Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'റോളണ്ട് ഗാരോസിൽ എനിക്ക് കളിക്കാൻ സാധിക്കില്ല; അടുത്ത വർഷം എന്റെ പ്രൊഫഷണൽ കരിയറിലെ അവസാന വർഷമായിരിക്കും'; വിരമിക്കൽ പ്രഖ്യാപനവുമായി ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ; ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറിയത് 19 വർഷത്തിനിടെ ആദ്യമായി

'റോളണ്ട് ഗാരോസിൽ എനിക്ക് കളിക്കാൻ സാധിക്കില്ല; അടുത്ത വർഷം എന്റെ പ്രൊഫഷണൽ കരിയറിലെ അവസാന വർഷമായിരിക്കും'; വിരമിക്കൽ പ്രഖ്യാപനവുമായി ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ; ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറിയത് 19 വർഷത്തിനിടെ ആദ്യമായി

സ്പോർട്സ് ഡെസ്ക്

പാരീസ്: ടെന്നീസ് ലോകത്തെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ. ടെന്നീസിൽ നിന്ന് അടുത്തവർഷം വിരമിക്കുമെന്നണ് റാഫേൽ നദാൽ അറിയിച്ചത്. കൂടാതെ 2023 ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നതായും നദാൽ വ്യക്തമാക്കി. അടുത്ത വർഷം പ്രൊഫഷണൽ ടെന്നീസിലെ തന്റെ അവസാനവർഷമായിരിക്കുമെന്നാണ് കരുതുന്നതെന്ന് നദാൽ പറഞ്ഞു.

ഇടുപ്പിനേറ്റ പരിക്കിൽ നിന്ന് മുക്തമാവാൻ സാധിക്കാത്തതിനാലാണ് നദാൽ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നത്. വാർത്താ സമ്മേളനത്തിൽ നദാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

2005ൽ അരങ്ങേറ്റം കുറിച്ച 22 ഗ്രാൻഡ് സ്ലാം ജേതാവ് 19 വർഷത്തിനിടെ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നത്. പരിക്ക് കാരണമാണ് താരം മത്സരത്തിൽ നിന്ന് പിന്മാറുന്നത്.
പുരുഷ സിംഗിൾസിൽ റാഫേൽ നദാലാണ് നിലവിലെ ചാമ്പ്യൻ. മെയ് 22 മുതലാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. ജൂൺ 11ന് അവസാനിക്കും.

'കഴിഞ്ഞ നാല് മാസങ്ങൾ വളരെ കഠിനമായിരുന്നു. റോളണ്ട് ഗാരോസിൽ എനിക്ക് കളിക്കാൻ സാധിക്കില്ല. മഹാമാരിക്ക് ശേഷം പരിശീലനങ്ങളിൽ ഏർപ്പെടാൻ ശരീരം അനുവദിക്കുന്നില്ല. കുറേ പ്രശ്നങ്ങളുണ്ട്. ഇപ്പോൾ നിർത്താനാണ് എന്റെ തീരുമാനം. തത്കാലം നിർത്തുകയാണ്. ചിലപ്പോൾ ഒന്നരമാസം അല്ലെങ്കിൽ നാല് മാസം.'- നദാൽ പറഞ്ഞു.

പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായും നദാൽ വ്യക്തമാക്കി. 'അടുത്ത വർഷം എന്റെ പ്രൊഫഷണൽ കരിയറിലെ അവസാന വർഷമായിരിക്കും. അങ്ങനെയാണ് എന്റെ ആലോചന' നദാൽ പറഞ്ഞു.

പ്രൊഫഷണൽ ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷ താരങ്ങളിലൊരാളാണ് നദാൽ. 22 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് നദാലിനുള്ളത്. 14 തവണ ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടിട്ടുണ്ട്. നാല് തവണ യുഎസ് ഓപ്പൺ നേടിയ നദാൽ രണ്ട് വീതം തവണ വിംബിൾഡണും ഓസ്ട്രേലിയൻ ഓപ്പണും നേടിയിട്ടുണ്ട്. 2005ൽ അരങ്ങേറ്റത്തിൽ തന്നെ ഫ്രഞ്ച് ഓപ്പൺ നേടാൻ നദാലിന് കഴിഞ്ഞു. 19-ാം വയസിലായിരുന്നു ഈ നേട്ടം.

കളിമൺകോർട്ടിലെ അസാമാന്യപ്രകടനമാണ് റാഫേൽ നദാലിനെ എന്നും വേറിട്ടുനിർത്തിയിട്ടുള്ളത്. 2005-മുതൽ കളിമൺകോർട്ടിലെ നദാലിന്റെ പ്രകടനം ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 2005-മുതൽ 2008 വരെ തുടർച്ചയായി ഫ്രഞ്ച് ഓപ്പൺ വിജയിച്ച നദാൽ പിന്നീട് പത്ത് കിരീടങ്ങൾ കൂടി നേടി. കളിമൺകോർട്ടിലെ രാജാവായി നദാൽ മാറുന്ന പതിറ്റാണ്ടുകളായിരുന്നു പിന്നീട്.

2008, 2010 വർഷങ്ങളിലാണ് നദാൽ വിംബിൾഡണിൽ മുത്തമിട്ടത്. 2009, 2022 വർഷങ്ങളിൽ ഓസ്ട്രേലിയൻ ഓപ്പണും സ്വന്തമാക്കി. 2008-ലെ വിംബിൾഡൺ ഫൈനൽ ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു. അന്ന് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാൽ ഫെഡററെ കീഴടക്കിയത്.

നദാലിനൊപ്പം റോജർ ഫെഡററും നൊവാക് ജോക്കോവിച്ചും ടെന്നീസ് ലോകത്ത് തിളങ്ങിനിന്ന പതിറ്റാണ്ടുകൾക്കൊടുക്കം കായികപ്രേമികളെ നിരാശയിലാഴ്‌ത്തിയാണ് നദാലും വിരമിക്കാനൊരുങ്ങുന്നത്. റോജർ ഫെഡറർ നേരത്തേ ടെന്നീസിൽ നിന്ന് വിരമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP