Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്പോർട്സ് കൗൺസിലിന്റെ അനാസ്ഥ; ദേശീയ കായിക താരങ്ങൾ അടക്കമുള്ളവർക്ക് ഉപരിപഠനം മുടങ്ങി; ആറ്റിങ്ങലിൽ സ്പോർട്സ് കൗൺസിലിലെ 15 ഓളം കായിക താരങ്ങൾക്ക് +1ന് അഡ്‌മിഷനില്ല

സ്പോർട്സ് കൗൺസിലിന്റെ അനാസ്ഥ; ദേശീയ കായിക താരങ്ങൾ അടക്കമുള്ളവർക്ക് ഉപരിപഠനം മുടങ്ങി; ആറ്റിങ്ങലിൽ സ്പോർട്സ് കൗൺസിലിലെ 15 ഓളം കായിക താരങ്ങൾക്ക് +1ന് അഡ്‌മിഷനില്ല

തിരുവനന്തപുരം: ദേശീയ ഗെയിംസിനടക്കം ആതിഥേയത്വം വഹിക്കാൻ സർവ്വ സന്നാഹങ്ങളും ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കാരണം കേരളത്തിലെ കായിക കൗമാരത്തിന്റെയും കായിക ലോകത്തിന്റെയും അഭിമാനമാകേണ്ട 15 ഓളം കുട്ടികൾ അവർക്കവകാശപ്പെട്ട ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്ന് ഉപരിപഠനത്തിന് അവസരം ലഭിക്കാതെ ദുരിതമനുഭവിക്കുന്നു. സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ ഹോസ്റ്റലിൽ കഴിയുന്ന കായിക താരങ്ങളാണ് +1ന് അഡ്‌മിഷൻ ലഭിക്കാതെ പെരുവഴിയിലായിരിക്കുന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അനാസ്ഥ കാരണമാണ് ആറ്റിങ്ങൾ സ്പോർട്സ് കൗൺസിലെ 15 ഓളം കായിക താരങ്ങൾക്ക് തുടർ പഠനം മുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് +1ന്റെ ക്ലാസ്സുകൾ ആരംഭിച്ചിട്ടും സ്‌പോർട്സ് ക്വാട്ടായിൽ പ്രവേശനം ലഭിക്കേണ്ട കായിക താരങ്ങൾ കളത്തിന് പുറത്തായിരിക്കുന്നത്.

ഇവരാകട്ടെ സംസ്ഥാന ദേശീയ താരങ്ങളും. സംസ്ഥാനത്തിനായി കഴിഞ്ഞ കാലങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയവരുമാണ് പഠനാവസരം നിഷേധിക്കപ്പെട്ട് പുറത്തിരിക്കുന്നത്. സംസ്ഥാനത്തെ കുട്ടികളുടെ പഠനാവസരം നഷ്ടമാകാതിരിക്കാൻ സംസ്ഥാന ഖജനാവിന് കോടികൾ ബാധ്യത വരുത്തി പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചിട്ടും ഇവർക്കുമാത്രം പഠനാവസരം നിഷേധിച്ചിരിക്കുകയാണ്. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുളള സ്പോർട്സ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന ഇവർക്ക് പഠനാവസരം ഒരുക്കേണ്ട സ്പോർട്സ് കൗൺസിൽ അധികൃതർ ഇതൊന്നും കണ്ടില്ലെന്നു നടിച്ച് ചുവന്ന ലൈറ്റുവച്ച് കാറിൽ യാത്രകൾ തുടരുകയാണ്.

റെസിലിങ്, ഹോക്കി, തായ്‌കൊണ്ട തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന ദേശീയ താരങ്ങളായ വിദ്യാർത്ഥികളാണ് ഇവരിൽ പലരും. സ്‌കൂൾ ഗെയിംസടക്കം ആരംഭിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ സ്പോർട്സ് കൗൺസിലിന്റെ അനാസ്ഥ കാരണം തങ്ങളുടെ കുട്ടികളുടെ ഭാവിയോർത്ത് സങ്കടത്തിലാണ് രക്ഷിതാക്കൾ. പതിനൊന്നാം ക്ലാസ്സിലേക്ക് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കേണ്ട സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ യഥാസമയത്ത് മറ്റാവശ്യങ്ങൾക്ക് കറങ്ങി നടന്നിട്ടിപ്പോൾ സർക്കാരിൽ നിന്നും സ്‌പെഷ്യൽ ഓർഡർ വാങ്ങി പ്രവേശനം നൽകാമെന്ന വാഗ്ദാനമാണ് കുട്ടികൾക്ക് മുമ്പിൽ നിരത്തിയിരിക്കുന്നത്. വാഗ്ദാനം നിരത്തി മാസങ്ങൾ കഴിഞ്ഞിട്ടും സ്‌പെഷ്യൽ ഓർഡറുമായില്ല വാഗ്ദാനം നൽകിയവരെ ഒട്ടു കാണാനുമില്ലാത്ത അവസ്ഥയാണ്.

പ്ലസ്‌വൺ പ്രവേശനത്തിനുളള നിരവധി അലോട്ട്‌മെന്റുകൾ കഴിഞ്ഞിട്ടും സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികളുടെ പഠനത്തെപ്പറ്റി മാത്രം മറന്നു പോയ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെയടക്കം കുട്ടികൾ നേരിട്ടെത്തി കണ്ട് തങ്ങളുടെ അവസ്ഥ വിവരിച്ചിരുന്നു. അപ്പോഴെല്ലാം സ്പെഷ്യൽ ഓർഡർ ഇറക്കി ഇപ്പോൾ ശരിയാക്കമെന്നാണ് മറുപടി. അവസാന അലോട്ട്മെന്റും കഴിഞ്ഞ് ഓണപ്പരീക്ഷ അടുക്കാറായിട്ടും ഇവർക്ക് പ്രവേശനം ലഭിച്ചില്ല. ഇതിനിടെയാണ് പുതിയ സ്‌കൂളുകളും ബാച്ചുകളും തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. പുതിയ സ്‌കൂളുകളിലേയും പ്രവേശന നടപടികൾ ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. ഇതിലും ആ കായിക താരങ്ങൾക്ക് അവസരം ഒരുക്കാൻ സ്പോർട്സ് കൗൺസിൽ അധികൃതർക്ക് സാധിച്ചിച്ചിട്ടില്ല.

സംസ്ഥാനത്തെ കായിക കൗമാരത്തിന്റെ വളർച്ചയ്ക്കായി സർക്കാർ ഖജനാവിൽ നിന്ന് വർഷംതോറും കോടികൾ ഒഴുക്കി അതിന്റെ തലപ്പത്തിരുന്നു കാറിൽ ചീറിപ്പാഞ്ഞ് നടക്കുന്നതല്ലാതെ കൗമാര കേരളത്തിന്റെ വളർച്ചയ്ക്കാവശ്യമായ ഒരു നടപടിയും സ്പോർട്സ് കൗൺസിലിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നതിന്റെ അവസാന ഉദാഹരണമാണ് 15 ഓളം കുട്ടികൾക്ക് തുടർ പഠനത്തിന് അവസരം ലഭിക്കാത്ത ഈ ദുരവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP