Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കളിമൺ കോർട്ടിലെ ആധിപത്യം തുടർന്ന് നദാൽ; ജോക്കോവിച്ചിനെ വീഴ്‌ത്തി ഫ്രഞ്ച് ഓപ്പൺ സെമിയിൽ; അലക്‌സാണ്ടർ സ്വരേവിനെ നേരിടും; മെദ്വെദേവിന് തോൽവി; ബൊപ്പണ്ണ സഖ്യം സെമിയിൽ

കളിമൺ കോർട്ടിലെ ആധിപത്യം തുടർന്ന് നദാൽ; ജോക്കോവിച്ചിനെ വീഴ്‌ത്തി ഫ്രഞ്ച് ഓപ്പൺ സെമിയിൽ; അലക്‌സാണ്ടർ സ്വരേവിനെ നേരിടും; മെദ്വെദേവിന് തോൽവി; ബൊപ്പണ്ണ സഖ്യം സെമിയിൽ

സ്പോർട്സ് ഡെസ്ക്

പാരിസ്: കളിമൺ കോർട്ടിലെ ആധിപത്യം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിച്ച് റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് സെമിയിൽ. ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ചിനെ വീഴ്‌ത്തിയാണ് നദാൽ സെമി ബർത്ത് ഉറപ്പിച്ചത്. സ്‌കോർ: 6-2 4-6 6-2 7-6(4). 22ാം ഗ്രാൻസ്‌ലാം കിരീടവുമായി റെക്കോർഡ് നേട്ടം ഉന്നമിടുന്ന നദാൽ, വെള്ളിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ മൂന്നാം സീഡ് ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനെ നേരിടും. ജൂൺ മൂന്നിനാണ് സെമി ഫൈനൽ.

തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച ക്വാർട്ടറിൽ നദാൽ ആദ്യസെറ്റ് 6-2 ന് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച ജോക്കോവിച്ച് 6-4 എന്ന സ്‌കോറിന് സെറ്റ് സ്വന്തമാക്കി. ഇതോടെ മത്സരം ആവേശക്കൊടുമുടിയിലായി. എന്നാൽ കളിമൺ കോർട്ടിലുള്ള ആധിപത്യം നദാൽ പുറത്തെടുക്കുന്നതേയുണ്ടായിരുന്നുള്ളൂ.

മൂന്നാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച നദാൽ 6-2 ന് സെറ്റ് സ്വന്തമാക്കി. നാലാം സെറ്റിൽ ഇരുവരും 6-6 എന്ന സ്‌കോറിന് സമനില പാലിച്ചതോടെ ജോക്കോവിച്ച് ആധിപത്യം പുലർത്തുമെന്ന് ഏവരും കണക്കുകൂട്ടി. എന്നാൽ ടൈബ്രേക്കറിൽ തകർപ്പൻ കളി പുറത്തെടുത്ത നദാൽ 7-4 എന്ന സ്‌കോറിന് ടൈബ്രേക്കർ വിജയിച്ച് സെറ്റും മത്സരവും സ്വന്തമാക്കി.

കരിയറിലെ 22-ാം ഗ്രാൻഡ്സ്ലാം കിരീടമാണ് നദാൽ ലക്ഷ്യം വെയ്ക്കുന്നത്. നിലവിൽ ലോകത്തിൽ ഏറ്റവുമധികം ഗ്രാൻഡ്സ്ലാം കിരീടം നേടിയ പുരുഷതാരം നദാലാണ്. ജോക്കോവിച്ചിനെതിരേ വിജയത്തിൽ നേരിയ മുൻതൂക്കം നേടാനും നദാലിന് സാധിച്ചു.

റൊളാങ് ഗാരോസിൽ 13 തവണ കിരീടം ചൂടിയ ചരിത്രമുള്ള നദാൽ, കഴിഞ്ഞ വർഷം ഇതേ വേദിയിൽ സെമിഫൈനലിലേറ്റ അപ്രതീക്ഷിത തോൽവിക്കും പകരം വീട്ടിയാണ് ഇത്തവണ സെമിയിലേക്കു മുന്നേറിയത്. പരുക്കിന്റെ പിടിയിലായിരുന്നതിനാൽ ഫ്രഞ്ച് ഓപ്പൺ ഒരുക്കങ്ങളിൽ തിരിച്ചടി നേരിട്ടെങ്കിലും, ജോക്കോവിച്ചിനെ വീഴ്‌ത്താൻ നദാലിനായി. പ്രീക്വാർട്ടറിൽ കനേഡിയൻ താരം ഫെലിക്‌സ് ഓഷെ അലിയാസിമെയ്‌ക്കെതിരെ അഞ്ച് സെറ്റ് കളിച്ചതിന്റെ (3- 6, 6 - 3, 6- 2, 3- 6, 6 - 3) ക്ഷീണവും നദാലിനെ ബാധിച്ചില്ല.

2005ൽ റൊളാങ് ഗാരോസിൽ അരങ്ങേറിയ നദാൽ, അതിനുശേഷം മൂന്നു തവണ മാത്രമാണ് ഇവിടെ തോൽവിയറിഞ്ഞിട്ടുള്ളത്. ഇതുവരെ ഇവിടെ കളിച്ച 113 മത്സരങ്ങളിൽ 110 എണ്ണത്തിലും ജയിച്ചുകയറാനും നദാലിനായി. ജോക്കോവിച്ചിനെതിരായ 59 നേർക്കു നേർ പോരാട്ടങ്ങളിൽ 30 - 29ന്റെ നേരിയ മുൻതൂക്കവും നദാലിനായി.

കടുത്ത പോരാട്ടത്തിനൊടുവിൽ സ്പാനിഷ് യുവതാരം കാർലോസ് അൽകരാസിനെ മറികടന്നാണ് (6- 4,6- 4,4- 6,7 - 6) മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവ് സെമിയിലെത്തിയത്. എന്നാൽ ലോക രണ്ടാംനമ്പർ റഷ്യൻ താരം ഡാനിൽ മെദ്വദേവ് ക്വാർട്ടർ കാണാതെ പുറത്തായി. ക്രൊയേഷ്യയുടെ മാരിൻ സിലിച്ചാണ് ഒന്നേമുക്കാൽ മണിക്കൂർ നീണ്ട പോരാട്ടത്തിൽ മെദ്‌വദേവിനെ വീഴ്‌ത്തിയത് (6-2,6-3,6-2). നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സിലിച്ച് ഗ്രാൻസ്‌ലാം ടൂർണമെന്റിന്റെ ക്വാർട്ടറിലെത്തുന്നത്.

വനിതാ വിഭാഗത്തിൽ യുഎസിന്റെ കൗമാര താരം കൊക്കോ ഗോഫ് ഗ്രാൻസ്ലാം ടെന്നിസിലെ ആദ്യ സെമിഫൈനലിനു യോഗ്യത നേടി. 18 വയസ്സുകാരി ഗോഫ് യുഎസ് സഹതാരം സ്ലൊവാൻസ് സ്റ്റീഫൻസിനെ തോൽപിച്ചാണ് (7-5, 6-2) വനിതാ സിംഗിൾസ് സെമി സ്വപ്നം യാഥാർഥ്യമാക്കിയത്. ഇറ്റലിയുടെ മാർട്ടിന ട്രെവിസാണ് ഗോഫിന്റെ അടുത്ത എതിരാളി. കാനഡയുടെ ലൈല ഫെർണാണ്ടസിനെ മറികടന്നാണ് (62, 67, 63) സീഡിങ് ഇല്ലാതെ മത്സരിച്ച ട്രെവിസ് സെമിയിലെത്തിയത്. ഒന്നാം സീഡ് ഇഗ സ്യാംതെക് ചൈനീസ് താരം ക്വിവെൻ ഷെങ്ങിനെ (67,60,62) തോൽപിച്ചു ക്വാർട്ടറിലെത്തി. സീസണിൽ പരാജയമറിയാതെ 32ാം മത്സരമാണ് ഇഗ ഇന്നലെ പൂർത്തിയാക്കിയത്.

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഡച്ചുകാരൻ മാറ്റെ മിഡിൽകൂപ്പും ഉൾപ്പെട്ട സഖ്യം സെമിഫൈനലിൽ. 7 വർഷത്തിനു ശേഷമാണ് ബൊപ്പണ്ണ ഒരു മേജർ ഗ്രാൻസ്ലാം ചാംപ്യൻഷിപ്പിന്റെ സെമിയിലെത്തുന്നത്. 2015ൽ വിമ്പിൾഡനിലായിരുന്നു ബൊപ്പണ്ണ ഇതിനു മുൻപ് പുരുഷ ഡബിൾസ് സെമിയിലെത്തിയത്.

ബ്രിട്ടിഷ് ഫിന്നിഷ് ജോടിയായ ലോയ്ഡ് ഗ്ലാസ്പൂൾ ഹെന്റി ഹെലിയോവാര സഖ്യത്തെയാണ് കഴിഞ്ഞ രാത്രിയിൽ ബൊപ്പണ്ണയും മിഡിൽകൂപ്പും പൊരുതിക്കീഴടക്കിയത്. സ്‌കോർ: 4-6, 6-4, 7-6 (3).

ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ബൊപ്പണ്ണ സഖ്യം രണ്ടാം സെറ്റിൽ വിജയിച്ചു. മൂന്നാം സെറ്റിൽ സൂപ്പർ ടൈബ്രേക്കറിലാണ് ബൊപ്പണ്ണയും മിഡിൽകൂപ്പും ജേതാക്കളായത്. നാൽപ്പത്തിരണ്ടുകാരനായ ബൊപ്പണ്ണയും മുപ്പത്തിയെട്ടുകാരൻ മിഡിൽകൂപ്പും നാളത്തെ സെമിയിൽ 12ാം സീഡായ മാർസെലോ അരിവാലോ ജീൻ ജൂലിയൻ റോജർ സഖ്യത്തെ നേരിടും. ജൂലിയൻ റോജർ ഉൾപ്പെട്ട സഖ്യത്തോടായിരുന്നു 2015 വിമ്പിൾഡനിൽ ബൊപ്പണ്ണ സഖ്യത്തിന്റെ തോൽവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP