Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

മറഡോണ ഇനിയില്ല.... 2020 മടങ്ങുകയാണ്; കായിക ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഒട്ടേറെ വിസ്മയക്കാഴ്ചകൾ നാളെയിലേക്ക് മാറ്റിവച്ച്; പ്രിയപ്പെട്ട ഇതിഹാസ താരങ്ങളുടെ വിയോഗം കണ്ണീരണിയിച്ച വർഷം; ആരാധകരുടെ മനം നിറച്ച നല്ല നിമിഷങ്ങളുമുണ്ട് ഓർത്തെടുക്കാൻ

മറഡോണ ഇനിയില്ല.... 2020 മടങ്ങുകയാണ്; കായിക ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഒട്ടേറെ വിസ്മയക്കാഴ്ചകൾ നാളെയിലേക്ക് മാറ്റിവച്ച്; പ്രിയപ്പെട്ട ഇതിഹാസ താരങ്ങളുടെ വിയോഗം കണ്ണീരണിയിച്ച വർഷം; ആരാധകരുടെ മനം നിറച്ച നല്ല നിമിഷങ്ങളുമുണ്ട് ഓർത്തെടുക്കാൻ

സ്പോർട്സ് ഡെസ്ക്

ലോകത്തെ നിശ്ചലമാക്കിയ കോവിഡ് കായിക മേഖലയുടെ വേഗക്കുതിപ്പിനുകൂടിയാണ് തടയിട്ടത്. ടോക്കിയോ ഒളിംപിക്സ്, യൂറോകപ്പ്, കോപ്പ അമേരിക്ക, വിംബിൾഡൺ, ഐസിസി ട്വന്റി 20 ലോകകപ്പ്....2020 ലെ സ്പോർട്സ് കലണ്ടറിൽ നിന്നും മാറ്റിവയ്ക്കപ്പെട്ടതിന്റെ പട്ടിക ഇനിയും നീളുന്നു....

കോവിഡ് വ്യാപനത്തെ മെല്ലെ അതിജീവിച്ച് തുടങ്ങിയതോടെ യൂറോപ്യൻ ഫുട്ബോൾ ലോകം സജീവമായി. പിന്നാലെ ടെന്നീസും ക്രിക്കറ്റുമൊക്കെ മെല്ലെ തിരിച്ചെത്തി. എന്നാൽ കളിയാരവം ഇനിയും വീണ്ടെടുത്തിട്ടില്ല. ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കിയാണ് ഇപ്പോഴും മത്സരങ്ങൾ.

കായിക പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട മഹത്തായ സാന്നിദ്ധ്യങ്ങൾ നഷ്ടമായ വർഷം കൂടിയാണ് 2020. ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ, ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം
പൗളോ ഡി റോസി, അർജന്റീനയുടെ പരിശീലകനും താരവുമായിരുന്ന അലക്സാണ്ട്രോ സബേല, ബാസ്‌ക്കറ്റ് ബോൾ താരം കോബി ബ്രയന്റ് എന്നിങ്ങനെ പ്രിയപ്പെട്ട താരങ്ങളുടെ വിയോഗം കണ്ണീരണിയിച്ച വർഷം. കായികപ്രേമികളുടെ ഹൃദയം തകർത്ത ഈ വിയോഗങ്ങൾക്കൊപ്പം, ചരിത്രത്തിൽ രേഖപ്പെടുത്തിയ ചില നേട്ടങ്ങളും പോയ വർഷം നമുക്കു നൽകി.

ഫുട്ബോൾ - ക്ലോപ്പിനും ഫ്ലിക്കിനും കപ്പ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ 30 വർഷത്തിനു ശേഷം ലിവർപൂളിന് കിരീടം. ലീഗിൽ ഏഴു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ചെമ്പട തങ്ങളുടെ 19-ാം ഒന്നാം ഡിവിഷൻ കിരീടം ഉറപ്പിച്ചത്. ഇതോടെ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും നേരത്തേ കിരീടം ഉറപ്പിക്കുന്ന ടീമെന്ന നേട്ടവും യൂർഗൻ ക്ലോപ്പിന്റെ ടീം സ്വന്തമാക്കി. യുവേഫ ചാംപ്യൻസ് ലീഗിൽ പിഎസ്ജിയെ തോൽപിച്ച് ഹാൻസി ഫ്ലിക്ക് പരിശീലിപ്പിച്ച ബയൺ മ്യൂണിക്ക് കിരീടം ചൂടി. സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡും ഇറ്റാലിയൻ ലീഗിൽ യുവെന്റസും ജർമൻ ലീഗിൽ ബയൺ മ്യൂണിക്കും ജേതാക്കളായി. ഫ്രഞ്ച് ലീഗിൽ പാരിസ് സെന്റ് ജെർമെയ്ൻ ഒമ്പതാം കിരീടം സ്വന്തമാക്കി. യുവേഫ യൂറോപ്പ ലീഗിൽ സെവില്ല കിരീടം ചൂടി.

ബാഴ്സ വിടാതെ മെസ്സി

ക്ലബ് വിടാനുള്ള താൽപര്യം പ്രകടിപ്പിച്ച് സൂപ്പർ താരം ലയണൽ മെസ്സി ബ്യൂറോഫാക്സ് സന്ദേശമയച്ചത് സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയുടെ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. ക്ലബ് പ്രസിഡന്റ് ജോസപ് മരിയ ബർത്തോമ്യുവിന്റെ നയങ്ങളോടുള്ള എതിർപ്പ് കൂടിയായിരുന്നു മെസ്സിയുടെ തീരുമാനത്തിനു കാരണം. എന്നാൽ കരാർ കാലാവധി പൂർത്തിയാകും മുൻപ് ക്ലബ് വിട്ടാൽ നിയമക്കുരുക്കുകളുണ്ടാകുമെന്നതിനാൽ ബാർസയിൽ തന്നെ തുടരാൻ മെസ്സി തീരുമാനിച്ചതോടെ അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും അവസാനമായി.

ബയേൺ മ്യൂണികിന്റെ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്‌കി ഫിഫയുടെ മികച്ച പുരുഷ ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെട്ടു. 13 വർഷത്തിനിടെ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമല്ലാതെ ഫിഫ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവൻഡോവ്സ്‌കി. ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസ് മികച്ച വനിത താരവും ലിവർപൂൾ കോച് യൂർഗൻ ക്ലോപ്പ് മികച്ച പരിശീലകനുമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ ടീം പരിശീലക സറീന വീഗ്മാൻ (ഹോളണ്ട്), മികച്ച പുരുഷ ഗോൾകീപ്പർ മാനുവൽ നോയർ (ബയൺ മ്യൂണിക്ക്), മികച്ച വനിതാ ഗോൾകീപ്പർ സാറ ബുഹാദി (ഒളിംപിക് ലിയോണെ). മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിന്റെ സൺ ഹ്യൂങ് മിൻ നേടി.

സെനഗാളിന്റെ ലിവർപൂൾ താരം സാദിയോ മാനേ ആഫ്രിക്കൻ ഫുട്ബാളർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. റോബർട്ട് ലെവൻഡോവ്സ്‌കി യൂറോപ്യൻ ഫുട്ബാളർ ഓഫ് ദ ഇയർ ആയി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഏഴാമത് സീസൺ ഗോവയിൽ പുരോഗമിക്കുന്നു.

ഇനിയില്ല ആ മഹേന്ദ്രജാലം

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഓർമിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു വർഷമാകില്ല 2020, ഇന്ത്യയെ മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച നായകൻ എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിടചൊല്ലിയ വർഷം, കൂടാതെ ഇന്ത്യയെ ഏറെ മോഹിപ്പിച്ച ട്വന്റി 20 വനിതാ ലോകകപ്പ് കിരീടം ആധികാരിക ജയത്തോടെ ഓസ്ട്രേലിയ സ്വന്തമാക്കുന്നതിനും ഈ വർഷം സാക്ഷിയായി.

ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിത്തന്ന ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി വിരമിക്കൽ തീയതിയായി തിരഞ്ഞെടുത്തത് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15. സഹതാരം സുരേഷ് റെയ്നയും ഒപ്പം വിരമിക്കൽ പ്രഖ്യാപിച്ചു. തൊട്ടു പിന്നാലെ യുഎഇയിൽ നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായി ധോണി വീണ്ടും മൈതാനത്തെത്തിയത് ആരാധകർ ആഘോഷമാക്കി. 2011 ഏകദിന ലോകകപ്പ്, 2007 ട്വന്റി20 ലോകകപ്പ്, ഐ.സി.സി ചാമ്പ്യൻസ് ട്രോഫി എന്നീ കിരീടങ്ങൾ ഇന്ത്യ സ്വന്തമാക്കുമ്പാൾ ധോണിയായിരുന്നു ഇന്ത്യയുടെ നായകൻ. 350 ഏകദിനങ്ങളിൽനിന്ന് 10,773 റൺസും 98 ട്വന്റി20കളിൽനിന്ന് 1617 റൺസും ധോണി നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ധോണി നേരത്തേ വിരമിച്ചിരുന്നു.

കോഴ വിവാദത്തെത്തുടർന്ന് വിലക്കേർപ്പെടുത്തിയിരുന്ന മലയാളികൂടിയായ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തി. സയ്യിദ് മുഷ്താഖ് അലി ട്വന്റി20ക്കുള്ള ടീമിലേക്കും ശ്രീശാന്ത് പരിഗണിക്കപ്പെട്ടു. 2013ലെ ഐ.പി.എല്ലിനിടെ ഒത്തുകളി ആരോപണം ഉയർന്നതിനെത്തുടർന്ന് ശ്രീശാന്തിന് വിലക്കേർപ്പെടുത്തിയിരുന്നു. മുൻ കേരള രഞ്ജി ടീം കാപ്റ്റൻ കെ.എൻ. അനന്തപത്മനാഭൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അമ്പയർമാരുടെ ഇന്റർനാഷനൽ പാനലിൽ അംഗമായി.

കോവിഡിനിടയിലും ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് യുഎഇയിൽ നടന്നത് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐയുടെ സംഘാടകമികവിന് ഉദാഹരണമായി. ചൈനീസ് കമ്പനി വിവോ പിന്മാറിയതിനാൽ ഡ്രീം 11 ആയിരുന്നു ടൈറ്റിൽ സ്പോൺസർ. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ നഗരങ്ങളിലെ 3 സ്റ്റേഡിയങ്ങളിൽ കാണികളില്ലാതെയായിരുന്നു മത്സരങ്ങളെല്ലാം.

സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി. ഫൈനലിൽ ഡൽഹി കാപ്പിറ്റൽസിനെ പരാജയപ്പെടുത്തിയാണ് മുംബൈ അഞ്ചാം കിരീടം സ്വന്തമാക്കിയത്. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ എമേർജിങ് പ്ലയറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ടെലിവിഷനിൽ വീക്ഷിച്ച കായിക ടൂർണമെന്റെന്ന റെക്കോർഡ് ഐ.പി.എൽ 2020 സ്വന്തമാക്കി. 2019 ഏകദിന ലോകകപ്പിന്റെ റെക്കോർഡാണ് തകർത്തത്.

ഐപിഎല്ലിന് പിന്നാലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. ഏകദിന പരമ്പര 2 -1ന് കൈവിട്ട ഇന്ത്യ ട്വന്റി 20 പരമ്പര മികച്ച പ്രകടനത്തിലൂടെ നേടിയെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2 -1നാണ് ഇന്ത്യ സ്വന്തമാക്കിയത്. ആസ്ട്രേലിയയുമായി അഡ്ലെയ്ഡിൽ നടന്ന ടെസ്റ്റിൽ ദയനീയ തോൽവി. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ടും രണ്ടാം ഇന്നിങ്സിൽ ഇന്ത്യ വെറും 36 റൺസിന് പുറത്തായി. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഇന്ത്യൻ ബാറ്റിങ് നിരയിൽ ഒരാൾക്കുപോലും രണ്ടക്കം കാണാനായില്ല. ഒമ്പത് റൺസെടുത്ത മായങ്ക് അഗർവാളാണ് ടോപ് സ്‌കോറർ ആയത്. ജോഷ് ഹേസൽ വുഡ് അഞ്ചും പാറ്റ് കുമ്മിൻസ് നാലുവിക്കറ്റും വീഴ്‌ത്തി. എന്നാൽ രണ്ടാം ടെസ്റ്റിൽ എട്ട് വിക്കറ്റ് ജയത്തോടെ ഇന്ത്യ തിരിച്ചടിച്ചു. നായകൻ അജിങ്ക്യാ രഹാനെയുടെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ജയം നേടിയത്. ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗില്ലും മുഹമ്മദ് സിറാജും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ടോക്യോ ഒളിമ്പിക്സിന്റെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുത്തു. കൂടാതെ അന്താരാഷ്ട്ര പുരുഷ ട്വന്റി20 ക്രിക്കറ്റിൽ വെസ്റ്റിൻഡീസിലെ ജാക്വിലിൻ വില്യംസ് അമ്പയറാകുന്ന ആദ്യ വനിതയായി മാറുന്നത് ഈ വർഷത്തിന്റെ തുടക്കത്തിൽ കണ്ടു.

ഫെഡററിനൊപ്പം നദാൽ

സ്വിസ് ഇതിഹാസം റോജർ ഫെഡററുടെ 20 ഗ്രാൻഡ്സ്ലാമുകളെന്ന റെക്കോർഡിനൊപ്പം സ്പെയിനിന്റെ റാഫേൽ നദാൽ എത്തി. ഫ്രഞ്ച് ഓപണിൽ തന്റെ 13ാം കിരീട നേട്ടത്തോടെയാണ് നദാൽ റെക്കോർഡിനൊപ്പമെത്തിയത്. കളിമൺ കോർട്ടിലെ രാജകുമാരൻ അവിശ്വസനീയമായ പ്രകടനത്തിലൂടെ 20ഗ്രാൻഡ്സ്ലാമുകളെന്ന റെക്കോർഡിനൊപ്പമെത്തിയതിന് 2020 സാക്ഷിയായി.

കരുത്തറിയിച്ച് ഡൊമിനിക് തീം

പുരുഷ ടെന്നിസിലെ ഫെഡറർ നദാൽ ജോക്കോവിച്ച് ആധിപത്യത്തിന് താൽക്കാലിക വിരാമമിട്ട് ഓസ്ട്രിയൻ താരം ഡൊമിനിക് തീം യുഎസ് ഓപ്പൺ കിരീടം ചൂടി. ന്യൂ ജനറേഷൻ താരങ്ങളിൽ ഗ്രാൻസ്ലാം കിരീടം ചൂടുന്ന ആദ്യത്തെയാളാണ് തീം. വനിതാ വിഭാഗത്തിൽ അമേരിക്കൻ താരം നവോമി ഒസാക്കയായിരുന്നു ജേതാവ്. ഓസ്ട്രേലിയൻ ഓപ്പണിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചും അമേരിക്കൻ താരം സോഫിയ കെനിനും ജേതാക്കളായി. ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം പോളണ്ട് താരം ഇഗ സ്യാംതക് നേടി.
വിംബിൾഡൻ നടന്നില്ല.

നേട്ടങ്ങളുടെ നെറുകയിൽ മാഗ്‌നസ് കാൾസൻ

ഈ വർഷത്തിന്റെ തുടക്കത്തിലാണ് 'ചതുരംഗപ്പലകയിലെ മൊസാർട്ട്' എന്നു വാഴ്‌ത്തപ്പെടുന്ന നോർവെയുടെ മാഗ്‌നസ് കാൾസൻ പ്രതിഭയുടെ കൊടുമുടി കയറിയത് തുടർച്ചയായ 111 മത്സരങ്ങളിൽ തോൽവിയറിയാതെ കാൾസൻ അപൂർവസുന്ദരമായൊരു റെക്കോർഡ് കുറിച്ചു. ടാറ്റാ സ്റ്റീൽ ചെസ്സ് ടൂർണമെന്റിൽ ഡച്ച് താരം ജോർദൻ വാൻഫോറീസ്റ്റിനോട് സമനില വഴങ്ങിയതോടെ, മുൻ റഷ്യൻ താരം സെർജി തീവ്യകോവ് 15 വർഷം മുൻപ് കുറിച്ച റെക്കോർഡാണ് കാൾസൻ മറികടന്നത്. മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ ഉൾപ്പെടുന്ന ഇന്ത്യൻ ടീം ചെസ് ഒളിമ്പ്യാഡിൽ റഷ്യക്കൊപ്പം സംയുക്ത ജേതാക്കളായി. ഇന്ത്യയുടെ സ്വർണനേട്ടം ചരിത്രത്തിലാദ്യം

ബൂബ്കയെ മറികടന്ന് ഡുപ്ലാന്റിസ്

സ്വീഡന്റെ ഇരുപത്തിയൊന്നുകാരൻ പോൾവോൾട്ട് താരം അർമാൻഡ് ഡുപ്ലാന്റിസ് ഇൻഡോർ, ഔട്ട്ഡോർ വിഭാഗങ്ങളിലായി ഈ വർഷം 3 റെക്കോർഡുകൾ തിരുത്തി. ഔട്ട്ഡോർ വിഭാഗത്തിൽ ഡുപ്ലാന്റിസ് തിരുത്തിയത് യുക്രെയ്നിയൻ ഇതിഹാസം സെർജി ബൂബ്കയുടെ 26 വർഷം പഴക്കമുള്ള റെക്കോർഡാണ്. 6.18 മീറ്ററാണ് ഇൻഡോറിൽ നിലവിൽ ഡുപ്ലാന്റിസിന്റെ പേരിലുള്ള റെക്കോർഡ്. ഔട്ട്ഡോറിൽ 6.15 മീറ്ററും.

പുതിയ വേഗം പുതിയ ദൂരം

10000 മീറ്റർ ഓട്ടത്തിലെ ലോക റെക്കോർഡ് തിരുത്തി യുഗാണ്ടയുടെ ജോഷ്വ ചെപ്റ്റഗെയ്. 26.11.02 മിനിറ്റിലാണ് ചെപ്റ്റഗെയ് 10000 മീറ്റർ ഓടിയെത്തിയത്. ഇത്യോപ്യൻ താരം കെനെനിസ ബെക്കെലെ സ്ഥാപിച്ച 26:17:53 മിനിറ്റിന്റെ മുൻ റെക്കോർഡാണ് ചെപ്റ്റഗെയ് മറികടന്നത്. വലെൻസിയയിലായിരുന്നു 24കാരന്റെ റെക്കോർഡ് ഓട്ടം.

മെഴ്സിഡിസിന്റെ ബ്രിട്ടിഷ് താരം ലൂയിസ് ഹാമിൽട്ടൻ 7ാം തവണയും ഫോർമുല വൺ കിരീടം ചൂടി ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിന് ഒപ്പമെത്തി. ഏറ്റവും കൂടുതൽ ഗ്രാൻപ്രീ വിജയങ്ങൾ (95), പോൾ പൊസിഷൻസ് (98), പോഡിയം ഫിനിഷുകൾ (165) എന്നിവയും മുപ്പത്തിയഞ്ചുകാരനായ ഹാമിൽട്ടനിന്റെ പേരിൽ തന്നെ. ഫോർമുല 2 റേസിങ്ങിൽ മൈക്കൽ ഷൂമാക്കറുടെ മകനായ മിക് ഷൂമാക്കറും കിരീടം ചൂടി.

അപൂർവ നേട്ടങ്ങൾ

കായിക രംഗത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരത്തിൽ മികച്ച കായികതാരത്തിനുള്ള അവാർഡ് ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണും ഫുട്ബോൾ താരം ലയണൽ മെസ്സിയും പങ്കിട്ടു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ 2000-2020 കാലഘട്ടത്തിലെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള അവാർഡ് സ്വന്തമാക്കി. 2011 ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം സച്ചിനെ തോളിലിരുത്തിയുള്ള വിജയാഘോഷമാണ് അവാർഡിനർഹമായത്. ലോറസ് അവാർഡ് നേടുത്ത ആദ്യ ഇന്ത്യക്കാരനാണ് സച്ചിൻ.

ഇനിയും കാത്തിരിക്കണം

കോവിഡ് വ്യാപനം മൂലം ഈ വർഷം ടോക്കിയോയിൽ നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിംപിക്സ് അടുത്ത വർഷത്തേക്കു മാറ്റി. 124 വർഷത്തെ ചരിത്രത്തിനിടെ ഇതാദ്യമായാണ് ഒളിംപിക്സ് മാറ്റിവെക്കുന്നത്. 1916, 1940 വർഷങ്ങളിൽ ലോകമഹായുദ്ധങ്ങളുടെ സമയത്ത് ഗെയിംസ് നടത്തിയിരുന്നില്ല. യൂറോകപ്പ് ഫുട്ബോൾ, കോപ്പ അമേരിക്ക ഫുട്ബോൾ തുടങ്ങിയവയും മാറ്റി. വിംബിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പ് റദ്ദാക്കി. ഐസിസി ട്വന്റി20 ലോകകപ്പുകളും നീട്ടിവച്ചു.

ഇനിയില്ല ആ ഇതിഹാസങ്ങൾ...

ഡിയേഗോ..!
2020ന്റെ ഏറ്റവും വലിയ നഷ്ടം ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ വിയോഗം തന്നെ. തലച്ചോർ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം ഹൃദയാഘാതത്തെത്തുടർന്നായിരുന്നു. അർജന്റീന 1986ൽ ലോകകപ്പ് നേടുമ്പോൾ ക്യാപ്റ്റനായിരുന്ന മറഡോണയുടെ മരണം 60-ാം പിറന്നാൾ കഴിഞ്ഞ് ഒരു മാസം പിന്നിടും മുൻപായിരുന്നു. 1986 മെക്സിക്കോ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 'ദൈവത്തിന്റെ കൈ' ഗോളും 'നൂറ്റാണ്ടിന്റെ ഗോളുമാണ്' മറഡോണയ്ക്ക് ഇതിഹാസ പരിവേഷം നൽകിയത്. ഇറ്റാലിയൻ ഇതിഹാസം പൗളോ റോസി, സെനഗൽ താരം പാപ ബൗബ ദിയൂപ് എന്നിവരും ഈ വർഷം വിടപറഞ്ഞു.

കോബി ബ്രയന്റ്

അമേരിക്കൻ ബാസ്‌കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റ് കലിഫോർണിയക്ക് സമീപം കലബസാസിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞത് കായികലോകത്തെ കണ്ണീരിലാഴ്‌ത്തി. നാൽപ്പത്തിയൊന്നുകാരൻ ബ്രയന്റിനൊപ്പം പതിമൂന്നുകാരി മകൾ ജിയാനയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റ് ഏഴുപേരും മരിച്ചു. ലൊസാഞ്ചലസ് ലേക്കേഴ്സിനു വേണ്ടി 5 വട്ടം എൻബിഎ കിരീടം നേടിയ കോബി എക്കാലത്തെയും മികച്ച ബാസ്‌കറ്റ് ബോൾ താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്. 2008ലും 2012ലും ഒളിംപിക് സ്വർണം നേടിയ അമേരിക്കൻ ടീമിൽ അംഗമായിരുന്നു. കോബി നിർമ്മിച്ച ഡിയർ ബാസ്‌കറ്റ്ബോൾ 2018ൽ മികച്ച ആനിമേറ്റഡ് ഷോർട് ഫിലിമിനുള്ള ഓസ്‌കറും നേടിയിരുന്നു.

ഇന്ത്യയുടെ നഷ്ടം...

ഇന്ത്യൻ ഫുട്ബോളിലെ 2 ഇതിഹാസതാരങ്ങൾ ഒന്നരമാസത്തിന്റെ ഇടവേളയിൽ വിടപറഞ്ഞു. പി.കെ. ബാനർജിയും ചുനി ഗോസ്വാമിയും. 20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യൻ താരമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് പി.കെ ബാനർജി. ഫിഫയുടെ ഓർഡർ ഓഫ് മെറിറ്റ് നേടിയ ഒരേയൊരു ഇന്ത്യക്കാരനും അദ്ദേഹം തന്നെ. 1962 ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ ക്യാപ്റ്റൻ ആയിരുന്നയാളാണ് ചുനി ഗോസ്വാമി. മികച്ചൊരു ക്രിക്കറ്റ് താരം കൂടിയായിരുന്നു ഗോസ്വാമി. 1962 മുതൽ 1973 വരെയുള്ള കാലത്ത് ബംഗാളിനുവേണ്ടി കളിച്ചു. 1971-72 സീസണിൽ ബംഗാൾ രഞ്ജി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. മറ്റൊരു ഇന്ത്യൻ താരമായ കാൾട്ടൻ ചാപ്മാനും ഈ വർഷം വിടപറഞ്ഞു.

പഞ്ചരത്നങ്ങൾ

ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരം ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് കായികതാരങ്ങൾക്ക്. രോഹിത്തിനെ കൂടാതെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിൾ ടെന്നിസ് താരം മാണിക ബത്ര, പാരാലിംപിക്സ് ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു, ഹോക്കി താരം റാണി രാംപാൽ എന്നിവർക്കാണ് ഖേൽ രത്‌ന. ഇതാദ്യമായാണ് ഇത്രയും പേർക്ക് ഒരുമിച്ച് ഖേൽരത്‌ന പുരസ്‌കാരം ലഭിക്കുന്നത്.

ബൈ...  ലിൻ ഡാൻ

രണ്ടുതവണ ഒളിമ്പിക്‌സ് സ്വർണം നേടിയിട്ടുള്ള വിഖ്യാത ബാഡ്മിന്റൺ താരം ചൈനയുടെ ലിൻ ഡാൻ വിരമിച്ചു. അഞ്ചു തവണ ലോക ചാമ്പ്യനായിട്ടുണ്ട് സൂപ്പർ ഡാൻ എന്നറിയപ്പെടുന്ന താരം. 2008ൽ ബെയ്ജിങ്ങിലും 2012ൽ ലണ്ടനിലുമാണ് ഒളിംപിക് സ്വർണം നേടിയത്. ബാഡ്മിന്റനിലെ പ്രധാന കിരീടങ്ങളെല്ലാം നേടിയ താരമെന്ന അപൂർവതയും ലിൻ ഡാനുണ്ട്.

കളിക്കളത്തിലെ ആവേശത്തിനൊപ്പം കളിയാരവത്തിന്റെ കടലായി മാറുവാൻ, ഗാലറികൾ നിറയുന്നതിനായി കായിക ലോകം കാത്തിരിക്കുകയാണ്. 2020 ബാക്കിവച്ച, അല്ലെങ്കിൽ മാറ്റിവച്ച കളിയാവേശം 2021ൽ കരുത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP