Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ആറു കൊല്ലം മുമ്പ് അപകടത്തിൽ പെട്ട് കിടപ്പിലായ ഷൂമാക്കറുടെ അവസ്ഥയെന്താണ്...? പാരീസ് ആശുപത്രിയിൽ പ്രത്യേക ചികിത്സയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ വീണ്ടും ഒരു തിരിച്ച് വരവ് പ്രതീക്ഷിച്ച് ആരാധകർ; ആരോഗ്യ വിവരം അതീവ രഹസ്യമാക്കി കുടുംബം

ആറു കൊല്ലം മുമ്പ് അപകടത്തിൽ പെട്ട് കിടപ്പിലായ ഷൂമാക്കറുടെ അവസ്ഥയെന്താണ്...? പാരീസ് ആശുപത്രിയിൽ പ്രത്യേക ചികിത്സയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ വീണ്ടും ഒരു തിരിച്ച് വരവ് പ്രതീക്ഷിച്ച് ആരാധകർ; ആരോഗ്യ വിവരം അതീവ രഹസ്യമാക്കി കുടുംബം

മറുനാടൻ ഡെസ്‌ക്‌

പാരീസ്: 2013ലുണ്ടായ സ്‌കീയിങ് അപകടത്തിൽ പെട്ട് മസ്തിഷ്‌കാഘാതമുണ്ടായ മുൻ ഫോർമുല വൺ ചാമ്പ്യൻ മൈക്കൽ ഷൂമാക്കർ പാരീസ് ആശുപത്രിയിൽ പ്രത്യേക ചികിത്സയിലാണ്. ഇതോടെ ഇദ്ദേഹം വീണ്ടും തിരിച്ച് വരുമെന്ന ആരാധകരുടെ പ്രതീക്ഷ വർധിച്ചിരിക്കുകയാണ്. എന്നാൽ മുൻ താരത്തിന്റെ ആരോഗ്യ വിവരം അതീവരഹസ്യമാക്കി വച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം.' സ്റ്റെം സെൽ ട്രീറ്റ്മെന്റി' നാണ് ഷൂമാക്കറെ പാരീസിലെ ആശുപത്രിയിൽ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്. ആറ് വർഷം മുമ്പ് അപ്രതീക്ഷിതമായി അപകടത്തിൽ പെട്ട് അദ്ദേഹം നിശ്ചലാവസ്ഥയിലായത് ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളി വിട്ടിരുന്നു.

2013ൽ നടന്ന അപകടത്തിന് ശേഷം പൊതുഇടങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതിന് പുറമെ അദ്ദേഹത്തിന്റെ നിലയെന്താണെന്ന വിവരങ്ങൾ വളരെ അപൂർവമായി മാത്രമേ പുറത്ത് വന്നിരുന്നുമുള്ളൂ. ഇക്കാര്യത്തിൽ തികച്ചും സ്വകാര്യത കാത്ത് സൂക്ഷിക്കുന്നതിനാണ് അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും ഇഷ്ടപ്പെടുന്നത്. തിങ്കളാഴ്ച സൗത്ത് ഈസ്റ്റ് പാരീസിലെ പോംപിഡൗ ഹോസ്പിറ്റലിലാണ് ഷൂമാക്കറെ പ്രത്യേക ചികിത്സക്കായി എത്തിച്ചിരിക്കുന്നത്. ആറ് പ്രാവശ്യം ലോകചാമ്പ്യനായ ഷൂമാക്കറിന് ഈ വരുന്ന ജനുവരിയിൽ 50 വയസ് തികയുകയാണ്. ഫ്രഞ്ച് ആൽപ്സിൽ സ്‌കീയിങ് നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹം അപകടത്തിൽ പെട്ടിരുന്നത്.

പോംപിഡൗ ഹോസ്പിറ്റലിൽ വച്ച് ഷൂമാക്കറെ ഫ്രഞ്ച് സർജൻ ഫിലിപ്പ് മെനാഷെ എന്ന ഹാർട്ട് സ്പെഷ്യലിസ്റ്റാണ് സ്റ്റെം സെൽ ട്രീറ്റ്മെന്റിന് വിധേയനാക്കുന്നത്.2014ൽ ലോകത്തിൽ ആദ്യമായി എംബ്രയോണിക് സെൽ ട്രാൻസ്പ്ലാൻഡ് നടത്തി പ്രശസ്തനായ വ്യക്തിയാണ് 69 കാരനായ ഈ സർജൻ. തിങ്കളാഴ്ച ഉച്ചക്ക് മൂന്നരക്കായിരുന്നു ഷൂമാക്കറെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഇദ്ദേഹത്തിന്റെ ശരീരവും മുഖവും മുഴുവൻ നീലത്തുണി കൊണ്ട് മൂടിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെ കാർഡിയോ വാസ്‌കുലർ സർജറി ഡിപ്പാർട്മെന്റിലെ കണ്ടിന്യൂസ് മോണിറ്ററിങ് യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇന്ന് ചികിത്സ ആരംഭിച്ച് അദ്ദേഹം നാളെ വീട്ടിലേക്ക് തിരിച്ച് പോകുമെന്നാണ് റിപ്പോർട്ട്. ഷൂമാക്കർക്ക് നൽകുന്ന ചികിത്സയുടെ വിശദാംശങ്ങൾ രഹസ്യമാണെന്നാണ് മെനാഷെ പറയുന്നത്.ഇതിന് മുമ്പ് ഈ വർഷം ആദ്യം ഷൂമാക്കർ ഈ ഹോസ്പിറ്റലിൽ രണ്ട് പ്രാവശ്യം സന്ദർശിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഈ രണ്ട് സന്ദർഭങ്ങൽും അദ്ദേഹം ഹെലികോപ്റ്ററിലായിരുന്നു സ്വിറ്റ്സർലണ്ടിൽ നിന്നുമെത്തിയത്.ചികിത്സയിലെ പുരോഗതികളെ കുറിച്ച് വിശദീകരിക്കാൻ ഷൂമാക്കറുടെ വക്താവ് തയ്യാറായിട്ടില്ല.അപകടത്തിന് ശേഷം സ്വിറ്റ്സർലണ്ടിലെ വീട്ടിൽ കഴിയുന്ന ഷൂമാക്കറെ സന്ദർശിക്കാൻ വളരെഅടുത്ത സുഹൃത്തുക്കളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.

ഏഴു തവണ ലോകജേതാവായ ഇദ്ദേഹം എക്കാലത്തെയും മികച്ച ഫോർമുല വൺ ഡ്രൈവറായി കരുതപ്പെടുന്നു. ചാംപ്യൻഷിപ്പുകൾ, വേഗമേറിയ ലാപ്പുകൾ, പോൾ പൊസിഷനുകൾ തുടങ്ങി നിരവധി റെക്കോർഡുകൾ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 2012 നവംബർ 25ന് നടന്ന ബ്രസീലിയൻ ഗ്രാൻഡ്പ്രീയോട് കൂടി ഷൂമാക്കർ ഫോർമുല വൺ കാറോട്ടത്തിൽ നിന്ന് വിരമിച്ചു. 2013 ഡിസംബർ 29-ന് ഫ്രഞ്ച് ആൽപ്‌സ് മലനിരകളിൽ സ്‌കീയിങ് ചെയ്തപ്പോൾ ഷൂമാക്കർ അപകടത്തിൽ പെടുകയും അബോധാവസ്ഥയിലാവുകയും ചെയ്യുകയുമായിരുന്നു. 1969 ജനുവരി മൂന്നിനാണ് മൈക്കൾ ഷുമാക്കറിന്റെ ജനനം. ജർമനിയിലെ കൊളോൺ നഗരത്തിനടുത്തുള്ള ഹ്യൂർത്തിലാണ് ഷുമാക്കർ ജനിച്ചതെങ്കിലും വളർന്നത് ജർമനിയിലെ കെർപ്പനിലാണ്. 1991 ൽ ബെൽജിയൻ ഗ്രാൻപ്രിയിലൂടെയാണ് ഷുമാക്കർ തുടക്കം കുറിച്ചത്. ഇതിഹാസപര്യായമായിരുന്ന അയർട്ടൻ സെന്നെ മരിച്ച വർഷമായ 1994 ലാണ് ഷുമാക്കർ ആദ്യമായി ചാമ്പ്യൻ പട്ടം നേടുന്നത്.

1994 ലും 1995 ലും ബെന്നട്ടണിൽ ഫോർമുല വൺ കിരീടം നേടി. പിന്നീട് 2000 മുതൽ 2004 വരെ തുടർച്ചയായി അഞ്ചുതവണ ഫെറാറിയിൽ ലോകചാമ്പ്യനായി. 1995 ഓഗസ്റ്റിൽ മൈക്കൾ കൊറിന്നാ ബെറ്റ്ചിനെ വിവാഹം കഴിച്ചു. 2007ൽ വിരമിച്ച ശേഷം ഫെറാറിയിൽ ഉപദേഷ്ടാവായി തുടർന്നു. 2009 ൽ ബ്രസീൽ താരം ഫെലിപ് മാസയ്ക്ക് അപകടമുണ്ടായതിനെത്തുടർന്ന് പകരക്കാരനായി തിരിച്ചെത്തി. 2010 ൽ മെഴ്‌സിഡസുമായി മൂന്നുവർഷത്തെ കരാറിൽ വീണ്ടും ട്രാക്കിലെത്തിയെങ്കിലും വിജയം കണ്ടില്ല. 2006 ൽ ചൈനീസ് ഗ്രാൻപ്രിയിലാണ് ഷുമാക്കർ ഏറ്റവുമൊടുവിൽ വിജയിച്ചത്. മൈക്കളിന്റെ ഇളയ സഹോദരൻ റാൽഫ് ഷൂമാക്കർ 2007 വരെ ഫോർമുല വൺ ഡ്രൈവറായിരുന്നു.

2013 ഡിസംബർ 29 നാണ് ഷൂമാക്കറുടെ ജീവിതത്തെ കരിനിഴലിലാക്കിയ ആ അപകടം സംഭവിച്ചത്. ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായാണ് ഷൂമാക്കറും മകനും സുഹൃത്തുകൾക്കൊപ്പം ഫ്രാൻസിലെ ആൽപ്സ് മേഖലയിലെത്തിയത്. സ്‌കീയിങിനിടെ ഷൂമാക്കർ പാറക്കെട്ടിൽ തലയിടിച്ച് വീഴുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് കോമയിൽ കഴിയുന്ന ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷുമാക്കറുടെ കുടുംബം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ചെലവഴിച്ചത് 116 കോടി ഇന്ത്യൻ രൂപയ്ക്ക് തത്തുല്യമായ തുകയാണെന്നാണ് റിപ്പോർട്ട്.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(10/10/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP