൽ നിന്നും ഇന്ത്യയുടെ അഭിമാന താരമായി വളർന്ന ബോക്‌സർ മേരി കോമിനെ പോലെ തീക്ഷ്ണമായ കഥ തന്നെയാണ് ചാനുവിനും പറയാനുള്ളത്. ദരിദ്രമായ കുടുംബ പശ്ചാത്തലത്തിൽ നിന്നുമാണ് ചാനുവും കായിക ലോകത്തേക്ക് ചുവടുവെച്ചത്. മണിപ്പൂരിലെ യുവതയ്ക്ക് കായിക കാര്യങ്ങളോട് പണ്ടേ താൽപ്പര്യമുള്ളവരാണ്. അധ്വാനിക്കാൻ മടിയില്ലാത്ത മണിപ്പൂരുകാർ ദാരിദ്ര്യത്തോട് പടവെട്ടി കൊണ്ടാണ് ജീവിതം കരുപ്പിടിപ്പിച്ചത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്നും 22 കിലോമീറ്റർ അകലെയായുള്ള ചെറു ഗ്രാമമായ നോങ്‌പോക് കാക്ചിങിൽ 1994 ഓഗസ്റ്റ് എട്ടിനായിരുന്നു ചാനുവിന്റെ ജനനം. ചെറുപ്രായത്തിൽ തന്നെ കായിക കാര്യങ്ങളിൽ മിടുക്കിയായിരുന്നു ചാനുവും.

ചാനുവിന്റെ സഹോദരങ്ങൾക്ക് ഫുട്‌ബോൾ കളിയോടായിരുന്നു കമ്പം. ചെറുപ്പത്തിൽ സഹോദരനും മറ്റു ബന്ധുക്കളായ കുട്ടികളും ഫുട്‌ബോൾ കളിക്കാൻ പോയി ചെളിപുരണ്ട വസ്ത്രങ്ങളുമായിട്ടായിരുന്നു വീട്ടിൽ എത്താറ്. എന്നാൽ ചാനുവാകട്ടെ ഒരു വൃത്തിക്കാരിയും. അന്ന് ചാനു ആഗ്രഹിച്ചത് ദേഹത്ത് ചെളി പുരളാത്ത കായിക ഇനത്തിൽ ഏർപ്പെടാനായിരുന്നു. എപ്പോഴും വൃത്തിയും വെടിപ്പുമായി ഇരിക്കണമെന്നതായിരുന്നു ചാനുവിന്റെ ആഗ്രഹം. വൃത്തിയോടുള്ള താൽപ്പര്യം മൂലം 13ാം വയസിൽ ചാനു ആഗ്രഹിച്ചിരുന്നത് ഒരു അമ്പെയ്ത്തുകാരിയാകാൻ ആയിരുന്നു. മണിപ്പൂരുകാർക്ക് അമ്പെയ്ത്തിലുള്ള പ്രാവീണ്യം രാജ്യം ശ്രദ്ധിച്ചു തുടങ്ങിയ കാലമായിരുന്നു അന്ന്.

അങ്ങനെ അമ്പെയ്ത്തിൽ പേരെടുക്കാനുള്ള ആഗ്രഹവുമായി അവർ സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു. ഒരു ബന്ധവുമൊത്തായിരുന്നു സായി അഡ്‌മിഷൻ തേടിയുള്ള യാത്ര. 2008ൽ ഇംഫാലിലേക്കുള്ള ഈ യാത്രയാണ് ചാനുവിന്റെ ജീവിതം മാറ്റിമറിച്ചത്. ഇവിടെ വച്ചാണ് വെയ്റ്റ് ലിഫ്റ്റിംഗിലെ ഇതിഹാസതാരമായ കുഞ്ചുറാണി ദേവിയെ ചാനു കാണുന്നത്. ഇതോടെ ചാനു വെയ്റ്റ് ലിഫ്റ്റിംഗിലേക്ക് തിരിഞ്ഞു. അന്ന് കോച്ച് അനിതാ ചാനുമായിരുന്നു മീരാ ഭായിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തത്.

ആദ്യ കാലഘട്ടങ്ങളിൽ വീട്ടിൽ നിന്നും 22 കിലോമീറ്റർ യാത്ര ചെയ്ത് സായ് സെന്ററിൽ എത്തിയായിരുന്നു പരിശീലനം. വീട്ടുകാരെ സഹായിക്കാൻ മരംവെട്ടുന്നത് അടക്കമുള്ള അധ്വാനം ആവശ്യമുള്ള ജോലികളും ചാനു ചെയ്തിരുന്നു. ഭാദോദ്വഹനത്തിൽ നേട്ടങ്ങൾ ഉണ്ടാക്കി തുടങ്ങിയതോടെ ഇന്ത്യൻ റെയിൽവേയിൽ ചീഫ് ഇൻസ്‌പെക്ടർ റാങ്കിൽ ജോലിയും ലഭിച്ചു ചാനുവിന്. 2014ലെ കോമൺ വെൽത്ത് ഗെയിംസിൽ വെള്ളി മെഡലും 2016 സീനിയർ നാഷണൽ മത്സരത്തിൽ സ്വർണവും ചാനു നേടി.

ചാനുവിനെ സംബന്ധിച്ചിടത്തോളം തീർത്തും മറക്കാൻ ആഗ്രഹിക്കുന്ന മത്സരമായിരുന്നു റിയോ ഒളിംപിക്‌സിലേത്. അഞ്ച് വർഷം മുമ്പ് ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ച് നടന്ന ഒളിംപിക്‌സിൽ 48 കിലോ ഭാരദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു ചാനു. 21ാം വയസിൽ തന്റെ ആദ്യ ഒളിംപിക്‌സിന് ഇറങ്ങിയ ചാനുവിന് പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ല. അന്ന് വിലയ വേദിയുടെ സമ്മർദ്ദം താങ്ങാൻ ചാനുവിന് സാധിച്ചില്ല.

48 കിലോ സ്‌നാച്ച് വിഭാഗത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുവാൻ സാധിക്കാത്ത ചാനുവിന്റെ മൂന്ന് ശ്രമങ്ങളിൽ രണ്ടും ഫൗൾ ആയി. എന്നാൽ തന്റെ പ്രധാന ഇനമായ ക്‌ളീൻ ആൻഡ് ജർക്കിൽ നഷ്ടപ്പെട്ട ആധിപത്യം തിരിച്ചെടുക്കാമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു ചാനു. പക്ഷേ അതിലും ചാനുവിന്റെ മൂന്ന് ശ്രമങ്ങളും ഫൗൾ ആയി. അവസാന ഫലം വന്നപ്പോൾ ഡി എൻ എഫ് (മത്സരം പൂർത്തിയാക്കിയില്ല) പട്ടികയിലായിരുന്നു ചാനുവിന്റെ സ്ഥാനം.

ഇന്ത്യയിൽ മടങ്ങിയെത്തിയ ചാനുവിനെ കാത്തിരുന്നത് വലിയ വിമർശനങ്ങളായിരുന്നു. ഇന്ത്യയെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയ വനിത എന്നാണ് മാധ്യമങ്ങൾ അന്ന് ചാനുവിനെ വിശേഷിപ്പിച്ചത്. വിമർശനങ്ങൾ താങ്ങാനാകാതെ മാനസികമായി തളർന്ന ചാനുവിന് ഒടുവിൽ തന്റെ ജീവിതം തിരിച്ചുപിടിക്കാൻ മനഃശാസ്ത്രജ്ഞന്റെ വരെ സഹായം തേടേണ്ടി വന്നു.

ചാരത്തിൽ നിന്ന് ഉദിച്ചുയർന്ന ചാനു അഞ്ച് വർഷങ്ങൾക്കു ശേഷം ടോക്യോയിൽ എത്തിയത് 49 കിലോ വിഭാഗത്തിൽ ലോക രണ്ടാം റാങ്കുകാരിയെന്ന വിശേഷണത്തോടെയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഡൽ വേട്ട ഈ ഒളിംപിക്‌സിൽ ഇന്ത്യ നടത്തുമെന്ന് പല കോണുകളിൽ നിന്നും അഭിപ്രായങ്ങൾ ഉയരുമ്‌ബോഴും ആ അവകാശ വാദങ്ങളുടെയെല്ലാം കേന്ദ്രം മിരാബായി ചാനുവെന്ന 26കാരിയായിരുന്നു.

ടോക്യോ ഒളിംപിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടുമ്പോൾ മീരാബായി ചാനുവിന്റെ മനസിൽ സന്തോഷം മാത്രമായിരിക്കില്ല, തന്റെ വിമർശകരോടുള്ള ഒരു മധുരപ്രതികാരം കൂടി ആ കണ്ണുകളിൽ കാണുവാൻ സാധിക്കും. സായ്‌കോം ഓങ്ബ ലൈമയാണ് ചാനുവിന് എന്നും പ്രോത്സാഹനം നൽകിയ മാതാവ്. ഒരു ഗ്രോസറി ഷോപ്പ് ഉടമയാണ് ഇവർ. സാകോ ക്രിതി മെയ്തായാണ് പിതാവ്. അവിവാഹിതയാണ് ചാനു. 182 സെന്റിമീറ്റർ ഉയരവും 49 കിലോഗ്രാം ഭാരവുമുള്ള ചാനു ഇപ്പോൾ ഇന്ത്യൻ അഭിമാനത്തിൽ ആകാശം മുട്ടെ ഉയരത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP