Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരാധകരെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി പി.വി സിന്ധു; ട്വീറ്റിനൊടുവിൽ ആശ്വാസ വാർത്തയും: വിരമിച്ചത് നമുക്കു ചുറ്റിലുമുള്ള ഈ അനിശ്ചിതാവസ്ഥയിൽ നിന്നെന്ന് താരം

ആരാധകരെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി പി.വി സിന്ധു; ട്വീറ്റിനൊടുവിൽ ആശ്വാസ വാർത്തയും: വിരമിച്ചത് നമുക്കു ചുറ്റിലുമുള്ള ഈ അനിശ്ചിതാവസ്ഥയിൽ നിന്നെന്ന് താരം

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ഇന്ത്യൻ കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് വിരമിക്കൽ ട്വിറ്ററിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തി ഒളിംപിക്‌സ് വെള്ളിമെഡൽ ജേതാവായ ബാഡ്മിന്റൻ താരം പി.വി. സിന്ധു. 'ഡെന്മാർക്ക് ഓപ്പണാണ് ഏറ്റവും ഒടുവിലത്തേത്, ഞാൻ വിരമിക്കുന്നു' എന്ന് ആരംഭിക്കുന്ന ട്വീറ്റോടെയാണ് സിന്ധു ആരാധകരെയെും കായികലോകത്തെയും ഒരുപോലെ ഞെട്ടിച്ചത്. എന്നാൽ തന്റെ ട്വീറ്റിന് ഒടുവിലാണ് താരം ആ ട്വിസ്റ്റ് ഒളിപ്പിച്ചു വെച്ചത്. ആരാധകർ ഞെട്ടിയതുപോലെ ബാഡ്മിന്റനിൽനിന്നല്ല സിന്ധുവിന്റെ വിരമിക്കൽ. നമുക്കു ചുറ്റിലുമുള്ള ഈ അനിശ്ചിതാവസ്ഥയിൽ നിന്നാണ് തന്റ വിരമിക്കലെന്നാണ് താരം വ്യക്തമാക്കിയത്.

'നിങ്ങൾക്ക് ചെറിയ ഹൃദയാഘാതം ഉണ്ടായിക്കാണുമെന്ന് അറിയാ'മെന്ന മുൻകൂർ ജാമ്യത്തോടെയാണ് സിന്ധു തന്റെ ട്വീറ്റിനെ വിശദീകരിച്ചത്. മനസ്സിനെ പൂർണമായി ശുദ്ധീകരിച്ച് ഒരു തിരിച്ചുവരവിനെക്കുറിച്ച് കുറച്ചുനാളായി ഞാൻ ചിന്തിക്കുന്നു. ഇടക്കാലത്ത് കടുത്ത നിരാശയിലായിരുന്നുവെന്ന് ഞാൻ തുറന്നുസമ്മതിക്കുന്നു. അത് തീർത്തും തെറ്റായിപ്പോയെന്ന് എനിക്കറിയാം. അതുകൊണ്ടാണ്, എല്ലാം ഇവിടംകൊണ്ട് നിർത്തുന്നു എന്ന് വ്യക്തമാക്കാൻ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ഇത് നിങ്ങളിൽ ചിലരെ ഞെട്ടിക്കുകയും മറ്റു ചിലർക്ക് ആകെ ആശയക്കുഴപ്പം സമ്മാനിക്കുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. പക്ഷേ, ഈ കുറിപ്പ് വായിച്ചു തീരുമ്പോഴേയ്ക്കും എനിക്ക് പറയാനുള്ളത് നിങ്ങൾക്ക് മനസ്സിലാകുമെന്നാണ് എന്റെ പ്രതീക്ഷ. നിങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു.

എന്നെ സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു ഈ കോവിഡ് കാലം. ഏറ്റവും കരുത്തരായ എതിരാളികളോട് പല്ലും നഖവും ഉപയോഗിച്ച് അവസാനം വരെ പൊരുതിനിൽക്കാൻ കഠിനമായ പരിശീലനം നടത്താൻ എനിക്കാകും. മുൻപ് അത് ചെയ്തിട്ടുമുണ്ട്. പക്ഷേ, ഈ ലോകത്തെ മുഴുവൻ നിശ്ചലാവസ്ഥയിലാക്കിയ വൈറസിനെ ഞാൻ എങ്ങനെയാണ് തോൽപ്പിക്കുക? നാം വീടുകളിൽ ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോഴും ആ ചോദ്യം നാം നമ്മോടു തന്നെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം മനസ്സിലുള്ളതുകൊണ്ടും നെഞ്ചു തകർക്കുന്ന ചില വാർത്തകൾ ഓൺലൈനിൽ വായിക്കുന്നതുകൊണ്ടും എന്നെക്കുറിച്ചും ഈ ലോകത്തെക്കുറിച്ചും ചില ചോദ്യങ്ങൾ ഉയരുന്നു. ഡെന്മാർക്ക് ഓപ്പണിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിക്കാതെ പോയതാണ് അതിൽ ഒടുവിലത്തേത്.

നമുക്കു ചുറ്റിലുമുള്ള ഈ അനിശ്ചിതാവസ്ഥയിൽനിന്ന് ഇന്ന് ഞാൻ വിരമിക്കുകയാണ്. എല്ലാ നിഷേധ ചിന്തകളിൽനിന്നും, ഭയങ്ങളിൽനിന്നും , അനിശ്ചിതാവസ്ഥയിൽനിന്നും വിരമിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം നിലനിൽക്കുന്ന നിയന്ത്രണമില്ലാത്ത അവസ്ഥയിൽനിന്നും ഞാൻ വിരമിക്കുന്നു.

എല്ലാറ്റിലുമുപരി, നമ്മുടെ അനാരോഗ്യകരമായ ശുചിത്വക്കുറവിൽനിന്നും വൈറസിനെ നേരിടുന്നതിലുള്ള അശ്രദ്ധയിൽനിന്നും ഞാൻ വിരമിക്കുന്നു. വൈറസിൽനിന്ന് നാം ഒളിച്ചോടരുത്. മറിച്ച് കൂടുതൽ തയ്യാറെടുപ്പുകളാണ് ആവശ്യം. നാം ഒന്നിച്ചുനിന്ന് ഈ വൈറസിനെ തോൽപ്പിക്കണം. ഇന്ന് നാം എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ഭാവിയെയും അടുത്ത തലമുറയുടെ ഭാവിയെയും നിർണയിക്കുന്നത്. അവരെ അപകടത്തിലേക്ക് തള്ളിവിടാൻ നമുക്കാകില്ലല്ലോ.

ഞാൻ ചിലപ്പോൾ നിങ്ങളിൽ ചിലർക്കെങ്കിലും ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടാക്കിയിരിക്കാം. അപ്രതീക്ഷിതമായ ഈ കാലത്ത് അപ്രതീക്ഷിതമായ ഇത്തരം മാർഗങ്ങളും നാം തേടേണ്ടിവരും. നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ഇങ്ങനെയൊന്ന് ചെയ്യേണ്ടിവന്നു. ഇതൊക്കെ പറയുമ്പോഴും, അങ്ങകലെ നമ്മെ കാത്തിരിക്കുന്ന വെളിച്ചം കാണാതെ പോകരുത്. ഡെന്മാർക്ക് ഓപ്പൺ നടക്കില്ല എന്നത് വാസ്തവമാണ്. അതുകൊണ്ടു മാത്രം ഞാൻ പരിശീലനം മുടക്കില്ല. ജീവിതം നിങ്ങളെ തേടിവരുമ്പോൾ, അതേ ഊർജത്തോടെ നമ്മളും പ്രതികരിക്കണം. ഏഷ്യാ ഓപ്പണിന്റെ കാര്യത്തിൽ അതാണ് എന്റെ നിലപാട്. മടിപിടിച്ചിരിക്കാതെ ശക്തമായി പൊരുതാൻ തന്നെയാണ് എന്റെ തീരുമാനം. ഈ ഭയത്തെ കീഴടക്കാതെ മടങ്ങാൻ ഞാൻ തയാറല്ല. സുരക്ഷിതമായ ആ ലോകം വീണ്ടെടുക്കുന്നതുവരെ ഞാൻ ഈ പോരാട്ടം തുടരും' സിന്ധു ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP