Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെന്നീസിന്റെ ഗ്ലാമർ ലോകത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് വരെ അധികമാരും അറിയാതിരുന്ന 18 കാരി; ആരോഗ്യകാരണങ്ങളാൽ വിംബിൾഡൺ നാലാം റൗണ്ടിൽ നിന്നും പിന്മാറേണ്ടി വന്നത് ആഴ്‌ച്ചകൾക്ക് മുൻപ് മാത്രം; ടെന്നീസ് കളിക്കുവൻ അനുയോജ്യമല്ലെന്ന് വിധിയെഴുതിയത് ജോൺ മെക്കെന്റേ ഉൾപ്പടെയുള്ളവർ; ഒരു യക്ഷിക്കഥപോലെ അവിശ്വസനീയമായ ഒരു വിജയഗാഥ

ടെന്നീസിന്റെ ഗ്ലാമർ ലോകത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് വരെ അധികമാരും അറിയാതിരുന്ന 18 കാരി; ആരോഗ്യകാരണങ്ങളാൽ വിംബിൾഡൺ നാലാം റൗണ്ടിൽ നിന്നും പിന്മാറേണ്ടി വന്നത് ആഴ്‌ച്ചകൾക്ക് മുൻപ് മാത്രം; ടെന്നീസ് കളിക്കുവൻ അനുയോജ്യമല്ലെന്ന് വിധിയെഴുതിയത് ജോൺ മെക്കെന്റേ ഉൾപ്പടെയുള്ളവർ; ഒരു യക്ഷിക്കഥപോലെ അവിശ്വസനീയമായ ഒരു വിജയഗാഥ

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ന്യുയോർക്കിൽ ബ്രിട്ടന്റെ അഭിമാനം വാനോളമുയർത്തി യു എസ് കപ്പിൽ എമ്മ റഡുകാനു18 കാരി മുത്തമിട്ടപ്പോൾ, ആ വിജയത്തേക്കാളേറെ അവിശ്വസനീയമാകുന്നത് വിജയത്തിലേക്കുള്ള വഴികളാണ്. ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് മാത്രമായിരുന്നു എമ്മയ്ക്ക് വിംബിൾഡണിൽ നിന്നും പുറത്തുപോകേണ്ടതായി വന്നത്. ശ്വസന സംബന്ധമായ ചില ആരോഗ്യ പ്രശ്നങ്ങൾ മൂലം നാലാം റണ്ടിൽ നിന്നും എമ്മ ഒഴിയുമ്പോൾ ടെന്നീസ് ഇതിഹാസമായ ജോൺ മെക്കന്റേ പറഞ്ഞത് ടെന്നീസ് കളിക്കുവാൻ പറ്റിയശരീരപ്രകൃതമല്ല എമ്മയുടേതെന്നായിരുന്നു.

നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ ഒരു സിനിമാക്കഥപോലെ, അവിചാരിതമായ നീക്കങ്ങളിലൂടെ ഇന്ന് ബ്രിട്ടന്റെ സ്വന്തം രാജകുമാരിയായി എമ്മ മാറുമ്പോൾ അത് കുടിലിൽ നിന്നും കൊട്ടാരത്തിലേക്കെത്തുന്ന മറ്റൊരു സുന്ദരിയുടെ കഥകൂടിയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ അധികമാരും കേൾക്കാത്ത ഒരു പേരായിരുന്നു എമ്മ റഡുകാനു എന്നത്. എന്നാൽ, ഇന്നലെ ഈ പെൺകുട്ടി കീഴടക്കിയ ഹൃദയങ്ങളിൽ ഒന്ന് എക്കാലത്തേയും ടെന്നീസ് ഇതിഹാസങ്ങളിൽ ഒരാളായിരുന്ന മാർട്ടിന നവരത്തിലോവയുടേതുകൂടിയായിരുന്നു.

സെറീന വില്യംസ് ലോകത്തിന് കാഴ്‌ച്ചവച്ച കവിതയൂറുന്ന ടെന്നീസിന്റെ പ്രഭാവം കുറഞ്ഞുവരുന്ന കാലഘട്ടത്തിൽ അതിനു പകരം വയ്ക്കാൻ ഒരാളെ ടെന്നീസ് ലോകം തേടുകയായിരുന്നു എന്നായിരുന്നു മാർട്ടിന ഈ വിജയത്തിനുശേഷം എമ്മയെ കുറിച്ച് പറഞ്ഞത്. 1977-ൽ വിർജീനിയ വേയ്ഡ് വിംബിൾഡൺ നേടിയതിനുശേഷം 44 വർഷം കാത്തുനിക്കേണ്ടിവന്നു മറ്റൊരു ബ്രിട്ടീഷ് വനിത ഒരു ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കുവാൻ. യു എസ് ഓപ്പണിലെ എമ്മയുടെ പ്രകടനം വിളിച്ചുപറയുന്നത് അടുത്ത ഗ്രാന്റ്സ്ലാം കിരീടത്തിനായി ബ്രിട്ടന് ഏറെയൊന്നും കാത്തുനിൽക്കേണ്ടി വരില്ല എന്നാണെന്നും മാർട്ടിന കൂട്ടിച്ചേർത്തു.

2012-ൽ ആൻഡി മുറേ യു എസ് ഓപ്പൺ നേടിയപ്പോൾ നീണ്ട 76 വർഷങ്ങൾക്ക് ശേഷമായിരുന്നു ഒരു ബ്രിട്ടീഷ് പുരുഷ ടെന്നീസ് താരം ഒരു ഗ്രാന്റ്സ്ലാം നേടുന്നത്. എന്നാൽ, അതിനായി മുറേയ്ക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു. തന്റെ 25 മത് വയസ്സിലാണ് അദ്ദേഹം ഈ കിരീടം നേടുന്നത്. അതുവരെ എട്ട് ഗ്രാന്റ്സ്ലാം മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുമുണ്ടായിരുന്നു. എന്നാൽ, എമ്മയുടെ കഥ അങ്ങനെയല്ല. ടെന്നീസിന്റെ ലോകത്തേക്ക് ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു കയറുകയായിരുന്നു ഈ യുവതി. അതുതന്നെയാണ് എമ്മയെ ബ്രിട്ടന്റെ പുതിയ താരമാക്കുന്നതും.

ഈ വിജയത്തോടെ ബ്രിട്ടനിലെ തന്നെ ഏറ്റവും വിലയേറിയ കായികതാരമായി മാറിയിരിക്കുകയാണ് എമ്മ. ടെന്നീസിലെ വിജയത്തോടൊപ്പം, പുതിയ തലമുറയുടെ പ്രതിനിധി എന്നതും പരസ്യങ്ങളുടെ ലോകത്ത് എമ്മയുടെ മൂല്യം വർദ്ധിപ്പിക്കുന്നു. 8,64,000 പൗണ്ടാണ് ഈ വിജയത്തിലൂടെ എമ്മ കരസ്ഥമാക്കിയിരിക്കുന്നത്. ജീവിതത്തിൽ ഇന്നുവരെ ലഭിച്ച മുഴുവൻ പ്രൈസ്മണിയുടെയും നാലിരട്ടിയോളം വരും ഇത്.

വിംബിൾഡണിൽ പതിനാറാം സ്ഥാനത്ത് എത്തിയപ്പോൾ തന്നെ ബ്രിട്ടനിൽ എമ്മയുടെ താരമൂല്യം ഉയർന്നിരുന്നു. യു എസ് ഓപ്പൺ നേടിയതോടെ ഇപ്പോൾ ഈ യുവതി ആഗോളതലത്തിൽ തന്നെ ഒരു താരമായി മാറിയിരിക്കുകയാണ്. പ്രമുഖ സ്പോർട്സ് മാർക്കറ്റിങ് കൺസൾട്ടന്റായ ടിം ക്രോ പറയുന്നത് ലൂയിസ് ഹാമിൽടൺ ഫോർമുല വൺ കിരീടം നേടിയതിനുശേഷം ഒരു കായികതാരത്തിനു വേണ്ടി ഇത്രയധികം പ്രധാന ബ്രാൻഡുകൾ തന്നെ സമീപിക്കുന്നത് ഇതാദ്യമായാണ് എന്നായിരുന്നു. രണ്ട് ദശകങ്ങൾക്ക് മുൻപ് ഫുട്ബോൾ മേഖലയിൽ സ്പോൺസർഷിപ്പിനായി നിക്ഷേപമ്നടത്തുവാൻ കൊക്കൊ കോളയെ ഉപദേശിച്ചത് ടിം ക്രോ ആയിരുന്നു.

എമ്മയുടെ സ്പോർടിങ് ടാലന്റും, യുവത്വവും, ആകർഷകമായ ശരീര പ്രകൃതിയും ഒപ്പം യു എസ് ഓപ്പണിലെ വിജയം നൽകിയ താരപദവിയും അവരെ മത്സരിക്കാൻ മറ്റൊരാളില്ലാത്ത ഒരു പദവിയിലെത്തിച്ചിരിക്കുന്നു എന്നും ടിം ക്രോ പറയുന്നു. റൊമേനിയൻ പിതാവിന്റെയും ചൈനീസ് വംശജയായ മാതാവിന്റെയും മകളായി കാനഡയിൽ ജനിച്ച് ബ്രിട്ടനിൽ കുടിയേറിയ ഈ 18 കാരി ഇന്ന് ബ്രിട്ടന്റെ ഏറ്റവുമധികം മൂല്യമുള്ള ആസ്തിയാണെന്നും ക്രോ പറയുന്നു. പ്രധാന ബ്രാൻഡുകൾക്ക് അവൾ ഇനിയൊരു സുവർണ്ണതാരമാണ്, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ബ്രാൻഡ് മൂല്യത്തിന്റെ കാര്യത്തിൽ ഇപ്പോൾ എമ്മയെ താരതമ്യം ചെയ്യാവുന്നത് ജാപ്പനീസ് ടെന്നീസ് താരമായ നവോമി ഒസാക്കയോട് മാത്രമാണെന്നും അദ്ദേഹം പറയുന്നു. ഹൈതിയൻ അച്ഛന്റെയും ജാപ്പനീസ് അമ്മയുടെയും മകളായി ജനിച്ച നവോമിയേ പോലെ എമ്മയും സാംസ്‌കാരിക വൈവിധ്യം പുലർത്തുന്നു. ഇത് ലോകത്തിന്റെ ഏതു കോണിലും ശ്രദ്ധയാകർഷിക്കാൻ ഉതകുന്ന ഒരു സവിശേഷതയാണ്. നവോമിയെ പോലെ എമ്മയും ഒരു ലോക പൗരയാണ്. ഏതെങ്കിലും ഒരു രാജ്യത്തിന്റെയോ വംശത്തിന്റെയോ കെട്ടുപാടുകളിൽ ഒതുങ്ങാത്തവൾ. അദ്ദെഹം പറയുന്നു.

ഫോബ്സിന്റെ കണക്കുകൾ അനുസരിച്ച് ഏകദേശം 15 കോർപ്പറേറ്റ് ബ്രാൻഡുകളിൽ നിന്നായി 37.4 മില്ല്യൺ ഡോളർ ആണ് ഒസാക്കയുടെ വരുമാനം. അതിനെ എമ്മ മറികടക്കും എന്നാണ് പരസ്യരംഗത്തെ പ്രമുഖരെല്ലാം വിലയിരുത്തുന്നത്. ബ്രിട്ടീഷ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സർ ആൻഡി മുറേയേക്കാൽ വിലമതിക്കും എമ്മയ്ക്ക് എന്നാണ് ഒരു സ്പോർട്സ് മാർക്കറ്റിങ് വിദഗ്ദൻ അഭിപ്രായപ്പെട്ടത്. നിലവിൽ തന്നെ സ്പോൺസർമാർ ഇവർക്കായി ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഏറെ വൈകാതെ തന്നെ ആൻഡി മുറേയുടെ 120 മില്ല്യൺ പൗണ്ടിന്റെ ആസ്തി എമ്മയ്ക്ക് മറികടക്കാനാകുമെന്നും ഇയാൾ പറയുന്നു.

മുറെ തന്റെ പതിനെട്ടാം വയസ്സിൽ ടെന്നീസ് കോർട്ടിൽ നിന്നും സമ്പാദിച്ചതിനേക്കാൾ ഏറെ ധനവും പ്രശസ്തിയും തന്റെ പതിനെട്ടാം വയസ്സിൽ സമ്പാദിക്കുവാൻ എമ്മയ്ക്കായി. ഇതൊരു തുടക്കം മാത്രമാണ്. നാളെ വലിയൊരു ലോകം എമ്മയ്ക്കായി കാത്തിരിക്കുകയാണ്. ന്യുയോർക്കിലായിരുന്നു ഇവരുടെ തിളങ്ങുന്ന വിജയം എന്നതിനാൽ, എന്നും വിജയികൾക്ക് പുറകേ പോകുന്ന അമേരിക്കൻ കോർപ്പറേറ്റുകൾക്ക് എമ്മ പ്രിയങ്കരിയാകും. ബ്രിട്ടീഷ് പൗരത്വം ബ്രിട്ടനിലും യൂറോപ്പിലും മേൽക്കൈ നേടാൻ സഹായിക്കുമ്പോൾ, ചൈനീസ് പാരമ്പര്യം ഇവരെ ഏഷ്യൻ കോർപ്പറേറ്റുകൾക്കും പ്രിയപ്പെട്ടവളാക്കും. മറ്റൊരു സ്പോർട്സ് മാർക്കറ്റിങ് വിദഗ്ദൻ വിലയിരുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP