Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാഴ്ചയില്ലെങ്കിലും ചെസ് കളിയിൽ സാലിയെ വെല്ലാൻ ആരുമില്ല; അന്ധതയിൽ തളരാതെ ദേശീയ അംഗീകാരങ്ങൾ നേടിയെടുക്കുന്ന കോഴിക്കോട്ടുകാരന്റെ കഥ

കാഴ്ചയില്ലെങ്കിലും ചെസ് കളിയിൽ സാലിയെ വെല്ലാൻ ആരുമില്ല; അന്ധതയിൽ തളരാതെ ദേശീയ അംഗീകാരങ്ങൾ നേടിയെടുക്കുന്ന കോഴിക്കോട്ടുകാരന്റെ കഥ

ത് മുഹമ്മദ് സാലി. ദൈവം എല്ലാം നൽകിയിട്ടും ഒന്നും പോരെന്ന് പറഞ്ഞ് പരിതപിക്കുന്നവർ ഈ ചെറുപ്പക്കാരനെ കണ്ടു പഠിക്കണം. കോഴിക്കോട് ജില്ലയിലെ ചെറിയൊരു ഗ്രാമത്തിൽനിന്നും തന്റെ അന്ധതയെന്ന പരിമിതി മറികടന്ന് സാലി വെട്ടിപ്പിടിക്കുന്നത് വലിയ നേട്ടങ്ങളാണ്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ചെസ് കളിക്കാരനായി മാറിക്കഴിഞ്ഞ പ്രതിഭയാണ് സാലി.

ബുദ്ധിമാന്മാരുടെ കളിയെന്ന് വിശേഷണമുള്ള ചെസിലെ കിരീടം വയ്ക്കാത്ത രാജാവെന്ന് വേണമെങ്കിൽ സാലിയെ വിശേഷിപ്പിക്കാം. അന്ധതയ്ക്ക് നടുവിലും രാജ്യത്തങ്ങോളമിങ്ങോളം സഞ്ചരിച്ച് ചെസ് കോംപറ്റീഷനിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട് ഈ മിടുക്കൻ. അവരിൽ അന്ധർക്കൊപ്പം തന്നെ കാഴ്ചശക്തിയുള്ളവരും ഉണ്ടെന്നുള്ളിടത്താണ് സാലിയുടെ വിജയത്തിന്റെ മധുരം ഇരട്ടിക്കുന്നത്. വേൾഡ് ചെസ് ഫെഡറേഷൻ അംഗീകരിച്ച അന്ധ ചെസ് കളിക്കാരിൽ മുൻനിരയിലാണ് സാലി. പത്തുചെസ് ബോർഡുകൾ വരെ ഒരേസമയം ഓർത്തുവയ്ക്കാൻ കഴിയുന്ന സാലി എൽഎൽബി ബിരുദധാരികൂടിയാണ്.

കോഴിക്കോട്ടെ ചെറിയ ഒരു ഗ്രാമത്തിലായിരുന്നു സാലിയുടെ ജനനം. ജന്മനാ തന്നെ അന്ധനായിരുന്ന സാലിക്ക് അതൊരു പ്രശ്‌നമായിട്ടേ തോന്നിയിരുന്നില്ല. കാരണം മറ്റൊന്നുമല്ല, പാരമ്പര്യമായിട്ടാണ് അന്ധത സാലിഹിന് ലഭിച്ചത്. സാലിയുടെ പിതാവിനും രണ്ടു സഹോദരിമാർക്കും അന്ധതയുണ്ട്. ചികിത്സിച്ച് മാറില്ലെന്ന് അറിയാവുന്നത്‌കൊണ്ട് തന്നെ സാലി തന്റെ അന്ധതയെ പുഞ്ചിരിയോടെ നേരിട്ടു. കൂട്ടുകാർക്കൊപ്പം മരക്കൊമ്പിൽ ഊഞ്ഞാലാടാനും കളിക്കാനുമെല്ലാം മുന്നിൽ സാലിയുണ്ടായിരുന്നു.

അന്ധനായതിനാൽ തന്നെ സാലിക്ക് എന്തു വിദ്യാഭ്യാസം നൽകണമെന്ന് വീട്ടുകാർക്ക് അറിയില്ലായിരുന്നു. മികച്ച സ്‌കൂളിൽ വിട്ടു പഠിപ്പിക്കാൻ സാമ്പത്തിക സ്ഥിതിയും അനുകൂലമായിരുന്നില്ല. ഒമ്പതു വയസുവരെ സാലിക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. സാലിക്ക് ഒമ്പതുവയസുള്ളപ്പോഴാണ് ഒരു കുടുംബ സുഹൃത്ത് അന്ധവിദ്യാർത്ഥികൾക്കായുള്ള ഒരു സ്‌കൂളിനെ പറ്റി സാലിയുടെ വീട്ടുകാരെ അറിയിക്കുന്നത്. 40 കിലോമീറ്റർ അകലെയുള്ള ആ സ്‌കൂളിൽ സാലിയെ വിട്ടു പഠിപ്പിക്കാൻ വീട്ടുകാർ എടുത്ത തീരുമാനമാണ് ദേശീയ തലത്തിൽ തന്നെ അറിയപ്പെടുന്ന ചെസ് കളിക്കാരനായി മാറാൻ കാരണം. ആ സ്‌കൂളിൽ പഠിക്കുമ്പോഴാണ് മുതിർന്ന് ക്ലാസിലെ ഒരു കുട്ടി സാലിയെ ചെസ് പഠിപ്പിക്കുന്നത്. തുടർന്ന് ചെസിൽ തൽപരനായി മാറിയ സാലി സ്‌കൂളിലെ തന്നെ പല കുട്ടികളെയും തോൽപ്പിച്ചു. മൂന്നു വർഷത്തെ പരിശീലത്തിനൊടുവിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ചെസ് മത്സരത്തിൽ സ്‌കൂളിലെ പ്രതിനിധീകരിച്ച് സാലിഹിന് പങ്കെടുക്കാൻ അവസരം കിട്ടി. ജേതാവായില്ലെങ്കിലും സംസ്ഥാനത്തെ തന്നെ മികച്ച കളിക്കാരെയാണ് സാലിക്ക്  ഇവിടെ എതിരാളികളായി ലഭിച്ചത്.

ഏഴാം ക്ലാസുവരെ മാത്രം വിദ്യാഭ്യാസം നൽകുന്ന സ്‌കൂളിൽനിന്നും സാലി സാധാരണ സ്‌കൂളിലേക്കാണ് എട്ടാം ക്ലാസിൽ ചേർന്നത്. ഇവിടെയും പ്രസംഗ മത്സരത്തിലും ക്വിസ് മത്സരങ്ങളിലും സജീവമായിരുന്നെങ്കിലും സാധാരണകുട്ടികളെ പോലെ പരിമിതിയില്ലാതെ കളിക്കുവാനും മറ്റും സാലിയെ അദ്ധ്യാപകർ അനുവദിച്ചിരുന്നില്ല. ഇതിൽ ഏറെ വിഷമിച്ച സാലി തുടർന്ന് സ്‌കൂളിൽ പോയില്ല. വീട്ടിലിരുന്ന് പഠിച്ചാണ് സാലി പത്താം തരം പാസായത്. പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും ഇങ്ങനെ പഠിച്ച സാലിക്ക് കോളേജ് പഠനകാലത്താണ് വീണ്ടും ചെസ് എന്ന മോഹം മനസിൽ ഉദിച്ചത്.

കോളേജ് പഠനകാലത്ത് ചെസ് മത്സരങ്ങളിൽ പങ്കെടുത്ത സാലി മത്സരങ്ങളിൽ മിന്നുന്ന വിജയമാണ് കരസ്ഥമാക്കിയത്. എതിരാളികൾക്ക് സാലിയുടെ മൂവുകൾ മനസിലാക്കിയെടുക്കാൻ എളുപ്പമാണെങ്കിലും തോറ്റുകൊടുക്കാൻ സാലി തയ്യാറായില്ല. സംസ്ഥാന തല മത്സരങ്ങളിലും വിവിധ ചെസ് മത്സരങ്ങളിലും ജേതാവായിട്ടുണ്ട് സാലി. ദക്ഷിണേന്ത്യാ തലത്തിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനവും സാലി നേടിയിട്ടുണ്ട്.

അന്ധരല്ലാത്തവർ കോച്ചിന്റെ സഹായത്താലും കമ്പ്യുട്ടറിലും ചെസ് പരിശീലിക്കുമ്പോൾ സാലി ചെസ് പഠിച്ചെടുത്തത് സ്വയമേവയാണ്. കോച്ചിന്റെ സഹായം തേടാനുള്ള സാമ്പത്തിക സ്ഥിതിയും സാലിഹിന് ഇല്ല. ഈ നേട്ടങ്ങൾ കൈവരിക്കുന്നതിനിടയിലും സാലിഹിനെ വിമർശിക്കുന്നവരും കുറവല്ല. കാഴ്ചശക്തിയില്ലാത്തവരാണ് തന്നെ കുറ്റപ്പെടുത്തുന്നരിൽ അധികവുമെന്നാണ് സാലി പറയുന്നത്. വെറുതെ സാലി സമയം പാഴാക്കി കളയുന്നു എന്നാണത്രേ മിക്കവരും കുറ്റപ്പെടുത്തുന്നത്. നിനക്കത് ചെയ്യാൻ കഴിയില്ലെന്ന് മറ്റുള്ളവർ പറയുമ്പോൾ അത് ചെയ്ത് കാണിക്കാൻ തനിക്ക് ഊർജ്ജം കൂടുമെന്ന് പറയുമ്പോൾ സാലിയുടെ കണ്ണുകളിലും ആ തിളക്കം കാണാം. സാമ്പത്തികമായ ബുദ്ധിമുട്ടുകൾക്കിടയിലും ചെസ് എന്ന തന്റെ പാഷൻ ഉപേക്ഷിക്കില്ലെന്ന് സാലി ഊന്നിപറയുന്നുണ്ട്.

ഇപ്പോൾ സാലിക്ക് മറ്റൊരു ആഗ്രഹം കൂടി ഉണ്ട്. ചെസ് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങണം. ഇപ്പോൾ സ്‌കൂളുകളിലും മറ്റും സാലി പരിശീലനം നൽകുന്നുണ്ട്. ഇനി ഒരു ചെസ് അക്കാഡമി തുടങ്ങണം എന്നാണ് സാലിയുടെ ആഗ്രഹം. ഇതിലൂടെ കൂടുതൽ ആൾക്കാരെ ചെസ് പഠിപ്പിക്കാമെന്നാണ് സാലിയുടെ പ്രതീക്ഷ. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണം എന്നൊരു ആഗ്രഹം കൂടി ഉണ്ട് സാലിക്ക്. അതിന് ഈശ്വരൻ അനുഗ്രഹിച്ചാൽ ഇന്ത്യയിൽനിന്നും ഇങ്ങനെ പങ്കെടുക്കുന്ന ആദ്യ വ്യക്തി കൂടിയായി സാലി മാറും.

ഇപ്പോൾ ജെഎസ്ഡബ്യു സ്റ്റീലിന്റെ വിൽ ഓഫ് സ്റ്റീൽ അവാർഡ് നേടാനായി മാറ്റുരയ്ക്കുകയാണ് സാലി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച എന്നാൽ അധികമാരും അറിയപ്പെടാതെ പോകുന്ന വ്യക്തികളെയാണ് വിൽ ഓഫ് സ്റ്റീലിൽ ആദരിക്കുന്നത്. ഈ പുരസ്‌കാരം നേടാനായി സാലിക്ക് നിങ്ങളുടെ വോട്ടു വേണം. വൈകല്യങ്ങളിൽപെട്ട് ജീവിതം തീർന്നു പോകുന്ന പലർക്കും സാലിയുടെ ഈ വിജയം പ്രചോദനമേകിയേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP